Jump to content

അലക്സാണ്ട്രെ യെർസിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അലക്സാണ്ട്രെ യെർസിൻ
അലക്സാണ്ട്രെ യെർസിൻ
ജനനം(1863-09-22)22 സെപ്റ്റംബർ 1863
മരണം1 മാർച്ച് 1943(1943-03-01) (പ്രായം 79)
ദേശീയതസ്വിസ്സ്, ഫ്രഞ്ച്
അറിയപ്പെടുന്നത്യെഴ്സീനിയ പെസ്ടിസ്
പുരസ്കാരങ്ങൾLeconte Prize (1927)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംബാക്ടീരിയോളജിസ്റ്റ്
സ്ഥാപനങ്ങൾÉcole Normale Supérieure, Institut Pasteur
സ്വാധീനങ്ങൾKitasato Shibasaburō

അലക്സാണ്ട്രെ എമിൽ ജീൻ യെർസിൻ (ജീവിതകാലം: 22 സെപ്റ്റംബർ 1863 - മാർച്ച് 1, 1943) ഒരു സ്വിസ്-ഫ്രഞ്ച് വൈദ്യനും ബാക്ടീരിയോളജിസ്റ്റുമായിരുന്നു. ബ്യൂബോണിക് പ്ലേഗ് അഥാവാ പകർച്ചവ്യാധിക്ക് കാരണമാകുന്ന ഒരു ബാക്‌ടീരിയയുടെ സഹ-കണ്ടുപിടുത്തക്കാരനെന്ന നിലയിൽ ഓർമിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഇത് പിന്നീട് യെർസിനിയ പെസ്റ്റിസ് എന്ന് നാമകരണം ചെയ്യപ്പെട്ടു. മറ്റൊരു ബാക്ടീരിയോളജിസ്റ്റും ജാപ്പനീസ് വൈദ്യനുമായിരുന്ന കിറ്റാസാറ്റോ ഷിബാസാബുറയ്ക്ക്, ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബാക്ടീരിയയെ സ്വതന്ത്രമായി തിരിച്ചറിഞ്ഞതിന്റെ ബഹുമതി പലപ്പോഴും ലഭിക്കാറുണ്ടെങ്കിലും അദ്ദേഹം തിരിച്ചറിഞ്ഞത് മറ്റൊരു ബാക്ടീരിയയെ ആയിരിക്കാവുന്നതാണ്, അല്ലാതെ പ്ലേഗിന് കാരണമാകുന്ന രോഗകാരിയല്ല. എലിയിലും മനുഷ്യരോഗത്തിലും ഇതേ രോഗബീജം ഉണ്ടെന്ന് യെർസിൻ ആദ്യമായി തെളിയിക്കുകയും അങ്ങനെ രോഗം പകരാൻ സാധ്യതയുള്ള മാർഗ്ഗങ്ങൾ അദ്ദേഹം അടിവരയിട്ടു കാണിക്കുകയും ചെയ്തു.

ജീവിതരേഖ

[തിരുത്തുക]

1863-ൽ സ്വിറ്റ്സർലൻഡിലെ വൌഡ് കന്റോണിലെ ഔബോണിൽ ജീൻ-അലക്സാണ്ടർ-മാർക്ക് യെർസീൻ അദ്ദേഹത്തിന്റെ ഭാര്യ ഫാനി-ഇസലൈൻ-എമിലി മോഷെൽ എന്നിരുടെ പുത്രനായി യെർസിൻ ജനിച്ചു.[1] പിതാവിന്റെ മരണശേഷമാണ് അദ്ദേഹം ഭൂജാതനായത്. 1883 മുതൽ 1884 വരെയുള്ള കാലത്ത് ലോസാനിൽ വൈദ്യശാസ്ത്രം പഠിച്ച അദ്ദേഹം തുടർന്ന് മാർബർഗ്, പാരീസ് (1884–1886) എന്നിവിടങ്ങളിലും വൈദ്യശാസ്ത്ര മേഖലയിൽ തുടർപഠനം നടത്തി. 1886-ൽ, എമിലി റൂക്‌സിന്റെ ക്ഷണപ്രകാരം എകോൾ നോർമൽ സൂപ്പർറിയറിലെ ലൂയി പാസ്ചറുടെ ഗവേഷണ ലബോറട്ടറിയിൽ പ്രവേശിച്ച യെർസിൻ, പേപ്പട്ടി വിഷബാധയ്ക്കെതിരെയുള്ള പ്രതിരോധവാക്സിൻ വികസിപ്പിക്കുന്നതിൽ പങ്കെടുത്തു. 1888-ൽ Étude sur le Développement du Tubercule Expérimental എന്ന പ്രബന്ധം ഉപയോഗിച്ച് ഡോക്ടറേറ്റ് നേടിയ അദ്ദേഹം റോബർട്ട് കോച്ചിനൊപ്പം ജർമ്മനിയിൽ രണ്ടുമാസം ചെലവഴിച്ചു. 1889 ൽ റൂക്സിന്റെ സഹകാരിയായി അദ്ദേഹം അടുത്തിടെ രൂപീകൃതമായ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുകയും അദ്ദേഹത്തോടൊപ്പം ഡിഫ്തറിക് ടോക്സിൻ (കോറിനെബാക്ടീരിയം ഡിഫ്തീരിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന) കണ്ടെത്തി.

