ആരുഷി വധക്കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആരുഷി വധക്കേസ്
സ്ഥലംനോയിഡ, ഇന്ത്യ
തീയതിമേയ് 15, 2008 (2008-05-15)-
മേയ് 16, 2008 (2008-05-16)
ആക്രമണത്തിന്റെ തരം
കൊലപാതകം
ആയുധങ്ങൾഗോൾഫ് ക്ലബ്, ശസ്ത്രക്രിയ ഉപകരണങ്ങൾ
മരിച്ചവർ2
ഇര(കൾ)ആരുഷി തൽവാർ
ഹേംരാജ് ബെഞ്ചാദെ
ആക്രമണം നടത്തിയത്രാജേഷ് തൽവാർ
നൂപുർ തൽവാർ

ഉത്തർപ്രദേശിലെ നോയിഡയിലുള്ള രാജേഷ്, നൂപുർ തൽവാർ ദമ്പതികളുടെ മകളായ 14 വയസ്സുകാരി ആരുഷി തൽവാറും, അവരുടെ വീട്ടിലെ ജോലിക്കാരനായിരുന്ന ഹേംരാജ് ബെഞ്ചാദെയും കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസാണ് ഇത്. 15 മെയ് 2008 നാണ് ഇരുവരേയും ജലായുവിഹാറിലെ വസതിയിൽ കൊല്ലപ്പെട്ട രീതിയിൽ കണ്ടത്. വളരെധികം ജനശ്രദ്ധയാകർഷിച്ച കൊലപാതകങ്ങളായിരുന്നു ഇത്. വിദേശ മാദ്ധ്യമങ്ങളിലുൾപ്പടെ ധാരാളം മാദ്ധ്യമ ശ്രദ്ധ ലഭിച്ച ഒരു കേസു കൂടിയായിരുന്നു ഇത്. കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ മാദ്ധ്യമങ്ങൾ വിചാരണ നടത്തുകയായിരുന്നുവെന്ന് സുപ്രീംകോടതി കേസിന്റെ വിചാരണക്കിടെ നിരീക്ഷിച്ചിരുന്നു.[1]

ആരുഷിയുടെ കൊലപാതകത്തിനുശേഷം പോലീസ് പ്രധാനമായും സംശയിച്ചിരുന്നത് നേപ്പാൾ സ്വദേശിയായ വീട്ടുവേലക്കാരൻ ഹേംരാജിനെയായിരുന്നു. എന്നാൽ രണ്ടു ദിവസത്തിനുശേഷം ഹേംരാജിന്റെ മൃതദേഹം തൽവാർ ദമ്പതികളുടെ വീടിന്റെ മുകൾഭാഗത്തു നിന്നും കണ്ടെത്തി. പോലീസ് അലക്ഷ്യമായാണ് കേസ് തുടക്കം മുതൽ കൈകാര്യം ചെയ്തിരുന്നത്. സംഭവം സ്ഥലം വേണ്ട രീതിയിൽ മുദ്രവെച്ചു സൂക്ഷിക്കാൻ പോലീസ് തയ്യാറായിരുന്നില്ല, കൂടെ സുപ്രധാനമായ പല തെളിവുകളേയും അവർ പ്രാഥമികാന്വേഷണത്തിൽ വിട്ടുകളഞ്ഞിരുന്നു. തൽവാർ കുടുംബത്തിലെ ഒരു മുൻ സഹായിയാരുന്ന നേപ്പാൾ സ്വദേശി വിഷ്ണു ശർമ്മയെയായിരുന്നു പോലീസ് ആദ്യമായി സംശയിച്ചത്. എന്നാൽ കൊലപാതകത്തിൽ ആരുഷിയുടെ പിതാവ് രാജേഷിന്റെ പങ്കിനെപ്പറ്റി പോലീസിനു വിവരം ലഭിച്ചു. ആരുഷിയും ഹേംരാജും തമ്മിലുള്ള അസാന്മാർഗിക ബന്ധം സംശയിച്ചാണ് രാജേഷ് ഇരുവരേയും കൊന്നതെന്നായിരുന്നു പോലീസ് ആദ്യം വിശ്വസിച്ചിരുന്നത്. ആരുഷിയുടെ കൊലപാതകത്തിനു ഹേംരാജ് സാക്ഷിയായതിനാൽ ദൃക്സാക്ഷിയെ ഒഴിവാക്കാനായിരുന്നു ഹേംരാജിനേയും ഇല്ലാതാക്കിയെതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.

