അർമേനിയയുടെ ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർമീനിയൻ തലസ്ഥാനമായ യെറിവാൻ], പിന്നിൽ അരാരത്ത് പർവ്വതം

അർമേനിയയുടെ ചരിത്രം റിപ്പബ്ലിക് ഓഫ് അർമേനിയയുടെ ചരിത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളും അർമേനിയൻ ജനതയും അർമേനിയൻ ഭാഷയും ചരിത്രപരമായും ഭൂമിശാസ്ത്രപരമായും അർമേനിയൻ ആയി കണക്കാക്കുന്ന പ്രദേശങ്ങളുടെ ചരിത്രവും ഉൾക്കൊള്ളുന്നു.

ബൈബിളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള അരാരത്തിലെ പർവതങ്ങൾക്ക് സമീപമുള്ള ഉയർന്ന പ്രദേശങ്ങളിലാണ് അർമേനിയ സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ യഥാർത്ഥ അർമേനിയൻ പേര് ഹേക്ക് എന്നും പിന്നീട് ഹയാസ്ഥാൻ (അർമേനിയൻ: Հայաստան), 'ഹൈക്കിന്റെ നാട്' എന്ന് വിവർത്തനം ചെയ്യപ്പെടാവുന്ന ഇത് '-സ്താൻ' ("ഭൂമി") എന്ന പേർഷ്യൻ പ്രത്യയത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.[1]

പുരാതനകാലം[തിരുത്തുക]

അർമേനിയൻ രാജ്യം ഏറ്റവും വിപുലമായിരുന്നത് ടൈഗ്രാനസ് ദി ഗ്രേറ്റ് എന്ന രാജാവിന്റെ കീഴിലാണ്. ഇദ്ദേഹം ബി.സി 95-നും 66-നുമിടയിലാണ് ഭരിച്ചിരുന്നത്

പ്രാചീന ശിലായുഗം മുതൽ അർമീനിയയിൽ മനുഷ്യവാസമുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്.[2] ഹെറ്റ് പ്രദേശത്തെ ചരിത്രാവശിഷ്ടങ്ങളിൽ (ബി.സി. 2000) അർമീനിയയെപ്പറ്റി പ്രസ്താവങ്ങളുണ്ട്. ബി.സി. ഒൻപതാം ശതകത്തോടുകൂടി ഖാൽദിയന്മാർ അർമീനിയയിൽ ആധിപത്യം സ്ഥാപിച്ചു. അസീറിയർ ഈ ഖാൽദിയൻ സ്റ്റേറ്റിനെ ഉറാർതു എന്നാണ് വിളിച്ചിരുന്നത്. അന്ന് തുസ്പസ് (ഇന്നത്തെ വാൻ) ആയിരുന്നു തലസ്ഥാനം. ബി.സി. 624-ൽ അർമീനിയർ പഴയ ഉറാർതു പ്രദേശത്ത് ഹയസ്താൻരാജ്യം പടുത്തുയർത്തി. 606-ൽ മീഡുകൾ അവരെ ആക്രമിച്ചു. 50 വർഷങ്ങൾക്കുശേഷം പേർഷ്യയിലെ സൈറസിന്റെ ആക്രമണത്തിനും അവർ വിധേയരായി. അക്കമീനിയൻ സാമ്രാജ്യത്തിലുൾപ്പെട്ടിരുന്ന അർമീനിയയെ ദാരിയൂസിന്റെ ബഹിസ്തൂൺ ശിലാശാസനത്തിൽ അർമീനി എന്നു രേഖപ്പെടുത്തിക്കാണുന്നു. കുറേക്കാലത്തോളം ഒരു പേർഷ്യൻ സത്രപ് (satrap) ആയി നിലകൊണ്ടുവെങ്കിലും ഒരു പുത്രികാരാജ്യപദവി അതിനുണ്ടായിരുന്നു.

