ഇത്തായ് ഇത്തായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജപ്പാനിലെ ടൊയാമയിൽ കാഡ്മിയം വിഷബാധമൂലമുണ്ടായ രോഗമാണ്‌ ഇത്തായ് ഇത്തായ് (イタイイタイ病). ജപ്പാനീസ് ഭാഷയിൽ ഇത്തായ് എന്നാൽ വേദന എന്നാണർത്ഥം. സന്ധികളിലും നടുവിലും അതികഠിനമായ വേദനയ്ക്ക് കാരണമാകുന്ന ഈ രോഗത്തിന്‌ നാട്ടുകാരാണ്‌ ഈ പേര്‌ നൽകിയത്[1]. കാഡ്മിയം വിഷബാധ എല്ലുകൾ മൃദുവാകാനും (ഓസ്റ്റിയോപോറോസിസ്) വൃക്കകളുടെ പ്രവർത്തനം അവതാളത്തിലാകാനും കാരണമായി. മലിനീകരണം മൂലം ജപ്പാനിലുണ്ടായ നാല്‌ പ്രധാനപ്പെട്ട രോഗങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നു[2]. മലനിരകളിൽ ഖനനം നടത്തുന്ന കമ്പനികൾ നദിയിലേക്ക് കാഡ്മിയമടങ്ങിയ മാലിന്യം ഒഴുക്കിവിട്ടതാണ്‌ വിഷബാധയ്ക്ക് കാരണമായത്. ഒടുവിൽ രോഗബാധിതർക്ക് നഷ്ടപരിഹാരം നൽകാൻ കമ്പനികൾ നിർബന്ധിതരായി.

രോഗകാരണം[തിരുത്തുക]

ടൊയാമ പ്രവിശ്യയിൽ കാലങ്ങളായി ഖനനം നടന്നുവരുന്നുണ്ടായിരുന്നു. 710 മുതൽ സ്വർണ്ണവും 1589 മുതൽ വെള്ളിയും ഖനനമാരംഭിച്ചു. കറുത്തീയം, ചെമ്പ്, നാകം മുതലായവയ്ക്കുവേണ്ടിയും പ്രവിശ്യയിൽ ഖനനം നടക്കുന്നു. റഷ്യ-ജപ്പാൻ യുദ്ധം, ഒന്നാം ലോകമഹായുദ്ധം എന്നിവമൂലം ലോഹങ്ങളുടെ ആവശ്യത്തിലുണ്ടായ വർദ്ധന, യൂറോപ്യൻ സാങ്കേതികവിദ്യ മൂലം ഉല്പാദനത്തിലുണ്ടായ വർദ്ധന എന്നിവ ടൊയാമയിലെ കാമിയോക ഖനിയെ ലോകത്തിലെത്തന്നെ പ്രധാന ഖനികളിലൊന്നാക്കി മാറ്റി. രണ്ടാം ലോകമഹായുദ്ധത്തിനുമുമ്പ് ഉല്പാദനം വീണ്ടും വർദ്ധിച്ചു. 1910 മുതൽ 1945 വരെയുള്ള കാലയളവിൽ ഖനനത്തിന്റെ ഫലമായി ഉയർന്ന അളവിൽ കാഡ്മിയം നദികളിൽ വന്നുചേർന്നു. രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 1912-ലാണ്‌[1]. രണ്ടാം ലോകമഹായുദ്ധത്തിനുമുമ്പുണ്ടായ ഉല്പാദനവർദ്ധനയുടെ ഫലമായി ജിൻസു നദിയും പോഷകനദികളും ധാരാളമായി മലിനീകരണത്തിന്‌ വിധേയമായി. നെല്പാടങ്ങൾ നനയ്ക്കാനും കുടിവെള്ളാവശ്യത്തിനും മീൻപിടിത്തത്തിനും മറ്റും ജനങ്ങൾ ധാരാളമായി ഈ നദികളെ ആശ്രയിച്ചുപോന്നിരുന്നു.

കാഡ്മിയം വിഷബാധയുടെ ഫലമായി പുഴയിലെ മീനുകൾ ചത്തുപൊങ്ങാനാരംഭിച്ചു. പുഴവെള്ളമുപയോഗിച്ച് നനയ്ക്കപ്പെട്ടിരുന്ന നെല്പാടങ്ങളിലെ ചെടികളിലും വളർച്ചയ്ക്ക് പ്രശ്നങ്ങളുണ്ടായി. നെൽച്ചെടികൾ കാഡ്മിയവും മറ്റു ലോഹങ്ങളും വലിച്ചെടുത്തതിനാൽ ഇവയിൽ നിന്നുള്ള അരി ഭക്ഷിച്ച ജനങ്ങളുടെ ശരീരത്തിലും കാഡ്മിയം ഉയർന്ന അളവിൽ അടിയാൻ തുടങ്ങി. സ്ഥലത്തെ പ്രധാന ഖനനകമ്പനിയായ മിത്സുയി മൈനിങ്ങ് ആൻഡ് സ്മെൽറ്റിങ്ങ് കോർപ്പറേഷനോട് ജനങ്ങൾ പരാതിപ്പെട്ടു, മാലിന്യങ്ങൾ നദിയിലേക്കൊഴുക്കും മുമ്പ് ശേഖരിച്ചുവയ്ക്കാൻ കമ്പനി വ്യവസ്ഥയുണ്ടാക്കിയെങ്കിലും അപ്പോഴേക്കും പ്രശ്നം ഗുരുതരമായിരുന്നു. ധാരാളം ജനങ്ങൾ രോഗബാധിതരായി. രോഗകാരണം ആദ്യകാലത്ത് ശരിക്ക് മനസ്സിലാക്കപ്പെട്ടിരുന്നില്ല എന്നതും പ്രശ്നത്തിന്‌ ആക്കം കൂട്ടി. ബാക്റ്റീരിയ വിഷബാധയോ മറ്റോ ആയിരിക്കും രോഗകാരണമെന്നാണ്‌ 1946 വരെ കരുതിപ്പോന്നത്

