ഡി.ഡി. കൊസാംബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദമോദർ ദർമ്മാനന്ദ് കൊസാംബി
Kosambi-dd.jpg
ജനനം ജൂലൈ 31, 1907
കോസ്ബെൻ, ഗോവ
മരണം ജൂൺ 29, 1966
പൂനെ
തൊഴിൽ മാർക്സിസ്റ്റ് ചരിത്രകാനനും ഗണിതശാസ്ത്രജ്ഞനും.

ഇന്ത്യക്കാരനായ ലോകപ്രശസ്ത ചരിത്രകാരനായിരുന്നു ഡി.ഡി. കൊസാംബി. യഥാർത്ഥനാമം ദാമോദർ ധർമാനന്ദ് കൊസാംബി.(ഇംഗ്ലീഷ്:Damodar Dharmananda Kosambi)ഗണിതശാസ്ത്രജ്ഞൻ, സാഹിത്യകാരൻ, ജൈവശാസ്ത്രജ്ഞൻ. ഇന്ത്യയിൽ പുരാവസ്തുശാസ്ത്രം, വംശപഠനം, സാമ്പത്തികശാസ്ത്രം എന്നിവയിലൂന്നിയ ചരിത്രപഠനത്തിനു തുടക്കം കുറിച്ചത് അദ്ദേഹമായിരുന്നു. സമ്പദ്ഘടനയെയും നാണയങ്ങളേയും അപഗ്രഥിക്കുക വഴി അന്നുവരെ ശരിയെന്ന് കരുതിയിരുന്ന വസ്തുതകൾ ചരിത്രപരമായി തെറ്റാണെന്ന് അദ്ദേഹം തെളിയിച്ചു[അവലംബം ആവശ്യമാണ്]. ഗണിതശാസ്ത്രജ്ഞനാണെങ്കിലും ചരിത്രത്തിലുള്ള അദ്ദേഹത്തിന്റെ താല്പര്യം ഇന്ത്യയിലെ സമുന്നതനായ ചരിത്രകാരനായി അദ്ദേഹത്തെ വളർത്തി.

ജീവിതരേഖ[തിരുത്തുക]

1907 ജൂലൈ 31 നു ജനിച്ചു. പോർത്തുഗീസ് കോളനിയായിരുന്ന ഗോവയിലാണ്‌ അദ്ദേഹം ജനിച്ചത്. ഗൗതമബുദ്ധനേയും അദ്ദേഹത്തിന്റെ കാലത്തേയും സിദ്ധാന്തങ്ങളെക്കുറിച്ചുമുള്ള പഠനത്തിൽ വലിയ സംഭാവനകൾ നൽകിയ പിതാവ് ധർമ്മാനന്ദ് കൊസാംബി യിൽ നിന്നും ചെറുപ്പംതൊട്ടേ ഭാരതീയ പൈതൃകത്തിലും ചരിത്രത്തിലും ദാമോദർ അറിവ് നേടിയിരുന്നു. പൂനെയിലെ ന്യൂ ഇംഗ്ലീഷ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് 11-)ം വയസ്സിൽ അച്ഛനോടൊപ്പം അമേരിക്കയിലെത്തി. അച്ഛൻ അന്ന് ഹാർവാർഡ് സർവകലാശാലയിലെ പേരുകേട്ട അദ്ധ്യാപകനായിരുന്നു. ഹാർവാർഡിനോടൊപ്പമുണ്ടായിരുന്നകേംബ്രിഡ്ജ് ലാറ്റിൻ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ അദ്ദേഹം ഹാർവാർഡിൽ നിന്നും ബിരുദം എടുത്തു. ഗണിതവും ചരിത്രവും ഭാഷകളുമായിരുന്നു വിഷയങ്ങൾ.ഈ കാലത്തിനുള്ളിൽ ഇംഗ്ലീഷ്, ഗ്രീക്ക്, ലാറ്റിൻ, ഫ്രഞ്ച്, ജർമ്മൻ എന്നീ ഭാഷകളിൽ അദ്ദേഹം അവഗാഹം നേടി. ഇതിനു പുറമേ സംസ്കൃതവും[അവലംബം ആവശ്യമാണ്] പാലിയും പേർഷ്യനും അദ്ദേഹത്തിനു നന്നായി വഴങ്ങുമായിരുന്നു. മാതൃഭാഷയായ മറാഠിയും അദ്ദേഹത്തിന്റെ ഭാഷാജ്ഞാനത്തിന്റെ മാറ്റു കൂട്ടി.അദ്ദേഹത്തിന്റെ അടിസ്ഥാന വിശേഷവത്കരണം (Basic specialisation) ഗണിതശാസ്ത്രവും സ്റ്റാറ്റിസ്റ്റിക്കൽ തിയറിയും ജനിതകവുമായിരുന്നു.