പോലീസിന്റെ അന്വേഷണത്തിൽ അപാകത കണ്ടെത്തിയപ്പോൾ കേസ് സി.ബി.ഐ.യെ ഏൽപ്പിക്കുകയായിരുന്നു. വേണ്ടത്ര തെളിവുകളുടെ അഭാവത്തിൽ സി.ബി.ഐ ഈ കേസന്വേഷണം അവസാനിപ്പിക്കുകയും, പകരം സി.ബി.ഐ.യുടെ തന്നെ മറ്റൊരു സംഘത്തിന് അന്വേഷണചുമതല നൽകുകയും ചെയ്തു. പുതിയ സംഘമാണ് കൊലപാതകത്തിൽ മാതാപിതാക്കളുടെ പങ്ക് സംശയിച്ചത്. എന്നാൽ ഇവരെ അറസ്റ്റു ചെയ്യാനുള്ള തെളിവുകൾ ആവശ്യത്തിനുണ്ടായിരുന്നില്ല. ആരുഷിയുടെ മാതാപിതാക്കളായ രാജേഷിനെയും, നൂപുറിനേയും അറസ്റ്റു ചെയ്യാൻ വേണ്ടത്ര തെളിവുകൾ സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിലുണ്ടെന്ന് കോടതി കണ്ടെത്തി. ഇതിനെ തുടർന്ന് സി.ബി.ഐ ആരുഷിയുടെ മാതാപിതാക്കളെ അറസ്റ്റു ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302(കൊലപാതകം), 201(തെളിവ് നശിപ്പിക്കൽ),203(തെറ്റായ വിവരം നൽകൽ) എന്നീ വകുപ്പുകൾ ചുമത്തി രാജേഷിനേയും നൂപുറിനേയും ജീവപര്യന്തം തടവിന് ഗാസിയാബാദ് കോടതി ശിക്ഷിച്ചു.[2]

പശ്ചാത്തലം[തിരുത്തുക]

ഡെൽഹി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു പതിനാലു വയസ്സുള്ള ആരുഷി തൽവാർ. ദന്തഡോക്ടർമാരായിരുന്ന രാജേഷ് തൽവാറിന്റേയും, ഭാര്യ നൂപുർ തൽവാറിന്റേയും മകളായിരുന്നു. ഉത്തർപ്രദേശിലെ നോയിഡയിലുള്ള സെക്ടർ 25 ലുള്ള ഒരു വീട്ടിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്. സെക്ടർ 27 ലുള്ള ഒരു ആശുപത്രിയിലായിരുന്നു തൽവാർ ദമ്പതികൾ ജോലി ചെയ്തിരുന്നത്. ഇതു കൂടാതെ, ഫോർട്ടിസ് ഹോസ്പിറ്റലിലും രാജേഷ് വകുപ്പു തലവനായി ജോലി നോക്കിയിരുന്നു. തൽവാർ ദമ്പതികളുടെ ക്ലിനിക്കിൽ മറ്റൊരു ഡോക്ടർ ദമ്പതികൾ കൂടി ജോലി ചെയ്യുന്നുണ്ടായിരുന്നു. അനിതാ ദുറാനിയും, പ്രഫുൽ ദുറാനിയും ആയിരുന്നു തൽവാർ ദമ്പതികളെക്കൂടാതെ ആ ക്ലിനിക്കിൽ ജോലി ചെയ്തിരുന്നത്. രാവിലെ ഒമ്പതു മുതൽ 12 വരെ രാജേഷും, അനിതയും രോഗികളെ നോക്കുമ്പോൾ, വൈകീട്ട് 5 മുതൽ 7 വരെയുള്ള സമയത്ത് പ്രഫുലും, നൂപുറുമായിരുന്നു ക്ലിനിക്കിൽ സേവനത്തിനായി ഉണ്ടായിരുന്നത്.[3]

ഹേംരാജ് എന്നു വിളിക്കപ്പെടുന്ന യാം പ്രസാദ് ബഞ്ചാദെ തൽവാർ കുടുംബത്തിലെ വേലക്കാരനും, പാചകക്കാരനും കൂടിയായിരുന്നു. നേപ്പാൾ സ്വദേശിയായിരുന്നു ഹേംരാജ്.[4]

