Jump to content

അരികേസരി മാരവർമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരികേസരി
മാരവർമൻ

ഭരണകാലം 670-700 സി.ഇ
മുൻഗാമി സെലിയൻ സെന്തൻ(ജയന്തവർമൻ)
പിൻഗാമി കൊച്ചടൈയൻ രണധീരൻ

അരികേസരി മാരവർമൻ (670 - 700 സി.ഇ), മധ്യകാല ദക്ഷിണേന്ത്യയിലെ ഒരു പാണ്ഡ്യരാജാവ് ആയിരുന്നു. ഇദ്ദേഹം പരാങ്കുശൻ എന്നും അറിയപ്പെട്ടിരുന്നു.[1]

വടക്കൻ തമിഴ് രാജ്യത്ത് പല്ലവരുമായുള്ള പാണ്ഡ്യന്മാരുടെ മത്സരത്തിന് തുടക്കമിട്ടത് അരികേസരിയുടെ ഭരണമാണ്. [1] പല്ലവരെ എതിർക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ചാലൂക്യരുമായി സഖ്യത്തിലേർപ്പെട്ടിരിക്കാമെന്നു കരുതപ്പെടുന്നു.[2] അദ്ദേഹത്തിന്റെ ഭരണകാലത്തിൽ പാണ്ഡ്യരും ചേരന്മാരുമായി ഏറ്റുമുട്ടലുകൾ നടന്നു. [3]

കാലഘട്ടം

[തിരുത്തുക]

സെലിയൻ സെന്തന്റെ (ജയന്തവർമാൻ) പിൻഗാമിയായിരുന്നു അരികേസരി മാരവർമൻ. പക്ഷേ അദ്ദേഹം ജയന്തവർമ്മന്റെ മകനായിരുന്നോ എന്നതിനു വ്യക്തമായ തെളിവുകളില്ല. [1]

  • കെ.എ. നീലകണ്ഠ ശാസ്ത്രി (അദ്ദേഹത്തിന്റെ ആദ്യത്തെ അനുമാനമനുസരിച്ച്) - 670 - 710 സി.ഇ [4]
  • കെ.എ. നീലകണ്ഠ ശാസ്ത്രികെ.എ. നീലകണ്ഠ ശാസ്ത്രി (അദ്ദേഹത്തിന്റെ പുതുക്കിയ തീയതി) - 670 - 700 സി.ഇ [5]
  • ടി.വി. സദാശിവ പാണ്ഡരഥർ - 640 - 670 സി.ഇ [6]
  • നോബുറു കരഷിമ - 650 - 700 സി.ഇ [7] (അല്ലെങ്കിൽ) 670 - 700 സി.ഇ [8]

അദ്ദേഹത്തിന് ശേഷം മകൻ കൊച്ചടൈയൻ രണധീരൻ അധികാരത്തിലെത്തി. [9]

പേരുകൾ

[തിരുത്തുക]

വെൽവിക്കുടി ദാനത്തിലും ചെറിയ സിന്നമാനൂർ ഫലകങ്ങളിലും അദ്ദേഹത്തിന്റെ പേര് "അരികേസരി മാരവർമൻ" എന്നാണ് കാണപ്പെടുന്നത്. എന്നാൽ വലിയ സിന്നമാനൂർ ഫലകങ്ങളിൽ അദ്ദേഹത്തെ "അരികേസരി പരാങ്കുശൻ" എന്ന് വിളിക്കുന്നു. [1]

ജീവചരിത്രം

[തിരുത്തുക]

വെൽവിക്കുടി ദാനം

[തിരുത്തുക]

അരികേസരി മാരവർമ്മന്റെ ഭരണകാലത്ത് പാണ്ഡ്യന്മാരുടെ രാഷ്ട്രീയശക്തിയിൽ ഗണ്യമായ വർധനവുണ്ടായി. [10]

