അഷ്ടാധ്യായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാണിനി രചിച്ച സംസ്കൃത വ്യാകരണഗ്രന്ഥമാണ് അഷ്ടാധ്യായി (സംസ്കൃതം: अष्टाध्यायी, അഷ്ടാധ്യായീ). എട്ട് അദ്ധ്യായങ്ങൾ ഉള്ളതിനാലാണ് ഇതിന്ന് അഷ്ടാധ്യായി എന്നു പറയുന്നത്.[൧] പാണിനീയം എന്ന പേരിലും ഈ ഗ്രന്ഥം പ്രസിദ്ധമാണ്. ലോകത്തിലെ ഒന്നാംകിട ഭാഷാശാസ്ത്രഗ്രന്ഥങ്ങളിൽ പെടുന്ന ഈ കൃതി, സംസ്കൃതഭാഷയുടെ വികാസചരിത്രത്തിലെ ഏറ്റവും പ്രധാന പാഠവും വൈദികയുഗത്തിൽ നിന്ന് ക്ലാസ്സിക്കൽ യുഗത്തിലേയ്ക്കുള്ള ആ ഭാഷയുടെ പരിണാമത്തിന്റെ ഉപകരണവും ആയി കണക്കാക്കപ്പെടുന്നു.

പശ്ചാത്തലം[തിരുത്തുക]

പാണിനി എന്ന പേരിന്‌ പാണിനന്റെ മകൻ എന്നാണ്‌ അർത്ഥം. ക്രിസ്തുവിന്‌ മുൻപ അഞ്ചാം നൂറ്റാണ്ടിനടുത്തെന്നോ ഗാന്ധാരദേശത്തെ പുഷ്കലാവതിയിൽ ജനിച്ചതായി കരുതപ്പെടുന്ന പാണിനി[൨], പ്രാചീനഭാരതത്തിലെ പ്രഖ്യാത വിജ്ഞാനകേന്ദ്രമായ തക്ഷശിലയിൽ വച്ചാണ്‌ അഷ്ടാധ്യായി എഴുതിയത്.[1] അഷ്ടാധ്യായിയെ "ലോകത്തിലുണ്ടായ ആദ്യത്തെ ഭാഷാശാസ്ത്രഗ്രന്ഥം" എന്നു വിശേഷിപ്പിക്കാറുണ്ടെങ്കിലും[2], ഭാരതത്തിൽ തന്നെ അഷ്ടാധ്യായിക്കു മുൻപും വ്യാകരണരചനകൾ ഉണ്ടായിട്ടുണ്ട്. പാണിനി തന്നെ 64 പൂർ‌വസൂരികളെ സൂചിപ്പിക്കുകയും അപിശാലി, ഗലവൻ, ഗാർഗ്യൻ, കശ്യപൻ, ചക്രവർമ്മണൻ, ഭരദ്വാജൻ, ശാകല്യൻ, ശാകതായനൻ, സെനകൻ, സ്ഫോടായനൻ എന്നിങ്ങനെ പത്തുപേരെ എടുത്തു പറയുകയും ചെയ്യുന്നുണ്ട്.[3] ഈ മുൻ‌കാല വൈയാകരണന്മാരുടെ കൃതികൾ ലഭ്യമല്ലാത്തതിനാൽ, അഷ്ടാധ്യായിയിലെ ആശയങ്ങൾക്ക് പാണിനി അവരോട് ഏതളവുവരെ കടപ്പെട്ടിരിക്കുന്നു എന്നു നിർണ്ണയിക്കുക എളുപ്പമല്ല. വാമൊഴിയായി പ്രചരിച്ചിരുന്ന ഒരു വ്യാകരണപാരമ്പര്യത്തെ ലിഖിതരൂപത്തിലാക്കുകയാവാം പാണിനി ചെയ്തതെന്ന് പുരാതനഭാരതത്തിന്റെ ചരിത്രമെഴുതിയ റോമിള്ളാ ഥാപ്പർ ഊഹിക്കുന്നു. ചുറ്റുപാടും നിലവിലുണ്ടായിരുന്ന സംസ്കൃതേതര ഭാഷകൾ സംസ്കൃതത്തിന്മേൽ ചെലുത്തിയിരുന്ന സ്വാധീനത്തിനു അറുതിവരുത്തുക, സംസ്കൃതേതര ഭാഷകൾ സംസാരിച്ചിരുന്നരുടെ സംസ്കൃതപഠനം എളുപ്പമാക്കുക എന്നീ ലക്ഷ്യങ്ങൾ ഈ രചനയ്ക്ക് പാണിനിയെ പ്രേരിപ്പിച്ചിരിക്കാം എന്നും ഥാപ്പർ കരുതി.[4]