1939-ൽ നാട്ടിൽ തിരിച്ചെത്തിയശേഷം അലിഗഡ് മുസ്ലീം യൂണിവേർസിറ്റി, ബനാറസ് ഹിന്ദു സർവകലാശാല എന്നിവിടങ്ങളിൽ അദ്ധ്യാപകനായി.1942-ൽ പൂനെയിൽ അദ്ദേഹം സ്ഥിരതാമസമാക്കുകയും അവിടത്തെ ഫെർഗൂസൻ കോളേജിൽ ഗണിതശാസ്ത്ര പ്രൊഫസറായി പ്രവേശിക്കുകയും ചെയ്തു. അച്ഛൻ ധർമ്മാനന്ദും അവിടെ വളരെക്കാലം അദ്ധ്യാപകനായിരുന്നു. 1946 വരെ അദ്ദേഹം അവിടെ തുടർന്നു.

ഈ നീണ്ട 14 വർഷക്കാലമാണ്‌ ദാമോദർ കൊസംബിയുടെ വൈജ്ഞാനിക ലോകം അരികും മൂലയുമില്ലാതെ രൂപം കൊണ്ടത്. അദ്ദേഹം തന്റെ സവിശേഷവത്കരണമായ ഗണിതശാസ്ത്രത്തെ ജനിതകം, ജീവശാസ്ത്രം, എന്നീ മേഖലകളിലേക്കും ഉപയോഗിക്കാൻ തുടങ്ങി. താമസിയാതെ ഇത് സാമൂഹ്യശാസ്ത്രരംഗത്തേക്ക് വ്യാപിച്ചതോടെ അദ്ദേഹം തന്റെ യഥാർത്ഥ ബൗദ്ധികമേഖല കണ്ടെത്തിയിരുന്നു. അങ്ങനെ ഒരു വിശ്രമവിനോദമെന്നപോലെ അദ്ദേഹം പഠിച്ചുവന്ന പ്രാചീനസാഹിത്യം, വിവിധഭാഷകൾ, തത്ത്വശാസ്ത്രം, മുതലായവ അദ്ദേഹത്തിന്റെ മൗലിക താല്പര്യ വിഷയങ്ങളായി മാറി. വർഷങ്ങളായി അദ്ദേഹത്തിന്റെ വിനോദമായിരുന്ന നാണയശേഖരത്തെ പഠിക്കാൻ തുടങ്ങുകയും അതിനെ ആസ്പദമാക്കി അദ്ദേഹം താമസിയാതെ നാണയവിജ്ഞാനീയം (ഇന്ത്യൻ ന്യൂമിസ്മാറ്റിക്സ്) എന്ന പുതിയ മേഖല തുടങ്ങുകയും ചെയ്തു.

ഇന്ത്യൻ നാണയവിജ്ഞാനിയം[തിരുത്തുക]