അലക്സാണ്ടറിന്റെ ആക്രമണം[തിരുത്തുക]

ബി.സി. 331-ൽ അലക്സാണ്ടർ ഇവിടം ആക്രമിച്ചു കീഴടക്കി; അതിനുശേഷം സെല്യൂസിദുകളുടെ കീഴിലായി. മഗ്നീഷ്യയിൽവച്ച് ബി.സി. 190-ൽ അവർ പരാജിതരായപ്പോൾ അർട്ടാക്സിയസ് (Artaxias), സെറിയാഡ്രസ് (Zariadress) എന്നീ രണ്ടു സത്രപുമാരെ അർമീനിയയുടെ ഭരണാധികാരികളായി റോമാക്കാർ അംഗീകരിച്ചു. അർടാക്സാറ്റ ആസ്ഥാനമാക്കി ഗ്രേറ്റർ അർമീനിയ സ്ഥാപിച്ചത് അർടാക്സിയസായിരുന്നു. ക്രിസ്ത്വബ്ദത്തിന്റെ ആരംഭംവരെ അർടാക്സിയസിന്റെ രാജവംശമാണ് അർമീനിയ ഭരിച്ചത്. സെറിയാഡ്രസ് സോഫീന കേന്ദ്രമാക്കിയും ഭരണം നടത്തിയിരുന്നു. ടൈഗ്രേനസ് (ബി.സി. 94-56) ടൈഗ്രനോസെർട്ട എന്ന തലസ്ഥാനനഗരി സ്ഥാപിച്ച് രാജ്യം വിസ്തൃതമാക്കി. സോഫീനയും മറ്റു ചെറു രാജ്യങ്ങളും ഇദ്ദേഹം കീഴടക്കി; പാർത്തിയ, സിറിയ, കപ്പഡോഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ചില ഭാഗങ്ങളും ആക്രമിച്ചെടുത്തു. അന്ത്യോഖ്യപോലും ഈ രാജവംശത്തിന്റെ കീഴിലമർന്നു. ഇദ്ദേഹം പോണ്ടസ്സിലെ മിത്രിഡേറ്റിസിന്റെ സഹായത്തോടെ രാജ്യവികസനം ആരംഭിച്ചത് റോമാക്കാരുമായി യുദ്ധത്തിനു വഴിതെളിച്ചു. ഒടുവിൽ ലക്കല്ലസിന്റെ ആക്രമണഫലമായി അർമീനിയ റോമൻ മേധാവിത്വം അംഗീകരിച്ചു.

ക്രിസ്തുമതം[തിരുത്തുക]

എറ്റ്ചിമിയാഡ്സിൻ കത്തീഡ്രൽ - ഭരണകൂടം നിർമ്മിച്ച ലോകത്തിലെ ഏറ്റവും പഴയ പള്ളിയാണിത്.

റോമാക്കാരും പേർഷ്യക്കാരും തമ്മിൽ അർമീനിയയുടെ പേരിലുണ്ടായിരുന്ന തർക്കം ഒഴിവാക്കുവാൻ നീറോചക്രവർത്തി എ.ഡി. 66-ൽ പേർഷ്യയിലെ അർസാസിദ് വംശത്തിലെ ടിറിഡേറ്റ്സ് രാജകുമാരനെ അർമീനിയയിലെ ഭരണാധികാരിയാക്കി. അർസാസിദ് വംശക്കാരുടെ ഭരണകാലത്ത് രാജ്യത്ത് രാഷ്ട്രീയഭദ്രതയുണ്ടായി. ടിറിഡേറ്റ്സ് III-നെ വിശുദ്ധ ഗ്രിഗറി ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യിപ്പിച്ചു. ക്രിസ്തുമതം രാജ്യത്തെ ഔദ്യോഗിക മതമായിത്തീരുകയും ചെയ്തു. ഇതിനെത്തുടർന്നു റോമാക്കാരും പേർഷ്യക്കാരും തമ്മിൽ അർമീനിയയുടെ ആധിപത്യത്തിനായി 4-ഉം, 5-ഉം ശതകങ്ങളിൽ യുദ്ധം ചെയ്തു. അവസാനം 387-ൽ അർമീനിയയെ ഇരുകൂട്ടരും പങ്കിട്ടെടുക്കുകയാണുണ്ടായത്.