ഉള്ളടക്കം[തിരുത്തുക]

മന:പാഠമാക്കൽ എളുപ്പമാവും വിധം പരമാവധി കാച്ചിക്കുറുക്കി എഴുതപ്പെട്ടിട്ടുള്ള 3959 സൂത്രങ്ങളാണ്‌ ഈ കൃതിയുടെ ഉള്ളടക്കം. ഒതുക്കത്തിലും കൃത്യത്യാനിഷ്ഠയിലും അവ ബീജഗണിതസൂത്രങ്ങളെ അനുസ്മരിപ്പിക്കുന്നു. ഉദാഹരണത്തിന്‌ ഒന്നാം സൂത്രം "വൃദ്ധിരാദൈച്"(वृद्धिरादैच) എന്നും ഏറ്റവും അവസാനസൂത്രം "അ അ ഇതി"(अ अ इती) എന്നും മാത്രമാണ്‌. സൂത്രങ്ങളെ പൊതുവേ എട്ടു അദ്ധ്യായങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ അദ്ധ്യായത്തേയും വീണ്ടും നാലു പാദങ്ങളായും വിഭജിച്ചിട്ടുണ്ട്.[5] അദ്ധ്യായങ്ങളുടെ ഉള്ളടക്കം ഏറെക്കുറെ താഴെപ്പറയും വിധമാണ്‌:-

  • ഒന്നാമദ്ധ്യായം: കൃതിയിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികസംജ്ഞകളും വ്യാഖ്യാനനിയമങ്ങളും
  • രണ്ടാമദ്ധ്യായം: നാമങ്ങളും നാമരൂപങ്ങളും
  • മൂന്നാമദ്ധ്യായം: ക്രിയാമൂലങ്ങളും അവയോട് പ്രത്യയങ്ങൾ ചേരുന്ന വിധവും
  • നാലും അഞ്ചും അദ്ധ്യായങ്ങൾ: നാമകാണ്ഡങ്ങളും അവയോട് പ്രത്യയങ്ങൾ ചേരുന്ന വിധവും
  • ആറും ഏഴും അദ്ധ്യയങ്ങൾ: പദരൂപീകരണത്തിലെ ഉച്ചാരണ, സ്വരബല വ്യതിയാനങ്ങൾ
  • എട്ടാമദ്ധ്യായം: വാക്യരൂപീകരണ നിയമങ്ങൾ

അദ്ധ്യായങ്ങളുടെ വിഭജനത്തിലെ ഏകദേശപദ്ധതി ഇതാണെങ്കിലും ഈ വിഷയവിഭജനം പാണിനി കൃത്യമായി പിന്തുടരുന്നില്ല. പല സന്ദർഭങ്ങളിലും അപ്പോൾ പിന്തുടരുന്ന ഒരു ചിന്താധാരയുടെ പശ്ചാത്തലത്തിൽ വിശദീകരിക്കുക എളുപ്പമാണെന്നു തോന്നുന്ന ഒരു നിയമത്തെ, വിഷയവിഭജനപ്രകാരം അതുമായി ബന്ധമില്ലാത്തതെന്നു പറയാവുന്ന സന്ദർഭത്തിലും പാണിനി ഉൾപ്പെടുത്തി.