തന്റെ ശേഖരത്തിലേയും വിവിധ കഴ്ചബംഗ്ലാവുകളിൽ കണ്ടെത്തിയ പ്രാചീന നാണയങ്ങളും ലോഹവിജ്ഞാനീയ പരിശോധനക്ക് അദ്ദേഹം വിഷയമാക്കി. അവയിലെ വിവിധ ലോഹക്കൂട്ടുകളുടെ അനുപാതവും ആ അനുപതങ്ങളിലെ മാറ്റവും അവയിൽ വിലയേറിയ ലോഹങ്ങളുടെ കുറവുകളും കാലഗണാ ക്രമമനുസരിച്ച് പരിശോധിച്ച് ആ നാണയങ്ങളുടെ കാലഘട്ടങ്ങളിലെ രാഷ്ട്ര സമ്പദ്‍വ്യവസ്ഥ എപ്രകാരമായിരിക്കാം എന്ന് അദ്ദേഹം ഗണിച്ചെടുത്തു. നാണയപ്പെരുപ്പം എന്ന് നാം വിളിക്കുന്ന പ്രതിഭാസം മൗര്യ യുഗത്തിലും ഗുപ്തകാലഘട്ടത്തിലും മറ്റേത് കാലഘട്ടങ്ങളിലുമെല്ലാം പ്രത്യക്ഷമായി എന്നദ്ദേഹം കണ്ടുപിടിച്ചു. അതോടൊപ്പം ആ കാലഘട്ടങ്ങളിലെ സാമൂഹിക-സാമ്പത്തിക-സൈനിക-രാഷ്ട്രീയ-സാംസ്കാരിക സംഭവങ്ങളും മാറ്റങ്ങളും വിശകലനം ചെയ്യുക കൂടി ചെയ്തപ്പോൾ അതേ വരെ അംഗീകൃത ചരിത്രകാരന്മാരെ ബുദ്ധിമുട്ടിച്ചിരുന്ന പല മേഖലകളും മറ നീക്കി പ്രത്യക്ഷപ്പെട്ടു. ചരിത്രകാരന്മാർ അന്നുവരെ അംഗീകരിച്ചു വന്നതിനേക്കാൾ പ്രാധാന്യവും മുൻതൂക്കവും സാമ്പത്തിക ഘടകങ്ങൾക്കുണ്ട് എന്നദ്ദേഹം സ്ഥിരീകരിച്ചു.

ഈ കണ്ടെത്തലുകളിലൂടെ അദ്ദേഹം പ്രാകൃത കമ്യൂണിസത്തിനോടും അതിലൂടെ മാർക്സിസത്തോടും കൂടുതൽ അടുത്തു. മാർക്സും ഏംഗൽസും പലഭാഷകളിലായി പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളും പുസ്തകങ്ങളും അദ്ദേഹം വായിക്കുകയും അത് അദ്ദേഹത്തെ കൂടുതൽ വിഷമകരമായ ഒരു ഘട്ടത്തിലെത്തിക്കുകയും ചെയ്തു. ഇന്ത്യയിലെ പണ്ഡിതന്മാർ എഴുതിയ ചരിത്രഗ്രന്ഥങ്ങളേപ്പോലെ തന്നെ മാർക്സിയൻ ചരിത്രകാരന്മാരുടെ കൃതികളും അപര്യാപ്തമാണെന്ന തിരിച്ചറിവായിരുന്നു അത്. അക്കാദമീയ ചരിത്രകാരന്മാർ കാലഹരണപ്പെട്ട സിദ്ധാന്തങ്ങൾ കൂട്ടുപിടിച്ചുവെങ്കിൽ മാർക്സിയൻ ചരിത്രകാരന്മാർ മാർക്സിസത്തിലൂന്നിയ വീക്ഷണത്തിൽ നിന്ന് വ്യതിചലിച്ചതേ ഇല്ല. ചരിത്രത്തെ അപഗ്രഥിക്കാൻ മാർക്സിസത്തെ അവലംബിക്കുന്നതിനു പകരം മാർക്സിസത്തിന്റെ ചൂളയിൽ ചരിത്രത്തെ രൂപപ്പെടുത്തിയെടുക്കുകയായിരുന്നു മിക്കവരും ചെയ്തിരുന്നത്. ഇവയ്ക്കെതിരെ കൊസാംബി കുലീനമായിത്തന്നെ കടന്നാക്രമണം നടത്തി. ഉദാഹരണമായി അദ്ദേഹം ഉയർത്തിക്കാട്ടിയത് ഡാങ്കേയുടെ ഇന്ത്യ ഫ്രം പ്രിമിറ്റീവ് കമ്മ്യൂണിസം ടു സ്ലേവറി എന്ന ഗ്രന്ഥത്തെയാണ്‌.