ആരുഷിയുടെ മൃതദേഹം[തിരുത്തുക]

16 മേയ് 2008 ന് തൽവാർ കുടുംബത്തിലെ വേലക്കാരിയായിരുന്ന ഭാരതി മണ്ഡൽ ആറു മണിക്ക് വീടിന്റെ ബെൽ അടിച്ചുവെങ്കിലും, ആരും തന്നെ വാതിൽ തുറന്നില്ല.[5] സാധാരണ ദിവസങ്ങളിൽ ഹേംരാജാണ് ഭാരതിക്കു വേണ്ടി വാതിൽ തുറന്നു കൊടുക്കാറുള്ളത്. മൂന്നാമത്തെ തവണ ബെൽ അടിച്ചശേഷം, നൂപുർ വാതിൽക്കൽ വന്നുവെങ്കിലും, പുറത്തുള്ള ഇരുമ്പ് കൊണ്ടു നിർമ്മിച്ച വാതിൽ പുറത്തു നിന്നുമാണ് അടച്ചിരുന്നത്. ഹേംരാജ് പാലു വാങ്ങാൻ പുറത്തു പോയപ്പോൾ അടച്ചതായിരിക്കാമെന്ന് നൂപുർ തന്നോട് പറഞ്ഞുവെന്ന് ഭാരതി പോലീസിനു കൊടുത്ത മൊഴിയിൽ പറയുന്നു.

സാധാരണ ആരുഷിയുടെ മുറിയുടെ വാതിൽ അകത്തു നിന്നടക്കുകയോ, അല്ലെങ്കിൽ മാതാപിതാക്കൾ പുറത്തു നിന്നും പൂട്ടുകയോ ആയിരുന്നു ചെയ്തിരുന്നത്. എന്നാൽ 16 ന് ആരുഷിയുടെ മുറിയിലേക്കു ചെന്ന രാജേഷും നൂപുറും കിടക്കയിൽ ആരുഷിയുടെ മൃതശരീരം കണ്ട് ഭയന്നു പോയിയെന്ന് അവർ പോലീസിനോടു പറഞ്ഞിരുന്നു. ആരുഷിയുടെ ശവശരീരം കണ്ട രാജേഷ് ഉറക്കെ നിലവിളിച്ചുവെന്നു, അതേ സമയം ഈ കാഴ്ച കണ്ട ആഘാതത്തിൽ നൂപുർ യാതൊന്നു ചെയ്യാനാവാതെ തളർന്നു പോയി എന്നും ഇവർ കൊടുത്ത മൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.[6]

ഇതേസമയം വാതിൽ തള്ളിതുറന്ന് അകത്തേക്കു വന്ന ഭാരതിയെ നൂപുർ ആരുഷിയുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി, ആരുഷിയുടെ മൃതദേഹം കാണിച്ചു കൊടുത്തു. നൂപുർ ഈസമയമെല്ലാം കരയുകയായിരുന്നു. മൃതദേഹം ഒരു പുതപ്പുകൊണ്ടു മൂടിയിരുന്നു, പുതപ്പു മാറ്റി നോക്കിയ ഭാരതി, ആരുഷിയുടെ കഴുത്ത് മുറിഞ്ഞിരിക്കുന്നതായി കണ്ടു. ദമ്പതികൾ ആരുഷിയുടെ കൊലപാതകത്തിനു ഹേംരാജിനെയാണ് കുറ്റപ്പെടുത്തിയിരുന്നത്. ഭാരതി വീടിനു പുറത്തു പോയി അയൽവക്കത്തുള്ളവരെ വിവരമറിയിച്ചു.[7]

ആരുഷിയെ വധിച്ചത് ഹേംരാജാണെന്ന് രാജേഷ് പോലീസിനോട് പറയുകയുണ്ടായി.[8] വീടിനുള്ളിൽ അന്വേഷിക്കാതെ ഉടൻ തന്നെ ഹേംരാജിന്റെ നാടായ നേപ്പാളിൽ ചെന്നന്വേഷിക്കാൻ പോലീസിനോട് ആവശ്യപ്പെടുകയുമുണ്ടായി. പോലീസിന്റെ പ്രവർത്തനം ദ്രുതഗതിയിലാക്കാൻ രാജേഷ് അവർക്ക് 25000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ആരുഷിയെ പീഡിപ്പിക്കാൻ ഹേംരാജ് ശ്രമിക്കുകയും, അതെതിർത്തപ്പോൾ ഹേംരാജ് ആരുഷിയെ നേപ്പാൾ കുക്രി എന്ന കത്തികൊണ്ട് വധിക്കുകയുമായിരുന്നു എന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നു. ഹേംരാജിനെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് പോലീസ് 20000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.[9]

