Jump to content

ഇന്ത്യൻ സർക്കസിന്റെ ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സർക്കസിന് സമാനമായ തെരുവ് പ്രകടനങ്ങൾ ഇന്ത്യയിൽ പണ്ട് മുതലേ ഉള്ളതാണെങ്കിലും, ആധുനിക സർക്കസിന്റെ പിതാവ് എന്നറിയപ്പെടുന്ന ഫിലിപ്പ് ആസ്റ്റ്ലി 1770 ൽ വിശദീകരിച്ച്ത് പോലെയുള്ള ഒരു സർക്കസ് 1880 ൽ മാത്രമാണ് ഇന്ത്യയിൽ നിലവിൽ വന്നത്. മഹാരാഷ്ട്രക്കാരനായ വിഷ്ണുപന്ത് മൊറെശ്വർ ഛത്രെ, മലയാളിയായ കീലേരി കുഞ്ഞിക്കണ്ണൻ, ബംഗാളിയായ പ്രിയാനാഥ് ബോസ് എന്നിവരാണ് ഇന്ത്യൻ സർക്കസിൻ്റെ തുടക്കക്കാരിൽ പ്രമുഖർ.

വിഷ്ണുപന്ത് ഛത്രെയും, അദ്ദേഹത്തിന്റെ ഗ്രേറ്റ് ഇന്ത്യൻ സർക്കസും[തിരുത്തുക]

1879 ൽ ഗ്യൂസെപ്പെ ചിയാരിനിയുടെ റോയൽ ഇറ്റാലിയൻ സർക്കസ് ഇന്ത്യയിൽ പര്യടനം നടത്തി. തന്റെ എല്ലാ ഷോയും തുടങ്ങുന്നതിന് മുന്പ് ചിയാരിനി ഇന്ത്യക്ക് ശരിയായ സർക്കസ് ഇല്ലെന്നും ഒരെണ്ണം വികസിപ്പിക്കുന്നതിന് ഇനിയും ഒരുപാട് വർഷങ്ങൾ കാത്തിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം സദസ്സിനോട് പറയുമായിരുന്നു. അതോടൊപ്പം, ആറുമാസത്തിനുള്ളിൽ തന്റെ ധീരമായ സ്റ്റേജ് ഇഫക്റ്റുകൾ ആവർത്തിക്കാൻ കഴിയുന്ന ഏതൊരാൾക്കും “ആയിരം ബ്രിട്ടീഷ് ഇന്ത്യൻ രൂപയും ഒരു കുതിരയും” സമ്മാനമായി വാഗ്ദാനം ചെയ്തിരുന്നു.[1]

ബോംബെയിൽ ഒരു ക്രിസ്മസ് ദിനത്തിൽ അദ്ദേഹത്തിന്റെ ഷോ നടക്കുമ്പോൾ, സാംഗ്ലിയിലെ നാട്ടുരാജ്യമായ കുറുന്ദ്വാഡ് (ഇന്നത്തെ കോലാപ്പൂർ) രാജാവായ ബാലസാഹിബ് പട്വർധനയും ഇത് കാണാൻ എത്തി. ബാലസാഹിബിനൊപ്പം അദ്ദേഹത്തിന്റെ കുതിരാലയം സൂക്ഷിപ്പുകാരനും കുതിരയോട്ട പരിശീലകനുമായ വിഷ്ണുപന്ത് ഛത്രെയും ഉണ്ടായിരുന്നു.[1] ചിയാരിനിയുടെ വെല്ലുവിളി സ്വീകരിച്ച ഛത്രെ, ആറ് മാസമല്ല, മൂന്ന് മാസത്തിനുള്ളിൽ തന്നെ കുറുന്ദ്‌വാഡിൽ സ്വന്തം കുതിരകളുമായി അഭ്യാസ പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചു. അതിൽ പരാജയപ്പെട്ടാൽ, തിരിച്ച് ചിയാരിനിക്ക് “പതിനായിരം ബ്രിട്ടീഷ് ഇന്ത്യൻ രൂപയും മികച്ച പത്ത് കുതിരകളും” നൽകുമെന്നും ഛത്രെ വാഗ്ദാനം ചെയ്തു.[1]

1880 മാർച്ച് 20 ന് കുറുന്ദ്വാഡ് കൊട്ടാരം മൈതാനത്ത് തന്റെ സർക്കസുമായി ഛത്രെ തയ്യാറായി. എന്നാൽ കൊൽക്കത്തയിൽ പ്രകടനത്തിന് ശേഷം തിരിച്ചുപോകാൻ പോലും പണമില്ലാതെ വിഷമിച്ചു നിന്ന ചിയാരിനി ഇത് കാണാൻ എത്തിയില്ല.[1]