തന്റെ വ്യാകരണനിയമങ്ങൾക്ക് പാണിനി പ്രധാനമായും ആശ്രയിച്ചത് രണ്ടു സങ്കല്പങ്ങളെയാണ്‌: എല്ലാ നാമങ്ങളും ക്രിയകൾ പരിണമിച്ചുണ്ടാകുന്നവയാണെന്നും, വാക്കുകൾ രൂപപ്പെടുന്നത് പ്രത്യയങ്ങളെ ആശ്രയിച്ചാണെന്നുമാണ്‌ ഈ സങ്കല്പങ്ങൾ‌. എന്നാൽ, വാക്കുകൾക്ക് അവയുടെ ഉല്പത്തിചരിത്രം വച്ചുനോക്കുമ്പോൾ ഉണ്ടാകാവുന്ന അർത്ഥം തന്നെ കല്പിക്കണമെന്ന് പാണിനി നിർബ്ബന്ധിച്ചില്ല. വാക്കിന്റെ ഘടന പരിശോധിക്കുമ്പോൾ കിട്ടുന്ന അർത്ഥത്തേക്കാൾ, സാമാന്യ ഉപയോഗത്തിന്റെ ബലത്തിൽ അതിനു കിട്ടിയേക്കാവുന്ന വ്യത്യസ്തമായ അർത്ഥത്തിന്‌ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.[അവലംബം ആവശ്യമാണ്]

അനുബന്ധപാഠങ്ങൾ[തിരുത്തുക]

ശിവസൂത്രങ്ങൾ[തിരുത്തുക]

അഷ്ടാധ്യായിയുടെ തുടക്കത്തിനു മുൻപ്, സംസ്കൃതഭാഷയിലെ വർണ്ണങ്ങളെ 14 വർഗ്ഗങ്ങളായി തിരിച്ച്, ഓരോ വർഗ്ഗത്തേയും പ്രതിനിധാനം ചെയ്യുന്ന പ്രതീകങ്ങൾ നിഷ്കർഷിച്ചിട്ടുള്ള ഒരു സൂത്രമാല ചേർക്കുക സാധാരണമാണ്‌. സൂത്രമാലയിലെ ആദ്യത്തെ നാലു സൂത്രങ്ങളിൽ സ്വരങ്ങളും അവസാനത്തെ പത്തു സൂത്രങ്ങളിൽ വ്യഞ്ജനങ്ങളും ക്രമീകരിച്ചിരിക്കുന്നു. അഷ്ടാധ്യായിൽ സംസ്കൃതത്തിലെ വർണങ്ങളേയും, വർണഗണങ്ങളേയും പരാമരിശിക്കുന്നത് ഈ സൂത്രമാലയിലെ വർഗ്ഗീകരണവും പ്രതീകവ്യവസ്ഥയും പിന്തുടർന്നാണ്‌. പ്രത്യാഹാരസൂത്രങ്ങൾ എന്നാണ്‌ ഈ സൂത്രമാല അറിയപ്പെടുന്നത്. പരമശിവൻ നേരിട്ട് പാണിനിയ്ക്ക് വെളിപ്പെടുത്തിക്കൊടുത്തതെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, ശിവസൂത്രങ്ങൾ, മഹേശ്വരസൂത്രങ്ങൾ എന്നീ പേരുകളും ഇതിനുണ്ട്. ഇത് പാണിനി സ്വയം എഴുതിയതോ, മുന്നേ ഉണ്ടായിരുന്നതോ എന്നു വ്യക്തമല്ല.

ധാതുപാഠം, ഗണപാഠം[തിരുത്തുക]

അഷ്ടാധ്യായിയുടെ പാഠത്തിനൊടുവിൽ ധാതുപാഠം, ഗണപാഠം എന്നിങ്ങനെ രണ്ടു പാഠങ്ങൾ അനുബന്ധമായി കാണാം. ധാതുപാഠം ക്രിയാമൂലങ്ങളുടേയും ഗണപാഠം നാമമൂലങ്ങളുടേയും പട്ടികയാണ്‌. അഷ്ടാധ്യായിയുടെ പാഠം കാര്യമായ കൂട്ടിച്ചേർക്കലുകൾ ഇല്ലാതെ പകർന്നുകിട്ടിയിട്ടുണ്ടെങ്കിലും, ധാതുപാഠത്തിന്റേയും ഗണപാഠത്തിന്റേയും സ്ഥിതി അതല്ല. ആ പട്ടികകളിൽ വാക്കുകളോട് ചേർന്നുകാണുന്ന അവയുടെ അർത്ഥം പിൽക്കാലങ്ങളിൽ എഴുതിച്ചേർക്കപ്പെട്ടവയാണെന്ന് കരുതപ്പെടുന്നു.[6]

