ആർച്ച്ഡേൽ വിൽസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആർച്ച്ഡേൽ വിൽസൻ

ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു പ്രശസ്ത സൈനികനായിരുന്നു ആർച്ച്ഡേൽ വിൽസൻ (ഇംഗ്ലീഷ്: Archdale Wilson, 1803 ഓഗസ്റ്റ് 3 - 1874 മേയ് 9). ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അഡിസ്കോമ്പ് സെമിനാരിയിൽ പഠിച്ചിറങ്ങിയ വിൽസൻ, 1819-ൽ ഇന്ത്യയിലെത്തി. രണ്ടാം ആംഗ്ലോ-സിഖ് യുദ്ധത്തിൽ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 1857-ലെ ലഹളക്കാലത്തെ ദില്ലി പിടിച്ചടക്കൽ പദ്ധതിയിൽ ബ്രിട്ടീഷ് സേനയുടെ നേതൃസ്ഥാനം വിൽസനായിരുന്നു. ലഹളയുടെ ഭാഗമായി 1858 മാർച്ചിൽ നടന്ന ലക്നൗ പിടിച്ചടക്കൽ ദൗത്യത്തിലും പ്രധാനസ്ഥാനം വഹിച്ചു. 1858 ഏപ്രിലിൽ ഇന്ത്യയിലെ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങി.[1]

1857-ലെ ലഹളയും ദില്ലി പിടിച്ചടക്കലും[തിരുത്തുക]

1857-ലെ ലഹളക്കാലത്ത്, ലഹളപൊട്ടിപ്പുറപ്പെട്ട മീറഠിൽ ഒരു സ്റ്റേഷൻ കമാൻഡർ ആയിരുന്നു 60 വയസുകാരനായ വിൽസൻ. ലഹളയുടെ പുരോഗമനവേളയിൽ മേയ് 30-31 കാലയളവിൽ മിർസ അബൂബക്കറിനെ ഹിൻഡൻ നദിക്കരയിൽ നേരിട്ട് തോൽപ്പിച്ച സൈനികഘടകത്തെ നയിച്ചത് വിൽസനായിരുന്നു. ജൂൺ 8-ലെ ബാദ്ലി കി സെറായിലെ പോരാട്ടത്തിന് അൽപം മുമ്പ് ഇദ്ദേഹം ഡെൽഹി ഫീൽഡ് ഫോഴ്സിൽ ചേരുകയും, ജനറൽ ബെർണാഡിന്റെ മരണത്തിനും ജനറൽ റീഡിന്റെ രാജിവക്കലിനും ശേഷം ജൂലൈ 17 മുതൽ ദില്ലി പിടിക്കുന്നതിനുള്ള ബ്രിട്ടീഷ് സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. പെട്ടെന്നുതന്നെ പ്രതിരോധാത്മകതന്ത്രമാണ് അദ്ദേഹം സ്വീകരിച്ചത്. അന്ന് ഈ നയം വളരെ വിമർശിക്കപ്പെട്ടെങ്കിലും പിന്നീട് സെപ്റ്റംബർ 14-നു മുമ്പായി പഞ്ചാബിൽനിന്നുള്ള കൂടുതൽ സൈനികർ എത്തിച്ചേരുംവരെ ദില്ലിയിലെ ബ്രിട്ടീഷ് സൈനികബലം കുറയാതെ സൂക്ഷിക്കുന്നതിന് ഇത് വളരെ നിർണായകമായി. ദില്ലി പിടിച്ചടക്കുന്ന യുദ്ധകാലത്ത് വിൽസൺ വളരെ പിരിമുറുക്കങ്ങളനുഭവിച്ചു. പിൻവാങ്ങാൻ ഉത്തരവിട്ടാൽ വിൽസണെ കൊന്നുകളയുമെന്നുവരെ ഇക്കാലത്ത് ജോൺ നിക്കോൾസൺ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നു.[2]

അവലംബം[തിരുത്തുക]

  1. റോബെർട്ട് ഹാമിൽറ്റൻ വെച്ച്. "വിൽസൺ, ആർച്ച്ഡേൽ". ഡിക്ഷ്ണറി ഓഫ് നാഷണൽ ബയോഗ്രപി, 1885-1900, വാല്യം 62. ശേഖരിച്ചത് 2013 ജൂലൈ 14. Check date values in: |accessdate= (help)
  2. വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (ഭാഷ: ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. XXII. ISBN 9780670999255. ശേഖരിച്ചത് 2013 ജൂലൈ 4. Check date values in: |accessdate= (help) ഗൂഗിൾ ബുക്സ് കണ്ണി
"https://ml.wikipedia.org/w/index.php?title=ആർച്ച്ഡേൽ_വിൽസൻ&oldid=1800873" എന്ന താളിൽനിന്ന് ശേഖരിച്ചത്