നഷ്ടത്തിലായ ചിയാരിനിയുടെ കമ്പനിയിലെ സർക്കസ് സാമഗ്രികളിൽ ഏറെയും വിഷ്ണുപന്ത് ഛാത്രെ വാങ്ങി.[2] പിന്നീട് ഒരു വർഷത്തിനുള്ളിൽ തന്നെ അദ്ദേഹം ഗ്രേറ്റ് ഇന്ത്യൻ സർക്കസ് എന്ന പേരിൽ പുതിയ സർക്കസ് കമ്പനി ഉണ്ടാക്കി.[2] ഇന്ത്യയിലെ ആദ്യത്തെ സർക്കസ് കമ്പനി ഇതാണ്. ബോംബെയിൽ ചിയാരിനിയുടെ പ്രദർശനം നടന്ന അതേ സ്ഥലത്ത് ഉൾപ്പടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ശ്രീലങ്ക, സിംഗപ്പൂർ, ക്വാലാലംപൂർ, ജക്കാർത്ത, ജപ്പാൻ എന്നിവിടങ്ങലിലും ഛത്രെയുടെ ഗ്രേറ്റ് ഇന്ത്യൻ സർക്കസ് പര്യടനം നടത്തി. ഒടുവിൽ അദ്ദേഹം തന്റെ സർക്കസ് കമ്പനിയെ തന്റെ കസിന്റെ കമ്പനിയുമായി ലയിപ്പിച്ച് കാർലേക്കർ ഗ്രാൻഡ് സർക്കസ് എന്ന പേരിൽ പുതിയ കമ്പനി രൂപീകരിച്ചു. കാർലേക്കർ ഗ്രാൻഡ് സർക്കസ് 1935 വരെ നീണ്ടുനിന്നു.

1947ന് മുമ്പ്[തിരുത്തുക]

കൊൽക്കത്തയിലെ ചിയാരിനിയുടെ സർക്കസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബംഗാളിൽ നിന്നുള്ള പ്രിയനാഥ് ബോസ് 1887 ൽ ഗ്രേറ്റ് ബംഗാൾ സർക്കസ് സ്ഥാപിക്കുകയും ബംഗാൾ, ഇന്ത്യ, തെക്ക് കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ പര്യടനം നടത്തുകയും ചെയ്തു.[3]

1904 ഫെബ്രുവരി 4 ന്, ചിറക്കരയിൽ കീലേരി കുഞ്ഞിക്കണ്ണന്റെ ശിഷ്യനായ പരിയാലി കണ്ണന്റെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യത്തെ സർക്കസ് കമ്പനിയായ പരിയാലീസ് മലബാർ ഗ്രാൻഡ് സർക്കസ് ഉദ്ഘാടനം ചെയ്തു.[4] അതിലെ ഏക വനിത കുന്നത്ത് യശോദയായിരുന്നു.[4] രണ്ട് വർഷം മാത്രമേ ആ കമ്പനി പ്രവർത്തിച്ചുള്ളൂ.

ഗ്രേറ്റ് റോയൽ സർക്കസ് 1909 ൽ ആരംഭിച്ചതായി കരുതപ്പെടുന്നു.[5] ഇതിന്റെ മുമ്പത്തെ പേര് മധുസ്കർസ് സർക്കസ് എന്നായിരുന്നു. പിന്നീട് ഒരു അനിമൽ ട്രെയിനർ കൂടിയായ നാരായണ റാവു വലവാൽക്കർ ഈ സർക്കസ് ഏറ്റെടുത്ത് ദി ഗ്രേറ്റ് റോയൽ എന്ന് പുനർനാമകരണം ചെചെയ്യുകയാണുണ്ടായത്.

1920 ൽ ബാബുറാവു കാടം ഗ്രാൻഡ് ബോംബെ സർക്കസ് സ്ഥാപിച്ചു. 1922 ൽ കീലേരിയുടെ അനന്തരവൻ കെ.എം. കുഞ്ഞിക്കണ്ണൻ വൈറ്റ്വേ സർക്കസ് ആരംഭിച്ചു. പിന്നീട് അദ്ദേഹം ഹിന്ദ് ലയൺ സർക്കസ് എന്നപേരിൽ മറ്റൊരു കമ്പനിയും തുടങ്ങി. 1947 ൽ ഈ മൂന്ന് സർക്കസുകളും ലയിപ്പിച്ച് ഗ്രേറ്റ് ബോംബെ സർക്കസ് രൂപീകരിച്ചു.[5]

1924 ൽ കീലേരിയുടെ മറ്റൊരു ശിഷ്യൻ കല്ലൻ ഗോപാലൻ ഗ്രേറ്റ് റെയ്മാൻ സർക്കസ് ആരംഭിച്ചു.

