Jump to content

അമർനാഥ് ഗുഹാക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമർനാഥ് ഗുഹാക്ഷേത്രം
പേരുകൾ
ശരിയായ പേര്:Cave Temple of Lord Amarnath
സ്ഥാനം
സ്ഥാനം:Amarnath, Jammu and Kashmir, India
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:Amarnath (Shiva)
ചരിത്രം
സൃഷ്ടാവ്:Natural formation

ജമ്മു കശ്മീരിലെ അമർനാഥിലെ ഒരു ഗുഹയിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് അമർനാഥിലെ ഗുഹാക്ഷേത്രം. ശ്രീനഗറിൽ നിന്ന് 136 കി.മീ. വടക്കുകിഴക്കുഭാഗത്തായി സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിലാണ് പ്രസിദ്ധമായ ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രത്യേകത. ഇതിനെയാണ്‌ ഹിമലിംഗം എന്നു പറയുന്നത്. ഗുഹയിൽ ജലം ഇറ്റു വീണ്‌ ഉറഞ്ഞ് ശിവലിംഗത്തിന്റെ രൂപത്തിൽ കാണപ്പെടുന്നു. വേനൽക്കാലത്ത് ഈ മഞ്ഞുരുകി ലിംഗം അപ്രത്യക്ഷമാകാറുമുണ്ട്. 400 വർഷം മുമ്പാണ് ഈ ഗുഹയും ലിംഗവും ശ്രദ്ധയിൽപ്പെടുകയും ആരാധനനടത്താനാരംഭിക്കുകയും ചെയ്തത്.[അവലംബം ആവശ്യമാണ്]

ശിവന്റെ പന്ത്രണ്ടു ജ്യോതിർലിംഗങ്ങളിൽ ഒന്ന് ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു.

ഗുഹയ്ക്കുള്ളിലെ മഞ്ഞുറഞ്ഞുണ്ടായ ശിവലിംഗം

ശിവലിംഗ ആരാധന

[തിരുത്തുക]

ശിവന്റെ ജഡാമുടിയിൽനിന്നും വീണ വെള്ളത്തിന്റെ തുള്ളികൾ അഞ്ച് നദികളായി രൂപമെടുത്ത് പഞ്ചധരണി എന്ന് പേർ നേടി. പഞ്ചധരണിയിൽ നിന്നും എട്ട് കിലോമീറ്റർ അമർനാഥ് ഹിമലിംഗക്ഷേത്രം സ്ഥിതി ചെയ്യുന്നതു.12729 അടി ഉയരമുള്ള ഗിരിശൃംഗമാണ് അമർനാഥ്. അമർനാഥ് ഗുഹയ്ക്ക് നൂറടി ഉയരവും നൂറ്റി അമ്പത് അടി ആഴവുമുണ്ട്. ഇവിടെ ഹിമലിംഗമായ ഈശ്വരൻ തെക്കോട്ട് അഭിമുഖമായി ദർശനം നൽകുന്നത് സവിശേഷതയാണ്. ഇവിടെ ഭക്തർ നൽകുന്ന കാണിക്കയുടേയും വഴിപാടിന്റെയും ഒരു ഓഹരി ഹിമലിംഗം കണ്ടെത്തിയ മുസ്ലിംകളുടെ സന്തതി പരമ്പരകൾക്ക് നൽകപ്പെടുന്നു. അതിന് പ്രത്യുപകാരമായി മുസ്ലിം സഹോദരങ്ങൾ, ഭക്തരുടെ സൌകര്യം കണക്കിലെടുത്ത് ബഹൽഗാം മുതൽ അമർനാഥ് വരെയുള്ള റോഡ് പുനർനിർമ്മാണം ചെയ്തു വരുന്നു. മതസൌഹാർദ്ദത്തിന്റെ മാതൃകാസ്ഥാനമായി അമർനാഥ് ഹിമലിംഗക്ഷേത്രം യശസ്സുയർത്തി നിൽക്കുന്നു.