ഹേംരാജിന്റെ മൃതദേഹം[തിരുത്തുക]

16 മെയ് രാവിലെ രാജേഷിന്റെ വീട്ടിൽ മുകൾ നിലയിലേക്കു പോകുന്ന ഗോവണിയുടെ കൈവരിയിൽ ചോരപ്പാടുകൾ കണ്ടതായി വീട്ടിലുണ്ടായിരുന്ന സന്ദർശകർ പോലീസിനോടു പറഞ്ഞു.[10] ആരോ മായിച്ച പോലെ ചില ചോരപ്പാടുകൾ ഗോവണിയിൽ കണ്ടതായും ഇവർ വിവരം നൽകി. മെയ് പതിനേഴിന് രാജേഷും നൂപുറും ആരുഷിയുടെ ചാരം ഗംഗയിൽ ഒഴുക്കാനായി പോയിരുന്ന സമയത്ത്,വീട്ടിലെത്തിയിരുന്ന സന്ദർശകർ ഈ ടെറസിലേക്കു തുറക്കുന്ന വാതിലിൽ ചോരപ്പാടുകൾ കണ്ടുവെന്നറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി ആ വാതിൽ പൊളിച്ചു. ടെറസ്സിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഹേംരാജിന്റെ മൃതദേഹം അഴുകാൻ തുടങ്ങിയ നിലയിൽ പോലീസ് കണ്ടെത്തി.[11]

ഹേംരാജിന്റെ മൃതദേഹം കണ്ടെത്തിയതോടെ അയാളുടെ സുഹൃത്തുക്കളിലേക്ക് പോലീസിന്റെ അന്വേഷണം തിരിഞ്ഞു. ഹേംരാജിന്റെ ബന്ധുവും, തൽവാർ കുടുംബത്തിലെ മുൻ വേലക്കാരനുമായിരുന്ന വിഷ്ണു ഥാപ്പയെ പോലീസ് സംശയിക്കാൻ തുടങ്ങി. പത്തുവർഷത്തോളമായി തൽവാർ കുടുംബത്തിലെ വേലക്കാരനായിരുന്നു വിഷ്ണു, കൂടാതെ തൽവാർ ദമ്പതികളുടെ ആശുപത്രിയിലെ സഹായി കൂടിയായിരുന്നു. ദീർഘമായ അവധികൾക്ക് പോകുമ്പോഴൊക്കെ തന്റെ ബന്ധുക്കളിലാരെയെങ്കിലും തനിക്കു പകരക്കാരനായി കൊണ്ടു വന്നിട്ടേ വിഷ്ണു പോകാറുള്ളായിരുന്നു. വിഷ്ണു ഥാപ്പയാണ് ഹേംരാജിനെ തൽവാർ കുടുംബത്തിനു പരിചയപ്പെടുത്തുന്നത്. എന്നാൽ വിഷ്ണു ഥാപ്പ തിരികെ വന്നപ്പോൾ, തൽവാർ ദമ്പതികൾ അയാൾക്ക് ജോലി നിരസിക്കുകയായിരുന്നു പകരം ഹേംരാജിനെ തന്നെ മതിയെന്നു വിഷ്ണുവിനോട് പറയുകയുണ്ടായി. ഈ ദേഷ്യമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിച്ചു.[12]

രാജേഷും നൂപുറും പ്രതിസ്ഥാനത്ത്[തിരുത്തുക]

കാരണങ്ങൾ[തിരുത്തുക]