വെൽവിക്കുടി ദാനത്തിന്റെ ലിഖിതം അനുസരിച്ച്, അരികേസരി മാരവർമൻ പാലി, നെൽവേലി, ഉറയൂർ എന്നിവിടങ്ങളിലെ യുദ്ധങ്ങളിൽ വിജയിച്ചു. [11] നെൽ‌വേലിയിൽ, വിൽ‌വേലി എന്നയാളിന്റെ ശക്തമായ സൈന്യത്തെ കീഴടക്കിയതായി അരികേസരി അവകാശപ്പെടുന്നു.[12] നെൽവേലിയിലെ ഈ വിജയം വലിയ സിന്നമാനൂർ ഫലകങ്ങൾ സ്ഥിരീകരിക്കുന്നു. [12] ഉറയൂർ ( തിരുച്ചിറപ്പള്ളി ) ഒഴികെ, ലിഖിതത്തിൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള തെളിവുകൾ വ്യക്തമല്ല.[11] ഇ. ഹൾട്ഷ് നെൽവേലിയെ ആധുനിക തിരുനെൽവേലിയായി കണക്കാക്കിയെങ്കിലും കെഎൻ ശാസ്ത്രി ഇതിനോടു യോജിക്കുന്നില്ല.[11]

വലിയ സിന്നമാനൂർ ഫലകങ്ങൾ.

[തിരുത്തുക]

നെൽവേലി, ശങ്കരമങ്കായി എന്നിവിടങ്ങളിൽ നടന്ന യുദ്ധങ്ങളിൽ അരികേസരി "പരാങ്കുശൻ" വിജയിച്ചതായി വലിയ സിന്നമാനൂർ ഫലകങ്ങൾ പ്രസ്താവിക്കുന്നു. [13]

അദ്ദേഹത്തിന് കീഴടങ്ങാതിരുന്ന "പരവന്മാരെ" (പാണ്ഡ്യ രാജ്യത്തിന്റെ തെക്ക്-കിഴക്ക് ആളുകൾ) പൂർണ്ണമായും ഇല്ലായ്മ ചെയ്തതായും കുറുനാട് ജനതയെ തകർത്തുകളഞ്ഞതായും പ്രസ്തുതലിഖിതത്തിൽ പറയുന്നു. [13]"കുറുനാട്ടാർ" എന്നത് കുറുനാട്ടിലെ (സ്ഥലം ഇന്നും തിരിച്ചറിഞ്ഞിട്ടില്ല) ആളുകളെയോ ചെറിയ നാട്ടുതലവന്മാരെയോ സൂചിപ്പിക്കുന്നു എന്നാണ് കരുതപ്പെടുന്നത്. [11] [14]

അദ്ദേഹം ചേരന്മാരെ പലതവണ പരാജയപ്പെടുത്തി. ഒരിക്കൽ അവരുടെ രാജാവിനെ അടുത്ത ബന്ധുക്കളോടും യോദ്ധാക്കളോടും കൂടി അരികേസരി തടവിലാക്കിയതായും ലിഖിതത്തിൽ പറയുന്നു. [13]

ചാലൂക്യ-പല്ലവ യുദ്ധങ്ങൾ

[തിരുത്തുക]

ചാലൂക്യരുടെ പല്ലവർക്കെതിരായ പോരാട്ടത്തിൽ അരികേസരി മാരവർമൻ ചാലൂക്യരൊപ്പം ചേർന്നതായി കരുതപ്പെടുന്നു. [2] പല്ലവരാജാവായ പരമേശ്വരൻ ഒന്നാമന്റെ ഭരണത്തിന്റെ ആദ്യകാലങ്ങളിൽ, ചാലൂക്യരാജാവായ വിക്രമാദിത്യൻ ഒന്നാമൻ പല്ലവതലസ്ഥാനമായ കാഞ്ചി ആക്രമിക്കുകയും പല്ലവരാജാവിനെ അവിടെ നിന്നു തുരത്തുകയും ചെയ്തു. [2] അതിനുശേഷം ചാലൂക്യരാജാവ് തെക്കോട്ട് കാവേരി നദി വരെ നീങ്ങുകയും ഉറൈയൂരിൽ സൈനികകൂടാരം സ്ഥാപിക്കുകയും ചെയ്തു. ഉറൈയൂരിൽ വച്ച് ചാലൂക്യരാജാവ് അരികേസരി മാരവർമനുമായി സന്ധിച്ചിരിക്കാമെന്ന് കരുതുന്നു.[2]

ഗ്രന്ഥങ്ങളിലുള്ള പരാമർശങ്ങൾ

[തിരുത്തുക]

ഇറയനാർ അഹപ്പൊരുളിന്റെ വ്യാഖ്യാനത്തിൽ പരാങ്കുശൻ, നെടുമാരൻ തുടങ്ങിയ സ്ഥാനപ്പേരുകളുള്ള അരികേസരി എന്ന രാജാവിനെക്കുറിച്ചുള്ള പരാമർശമുണ്ട്.[15] പാലി, സെന്നിലം, നെൽ‌വേലി, വിഴിഞ്ഞം എന്നിവിടങ്ങളിൽ നടന്ന നിരവധി യുദ്ധങ്ങളെക്കുറിച്ചും ഈ വ്യാഖ്യാനത്തിൽ പരാമർശമുണ്ട്.[15]