ഭാഷ്യങ്ങൾ, നിരൂപണങ്ങൾ[തിരുത്തുക]

അഷ്ടാധ്യായിയെ പിന്തുടർന്ന്, അതിന്റെ വ്യാഖ്യാനങ്ങളും നിരൂപണങ്ങളുമായ രചനകളുടെ ഒരു പരമ്പര തന്നെ ഉണ്ടായി. അവയിൽ ഏറ്റവും ആദ്യത്തേത് വ്യാദി-യുടെ, ഒരു ലക്ഷം പദ്യങ്ങളുള്ള "സംഗ്രഹം" ആയിരുന്നു. പിൽക്കാലലേഖകന്മാരുടെ രചനകളിൽ ഉദ്ധരണികൾ വഴി കിട്ടിയ ശകലങ്ങൾ മാത്രമാണ്‌ ആ ബൃഹദ്‌കൃതിയിൽ ഇന്ന് അവശേഷിച്ചിട്ടുള്ളത്. ഭരദ്വാജൻ, സുനഗൻ, വ്യാഘ്രഭൂതി, വൈയാഹ്രയപാദൻ തുടങ്ങിയവരുടെ വ്യാഖ്യാനങ്ങളും ഇതുപോലെ നഷ്ടീഭവിച്ചു. അഷ്ടാധ്യായിയുടെ ലഭ്യമായതിൽ ഏറ്റവും പഴയ ഭാഷ്യം, ഒന്നോ-രണ്ടോ നൂറ്റാണ്ടുകൾക്കു ശേഷം കാത്യായനൻ രചിച്ച വാർത്തിക ആണ്‌. അഷ്ടാധ്യായിയിലെ മൂന്നിലൊന്നോളം സൂത്രങ്ങൾ വ്യാഖ്യാനിച്ച കാത്യായനൻ, പലയിടങ്ങളിലും പാണിനിയെ വിമർശിക്കുകയും തിരുത്തുകയും ചെയ്തു. പാണിനിയുടെ രചനയുടെ ഏറ്റവും പ്രസിദ്ധമായ നിരൂപണം ക്രി.മു.രണ്ടാം നൂറ്റാണ്ടിൽ പതഞ്ജലി[൩]രചിച്ച മഹാഭാഷ്യം ആണ്‌. പാണിനിയെ ബഹുമാനപൂർ‌വം സമീപിക്കുന്ന പതജ്ഞലി കാത്യായനന്റെ വിമർശങ്ങൾക്ക് മറുപടി പറയുന്നതിനൊപ്പം, ചില കാര്യങ്ങളിൽ പാണിനിയോട് വിയോജിക്കുന്നുമുണ്ട്. പാണിനീയ സൂക്തങ്ങൾക്ക് സുവ്യക്തവും യുക്തിയുക്തവുമായ ഭാഷ്യം ചമച്ച പതഞ്ജലിയുടെ സ്വച്ഛവും സ്ഫുടവുമായ ശൈലി, സംസ്കൃതഗദ്യത്തിന്റെ ഏറ്റവും സുന്ദരമായ മാതൃക എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[2] [൪] സംഭാഷണശൈലിയിൽ രസകരമായി എഴുതപ്പെട്ടിട്ടുള്ള പതഞ്ജലിയുടെ കൃതിയ്ക്കു തന്നെ ഒട്ടേറെ ഭാഷ്യങ്ങൾ ഉണ്ടായിട്ടുണ്ട്.

