ആഖ്യാനകാവ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കഥാകഥനപ്രധാനമായ കാവ്യമാണ് ആഖ്യാനകാവ്യം. ലൗകികതയെയും അലൗകികതയെയും കൂട്ടിയിണക്കുന്ന ഇതിഹാസകൃതികളും ഭൗതികതയിൽ ഊന്നിനില്ക്കുന്ന കാല്പനികകാവ്യങ്ങളും ഓരോ അർഥത്തിൽ ആഖ്യാനകാവ്യങ്ങളായി കണക്കാക്കുന്നു. ആഖ്യാനകാവ്യത്തെ കേവലം ഒരു ശില്പമായി പരിഗണിക്കുമ്പോൾ മഹാകാവ്യം, ഖണ്ഡകാവ്യം എന്നിവയിൽ നിന്നും വ്യത്യസ്തമായ വീരഗാഥകളാണ് ഇതിന്റെ ഏറ്റവും നല്ല മാതൃകകൾ‍. കാവ്യനാടകവും ഭാവഗീതവും ഇതിന്റെ നിർവചനത്തിൽ‌പ്പെടുന്നു എങ്കിലും ഏതെങ്കിലും നാടോടിക്കഥാകാവ്യം ആയിരിക്കും ആഖ്യാനകാവ്യം എന്ന വിശേഷണത്തിന് അർ‌ഹമാവുക. ചരിത്രകഥകളും പ്രാദേശികവിശ്വാസങ്ങളും ആണ് ഇത്തരം കാവ്യത്തിന്റെ ആധാരം. ഓർത്തുവച്ച് ഉരുവിടാൻ ഉദ്ദേശിക്കപ്പെട്ടിരുന്നതുകൊണ്ട്‍, ശ്ലോകനിബദ്ധമായാണ് പ്രാചീന ആഖ്യാനകാവ്യങ്ങൾ രചിക്കപ്പെട്ടിട്ടുള്ളത്. ചില പ്രയോഗങ്ങളും ശൈലികളും അവയിൽ ആവർത്തിക്കപ്പെടുന്നു. സാധാരണയായി ആഖ്യാനകാവ്യങ്ങളിൽ കഥാനായകൻ സാഹസികനും താൻ‌പോരിമക്കാരനും ആയിരിക്കും‍. അതിനാൽ വിവിധദേശങ്ങളിലുള്ള ആഖ്യാനകാവ്യങ്ങളിലെ നായകവർണ്ണനകളിൽ ഐകരൂപ്യം കാണാം.

അതിപ്രാചീനമായ പല ദേശചരിത്രങ്ങളും അധിഷ്ഠിതമായിരിക്കുന്നത് ലഭ്യമായ ആഖ്യാനകാവ്യസാമഗ്രികളിലാണ്. ഗിൽഗാമേഷ് ഇതിഹാസത്തിന്റെ (Gilgamesh epic) അസീറിയൻ പാഠം (ബി.സി. 7-ാം ശ.) കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഈ ആഖ്യാനകാവ്യം ഭാരതീയയവനേതിഹാസങ്ങളിൽ സ്വാധീനത ചെലുത്തിയിട്ടുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. ആധുനിക ഇംഗ്ലീഷിൽ ആഖ്യാനകാവ്യത്തിന്റെ തുടക്കം കുറിക്കുന്നത് ചോസറുടെ കാന്റർബറി കഥകളാണ്.

മലയാളത്തിൽ വടക്കൻപാട്ടുകളാണ് ആഖ്യാനകാവ്യത്തിന്റെ പ്രസിദ്ധമാതൃക. നോവലും ചെറുകഥയും പില്ക്കാലത്ത് ബഹുജനസമ്മതിയെ മറികടന്നെങ്കിലും, ആധുനികകാലത്ത് ആഖ്യാനകാവ്യം പുനരുജ്ജീവനം നേടിയിട്ടുണ്ട്.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആഖ്യാനകാവ്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആഖ്യാനകാവ്യം&oldid=1734904" എന്ന താളിൽനിന്ന് ശേഖരിച്ചത്