അൽ-ജാഹിസ്
അൽ ജാഹിസ് al-Jāḥiẓ (Arabic: الجاحظ) (full name Abū ʿUthman ʿAmr ibn Baḥr al-Kinānī al-Baṣrī أبو عثمان عمرو بن بحر الكناني البصري) 776- 869 .
ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അറബിഭാഷാ പണ്ഡിതനും ഗദ്യകർത്താവും, ചിന്തകനുമായിരുന്നു , അൽജാഹിസ് എന്ന വിളിപ്പേരു ലഭിച്ച അബു ഉസ്മാൻ അൽ ബസ്രി.
ജീവിത രേഖ
[തിരുത്തുക]ദരിദ്രകുടുംബത്തിൽ ജനിച്ച അൽ ജാഹിസിന്റെ പൂർവ്വികർ കറുത്ത വർഗ്ഗക്കാരായ ഒട്ടകപാലകരയായിരുന്നു.കനാലരികിൽ മൽസ്യം വിറ്റ് വീട്ടുകാരെ സഹായിച്ചിരുന്ന ബാല്യമായിരുന്നു ജാഹിസിന്റേത്. എന്നാൽ ഇതിനിടയിലും അറിവ് സമ്പാദിക്കാൻ വ്യഗ്രത കാട്ടിയിരുന്ന ആ ബാലൻ ഒഴിവ് കിട്ടുമ്പോൾ വിശ്രുത പണ്ഡിതന്മാരുടെ പ്രഭാഷണങ്ങൾ ശ്രവിക്കാൻ പോകുമായിരുന്നു.
അറബിഭാഷാ, ഖുർആൻ , ഹദീസ് പഠനം എന്നിവയോടൊപ്പം കവിതാപഠനം, വ്യാകരണശാസ്ത്രം, എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളിൽ പ്രാവീണനായിരുന്നു അൽജാഹിസ്. ഗ്രീക്ക് ശാസ്ത്രജ്ഞരുടേയും, ചിന്തകരുടേയും അനവധി കൃതികൾ അറബിയിലേക്ക് ജാഹിസ് പരിഭാഷപ്പെടുത്തുകയുണ്ടായി.
ഇരുന്നൂറിലേറെ പുസ്തകൾ അൽജാഹിസ് രചിച്ചിരുന്നതായി കരുതുന്നു. അതിൽ മുപ്പതോളം പുസ്തകങ്ങൾ ഇന്നും ലഭ്യമാണ്. അറബി ഭാഷയുടെ ഘടനയിലും വ്യാകാരണത്തിലും സമൂലമായ മാറ്റമുണ്ടാവേണ്ടതുണ്ട് എന്ന് ശക്തമായി വാദിച്ച ആളായിരുന്നു അൽജാഹിസ്. എന്നാൽ അത്തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാവാൻ വീണ്ടും ഒരു രണ്ട് നൂറ്റാണ്ട്കൂടി കഴിയേണ്ടി വന്നു.
അബ്ബാസിയ കാലഘട്ടത്തിൽ ഇസ്ലാമിക ലോകത്തുണ്ടായ വൈജ്ഞാനിക വിപ്ലവത്തിന്റെ ഭാഗഭാക്കാവാൻ ബാഗ്ദാദിലേക്ക് താമസം മാറുകയായിരുന്നു പിൽക്കാലത്ത് ജാഹിസ്. ഖലീഫ അൽ മഅമൂൻ തന്റെ കുട്ടികളെ പഠിപ്പിക്കാൻ അൽ ജാഹിസിനെ ഏർപ്പാടാക്കി. എന്നാൽ ജാഹിസിന്റെ ഉണ്ടക്കണ്ണുകൾ കുട്ടികളെ ഭയപ്പെടുത്തിയതിനാൽ കൊട്ടാര അധ്യാപനം ഒഴിവാക്കപ്പെടുകയായിരുന്നു. ജാഹിസ് അൽ അയ്നേയ്ൻ ഉണ്ടക്കണ്ണുകളുള്ളവൻ എന്ന വിശേഷണത്തിൽ നിന്നാണ് തൂലികനാമമായ അൽ ജാഹിസ് രൂപം കൊണ്ടതത്ത്രെ.
ജീവതാന്ത്യത്തിൽ സ്വദേശമായ ബസ്രയിൽ തിരിച്ചെത്തിയ ജാഹിസ് അവിടെ വച്ച് തൊണൂറ്റി രണ്ടാം വയസ്സിൽ മരിച്ചു. മരണം എങ്ങനെയായിരുന്നു എന്ന് വ്യക്തമല്ലെങ്കിലും തന്റെ അതിബൃഹത്തായ പുസ്തശേഖരത്തിലെ ഒരു വലിയ അട്ടി പുസ്തകങ്ങൾ തലയിൽ പതിച്ചായിരുന്നു മരണം എന്നൊരു കഥ പ്രചാരത്തിലുണ്ട്.
പ്രധാന കൃതികൾ
[തിരുത്തുക]1.മൃഗങ്ങളുടെ പുസ്തകം – കിത്താബുൽ ഹയവാൻ. ഏഴു വാല്യങ്ങളായി എഴുത്തപ്പെട്ട ഒരു സർവ്വ വിജ്ഞാന കോശമായി ഇതിനെ വിവരിക്കാം. 350ൽ പരം പക്ഷിമ്രഗാദികളെ വർണ്ണിക്കുകയും വിവരിക്കുകയും ചെയ്തിരിക്കുന്നു ഇതിൽ അവയെപ്പറ്റി കഥകളും, പഴമൊഴികളും, പദ്യശകലങ്ങളും ഇതിൽ ഉൾക്കോള്ളിച്ചിരിക്കുന്നു.മൃഗങ്ങളൂടെ സ്വഭാവ പഠനവും ഇതിൽ കാണാം. അതിശക്തരുടെ അതിജീവനം എന്ന ഡാർവ്വിനീയൻ കാഴ്ച്ചപാടിന്റെ പൂർവ്വിക രൂപവും ജാഹിസ് അവതപിരിപ്പിക്കുന്നുണ്ട്.
2.ലുബ്ധരുടെ പുസ്തകം- കിത്താബുൽ ബുഖാലാ (അഥവാ അത്യാഗ്രഹവും അത്യാഗ്രഹികളും)
ഹാസ്യവും ആക്ഷേപഹാസ്യവും ആണ് ഈ കൃതി. അത്യാഗ്രഹികളെക്കുറിച്ചുള്ള നിരവധി കഥകളാണിതിലുള്ളത്. അധ്യാപകർ, ഭിക്ഷക്കാർ, ഗായകർ, എഴുത്തുക്കാർ തുടങ്ങിയ ജീവിതത്തിന്റെ പൽ മേഖലകളിലുള്ളവരെ ജാഹിസ് ഇവിടെ ഹാസ്യത്തിനും ആക്ഷേപത്തിനും പാത്രമാക്കുന്നു. ജാഹിസിന്റെ ഏറ്റവുംകീർത്തികേട്ട കൃതി ഇതാണെന്ന് കരുതപ്പെടുന്നു.
ഇന്നും അറബി മാസികകളിൽ ഇവയിലെ പല കഥകളും പുന പ്രസിധീകരിച്ച് വരാറുണ്ട്.