അസുരത്താൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അസുരത്താൻ
Common Woodshrike (Tephrodornis pondicerianus) at Sindhrot near Vadodara, Gujrat Pix 102.jpg
ഗുജറാത്തിലെ വഡോദര ജില്ലയിൽ കാണപ്പെട്ട അസുരത്താൻ.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Prionopidae
ജനുസ്സ്: Tephrodornis
വർഗ്ഗം: T. pondicerianus
ശാസ്ത്രീയ നാമം
Tephrodornis pondicerianus
(Gmelin, 1789)

കേരളത്തിൽ സാധാരണ കാണപ്പെടുന്ന ഒരു ചെറുപക്ഷിയാണ് അസുരത്താൻ. ഈ പക്ഷിയുടെ ശാസ്ത്രീയനാമ. ടെഫ്രോഡോർണിസ് പോണ്ടിസെറിയാനസ് എന്നാണ്. ബുൾബുളിനെക്കാളും ചെറിയ ഈ പക്ഷി കോർവിഡെ കുടുംബത്തിൽപ്പെടുന്നു.

ശരീരഘടന[തിരുത്തുക]

ചാരം കലർന്ന തവിട്ടുനിറമാണ് ഇവയ്ക്ക്; പുരികത്തിനു വെള്ളനിറമാണ്; കറുത്ത ഒരു കൺപട്ടയുമുണ്ട്. ഇവയുടെ നീളംകുറഞ്ഞ വാലിന്റെ ഇരുവശത്തും രണ്ടു വെള്ളത്തൂവലുകൾ കാണപ്പെടുന്നു.

ആന്ധ്രാപ്രദേശിലെ കിന്നരശനി വന്യജീവിസങ്കേതത്തിൽ കാണപ്പെട്ട അസുരത്താൻ

താമസം[തിരുത്തുക]

ഇണകളായാണ് സാധാരണ കാണപ്പെടുന്നതെങ്കിലും അഞ്ചും ആറും അടങ്ങിയ ചെറുകൂട്ടങ്ങളായും കാണാറുണ്ട്. കുറ്റിക്കാടുകൾ, ഉദ്യാനങ്ങൾ, വീട്ടുവളപ്പുകൾ എന്നിവിടങ്ങളിൽ സുലഭമാണ്. 500 മീറ്റർ ഉയരംവരെയുള്ള മലഞ്ചരിവുകളിലും സമതല പ്രദേശങ്ങളിലും ഇവയെ കാണാം. മരച്ചില്ലകളിലാണ് ഇവ കൂടുതൽ സമയവും കഴിച്ചുകൂട്ടുന്നത്; വളരെ അപൂർവമായേ നിലത്തിറങ്ങി ആഹാരം തേടാറുള്ളു. ഇലക്കൂട്ടങ്ങളിലുള്ള പുഴുക്കളും ചെറുജീവികളുമാണ് പ്രധാന ആഹാരം. കൂട്ടങ്ങളായാണ് ഇവ ഇരതേടുന്നത്. മഴക്കാലാരംഭത്തിനു തൊട്ടുമുൻപ് ഇവ കൂടുകെട്ടുന്നു; കൂട് വളരെ ചെറുതായിരിക്കും. വളരെ നേരിയ നാരുകളെ ചിലന്തിവലകൊണ്ട് മരക്കൊമ്പുകളിൽ ഉറപ്പിച്ച് ഒരു കോപ്പയുടെ ആകൃതിയിലാക്കിയാണ് കൂട് നിർമ്മിക്കുന്നത്. കൂടിനു മുകളിലും വശങ്ങളിലും ഒക്കെ ചിലന്തിവല പിടിപ്പിച്ചിരിക്കുന്നതിനാൽ മരക്കൊമ്പും കൂടും തമ്മിൽ തിരിച്ചറിയാൻ പ്രയാസമാണ്. മുട്ടയിട്ട് കുഞ്ഞു വിരിഞ്ഞിറങ്ങിക്കഴിഞ്ഞാൽ വളരെ ശ്രദ്ധയോടുകൂടിയ പരിചരണമാണ് ഇവ കുഞ്ഞുങ്ങൾക്ക് നൽകുന്നത്.

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അസുരത്താൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അസുരത്താൻ&oldid=2280462" എന്ന താളിൽനിന്നു ശേഖരിച്ചത്