കാത്യായനന്റേയും പതജ്ഞലിയുടേയും ഭാഷ്യങ്ങൾ അഷ്ടാധ്യായിയുടെ മുഴുവൻ പാഠവും പരിഗണിക്കുന്നില്ല. അഷ്ടാധ്യായിയുടെ ലഭ്യമായ സമ്പൂർണ്ണ നിരൂപണങ്ങളിൽ ഏറ്റവും പഴയത്, ബുദ്ധമതാനുയായികളായിരുന്ന വാമനനും ജയാദിത്യനും ചേർന്ന് ക്രി.വ. ആറാം നൂറ്റാണ്ടിൽ രചിച്ച കാശികവൃത്തി ആണ്‌.[3]

പ്രക്രിയക്രമങ്ങൾ[തിരുത്തുക]

ഈ ഭാഷ്യങ്ങൾ എല്ലാം എഴുതപ്പെട്ടശേഷവും സംസ്കൃതഭാഷയുടെ ധൃതപഠനത്തിൽ അഷ്ടാദ്ധ്യായി ഏറെ സഹായകമായിരുന്നില്ല. വിഷയവിഭജന പദ്ധതിയിൽ നിന്ന് പലയിടങ്ങളിലും വ്യതിചലിക്കുന്ന അതിന്റെ ക്രമരാഹിത്യവും, സന്ധി, ശബ്ദരൂപങ്ങൾ, സ്ത്രീപ്രത്യയങ്ങൾ തുടങ്ങിയ വിഷയങ്ങളെ അത് വേണ്ടപോലെ പരിഗണിക്കുന്നില്ല എന്നതും പ്രശ്നമായി. അതിനാൽ, അഷ്ടാധ്യായിയെ പുന:ക്രമീകരിച്ചും വികസിപ്പിച്ചും ഉള്ള പ്രക്രിയക്രമങ്ങൾ 12-ആം നൂറ്റാണ്ടുമുതൽ പലരും എഴുതാൻ തുടങ്ങി. 16-ആം നൂറ്റാണ്ടിൽ മേല്പത്തൂർ നാരായണ ഭട്ടതിരി എഴുതിയ പ്രക്രിയാസർ‌വസ്വം അത്തരത്തിൽ ഒന്നാണ്‌. കേരളത്തിൽ അതിന്‌ ഏറെ പ്രചാരം ഉണ്ടായിരുന്നു. എങ്കിലും അഷ്ടാധ്യായിയുടെ പ്രക്രിയാപാരമ്പര്യത്തിലെ ഏറ്റവും പ്രസിദ്ധമായ രചന, മറാത്താ വൈയാകരണനായ ഭട്ടോജി ദീക്ഷിതർ 17-ആം നൂറ്റാണ്ടിൽ രചിച്ച സിദ്ധാന്തകൗമുദി ആണ്‌.[3]

ഇതരഭാഷകളിലെ സ്വാധീനം[തിരുത്തുക]

സംസ്കൃതത്തിനു പുറമേയുള്ള ഭാരതീയ ഭാഷകളും അഷ്ടാധ്യായിയിലെ വ്യാകരണവ്യവസ്ഥ ഒരളവുവരെ ഉപയോഗിച്ചിട്ടുണ്ട്. പാലിയും മറ്റു പ്രാകൃതഭാഷകളും ഇതിനുദാഹരണമാണ്‌. സംസ്കൃതത്തിന്റേതിൽ നിന്നു ഭിന്നമായ ഭാഷാഗോത്രത്തിൽ പെടുന്ന ദ്രാവിഡഭാഷകൾ പോലും അഷ്ടാധ്യായിയുടെ സ്വാധീനത്തിൽ വന്നു. തമിഴിലെ തൊൽകാപ്പിയം, മലയാളത്തിലെ ലീലാതിലകം, തെലുങ്കിലെ ആന്ധ്രാശബ്ദചിന്താമണി, കന്നഡയിലെ കർണാടകഭാഷാഭൂഷണം, ശബ്ദമണിദർപ്പണം എന്നിവ അഷ്ടാധ്യായിയുടെ പാരമ്പര്യത്തിൽ പെടുന്ന രചനകളാണ്‌. ഈ പരമ്പരയിൽ പെടുന്ന ദ്രാവിഡഭാഷാരചനകളിൽ ഒടുവിലത്തേത്, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എ.ആർ. രാജരാജവർമ്മ മലയാളത്തിൽ എഴുതിയ കേരളപാണിനീയം ആണ്‌.‌[7]

വിമർശനം[തിരുത്തുക]