ചരിത്രരചനയിൽ[തിരുത്തുക]

അങ്ങനെ തന്റെ സേവനം അത്യാവശ്യമായ ബൃഹത്തായ ഒരു മേഖല അദ്ദേഹം കണ്ടെത്തിയിരുന്നു. ഇക്കാലത്ത് അദ്ദേഹം ഫെർഗൂസൻ കോളേജിൽ പ്രഫസ്സറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. അദ്ധ്യാപനം ചരിത്രരചനക്കും പ്രവർത്തനങ്ങൾക്കും തടസ്സമാവുമെന്ന് കണ്ടപ്പോൾ അദ്ദേഹം 1946-ൽ അവിടം വിട്ടു. സ്വന്തമായി ഗവേഷണം നടത്തുവാനും അദ്ധ്യാപന ബാദ്ധ്യതകൾ ഒഴിവാക്കുവാനുമായി അദ്ദേഹം ബോംബേയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് എന്ന സ്ഥാപനത്തിലെ ഗണിതശാസ്ത്ര അദ്ധ്യാപകനായി. 16 വർഷം അദ്ദേഹം അവിടെ തുടർന്നു. ഇക്കാലത്താണ്‌ അദ്ദേഹത്തിന്റെ മികച്ച ചരിത്ര സൃഷ്ടികൾ പുറത്തുവന്നത്.

ഗണിതശാസ്ത്രജ്ഞനായ ദാമോദറിനെ ചരിത്രപണ്ഡിതരും അതുവഴി ലോകവും അറിയാൻ തുടങ്ങിയത് പൂനയിലെ വിശ്വപ്രശസ്തമായ ഓറിയന്റൽ ഭണ്ഡാർക്കാർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആനാൽസ്, ന്യൂ ഇന്ത്യാ ആന്റിക്ക്വറ്റി, റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ജേർണൽ തുടങ്ങിയ ഗവേഷണാസ്പദമായ കാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട ചെറു ലേഖനങ്ങളിലൂടെയും പുസ്തക വിമർശനങ്ങളിലൂടെയുമാണ്‌. സോവിയറ്റ് ഗ്രന്ഥകർത്രി കെ.എ. അന്റനോവയുടെ ഇന്ത്യൻ ഫ്യൂഡലിസത്തെയും ഭാരതീയ വിദ്യാഭവൻ പ്രസിദ്ധീകരിച്ച ബഹുവാള്യചരിത്രത്തിന്റെ ആദ്യ മൂന്നു വാള്യങ്ങളേയും ഖണ്ഡനവിമർശങ്ങൾ ചെയ്തത് ഇക്കൂട്ടത്തിൽ പ്രത്യേകം ശ്രദ്ധയാകർഷിച്ചിരുന്നു. ജർമ്മൻകാരനും പ്രശസ്ത ഇന്തോളജിസ്റ്റുമായ ജോർജ്ജ് തോംസണും കോസാംബിയുടെ വിമർശനങ്ങൾക്ക് പാത്രമായി.