സർക്കസ് അക്കാഡമിയുടെ ചരിത്രം[തിരുത്തുക]

1888-ൽ ഛത്രെയുടെ ഗ്രേറ്റ് ഇന്ത്യൻ സർക്കസ് കണ്ണൂരിലെ തലശ്ശേരിയിൽ പര്യടനത്തിനെത്തി. തലശ്ശേരിയിൽ വെച്ചാണ് ഛത്രെ കളരിപ്പയറ്റ് ഗുരുക്കളായ കീലേരി കുഞ്ഞിക്കണ്ണനെ പരിചയപ്പെടുന്നത്. കീലേരി കുഞ്ഞിക്കണ്ണനും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം കീലേരി കുഞ്ഞികണ്ണൻ അഭ്യസികളെ സർക്കസ്സിനായി പരിശീലിപ്പിക്കുമെന്നും അവർക്ക് ഛാത്രെ സർക്കസിൽ ജോലി കൊടുക്കുമെന്നും ഉടമ്പടി വെച്ചു.[6] ഇതിനെത്തുടർന്ന് കീലേരി കുഞ്ഞിക്കണ്ണൻ തലശ്ശേരിക്കടുത്ത് ചിറക്കരയിൽ ആദ്യത്തെ സർക്കസ് സ്കൂൾ തുടങ്ങി.[7] ഓൾ ഇന്ത്യ സർക്കസ് ട്രെയിനിംഗ് ഹാൾ എന്നായിരുന്നു അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ പേര്.[8] ഇതിന് ശേഷം 1901 ൽ കേരള ഗവൺമെന്റ് നേതൃത്വത്തിൽ തലശ്ശേരിയിൽ സർക്കസ് അക്കാഡമി തുടങ്ങി. ഇത് ഗവൺമെന്റ് തലത്തിലുള്ള ഇന്ത്യയിലെ തന്നെ ആദ്യ സർക്കസ് സ്കൂൾ ആയിരുന്നു.[9]

1939 ൽ കീലേരി കുഞ്ഞിക്കണ്ണന്റെ മരണശേഷം, അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിലൊരാളായ എം. കെ. രാമൻ ചിറക്കരയിൽ കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചർ മെമ്മോറിയൽ സർക്കസ് ജിംനാസ്റ്റിക് പരിശീലന കേന്ദ്രം ആരംഭിച്ചു.[5]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Mumbaiwale: How India's circus acts took to the stage". Hindustan Times (in ഇംഗ്ലീഷ്). 17 November 2018.
  2. 2.0 2.1 "ഗ്രേറ്റ് ഇന്ത്യൻ സർക്കസ്, ജംബോ സർക്കസ്.. അറിയാം സർക്കസ്സിന്റെ കഥ" (in ഇംഗ്ലീഷ്). Archived from the original on 2020-10-24. Retrieved 2020-10-22.
  3. N; Nov 16, ini Sengupta | TNN |; 2014; Ist, 07:17. "Swadeshi girls in the ring - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2020-10-23. {{cite web}}: |last3= has numeric name (help)CS1 maint: numeric names: authors list (link)
  4. 4.0 4.1 മുതുകാട്, ഗോപിനാഥ്. "സർക്കസ് മാജിക് !" (in ഇംഗ്ലീഷ്). Archived from the original on 2020-10-27. Retrieved 2020-10-22.
  5. 5.0 5.1 5.2 ":: Welcome to aum9.com ::". Retrieved 2020-10-23.
  6. സ്‌കറിയ, എഴുത്ത് എ വി മുകേഷ്, മാതൃഭൂമി ന്യൂസ്/ ചിത്രങ്ങൾ: സാബു. "റിങ്ങിനുള്ളിലും പുറത്തും ജീവിതത്തോട് തോൽക്കുകയാണ് സർക്കസ് | അതിജീവനം 05" (in ഇംഗ്ലീഷ്). Archived from the original on 2020-10-24. Retrieved 2020-10-22.{{cite web}}: CS1 maint: multiple names: authors list (link)
  7. Nainar, Nahla (2019-08-09). "The life and times of a veteran circus performer and trainer E Ravindran Kodambavu". The Hindu (in Indian English). ISSN 0971-751X. Retrieved 2020-10-22.
  8. Champad, Sreedharan (2013-09). An Album of Indian Big Tops: (History of Indian Circus) (in ഇംഗ്ലീഷ്). Strategic Book Publishing. ISBN 978-1-62212-766-5. {{cite book}}: Check date values in: |date= (help)
  9. "www.thehindu.com".