ഭാഷാപഠനത്തിനു പിന്നിലുള്ള ധൈഷണികപ്രക്രിയയെക്കുറിച്ച് പാണിനി ഒന്നും പറയുന്നില്ലെന്ന് പാണിനിയുടെ വ്യാകരണത്തെ നോം ചോംസ്കിയുടെയും ഭാഷാസിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തിൽ വിലയിരുത്തുന്ന കെ.എ. ജയശീലൻ ചൂണ്ടികാട്ടുന്നു. "വ്യാകരണമെന്നത് നമ്മൾ സൃഷ്ടിക്കുന്നതല്ല, നമ്മുടെ തലച്ചോറിൽ മുൻകൂറായി നിലനിൽക്കുന്നതാണെന്ന തിരിച്ചറിവാണ്" പാണിനിയുടെ വ്യാകരണവും ആധുനിക ഭാഷാശാസ്ത്രവും തമ്മിലുള്ള ഏറ്റവും മൗലികമായ വ്യത്യാസമെന്ന് അദ്ദേഹം പറയുന്നു. ഭാഷയെ വിശദീകരിക്കാനുള്ള ഏറ്റവും നല്ല വഴി വ്യാകരണമല്ലെന്നു തിരിച്ചറിഞ്ഞ ചോംസ്കി ഏറ്റവും കുറച്ചു നിയമങ്ങൾ കൊണ്ടു ഭാഷയെ വിശദീകരിക്കാൻ ശ്രമിച്ചെന്നും അതാണു ഭാഷയെ മനസ്സിലാക്കാനുള്ള മാർഗ്ഗമെന്നും വാദിക്കുന്ന ജയശീലൻ, പാണിനിയുടേത് ഭാഷാശാസ്ത്രത്തിന്റെ ചരിത്രാതീതകാലവും നമ്മുടേത് അതിന്റെ ചരിത്രകാലവും ആകാമെന്നും പറയുന്നു.[8]

നുറുങ്ങുകൾ[തിരുത്തുക]

  • അഷ്ടാധ്യായിയുടെ പേരുകേട്ട വിമർശകൻ കാത്യായനനും പാണിനിയും ഒരേ ഗുരുവിന്റെ ശിഷ്യന്മാരായിരുന്നതായി സോമദേവന്റെ കഥാസരിത്സാഗരത്തിൽ പറയുന്നു.[9]
  • അഷ്ടാധ്യായിയിലെ അ അ ഇതി എന്ന അവസാന സൂത്രത്തിന്മേൽ(അഷ്ടാദ്ധ്യായി 8:4:68) ധ്യാനിച്ചുകൊണ്ടിരിക്കെ ഒരു സിംഹത്തിന്റെ ആക്രമണത്തിലാണ്‌ പാണിനി മരിച്ചതെന്നു പറയപ്പെടുന്നു. ആ സൂചനയുള്ള ഒരു പദ്യശകലം പഞ്ചതന്ത്രത്തിലുണ്ട്: "സിംഹോ വ്യാകരണസ്യ കർതൃരഹരത പ്രാണാൻ മുനേ: പാണിനോ:"[9]

കുറിപ്പുകൾ[തിരുത്തുക]

൧. ^ പാണിനിയുടെ കൃതിയെ പരാമർശിക്കാൻ "അഷ്ടാധ്യായി" എന്ന പേര്‌ ആദ്യമായി ഉപയോഗിച്ചു കാണുന്നത് ക്രി.മു. രണ്ടാം നൂറ്റാണ്ടിൽ പതഞ്ജലി അതിനെഴുതിയ പ്രഖ്യാത നിരൂപണമായ മഹാഭാഷ്യത്തിലാണ്‌.[6]

൨. ^ അഷ്ടാധ്യായി എഴുതിയ പാണിനി വടക്കുപടിഞ്ഞാറൻ ഭാരതത്തിൽ നിന്നുള്ളവനായിരുന്നിട്ടും ഗംഗാതടത്തിലുള്ള കുരുപാഞ്ചാലദേശത്തെ സംസ്കൃതമാണ്‌ ഏറ്റവും മെച്ചപ്പെട്ട ഭാഷയായി വിലയിരുത്തപ്പെട്ടതെന്ന വൈപരീത്യം റോമിള്ളാ ഥാപർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.[4]