ഇന്ത്യാ ചരിത്രപഠനവും മാർക്സിസ്റ്റ് ചരിത്രവിജ്ഞാനീയവും സംബന്ധിച്ച അദ്ദേഹത്തിന്റെ ആദ്യത്തെ കൃതി “ഇന്ത്യാ ചരിത്രപഠനത്തിനൊരു മുഖവുര” 1956-ൽ പുറത്തിറങ്ങി. ഇതോടെ മാർക്സിസ്റ്റ് ചരിത്ര വീക്ഷണത്തിലും ഇന്ത്യാ ചരിത്രരചനയിലും ഒരു വഴിത്തിരിവുണ്ടായി. തുടർന്നു പ്രസിദ്ധീകരിക്കപ്പെട്ട “മിത്തും യാഥാർത്ത്യവും“ (1962), "പ്രാചീനഭാരതത്തിന്റെ സംസ്കാരവും നാഗരികതയും ചരിത്രരൂപരേഖയിൽ" (1965) എന്നീ ഗ്രന്ഥങ്ങൾ ആദ്യ കൃതിയിൽ ആവിഷ്കരിക്കപ്പെട്ട സിദ്ധാന്തങ്ങളുടെ പ്രയോഗവത്കരണങ്ങളായിരുന്നു. പിന്നീട് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് “രോഷജനകങ്ങളായ പ്രബന്ധങ്ങൾ“ ആയിരുന്നു (1957) . ഇത് പത്രശൈലിയിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ്.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ചരിത്രം എന്നത് ഉത്പാദനോപാധികളുടെ ബന്ധങ്ങളേയും ഒന്നിനു പുറകെ ഒന്നായി വരുന്ന വികാസങ്ങളെ കാലഗണനാക്രമത്തിലുള്ള അവതരണമാണ്. ഇത് അദ്ദേഹം മുഖവുരയുടെ തുടക്കത്തിൽ തന്നെ സൂചിപ്പിക്കുന്നുണ്ട്. മാർക്സ് യൂറോപ്പിനെ അടിസ്ഥാനപ്പെടുത്തി വകതിരിച്ച ചില സം‍വർഗങ്ങളെ അപ്പാടെ യാന്ത്രികമായി ഇന്ത്യയിലേക്ക് ആരോപിക്കാനുള്ള ചിലരുടെ ശ്രമങ്ങളെ കൊസാംബി ശക്തിയുക്തം എതിർത്തു. മാർക്സും ഏംഗത്സും യൂറോപ്പിനെ അടിസ്ഥാനപ്പെടുത്തി പ്രാകൃത കമ്യൂണിസം, അടിമത്തം, നാടുവാഴിത്തം, മുതലാളിത്തം എന്നീ ഘട്ടങ്ങളെ വേർതിരിച്ചെടുക്കുകയും അഞ്ചാമത്തെ ഘട്ടം സോഷ്യലിസമായിരിക്കുകയും എന്ന് പ്രവചിക്കുകയും ചെയ്തു. എന്നാൽ ഏഷ്യൻ രാജ്യങ്ങളെ പരാമർശിക്കുമ്പോൾ ഇവയിൽ ഒന്നും പെടാത്ത ഏഷ്യൻ ഉത്പാദന സമ്പ്രദായം (ഏഷ്യാറ്റിക് മോഡൽ ഓഫ് പ്രൊഡക്ഷൻ) എന്നൊരാശയം അദ്ദേഹം നിർദ്ദേശിച്ചു. ഇത് ഇന്ത്യയിൽ ബ്രിട്ടീഷുകാർ വരുന്നതു വരെ വ്യത്യാസമൊന്നുമില്ലാതെ തുടരുകയായിരുന്നു എന്ന് അദ്ദേഹം കരുതി. ഇന്ത്യൻ സമൂഹത്തിന് ഒരു ചരിത്രമേ ഇല്ല, ചുരുങ്ങിയ പക്ഷം അറിയപ്പെടുന്ന ചരിത്രമെങ്കിലും, നാം ഇന്നറിയന്ന ചരിത്രം, പുറത്തു നിന്ന് കടന്നു വന്നതും പരിവർത്തനരഹിതവുമായ സമൂഹത്തിന്റെ അടിസ്ഥാനത്തിൽ സാമ്രാജ്യങ്ങൾ സ്ഥാപിച്ചവരുടെ ചരിത്രമാണ്” എന്നു പോലും മാർക്സ് പരാമർശിക്കുകയുണ്ടായി. ഇത്തരം വേദവാക്യങ്ങൾ അപ്പാടെ വിഴുങ്ങുന്നതിനു കൊസാംബി തയ്യാറായിരുന്നില്ല. ഇത്തരം മാതൃകകളിലൂടെ ഇന്ത്യാ ചരിത്രരചന ചരിത്രത്തോടോ മാർക്സിസത്തോടേ നീതിപുലർത്തിക്കൊണ്ടാവില്ല എന്നദ്ദേഹം വാദിച്ചു. പ്രാചീന ഗ്രീസിലേയും റോമിലേയും പോലുള്ള അടിമത്ത വ്യവസ്ഥ ഇന്ത്യയിലുണ്ടായിരുന്നു എന്ന ഡാങ്കേയുടെ വാദത്തെ അദ്ദേഹം ഖണ്ഡിച്ചതങ്ങനെയാണ്. റോമിലും മറ്റുമുണ്ടായിരുന്നതുപോലെ അടിമകൾ വൻ സംഖ്യ ഇവിടെ ഉണ്ടായിരുന്നില്ല. ഇവിടെയുള്ളവർ ശൂദ്രരായിരുന്നു, അവർ മർദ്ദിതരും ചൂഷിതരുമായിരുന്നുവെങ്കിലും അടിമകളെ വിറ്റ് ക്രയവിക്രയം ചെയ്യുന്ന രീതിയുണ്ടായിരുന്നില്ല.