മെയ് 21 ന് ഡെൽഹി പോലീസും ഈ അന്വേഷണത്തിൽ പങ്കാളികളായി. ഇതേ സമയം, ആ കൊലപാതകത്തിൽ ആരുഷിയുടെ മാതാപിതാക്കളെ പ്രതിസ്ഥാനത്തു നിർത്തിക്കൊണ്ട് മാധ്യമങ്ങൾ രംഗത്തെത്തി.[13] പോലീസും കൊലപാതകത്തിൽ രാജേഷും, നൂപുറും ഉൾപ്പെട്ടിട്ടുണ്ടാവാമെന്ന് സംശയിക്കാൻ തുടങ്ങി. രാജേഷിന്റേയും നൂപുറിന്റേയും പങ്ക് സംശയിക്കാനുള്ള നിരവധി കാരണങ്ങൾ പോലീസും,മാധ്യമങ്ങളും ഉയർത്തി. അതിൽ പ്രധാനമായിരുന്നത് ആരുഷിയുടേയും, മാതാപിതാക്കളുടേയും മുറികൾ തമ്മിലുള്ള അകലമായിരുന്നു. ഇരു മുറികളും വളരെ അടുത്തായിരുന്നെങ്കിലും, ആരുഷിയുടെ മുറിയിൽ നിന്നും തങ്ങൾ യാതൊരു ശബ്ദവും കേട്ടില്ല എന്നുള്ള ദമ്പതികളുടെ മൊഴി, വിശ്വാസ്യയോഗ്യമല്ല എന്ന് മാധ്യമങ്ങളുൾപ്പടെ ചൂണ്ടിക്കാണിച്ചു. മെയ് 16ന് ഇവരുടെ വീട്ടിൽ അന്വേഷണം നടത്തിക്കൊണ്ടിരുന്ന പോലീസിനോട്, പ്രതി ഹേംരാജാണെന്നും അവൻ നേപ്പാളിലേക്ക് രക്ഷപ്പെട്ടിട്ടുണ്ടാവാമെന്നും രാജേഷ് ആവർത്തിച്ചു പറഞ്ഞതും, ഹേംരാജിനെ പിടിക്കാൻ പോലീസിന് ഉടനടി 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ചതും സംശയകരമായിരുന്നുവെന്ന് പിന്നീട് പോലീസ് കണ്ടെത്തി.

മാതാപിതാക്കളുടെ വിശദീകരണം[തിരുത്തുക]

രാജേഷിന്റേയും, നൂപുറിന്റേയും കിടപ്പു മുറിയിലുള്ള എയർ കണ്ടീഷണർ രാത്രി മുഴുവൻ പ്രവർത്തിക്കുകയായിരുന്നു, കൂടാതെ മുറിയുടെ വാതിൽ അടച്ചിരുന്നു. ഇക്കാരണങ്ങൾകൊണ്ട് ആരുഷിയുടെ മുറിയിൽ നിന്നുമുള്ള യാതൊരു ശബ്ദവും തങ്ങൾ കേട്ടില്ല എന്ന് ഇവർ പോലീസിനു കൊടുത്ത മൊഴിയിൽ പറഞ്ഞു. ആരുഷിയുടെ തൊണ്ടക്ക് ചെറുതായ അസുഖം ഉണ്ടായിരുന്നതുകൊണ്ട്, അവൾക്ക് ഉറക്കെ നിലവിളിക്കാൻ കഴിഞ്ഞിരിക്കില്ല എന്നും മാതാപിതാക്കൾ സൂചിപ്പിച്ചു.