എട്ടാം ശതകത്തിൽ നിർമിതമായ ജഗാർഡ് ക്ഷേത്രത്തിന്റെ പൊതുവീക്ഷണം

റോമാക്കാർക്കും പേർഷ്യക്കാർക്കും പുറമേ ഗ്രീക്കുകാർ, അറബികൾ, തുർക്കികൾ എന്നിവരും അർമീനിയയെ അടിക്കടി ആക്രമിച്ചുകൊണ്ടിരുന്നു. പേർഷ്യയിലെ സസാനിദ് വംശക്കാരുടെ പതനത്തോടെ അറബികൾ പ്രബലരാവുകയും അർമീനിയയുടെ അധീശത്വം പിടിച്ചെടുക്കുകയും ചെയ്തു. ഖലീഫയായ മുആവിയ ഒന്നാമനുമായി അർമീനിയക്കാർ 653-ൽ സന്ധിചെയ്ത് രാഷ്ട്രത്തിന്റെ സ്വാതന്ത്യ്രം ഒരതിരുവരെ നിലനിർത്തി. ഏഴാം ശതകം മുതൽ ഒൻപതാം ശതകത്തിന്റെ അവസാനംവരെ അറബി ഖലീഫമാർക്കായിരുന്നു അവിടെ മേധാവിത്വം. വിദേശീയമേധാവിത്വത്തിൽനിന്നു മോചിതമായതിനുശേഷം ബഗ്രതിദ് (Bagratid) രാജവംശത്തിന്റെ അധികാരത്തിൽ അർമീനിയ രണ്ടു ശതകങ്ങൾ കഴിച്ചുകൂട്ടി; 886-ൽ അഷോട് I ആണ് രാജാധികാരം പുനഃസ്ഥാപിച്ചത്. പതിനൊന്നാം ശതകത്തിൽ തുർക്കികളും തുടർന്ന് മംഗോളിയരും അർമീനിയ കീഴടക്കി; 1405-ൽ തിമൂറിന്റെ മരണശേഷം യഥാക്രമം ടെക്കോമനുകൾ, പേർഷ്യക്കാർ, ഓട്ടോമൻ തുർക്കികൾ എന്നിവരുടെ കീഴിലായി. 1639-ൽ അർമീനിയയുടെ പടിഞ്ഞാറുഭാഗം തുർക്കിയോടും കിഴക്കുഭാഗം പേർഷ്യയോടും കൂട്ടിച്ചേർത്തു.

യെരവാൻ കോട്ട റഷ്യൻ പട്ടാളം 1827-ൽ പിടിച്ചെടുക്കുന്നു. ഫ്രാൻസ് റോബൗഡ്.

1828-ൽ റഷ്യയും പേർഷ്യയും തമ്മിലുള്ള യുദ്ധത്തിനു ശേഷം അർമീനിയയുടെ കുറെ ഭാഗങ്ങൾ റഷ്യയുടെ അധീനതയിലായി. 1877-78-ൽ റഷ്യയും തുർക്കിയും തമ്മിൽ നടന്ന യുദ്ധത്തിനു ശേഷം ബാക്കിഭാഗങ്ങൾകൂടി റഷ്യയുടെ അധീനതയിലാവാൻ സാധ്യത ഉണ്ടായിരുന്നുവെങ്കിലും, ബെർലിൻ കോൺഗ്രസ്സിൽവച്ചു ഡിസ്രേലി ഇടപെട്ടതിനാൽ ഈ ഉദ്യമം സഫലമായില്ല.

സ്വാതന്ത്ര്യസമരം[തിരുത്തുക]

അർമീനിയയിൽ ഇക്കാലമത്രയും ദേശീയബോധം വളർന്നുകൊണ്ടിരുന്നു. അന്യരാജ്യങ്ങളിൽ താമസിച്ചിരുന്ന അർമീനിയർ തങ്ങളുടെ മാതൃരാജ്യം സ്വതന്ത്രമാക്കുന്നതിനുവേണ്ടി റഷ്യയുടെ സഹായത്തോടുകൂടി പല രഹസ്യസംഘടനകളുമുണ്ടാക്കി. റഷ്യയോടു ചേർന്നു കഴിഞ്ഞിരുന്ന അർമീനിയയുടെ കി. ഭാഗക്കാർക്കു പല സ്വാതന്ത്ര്യങ്ങളും കിട്ടിയിരുന്നത് ഇവരെ പ്രോത്സാഹിപ്പിച്ചു. 1908-ലെ തുർക്കിഭരണഘടന അർമീനിയർക്ക് സ്വീകാര്യമായിരുന്നു. എന്നാൽ അർമീനിയരുടെ ദേശീയബോധത്തെ അമർഷത്തോടെ നോക്കിക്കൊണ്ടിരുന്ന തുർക്കി സുൽത്താൻ അബ്ദുൽഹമീദ് II (1842-1918) 1909 മാർച്ച്-ഏപ്രിൽ സമയത്ത്-ൽ അസംഖ്യം അർമീനിയരെ വധിക്കുകയുണ്ടായി.

