ആദം അഫ്സേലിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആദം അഫ്സേലിയസ്

സ്വീഡിഷ് വൈദ്യശാസ്ത്രജ്ഞനായ ആദം അഫ്സേലിയസ് ഒരു സസ്യശാസ്ത്ര പണ്ഡിതൻകൂടിയായിരുന്നു. അഫ്സേലിയസ് 1750-ൽ സ്വീഡനിലെ ലാർഫ് നഗരത്തിൽ ജനിച്ചു. പൊതുരംഗത്തും ഭരണത്തിലും അഫ്സേലിയസ് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സഞ്ചാരപ്രിയനും പ്രകൃതിപഠനത്തിൽ തത്പരനുമായിരുന്ന ഇദ്ദേഹം 1792 മുതൽ ഏതാനും വർഷക്കാലം പശ്ചിമാഫ്രിക്കൻ തീരത്ത് താമസിക്കുകയുണ്ടായി. 1797-98-ൽ ലണ്ടനിലെ സ്വീഡിഷ് പ്രതിനിധി കാര്യാലയത്തിൽ ഇദ്ദേഹം ഒരു പ്രധാനോദ്യോഗസ്ഥനായിരുന്നു. 1812-ൽ സ്വീഡനിലെ മുഖ്യവിദ്യാഭ്യാസകേന്ദ്രമായ ഉപ്സാല സർവകലാശാലയിൽ വൈദ്യശാസ്ത്ര പ്രൊഫസറായി നിയമിതനായി. വൈദ്യശാസ്ത്രരംഗങ്ങളിൽ ഇദ്ദേഹത്തിന്റെ പ്രാഗല്ഭ്യം അതോടെ അംഗീകരിക്കപ്പെട്ടു. സ്വീഡനിൽ ജനിച്ച മറ്റൊരു സസ്യശാസ്ത്രജ്ഞനായ കാൾ ലിനയസിന്റെ (1707-78) ബഹുമാനാർഥം ഉപ്സാലയിൽ ലിനയസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിൽ മുൻകൈയെടുത്തത് അഫ്സേലിയസ് ആയിരുന്നു. ലിനയസിന്റെ ജീവചരിത്രവും നിരവധി ശാസ്ത്രപ്രബന്ധങ്ങളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഫ്സേലിയസ്, ആദം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആദം_അഫ്സേലിയസ്&oldid=1692469" എന്ന താളിൽനിന്നു ശേഖരിച്ചത്