[14] ഹേംരാജിനെ കൊലയാളി വീടിന്റെ മുകളിൽ വച്ചാണ് കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. ആരുഷിയേയും, ഹേംരാജിനേയും ഒരുിച്ച് കണ്ട മാതാപിതാക്കൾ ദേഷ്യത്തിൽ ഇരുവരേയും അവിടെ വെച്ച് കൊല ചെയ്യുകയായിരുന്നു എന്ന വാദത്തെ ഇത് ഖണ്ഡിക്കുന്നു. രാജേഷ് ധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ചുള്ള ഡ്രൈവർ ഉമേഷിന്റെ മൊഴിയും ഈ വാദത്തെ ബലപ്പെടുത്തുന്നതായിരുന്നു. തലേദിവസം കാറിന്റെ താക്കോൽ രാജേഷിനെ ഏൽപ്പിക്കുമ്പോൾ ധരിച്ചിരുന്ന അതേ വസ്ത്രങ്ങൾ തന്നെയായിരുന്നു പിറ്റേ ദിവസം താൻ കാണുമ്പോഴും രാജേഷ് ധരിച്ചിരുന്നതെന്നായിരുന്നു ഉമേഷിന്റെ മൊഴി. രാജേഷിനേയും നൂപുറിനേയും രാവിലെ കണ്ട വേലക്കാരിയായ ഭാരതിയുടെ മൊഴിയുമായി ഇത് സാമ്യപ്പെടുന്നുണ്ടായിരുന്നു. രാവിലെ കാണുമ്പോൾ, രാജേഷ് ചുവപ്പു നിറത്തിലുള്ള ഒരു ടീഷർട്ടും ട്രൗസറും ആണ് ധരിച്ചിരുന്നതെന്നായിരുന്നു ഭാരതിയുടെ മൊഴി.[15][16] രാജേഷിന്റെ വസ്ത്രങ്ങളിൽ ആരുഷിയുടെ രക്തക്കറ മാത്രമാണുണ്ടായിരുന്നു, ഹേംരാജിന്റെ രക്തത്തിന്റെ പാടുകൾ ഒന്നും രാജേഷിന്റെ വസ്ത്രങ്ങളിൽ നിന്നും പോലീസിനു കണ്ടെത്താനായിരുന്നില്ല. ആരുഷിയേയും, ഹേംരാജിനേയും കൊന്നത് തങ്ങളുടെ അഭിമാനത്തിനു കളങ്കം വരുമോ എന്നുള്ള പേടി കാരണമാണെന്ന കാരണവും കോടതിയിൽ ഇവർ എതിർത്തു. വിദ്യാഭ്യാസമുള്ള തങ്ങൾ ഇരുവരും മിശ്രവിവാഹിതരാണെന്നും, ഇങ്ങനെയുള്ള ഒരു പശ്ചാത്തലത്തിൽ നിന്നും വരുന്നവർക്ക് ദുരഭിമാനകൊല ചെയ്യാൻ കഴിയില്ലെന്നും രാജേഷിന്റേയും നൂപുറിന്റേയും അഭിഭാഷകർ കോടതിയിൽ വാദിച്ചു.