ഇതിന്റെ അടിസ്ഥാനത്തിൽ ചരിത്രകാരനായ വെങ്കയ്യ രണ്ട് ഭരണാധികാരികളും ഒരാളാണെന്ന് അനുമാനിച്ചു. എന്നാൽ, കെ‌.എൻ. ശാസ്ത്രി ഈ അനുമാനം അംഗീകരിച്ചില്ല, "ഐതിഹാസികപ്രശസ്തി ഉള്ള ഒരു രാജാവിന്റെ പുറത്ത് തനിക്കറിയാവുന്ന എല്ലാ പാണ്ഡ്യരാജാക്കന്മാരുടേയും നേട്ടങ്ങളും കെട്ടിവച്ച രചയിതാവിന്റെ അലങ്കാരഭരിതമായ ഒരു കൃതിയെ" ആധാരമാക്കി അനുമാനിക്കാനാവുന്നതല്ല ഈ വിഷയം എന്നദ്ദേഹം പ്രസ്താവിച്ചു. [15] [16]

അരികേസരി ഹിരണ്യഗർഭ, തുലഭാരം തുടങ്ങിയ ആചാരങ്ങൾ നടത്തിയതായി കരുതപ്പെടുന്നു. [12]

ശൈവസന്യാസിയായ സംബന്ധറിന്റെ സ്വാധീനത്തിൽ ജൈനമതത്തിൽ നിന്ന് ശൈവമതത്തിലേക്ക് പരിവർത്തനം ചെയ്ത പാണ്ഡ്യരാജാവായ നെടുമാരൻ അല്ലെങ്കിൽ കൂനൻ പാണ്ഡ്യനാണ് അരികേസരി മാരവർമ്മനെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. കൂനൻ പാണ്ഡ്യൻ ഒരു വിശുദ്ധനായി കണക്കാക്കപ്പെട്ടിരുന്നു. [17] [18] എന്നാൽ ഈ ഇതിഹാസം തമിഴകത്ത് ജൈനമത്തിന്റെ രാഷ്ട്രീയസ്വാധീനം നഷ്ടമായതിന്റെ ചരിത്രബോധത്തിന്റെ ഒരു ചിഹ്നമായി ചരിത്രകാരന്മാർ കണക്കാക്കുന്നു.[19]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 K. A. Nilakanta Sastri 1929, പുറം. 50-51.
  2. 2.0 2.1 2.2 2.3 K. A. Nilakanta Sastri 1958, പുറം. 147.
  3. K. A. Nilakanta Sastri 1929, പുറം. 53.
  4. K. A. Nilakanta Sastri 1929, പുറം. 41.
  5. K. A. Nilakanta Sastri 1958, പുറം. 165.
  6. N. Subrahmanian 1962, പുറങ്ങൾ. 116–117.
  7. Noburu Karashima 2014, പുറങ്ങൾ. 370.
  8. Noburu Karashima 2014, പുറങ്ങൾ. 86.
  9. K. A. Nilakanta Sastri 1929, പുറം. 55.
  10. N. Subrahmanian 1962, പുറം. 119.
  11. 11.0 11.1 11.2 11.3 N. Subrahmanian 1962, പുറം. 117.
  12. 12.0 12.1 12.2 K. A. Nilakanta Sastri 1929, പുറം. 51-52.
  13. 13.0 13.1 13.2 K. A. Nilakanta Sastri 1929, പുറം. 52-53.
  14. Sailendra Nath Sen 2013, പുറങ്ങൾ. 45–46.
  15. 15.0 15.1 15.2 K. A. Nilakanta Sastri 1929, പുറം. 54-55.
  16. N. Subrahmanian 1962, പുറം. 118.
  17. K. A. Nilakanta Sastri 1929, പുറം. 53-54.
  18. K. A. Nilakanta Sastri 1976, പുറം. 424.
  19. Paul Dundas 2002, പുറം. 127.
"https://ml.wikipedia.org/w/index.php?title=അരികേസരി_മാരവർമൻ&oldid=3398404" എന്ന താളിൽനിന്ന് ശേഖരിച്ചത്