ഇസോട്ടാ നൊഗരോള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇസോട്ടാ നൊഗരോള അവരുടെ അമ്മായി, കവയിത്രി ആഞ്ചെലാ നൊഗരൊളക്കൊപ്പം

പതിനഞ്ചാം നൂറ്റാണ്ടിലെ(1418–1466) ഒരു ഇറ്റാലിയൻ എഴുത്തുകാരിയും ബുദ്ധിജീവിയുമായിരുന്നു ഇസോട്ടാ നൊഗരോള (Isotta Nogorola). ഇറ്റാലിയൻ നവോത്ഥാനത്തിലെ ഏറ്റവും അറിയപ്പെടുന്ന വനിതാമാനവികതാവാദിയായിരുന്ന അവർ, പിൽക്കാലത്ത് ഒട്ടേറെ തലമുറകളിലെ സ്ത്രീഎഴുത്തുകാർക്കും കാലാകാരികൾക്കും പ്രചോദനമായി. ആദത്തേയും ഹവ്വായെയും സംബന്ധിച്ച ചർച്ച" (Dialogue on Adam and Eve) ആയിരുന്നു അവരുടെ മുഖ്യരചന. ഈ കൃതിയിൽ അവർ, ബൈബിളിലെ ഉല്പത്തിപ്പുസ്തകത്തിൽ വിവരിക്കുന്ന ആദിപാപത്തിൽ, ആദിമാതാപിതാക്കളായ ആദം-ഹവ്വാമാരുടെ പങ്ക് ചർച്ച ചെയ്തു. വിശുദ്ധ ആഗസ്തീനോസിനെപ്പോലുള്ള ക്രൈസ്തവചിന്തകന്മാർ, ഈ പാപത്തിൽ ആദത്തേക്കാൾ ഉത്തരവാദിത്തം ഹവ്വായ്ക്കാണെന്ന നിലപാടെടുക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സ്ത്രീസ്വഭാവത്തിന്റെ 'കുറവുകൾ' എണ്ണിപ്പറഞ്ഞ്, സ്ത്രീ പുരുഷനു കീഴടങ്ങിയിരിക്കണമെന്നു നിഷ്കർഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ആദിപാപത്തിന്റെ കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്തം ആദത്തിനാണെന്ന് നൊഗരോള വാദിച്ചു. ലിംഗനീതിയേയും, പെണ്ണവസ്ഥയേയും സംബന്ധിച്ച് യൂറോപ്പിൽ നൂറ്റാണ്ടുകൾ നീണ്ട ചർച്ചക്ക് ഈ കൃതി തുടക്കമിട്ടു.[1][2]

ആദ്യകാല ബുദ്ധി ജീവിതം[തിരുത്തുക]

ഇസോട്ടാ നൊഗരോള ഇറ്റലിയിലുള്ള വെറോണയിലെ ഒരു നല്ല കുടുംബത്തിൽ ജനിച്ചു. പത്ത് സഹോദരങ്ങളിൽ ഒന്നായിരുന്നു അവർ. ഏഴ് പേർ മാത്രമേ പ്രായപൂർത്തിയാകുന്നവരെ അതിജീവിച്ചുള്ളു. അവരുടെ ആദ്യ ട്യൂട്ടർ മാർട്ടിനോ റിസോണി ആയിരുന്നു പ്രസിദ്ധനായ ഏറ്റവും പുരോഗമനാത്മകമായ മാനുഷികചിന്തകന്മാരിൽ ഒരാളായ ഗ്വാരിനോ ഡ വേറോണയെക്കുറിച്ച് പഠിപ്പിച്ചത്. നോഗറോളയുടെ ആദ്യകാലഎഴുത്തുകൾ ലാറ്റിനേയും ഗ്രീക്ക് രചയിതാക്കളേയും പരിചയപ്പെടുത്തുന്നു. സിസറോ, പ്ലൂട്ടാർക്ക്, ഡിയോജിനസ് ലാർട്ടിയസ്, പെട്രോണിയസ്, ഔലസ് ഗെല്ലിയസ് തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.[3]

അവലംബം[തിരുത്തുക]

  1. Stephen Greenblatt, The Rise of Adam and Eve, Chapter 7 "Eve's Murder" (pages 133 & 136)
  2. Sister Prudence Allen RSM, The Concept of Woman, Volume-II (The Early Humanist Reformation - 1250-1500)
  3. McCallum-Barry, Carmel (2016), 'Learned women of the Renaissance and Early Modern period: the relevance of their scholarship', in Rosie Wyles and Edith Hall (eds.), Women Classical Scholars: Unsealing the Fountain from the Renaissance to Jacqueline de Romilly (Oxford), pp. 30-1
"https://ml.wikipedia.org/w/index.php?title=ഇസോട്ടാ_നൊഗരോള&oldid=3085615" എന്ന താളിൽനിന്ന് ശേഖരിച്ചത്