ഹൈക്കോടതി വിധി[തിരുത്തുക]

നാലു വർഷത്തെ ജയിൽ വാസത്തിന് ശേഷം 2017 ഒക്ടോബർ 16 ന് തെളിവുകളുടെ അഭാവത്തിൽ കോടതി തൽവാർ ദമ്പതികളെ ജയിൽ മോചിതരാക്കി[17] സി.ബി.ഐ ഹാജരാക്കിയ തെളിവുകൾ കൊണ്ട് കൊലപാതകം നടത്തിയത് തൽവാർ ദമ്പതികളാണെന്നു തെളിയുന്നില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചു.[18] തെളിവുകളെ അഭാവത്താൽ, തൽവാർ ദമ്പതികളെ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയക്കുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ വിധിയിൽ ഹൈക്കോടതി സി.ബി.ഐ സംഘത്തെ അതിരൂക്ഷമായി വിമർശിച്ചിരുന്നു.

അവലംബം[തിരുത്തുക]

 1. "ആരുഷിയുടെ മാതാപിതാക്കൾക്ക് ജീവപര്യന്തം". ദേശാഭിമാനി. 2013 നവംബർ 26. ശേഖരിച്ചത് 2013 നവംബർ 26.
 2. "തൽവാർ കപ്പിൾസ് ഗെറ്റ്സ് ലൈഫ് സെന്റൻസ്". ഇന്ത്യാ ടുഡേ. 2013 നവംബർ 26. ശേഖരിച്ചത് 2013 നവംബർ 27.
 3. പരീക്ഷിത്, ലുത്ര (2008 ജൂൺ 12). "നോയിഡ ട്വിൻ മർഡർ കേസ്, ഹൂ ആർ തൽവാർസ്". ഐ.ബി.എൻ.ന്യൂസ്. ശേഖരിച്ചത് 2013 നവംബർ 27.
 4. അഭിഷേക്, ആനന്ദ് (2011 ഫെബ്രുവരി 10). "തൽവാർ റൂയിൻഡ് അസ്". മിഡ് ഡേ. ശേഖരിച്ചത് 2013 നവംബർ 27.
 5. "ഡോർസ് വെയർ ലോക്ഡ് ഫ്രം ഇൻസൈഡ് ആഫ്ടർ ആരുഷിസ് മർഡർ". ഔട്ട്ലൂക്ക് ഇന്ത്യ. 2012-09-03. ശേഖരിച്ചത് 2013-10-27.
 6. "ആരുഷി തൽവാർ കേസ്, ഇൻസൈഡ് ദ സ്റ്റോറി ഓഫ് ഇന്ത്യാസ് മോസ്റ്റ് കോൺട്രോവെഴ്സ്യൽ ട്രയൽ". ദ സ്റ്റാർ.കോം. ശേഖരിച്ചത് 2013-10-27.
 7. "ആരുഷി മർഡർ കേസ്, ക്ലോസ്ഡ് ഡോർ ഓപ്പൺഡ് വിത്തൗട്ട് കീ". ടൈംസ് ഓഫ് ഇന്ത്യ. 2012-09-04. ശേഖരിച്ചത് 2013-10-27.
 8. "ആരുഷി ഹേംരാജ് മർഡർ കേസ്". ഐ.ബി.എൻ.ലൈവ്. 2012-05-25. ശേഖരിച്ചത് 2013-10-27.
 9. മിഹിർ, ശ്രീവാസ്തവ (2011-01-14). "ദ അൺടോൾഡ് സ്റ്റോറി". ഇന്ത്യാ ടുഡേ.
 10. "ആരുഷി കേസ്, വിറ്റ്ലനസ്സ് സോ ബ്ലഡ് നിയർ ടെറസ്സ് ഡോർ". ടൈംസ് ഓഫ് ഇന്ത്യ. 2012-09-12. ശേഖരിച്ചത് 2013-10-27.
 11. "സി.ബി.ഐ.ക്ലോഷർ റിപ്പോർട്ട്". ഔട്ട്ലുക്ക് ഇന്ത്യ. 2011-02-10. ശേഖരിച്ചത് 2013-10-27.
 12. പർവ്വേസ് ഇഖ്ബാൽ, സിദ്ദിഖി (2008-05-20). "നോയിഡ് സ്കൂൾ ഗേൾ മർഡർ, എക്സ് സർവ്വന്റ് നൗ പ്രൈം സസ്പെക്ട്". ടൈംസ് ഓഫ് ഇന്ത്യ. ശേഖരിച്ചത് 2013-10-27.
 13. അമാൻ, ശർമ്മ (2011 ജനുവരി 02). "സി.ബി.ഐ സ്പെൽസ് ഔട്ട് എ കേസ്എഗെയിൻസ്റ്റ് ആരുഷിസ് പാരന്റ്സ്". ഇന്ത്യാ ടുഡേ. ശേഖരിച്ചത് 2013 നവംബർ 29.
 14. സന്ദീപ്, യാദവ് (2008-07-12). "ആരുഷി മർഡർ ഡോക്ടർ തൽവാർ ക്ലീൻ, സി.ബി.ഐ". ട്രൈബ്യൂൺ. ശേഖരിച്ചത് 2013-10-30.
 15. "ഡോർസ് വെർ ലോക്ഡ് ഫ്രം ഇൻസൈഡ് ആഫ്ടർ ആരുഷീസ് മർഡർ". ഒൗട്ട്ലുക്ക് ഇന്ത്യ. 2012-09-03. ശേഖരിച്ചത് 2013-10-27.
 16. "ആരുഷി മർഡർ കേസ്, തൽവാർ മെയിഡ് സ്റ്റാൻഡ് ഓൺ ഹെർ സ്റ്റേറ്റ്മെന്റ്". റീഡിഫ്. 2012-09-04. ശേഖരിച്ചത് 2013-10-27.
 17. "കോർട്ട് ഓർഡർ ഓൺ ഫ്രെയിംമിംഗ് ചാർജസ്സ് ഓൺ തൽവാർ". ദ ഹിന്ദു. 2012 മെയ് 24. ശേഖരിച്ചത് 2013 നവംബർ 30. Check date values in: |date= (help)
 18. "Aarushi Talwar Murder Case Verdict Rajesh And Nupur Talwar Acquitted By Allahabad High Court". NDTV. 2017-10-12. ശേഖരിച്ചത് 2017-10-22.
"https://ml.wikipedia.org/w/index.php?title=ആരുഷി_വധക്കേസ്&oldid=3271250" എന്ന താളിൽനിന്ന് ശേഖരിച്ചത്