അസ്പർജില്ലോസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അസ്പർജില്ലോസിസ്
Pulmonary aspergillosis (1) invasive type.jpg
കുടലിൽ ന്യൂമോണിയ ബാധിച്ച ഒരു രോഗിയിൽ പൾമൊണറി ഇൻവേസീവ് അല്പെർജില്ലോസിസ് ബാധിച്ചതിന്റെ ഹിസ്റ്റോപതോളജിക്ക് ചിത്രം. Autopsy material. Grocott's methenamine silver stain.
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
സ്പെഷ്യാലിറ്റി infectious disease
ICD-10 B44
ICD-9-CM 117.3
MedlinePlus 001326
eMedicine med/174
Patient UK അസ്പർജില്ലോസിസ്
MeSH D001228

അസ്പർജില്ലസ് (Aspergillus) എന്ന പൂപ്പൽ മൂലമുണ്ടാകുന്ന ശ്വാസകോശ രോഗമാണ് അസ്പർജില്ലോസിസ്. അസ്പെർജില്ലോമ (Aspergiloma) എന്നും ഇത് അറിയപ്പെടുന്നു. മനുഷ്യർക്കും പക്ഷികൾക്കും മൃഗങ്ങൾക്കും ഈ രോഗം ബാധിക്കുന്നു. അസ്പെർജില്ലസ് ഫ്യൂമിഗേറ്റസ് (Aspergillus fumigatus) എന്നയിനം ഫംഗസാണ് മനുഷ്യരിൽ ബ്രോങ്കോ പൾമോണറി അസ്പെർജില്ലോസിസ് എന്ന രോഗത്തിനു കാരണമാകുന്നത്. അ. ക്ലാവേറ്റസ്, അ. ഫ്ലാവസ്, അ. നൈഗർ, അ. ടെറിയസ് എന്നീ ഫംഗസ് ഇനങ്ങളും അപൂർവമായി രോഗകാരണമാകാറുണ്ട്. ശ്വാസനാള ഭിത്തിയിലും ശ്വാസകോശങ്ങളുടെ പരിധീയ ഭാഗത്തും അ. ഫ്യൂമിഗേറ്റസ് ഫംഗസിന്റെ ക്രമാധികമായ ചേതനാ പ്രതിപ്രവർത്തനം (hypersensitive reaction) സങ്കീർണമാകുന്നതാണ് രോഗകാരണം. ജന്തുക്കളുടെ ശ്വാസകോശകലകളിൽ ഈ ഫംഗസ് വളരുമ്പോൾ കോശങ്ങൾക്കു നാശം സംഭവിക്കുന്നു. ശരത് (ആഗ.-ഒ.) കാലത്തും ശീതകാലത്തും ഉണ്ടാകുന്ന ആസ്തമ രോഗത്തോടനുബന്ധിച്ചാണ് ഈ രോഗം സാധാരണ കണ്ടുവരുന്നത്. ആസ്ത്മ രോഗമില്ലാത്തവരെയും അസ്പെർജില്ലോസിസ് രോഗം ബാധിക്കാറുണ്ട്. അസ്പെർജില്ലോസിസിന്റെ രോഗലക്ഷണങ്ങൾ പനി, ചുമ, ശ്വാസംമുട്ടൽ തുടങ്ങിയവയാണ്. രക്തം, കഫം എന്നിവയുടെ പരിശോധന കൊണ്ടും നെഞ്ചിന്റെ എക്സ്-റേ എടുത്തും രോഗനിർണയം നടത്താം. ഔഷധങ്ങളും ഫിസിയോതെറാപ്പിയും രോഗത്തിന് ആശ്വാസമുണ്ടാക്കും. ശ്വാസകോശകലകൾ നശിച്ചുപോകാതെ കൂടിയ തോതിൽ കോർട്ടിക്കോസ്റ്റെറോയിഡുകൾ ഇൻഹലേഷൻ നടത്തിയും ബ്രോങ്കോസ്കോപ്പ് ഉപയോഗിച്ച് കഫം നീക്കം ചെയ്തും പെട്ടെന്ന് രോഗത്തിന്റെ കാഠിന്യം കുറയ്ക്കാം.