ഫ്രാൻസിൽ വൈദ്യശാസ്ത്രം അഭ്യസിക്കുന്നതിനായി, യെർസിൻ 1888-ൽ ഫ്രഞ്ച് ദേശീയതയ്ക്ക് അപേക്ഷിക്കുകയും നേടുകയും ചെയ്തു. താമസിയാതെ (1890) തെക്കുകിഴക്കൻ ഏഷ്യയിലെ ഫ്രഞ്ച് ഇൻഡോചൈനയിലേക്ക് (നിലവിലെ വിയറ്റ്നാം, ലാവോസ്, കംബോഡിയ) മെസേജറീസ് മാരിടൈംസ് കമ്പനിയുടെ വൈദ്യനായി പുറപ്പെട്ട അദ്ദേഹം സൈഗോൺ-മനില ലൈനിലും തുടർന്ന് സൈഗോൺ-ഹൈഫോംഗ് ലൈനിലും വൈദ്യനായി ജോലി ചെയ്തു. അഗസ്റ്റെ പാവി ദൗത്യങ്ങളിലൊന്നിലും അദ്ദേഹം പങ്കെടുത്തു. 1894-ൽ ഫ്രഞ്ച് സർക്കാരിന്റെയും പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും അഭ്യർഥന മാനിച്ച്  ഹോങ്കോങ്ങിൽ പടർന്നുപിടിച്ച പ്ലേഗിനെക്കുറിച്ച് പഠിക്കാൻ യെർസിൻ ഹോങ്കോങ്ങിലേക്ക് നിയോഗിക്കപ്പെട്ടു.