1940-കളിലും 50-കളിലും രോഗകാരണമന്വേഷിച്ചുള്ള പരിശോധനകളാരംഭിച്ചു. കറുത്തീയം ഖനനം ചെയ്യുന്നതുമൂലമുണ്ടായ കറുത്തീയവിഷബാധയാണ്‌ രോഗകാരണമെന്നായിരുന്നു ആദ്യ നിഗമനം. 1955-ൽ മാത്രമാണ്‌ ഡോ. ഹാജിനോയും സഹപ്രവർത്തകരും ചേർന്ന് കാഡ്മിയമാണ്‌ പ്രശ്നഹേതു എന്ന് കണ്ടെത്തിയത്[1]. ടൊയാമ പ്രവിശ്യ 1961-ൽ നടത്തിയ അന്വേഷണത്തിൽ മിത്സുയി കൊർപ്പറേഷന്റെ കാമിയോക ഖനിയാണ്‌ കാഡ്മിയം വിഷബാധയ്ക്ക് കാരണമായതെന്നും ഏറ്റവുമധികം രോഗബാധിതരുണ്ടായത് ഖനിക്ക് 30 കിലോമീറ്റർ ദൂരെയാണെന്നും കണ്ടെത്തി. 1968-ൽ ആരോഗ്യമന്ത്രാലയം കാഡ്മിയം വിഷബാധമൂലമുണ്ടായ ഇത്തായ് ഇത്തായ് രോഗത്തെക്കുറിച്ച് പ്രസ്താവനയിറക്കുകയും ചെയ്തു[3].

കാഡ്മിയത്തിന്റെ അളവ് കുറച്ചത് കൂടുതൽ പേരെ രോഗബാധിതരാകുന്നതിൽ നിന്ന് തടഞ്ഞു. 1946-നു ശേഷം ആരും രോഗബാധിതരായത് റിപ്പോർട്ട് ചെയ്തിട്ടില്ല. ടൊയാമ പ്രവിശ്യയിലാണ്‌ ഏറ്റവും കൂടുതൽ പ്രശ്നങ്ങളുണ്ടായതെങ്കിലും മറ്റ് അഞ്ച് പ്രവിശ്യകളിലും കൂടി ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രോഗലക്ഷണങ്ങൾ[തിരുത്തുക]

എല്ലുകൾ ദുർബലമാവുകയും എളുപ്പം പൊട്ടിപ്പോവുകയും ചെയ്യുകയാണ്‌ രോഗത്തിന്റെ പ്രധാന ലക്ഷണം. നടുവേദന, കാലുവേദന എന്നിവ സാധാരണമാണ്‌. എല്ലുകൾ ദുർബലമായിക്കൊണ്ടിരിക്കുന്നത് എല്ലുകൾ ഒടിയുന്നതിനും വേദന അസഹ്യമാകുന്നതിനും കാരണമാകുന്നു. ചുമ, വിളർച്ച വൃക്കകൾ പ്രവർത്തനരഹിതമാവുക എന്നിവ മരണത്തിൽ കലാശിക്കുന്നു[4]. ആർത്തവവിരാമത്തിനുശേഷം സ്ത്രീകളിൽ ഈ രോഗം ബാധിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു. ഇതിന്റെ കാരണമെന്തെന്ന് ഇതുവരെ വ്യക്തമായി മനസ്സിലാക്കാനായിട്ടില്ല. മൃഗങ്ങളിൽ അടുത്തിടെ നടത്തിയ പഠനങ്ങൾ കാഡ്മിയം വിഷബാധകൊണ്ടു മാത്രം രോഗത്തിന്റെ എല്ലാ ലക്ഷണങ്ങളെയും വിശദീകരിക്കാനാകില്ല എന്ന് സൂചിപ്പിക്കുന്നു. വൃക്കകോശങ്ങളുടെ മൈറ്റോകോണ്ട്രിയക്ക് കാഡ്മിയം വിഷബാധമൂലം നാശം സംഭവിക്കുന്നതാണ്‌ രോഗത്തിന്‌ പ്രധാന ഹേതു എന്നും ഇവ സൂചിപ്പിക്കുന്നു

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 ICETT Itai-itai disease (1998) http://www.icett.or.jp/lpca_jp.nsf/a21a0d8b94740fbd492567ca000d5879/b30e2e489f4b4ff1492567ca0011ff90?OpenDocument Archived 2008-02-15 at the Wayback Machine.
  2. Almeida, P and Stearns, L (1998). "Political opportunities and local grassroots environmental movement: The case of Minamata". Social Problems. 45 (1): 37–60. doi:10.1525/sp.1998.45.1.03x0156z.{{cite journal}}: CS1 maint: multiple names: authors list (link)
  3. Itai-itai disease http://www.kanazawa-med.ac.jp/~pubhealt/cadmium2/itaiitai-e/itai01.html
  4. Hamilton, J. "What is Itai-Itai disease" http://www.accessscience.com/studycenter.aspx?main=9&questionID=4978 Archived 2013-11-13 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ഇത്തായ്_ഇത്തായ്&oldid=3650507" എന്ന താളിൽനിന്ന് ശേഖരിച്ചത്