ഐതിഹ്യം

[തിരുത്തുക]

ശിവന്റെ തലയിലെ ചന്ദ്രക്കല പിഴിഞ്ഞ് എടുത്ത അമൃതംകൊണ്ട് ശിവൻ ദേവൻമാരെ അമർത്ത്യർ ആക്കി എന്നാണ് ഐതിഹ്യം. ഈ ദേവൻമാരുടെ അപേക്ഷപ്രകാരം ശിവൻ ഹിമലിംഗമായി അവിടെ പാർപ്പ് ഉറപ്പിച്ചു എന്നും ദേവൻമാരെ 'അമർത്ത്യ'രാക്കിയതുകൊണ്ടാണ് ശിവന് 'അമർനാഥ്' എന്ന് പേരുണ്ടായതെന്നും വിശ്വസിക്കപ്പെടുന്നു. മുകളിൽ നിന്ന് തുടർച്ചയായി വീണുകൊണ്ടിരിക്കുന്ന വെള്ളം ഉറഞ്ഞാണ് ശിവലിംഗത്തിന്റെ രൂപം ഉണ്ടായത്. ഈ ഗുഹാക്ഷേത്രത്തിനു ചുറ്റും ഉയർന്ന മലകളുണ്ട്. ഉഷ്ണകാലത്തുപോലും അവയുടെ കൊടുമുടികൾ മഞ്ഞുകൊണ്ടുമൂടപ്പെട്ടിരിക്കും. അമർനാഥ്ഗുഹാക്ഷേത്രം മനുഷ്യനിർമിതമല്ല; പ്രകൃതിയുടെ സംഭാവനയാണ്.

വെളുത്ത പക്ഷത്തിലെ ആദ്യദിവസങ്ങളിൽ ഹിമക്കട്ടകൾ ശിവലിംഗത്തിന്റെ രൂപം പ്രാപിക്കുമെന്നും പൌർണമി ദിവസം ശിവലിംഗം പൂർണരൂപത്തിൽ എത്തുമെന്നുമാണ് വിശ്വാസം. കൃഷ്ണപക്ഷത്തിലെ ആദ്യദിവസം മുതൽ മഞ്ഞ് ഉരുകിത്തുടങ്ങുകയും അമാവാസിദിനത്തിൽ ശിവലിംഗം അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ഓരോ മാസത്തിലും ഈ പ്രക്രിയ ആവർത്തിക്കുന്നു.

ശ്രാവണമാസത്തിലെ പൌർണമിനാളിൽ ശിവൻ ഈ ഗുഹയിൽ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഐതിഹ്യം. അതുകൊണ്ട് ആ പ്രത്യേക ദിവസം ഈ ക്ഷേത്രം സന്ദർശിക്കുന്നത് കൂടുതൽ പുണ്യമാണെന്ന് കരുതപ്പെടുന്നു. ശ്രാവണമാസം കഴിഞ്ഞാൽ ഉടനെ മഞ്ഞുകാലമാകും. അതുകൊണ്ട് ക്ഷേത്രം സന്ദർശിക്കുന്നതിന് ഏറ്റവും സൌകര്യപ്രദമായ കാലം ശ്രാവണമാസമാണ്.

എല്ലാവർഷവും ശ്രാവണമാസത്തിലെ ശുക്ളപക്ഷത്തിലെ അഞ്ചാംദിവസം, കാശ്മീരിലെ ശാരദാപീഠത്തിലെ ശ്രീ ശങ്കരാചാര്യരുടെ നേതൃത്വത്തിൽ, ശ്രീനഗറിൽ നിന്ന് ഒരു ഭക്തസംഘം പുറപ്പെടുക പതിവാണ്. ഇന്ത്യയുടെ നാനാഭാഗത്തുംനിന്ന് ഭക്തന്മാർ ഈ സംഘത്തിൽ എത്താറുണ്ട്. ഈ തീർഥാടകരുടെ സൌകര്യത്തിനായി എല്ലാവിധ ഏർപ്പാടുകളും കാശ്മീർ ഗവണ്മെന്റ് നല്കിവരുന്നു.