എത്തിയ സമയത്ത് ബ്രിട്ടീഷ് ആശുപത്രികളിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതിനാൽ, അവിടെ, ഒരു ചെറിയ കുടിലിൽവച്ച് (വെൻ‌ഡി ഓറന്റിന്റെ പ്ലേഗ് എന്ന കൃതി പ്രകാരം) അദ്ദേഹം തന്റെ ഏറ്റവും വലിയ കണ്ടെത്തലായ രോഗകാരിയായ സുക്ഷ്മാണുവിനെ കണ്ടെത്തി. ഹോങ്കോങ്ങിലെ ഡോ. കിറ്റാസറ്റോ ഷിബാസാബുറയും ദിവസങ്ങൾക്ക് മുമ്പ് ഒരു ബാക്ടീരിയയെ തിരിച്ചറിഞ്ഞിരുന്നു. ഇത് ഒരേ ബാക്ടീരയയാണോ അതോ രണ്ടും കൂടിച്ചേർന്നതാണോ എന്ന കാര്യത്തിൽ തർക്കമുണ്ടായിരുന്നു. കിറ്റാസാറ്റോയുടെ പ്രാരംഭ റിപ്പോർട്ടുകൾ അവ്യക്തവും അൽപ്പം വൈരുദ്ധ്യമുള്ളതുമായതിനാൽ, ചിലർ ഈ കണ്ടെത്തലിന്റെ മുഴുവൻ ക്രെഡിറ്റും യെർസിന് നൽകുന്നു.[2][3] എന്നിരുന്നാലും, ജൂൺ 20 ന് യെർസിൻ സ്വന്തം കണ്ടെത്തൽ പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങൾക്കകം കിറ്റാസറ്റോ കണ്ടെത്തിയ സൂക്ഷ്മാണുവിന്റെ ഒരു സമഗ്രമായ രൂപശാസ്ത്ര വിശകലനത്തിൽ "ഹോങ്കോങ്ങിലെ പ്ലേഗ് ബാധയ്ക്ക് കാരണമായ ബാക്ടീരിയ ജൂൺ അവസാനത്തിലും 1894 ജൂലൈ തുടക്കത്തിലും കിറ്റാസാറ്റോ പരിശോധിച്ചുവെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്" എന്ന് നിർണ്ണയിക്കപ്പെടുകയും  അതിനാൽത്തന്നെ, കിറ്റാസറ്റോയ്ക്ക് ഈ കണ്ടെത്തിലന്റെ  അംഗീകാരം നിഷേധിക്കേണ്ടതില്ല[4] എന്ന് തീരുമാനിക്കപ്പെടുകയും ചെയ്തു. കുറഞ്ഞ താപനിലയിൽ പ്ലേഗ് ബാക്ടീരിയ മികച്ച രീതിയിൽ രൂപപ്പെടുന്നു, അതിനാൽ ഇൻകുബേറ്റർ ഉപയോഗിച്ച് പരീക്ഷണം നടത്തിയ കിറ്റാസാറ്റോയുമായുള്ള താരതമ്യത്തിൽ യെർസീന്റെ സുസജ്ജമല്ലാത്ത ലാബിലെ ഈ കണ്ടുപിടുത്തം ഒരു മികച്ച നേട്ടമായി മാറി. അതിനാൽ, ശാസ്ത്ര സമൂഹം ആദ്യം “കിറ്റാസാറ്റോ-യെർസിൻ ബാസിലസ്” എന്ന് നാമകരണം ചെയ്തെങ്കിലും, ലിംഫാറ്റിക് ഗ്രന്ഥികളിൽ കിറ്റാസറ്റോ തിരിച്ചറിഞ്ഞ തരം സ്ട്രെപ്റ്റോകോക്കസ് കണ്ടെത്താൻ കഴിയില്ല എന്നതിനാൽ സൂക്ഷ്മജീവികളുടെ പേര് യെർസിന്റെ പേരുമായി മാത്രം ബന്ധപ്പെട്ട് നിലനിൽക്കേണ്ടതാണെന്ന് അനുമാനിക്കപ്പെട്ടു.  എലിയിലും മനുഷ്യരോഗത്തിലും ഒരേ ബാക്ടീരിയയുടെ സാന്നിദ്ധ്യമുണ്ടെന്ന് ആദ്യമായി തെളിയിക്കാൻ യെർസിനു കഴിയുകയും അങ്ങനെ പകർച്ചവ്യാധിക്ക് സാധ്യതയുള്ള മാർഗ്ഗങ്ങളെ അദ്ദേഹം അടിവരയിട്ടു കാണിക്കുകയും ചെയ്തു. ഈ സുപ്രധാന കണ്ടെത്തൽ അതേ വർഷം തന്നെ ഫ്രഞ്ച് അക്കാദമി ഓഫ് സയൻസസിന് അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ എമിലി ഡുക്ലക്സ് "ലാ പെസ്റ്റെ ബ്യൂബോണിക്വെ എ ഹോങ്കോംഗ്" എന്നു പേരായ ക്ലാസിക് കടലാസിൽ‌ അറിയിച്ചു.[5]

അവലംബം

[തിരുത്തുക]
  1. അലക്സാണ്ട്രെ യെർസിൻ in German, French and Italian in the online Historical Dictionary of Switzerland.
  2. Howard-Jones, Norman (1973). "Was Shibasaburo Kitasato the Co-Discoverer of the Plague Bacillus?". Perspectives in Biology and Medicine. 16 (Winter): 292–307. doi:10.1353/pbm.1973.0034. PMID 4570035.
  3. Solomon, Tom (July 5, 1997). "Hong Kong, 1894: the role of James A Lowson in the controversial discovery of the plague bacillus". Lancet. 350 (9070): 59–62. doi:10.1016/S0140-6736(97)01438-4. PMID 9217728.
  4. Bibel, DJ; Chen, TH (September 1976). "Diagnosis of plaque: an analysis of the Yersin-Kitasato controversy". Bacteriological Reviews. 40 (3): 633–651, quote p. 646. PMC 413974. PMID 10879.
  5. Yersin, Alexandre (1894). "La peste bubonique à Hong-Kong". Ann. Inst. Pasteur. 8: 662–667.
"https://ml.wikipedia.org/w/index.php?title=അലക്സാണ്ട്രെ_യെർസിൻ&oldid=3774926" എന്ന താളിൽനിന്ന് ശേഖരിച്ചത്