ബ്രോങ്കോപൾമോണറി അസ്പെർജില്ലോസിസ് അഞ്ചുവിധത്തിലുണ്ട്: അലർജിക് ആസ്ത്മ, അലർജിക് ബ്രോങ്കോ പൾമോണറി അസ്പെർജില്ലോസിസ്, അ. ക്ലാവേറ്റസ് മൂലമുള്ള ആൽവിയോലാർ (alveolar) ഇൻഫ്ളമേഷൻ, കാവിറ്റിക്കുള്ളിലുള്ള അസ്പെർജില്ലോമാ, ഇൻവേസീവ് (invasive) പൾമോണറി അസ്പെർജില്ലോസിസ്.

അന്തരീക്ഷത്തിലുള്ള ഫംഗസ് സ്പോറുകൾ ശ്വസനസമയത്ത് ശ്വാസകോശത്തിലെത്തി ഇവിടെ നാശം സംഭവിച്ച കലകളിൽ വച്ച് മുളച്ച് ഫംഗസിന്റെ ഒരു 'പന്തു' (mycetoma) തന്നെയുണ്ടാകുന്നു. ശ്വാസകോശത്തിന്റെ ഏതുഭാഗത്തും ഇതു സംഭവിക്കാമെങ്കിലും ഉപരിഭാഗത്താണ് സാധാരണയിൽ കൂടുതൽ ഇൻഫളമേഷൻ ഉണ്ടാവുക. ഇത് അലർജിക് ബ്രോങ്കോ പൾമോണറി അസ്പെർജില്ലോസിസ് എന്നറിയപ്പെടുന്നു. സി.റ്റി. സ്കാൻ (computerised tomography scan), എക്സ്-റേ പരിശോധന എന്നിവ കൊണ്ട് രോഗനിർണയം നടത്താം. ഇന്ന് പ്രത്യേക സംവിധാനമുള്ള സ്കാനിംഗ് (high resolution C.T.scan ) ഉപയോഗിച്ചും രോഗനിർണയം നടത്തുന്നു.

ശ്വാസകോശത്തിന്റെ മുകളിലത്തെ പാളിയിൽ നീർവീക്കം പോലെ പ്രകടമാകുന്ന നിറം കൂടിയ ഭാഗം ഉരുണ്ടുകട്ടിയേറിയ ട്യൂമർ പോലെ എക്സ്-റേയിൽ കാണപ്പെടുന്നു. തുപ്പുന്ന കഫത്തിൽ രക്തത്തിന്റെ അംശം ഉണ്ടായിരിക്കും. കഫം കൾച്ചർ ചെയ്യുമ്പോൾ ഫംഗസിന്റെ വളരുന്ന ഹൈഫകൾ കാണാം. ഓപ്പറേഷൻ പലപ്പോഴും ഫലപ്രദമായ ചികിത്സയായി കാണുന്നുണ്ട്.

പ്രതിരോധശക്തി കുറഞ്ഞവരുടെയും മറ്റു രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നവരുടെയും ശ്വാസകോശങ്ങൾ അസ്പർജില്ലസ് ഫ്യുമിഗേറ്റസ് എന്നയിനം ഫംഗസ് രോഗബാധയ്ക്കു വിധേയമാകാറുണ്ട്. രക്തം കലർന്ന മഞ്ഞനിറത്തിലുള്ള കട്ടിയേറിയ കഫത്തിന്റെ ലബോറട്ടറി പരിശോധനയിലൂടെയും രോഗനിർണയം നടത്താം.

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അസ്പർജില്ലോസിസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അസ്പർജില്ലോസിസ്&oldid=1698161" എന്ന താളിൽനിന്നു ശേഖരിച്ചത്