സെവാൻ തടാകതീരത്ത് എ.ഡി. ഒൻപതാം ശതകത്തിൽ നിർമ്മിച്ച അപ്പോസ്തല ദേവാലയം

1908-ൽ അർമീനിയർ യുവതുർക്കികളുടെ വിപ്ളവത്തെ സഹായിച്ചിരുന്നു. അവർ പ്രാദേശികഭരണത്തിൽ മതപരിഗണന കൂടാതെ എല്ലാവർക്കും തുല്യത നല്കി. എന്നാൽ ഒന്നാം ലോകയുദ്ധത്തിന്റെ ആരംഭത്തിൽ സഹായസഹകരണം വാഗ്ദാനം ചെയ്തിരുന്നത് പാലിക്കാൻ അർമീനിയർ കൂട്ടാക്കാത്തതിനെ ത്തുടർന്ന് യുവതുർക്കികൾ അർമീനിയരെ ഒന്നടങ്കം നാടുകടത്താനും 15 വയസ്സിനും 60 വയസ്സിനും ഇടയ്ക്കുള്ള പുരുഷന്മാരെ നിർബന്ധമായി പട്ടാളത്തിൽ ചേർക്കുവാനും തുടങ്ങി. ഇതിനെത്തുടർന്ന് 1916-ൽ റഷ്യാക്കാർ അർമീനിയ ആക്രമിച്ചു കീഴടക്കി.

അമേരിക്കൻ അംബാസഡർ ഹെൻട്രി മോർഗെന്തൗ സീനിയർ 1915-ൽ എടുത്ത ചിത്രം

ഡെമോക്രാറ്റിക് റിപ്പബ്ലിക്ക്[തിരുത്തുക]

1917-ലെ ബോൾഷെവിക്ക് വിപ്ലവത്തെത്തുടർന്ന് അർമീനിയൻ രാജവംശവും ബൂർഷ്വാസംഘടനയായ ദഷ്നാക്കിസ്റ്റുകളും കൂടി അർമീനിയയുടെ ഭരണം പിടിച്ചെടുത്തു. ആ ഭരണം അവസാനിപ്പിച്ചത് 1920 ന. 29-നു അർമീനിയൻ തൊഴിലാളികൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സായുധസമരത്തിലൂടെയായിരുന്നു. തുടർന്ന് അർമീനിയ ഒരു സോവിയറ്റ് സ്റ്റേറ്റായിത്തീർന്നു. അവിടത്തെ കൃഷിഭൂമി, ഖനികൾ, വ്യവസായശാലകൾ, ബാങ്കുകൾ, റയിൽവേ, വനം തുടങ്ങിയവ ദേശസാത്കരിക്കപ്പെട്ടു. അർമീനിയ, ജോർജിയ, അസെർബൈജാൻ എന്നീ രാജ്യങ്ങൾ ചേർന്ന് ട്രാൻസ്കക്കേഷ്യൻ ഫെഡറൽ റിപ്പബ്ലിക്കായി. എങ്കിലും 1918 മേയ് 26-നു അതു പിരിഞ്ഞ് അംഗരാഷ്ട്രങ്ങൾ സ്വതന്ത്രമായി. മൂന്നു രാജ്യങ്ങളും യു.എസ്.എസ്.ആറിലെ വ്യത്യസ്തഘടകങ്ങളായി അംഗീകരിക്കപ്പെട്ടു. അർമീനിയ 1920 ഡിസംബർ 3-നു ഒരു പരമാധികാര റിപ്പബ്ലിക്കായിത്തീർന്നു.

ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് അർമേനിയയുടെ (1918–1920) ഗവണ്മെന്റ് ഹൗസ്

സോവിയറ്റ് സ്റ്റേറ്റ്[തിരുത്തുക]

അർമേനിയൻ സോവിയറ്റ് സ്റ്റേറ്റിന്റെ ഔദ്യോഗികമുദ്ര. അറാറത്ത് പർവ്വതമാണ് മദ്ധ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.

റിപ്പബ്ലിക്കായതിനെത്തുടർന്നു ദഷ്നാക്കിസ്റ്റുകളെ ഭരണകൂടത്തിൽനിന്നും പുറത്താക്കി. ഇതിനെത്തുടർന്ന് എസ്. വ്രാത്സിയൻ (S.Vratzian) 1921 ഫെബ്രുവരിയിൽ ഒരു കമ്യൂണിസ്റ്റുവിരുദ്ധവിപ്ലവം നയിച്ചെങ്കിലും പരാജയപ്പെട്ടു. 1922 മാർച്ച് 12-നു അർമീനിയ, ജോർജിയ, അസെർബൈജാൻ എന്നീ സ്റ്റേറ്റുകൾ ചേർന്ന ട്രാൻസ്കക്കേഷ്യൻ സോവിയറ്റ് ഫെഡറേറ്റഡ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് രൂപവത്കൃതമായി. ഇത് 1922 ഡിസംബർ 30-ന് യു.എസ്.എസ്.ആറുമായി സംയോജിപ്പിക്കപ്പെട്ടു. 1936 ഡിസംബർ 5-നു സോവിയറ്റ് യൂണിയൻ പുതിയ ഭരണഘടന അംഗീകരിച്ചതോടെ പ്രസ്തുത ഫെഡറേഷൻ നിലവിലില്ലാതാവുകയും അർമീനിയ സോവിയറ്റ് യൂണിയനിലെ ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായിത്തീരുകയും ചെയ്തു. സോവിയറ്റ് ഭരണത്തിൻകീഴിൽ വ്യാവസായികമായി അർമീനിയ വളരെ ഏറെ പുരോഗതി നേടി. മറ്റു രാജ്യങ്ങളിൽ നിന്നും രണ്ടുലക്ഷത്തിലധികം അർമീനിയക്കാർ ഇക്കാലത്തു അർമീനിയയിൽ തിരിച്ചെത്തി. 1988-ൽ അർമീനിയയിലുണ്ടായ ഭൂകമ്പത്തിൽ 55,000 ത്തിലധികം പേർ മരിക്കുകയും അഞ്ച് ലക്ഷത്തിലധികം പേർ ഭവനരഹിതരായിത്തീരുകയും ചെയ്തു.

സോവിയറ്റ് നയങ്ങൾക്കും ഭരണത്തിനുമെതിരേ പ്രതിഷേധവുമായി അർമേനിയക്കാർ യെരവാനിലെ ഫ്രീഡം സ്ക്വയറിൽ ഒത്തുചേരുന്നു. 1988

സ്വാതന്ത്ര്യം[തിരുത്തുക]

1991-ൽ സ്വതന്ത്രറിപ്പബ്ലിക്കായതിനെത്തുടർന്ന് അടുത്തുള്ള അസർബൈജാനിലെ നഗോർണോ, കരാബാഖ് എന്നീ പ്രദേശങ്ങൾ വിട്ടുകിട്ടുന്നതിനുള്ള അവകാശവാദം അർമീനിയ ശക്തമാക്കി. ഇത് അർമീനിയയിലെ ഭൂരിപക്ഷം വരുന്ന ക്രിസ്ത്യാനികളും അസർബൈജാനിലെ ഭൂരിപക്ഷം വരുന്ന മുസ്ലിങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനു വഴിതെളിച്ചു. 1994-ൽ വെടിനിർത്തൽ നടപ്പിലായി.

അവലംബം[തിരുത്തുക]

  1. Kurkjian, Vahan (1968). "The Beginnings of Armenia Chapter VIII". History of Armenia. Michigan: uchicago.edu. Retrieved 10 December 2015.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Stone Tool Discovery in Armenia Gives Insight into Human Innovation 325,000 Years Ago". sci-news.com.
"https://ml.wikipedia.org/w/index.php?title=അർമേനിയയുടെ_ചരിത്രം&oldid=3848357" എന്ന താളിൽനിന്ന് ശേഖരിച്ചത്