ഏഷ്യാറ്റിക് മോഡൽ എന്ന സങ്കല്പത്തിന് കൊസാംബി വിലകല്പിച്ചിരുന്നുവെങ്കിലും അത് പരിവർത്തനരഹിതമായി സഹസ്രാബ്ദങ്ങൾ തുടർന്നു എന്നത് അദ്ദേഹം സ്വീകരിക്കുന്നില്ല. നാടോടികളും കന്നുകാലി വളർത്തലുകാരുമായിരുന്നു ആര്യന്മാർ എന്ന് വിളിക്കുന്ന സമൂഹം സമൃദ്ധിയുള്ള മധ്യകിഴക്കൻ ഗംഗാ സമതലങ്ങളിലേക്ക് പ്രവേശിച്ച് സ്ഥിരതാമസക്കാരായ കൃഷിക്കാരായി മാറിയതിനെക്കുറിച്ചും ഇരുമ്പിന്റെ ഉപയോഗം കൃഷിയെ ഗണ്യമായി വളർത്തിയതിനെക്കുറിച്ചും കൊസാംബി സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ഈ പുതിയ മാറ്റത്തിന്റേയും നഗരവത്കരണത്തിന്റേയും സമൃദ്ധിയുടേയും ചൂഷണത്തിന്റേയും ഫലമായിട്ടുണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരമെന്നോണമാണ് ബുദ്ധമതം പ്രചരിച്ചതെന്ന അദ്ദേഹത്തിന്റെ ആദ്യകാല നിഗമനം പിന്നീട് പല ചരിത്രകാരന്മാരും അംഗീകരിക്കുകയുണ്ടായി. ഗുപ്തകാലത്തിന്റെ സമാപ്തിയോടെ രൂപം കൊണ്ട നാടുവാഴിത്തവും അതുളവാക്കിയ മാറ്റങ്ങളും ആദ്യമായി ചിത്രീകരിച്ചത് കൊസാംബിയാണ്. ഇതും പിന്നീട് ചരിത്രകാർന്മാർ അവലംബിക്കുകയുണ്ടായി.

അവസാനകാലം[തിരുത്തുക]

1962-ൽ മുഴുവൻ സമയം എഴുത്തിനും ഗവേഷണത്തിനുമായി അദ്ദേഹം ജോലിയിൽ നിന്ന് വിരമിച്ചു. 1966-ൽ പൂനെയിൽ വച്ച് ആകസ്മികമായി ഉറക്കത്തിൽ അദ്ദേഹം അന്തരിച്ചു.

കൃതികൾ[തിരുത്തുക]

  • ഇന്ത്യാചരിത്രപഠനത്തിനൊരു മുഖവുര
  • മിത്തും യാഥാർത്ഥ്യവും
  • പ്രാചീനഭാരതത്തിന്റെ സംസ്കാരവും നാഗരികതിയും ചരിത്രരൂപരേഖയിൽ
  • രോഷജനകങ്ങളായ പ്രബന്ധങ്ങൾ
"https://ml.wikipedia.org/w/index.php?title=ഡി.ഡി._കൊസാംബി&oldid=2283023" എന്ന താളിൽനിന്നു ശേഖരിച്ചത്