൩. ^ അഷ്ടാധ്യായിയ്ക്ക് മഹാഭാഷ്യം രചിച്ച വൈയാകരണൻ പതഞ്ജലിയും യോഗസൂത്രങ്ങളുടെ രചയിതാവായ പതഞ്ജലിയും ഒരാളാണോ എന്നത് തർക്കവിഷയമാണ്‌. "The grammarian's date is definitely known--second century BC. Some people are of opinion that the author of the 'Yoga Sutras" was a different person and lived two or three hundred years later." [10]

൪. ^ അഷ്ടാധ്യായിയെ "മനുഷ്യമനസ്സിന്റെ ഏറ്റവും ഉദാത്തമായ സൃഷ്ടികളിൽ ഒന്ന്" എന്നു വിശേഷിപ്പിച്ച റഷ്യൻ പണ്ഡിതൻ തിയോഡോർ സ്റ്റ്ചെർബാസ്കി(Th. Stcherbatsky), പാണിനിയുടെ വ്യാകരണവും പതഞ്ജലിയുടെ മഹാഭാഷ്യവും ചേർന്നാൽ ഭാരതീയ മനസ്സിന്റെ മാതൃകാസൃഷ്ടിയാകും("The ideal scientific work for India is the grammar of Panini with the Mahabhashya of Patanjali") എന്നു കരുതി.[11]

അവലംബം[തിരുത്തുക]

  1. Abraham Eraly, Gem in the Lotus, The Seeding of Indian Civilization, പെൻ‌ഗ്വിൻ പ്രസിദ്ധീകരണം(പുറം 535) ക്രി.മു. നാലാം നൂറ്റാണ്ട് അവസാനത്തിനടുത്താണ്‌ അഷ്ടാധ്യായിയുടെ രചനാകാലമായി ഈ ഗ്രന്ഥകാരൻ നൽകുന്നത് "...and it was there(Taxila) too that Panini, one of the greatest linguists the world has known, wrote his Sanskrit grammar towards the close of the fourth century BC."
  2. 2.0 2.1 ഡി.ഡി. കൊസാംബി, പ്രാചീനഭാരതത്തിന്റെ സംസ്കാരവും നാഗരികതയും: ചരിത്രപരമായ രൂപരേഖ, വിവർത്തനം, എം. ലീലാവതി(പുറം 251)
  3. 3.0 3.1 3.2 Encyclopedia of Indian Literature(പുറം 1490) Gammatical Literature, Sanskrit
  4. 4.0 4.1 Romilla Thaper, Early India, From the origins to AD 300(പുറം 163)
  5. Sanskrit Documents അഷ്ടാധ്യായിയുടെ ദേവനാഗരി പാഠം
  6. 6.0 6.1 Introduction, Ashtadhyayi of Panini Translated by Sumitra M.Katre [1]
  7. Preface, Ashtadhyayi of Panini Translated by Sumitra M.Katre [2]
  8. ചോംസ്കി പാണിനിയെ കൊന്നതെന്തിന്?" - 2013 മേയ് 12-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (പുറങ്ങൾ 28-33) പ്രസിദ്ധീകരിച്ചിരിക്കുന്ന സംവാദം - പങ്കാളികൾ: കെ.എ.ജയശീലൻ, കെ.എം.ഷെറീഫ്, സഞ്ജയ് കെ.വി.
  9. 9.0 9.1 Makers of Indian Literature എന്ന കേന്ദ്ര സാഹിത്യ അക്കാദമി പരമ്പരയുടെ ഭാഗമായി സരോജ് ഭാട്ടേ പാണിനിയെക്കുറിച്ചെഴുതിയ ലഘുഗ്രന്ഥം
  10. ജവഹർലാൽ നെഹ്രു, ഇൻഡ്യയെ കണ്ടെത്തൽ(185-ആം പുറത്തെ അടിക്കുറിപ്പ്)
  11. ജവഹർലാൽ നെഹ്രു, ഇൻഡ്യയെ കണ്ടെത്തൽ(പുറങ്ങൾ 115 & 185)
"https://ml.wikipedia.org/w/index.php?title=അഷ്ടാധ്യായി&oldid=2310784" എന്ന താളിൽനിന്ന് ശേഖരിച്ചത്