അമർനാഥ്ഗുഹാക്ഷേത്രത്തിന് 150 അടി ഉയരവും 90 അടി വീതിയും ഉണ്ട്. ഈ ഗുഹയുടെ ഭിത്തികൾ ചുണ്ണാമ്പുകല്ലുകൊണ്ടുള്ളവയാണ്. ഗുഹയുടെ മുകളിൽ ഒരു ചെറിയ സ്ഥലം ഒഴികെ എല്ലായിടത്തും ചോർച്ച ഉണ്ട്. വ. ഭാഗത്തെ ഭിത്തിയിൽ ഉള്ള രണ്ടു ദ്വാരങ്ങളിൽ നിന്ന് തുടർച്ചയായി വെള്ളം വീണുകൊണ്ടിരിക്കും. ഈ വെള്ളം പെട്ടെന്ന് ശിവലിംഗത്തിന്റെ ആകൃതിയിൽ ഹിമമായിത്തീരുകയും ചെയ്യുന്നു. ഈ ശിവലിംഗത്തിന്റെ ഇടതുഭാഗത്ത് ഗണേശന്റേയും വലതുഭാഗത്ത് പാർവതിയുടെയും ഭൈരവന്റെയും ഹിമവിഗ്രഹങ്ങൾ കാണാം. ഈ ഗുഹയുടെ മുഖം തെക്കോട്ടായതുകൊണ്ട് സൂര്യരശ്മി ഒരുകാലത്തും ശിവലിംഗത്തിൽ തട്ടുകയില്ല. അതുകൊണ്ട് വേനൽക്കാലത്തുപോലും അതിലെ മഞ്ഞ് ഉരുകുകയില്ല. ഈ ഗുഹയ്ക്കടുത്തുള്ള അമരാവതി എന്ന മലയിലെ വെളുത്ത ചെളി ശരീരത്ത് പുരട്ടുന്നത് മംഗളകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.

അമർനാഥ്ഗുഹാക്ഷേത്രത്തിനകത്തായി മറ്റൊരു ചെറിയ ഗുഹയുണ്ട്. ഈ ഗുഹയ്ക്കകത്തുനിന്നെടുക്കുന്ന ഒരുതരം വെളുത്ത പൊടി അമർനാഥിലെ വിഭൂതിയായി ഭക്തൻമാർക്ക് നല്കുന്നതിനുള്ള അവകാശം ബത്കൂത് ഗ്രാമത്തിലെ മുസ്ലിങ്ങൾക്കാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഈ വെളുത്തപൊടി കാൽസിയം സൾഫേറ്റിന്റേയും കാൽസിയംക്ളോറൈഡിന്റേയും ഒരു മിശ്രമാണ്. അമർനാഥ് ഗുഹയുടെ പ. വശത്തുകൂടി ഒഴുകുന്ന അമരഗംഗ എന്ന പുഴയിലാണ് ഭക്തൻമാർ സ്നാനം ചെയ്യുന്നത്. ഇതിന്റെ കരയിലുള്ള വെളുത്ത ഒരു പദാർഥം തീർഥാടകർ സ്നാനത്തിനുശേഷം ശരീരത്ത് പൂശാൻ ഉപയോഗിക്കുന്നു. പുഴയിൽ കുളിച്ചശേഷം ഈ പൊടി പൂശുന്നതുകൊണ്ട് കൊടിയ തണുപ്പിൽനിന്ന് അവർക്ക് രക്ഷകിട്ടുന്നു.

ഇവിടെ കണ്ടുവരുന്ന പ്രാവുകളെ തീർഥാടകർ ശിവനും പാർവതിയുമായിട്ടാണ് കണക്കാക്കുന്നത്. ബത്കൂത് ഗ്രാമത്തിലെ മുസ്ലിങ്ങളാണ് അമർനാഥ് ക്ഷേത്രത്തിലെ വഴിപാടുകളുടെ മൂന്നിലൊരുഭാഗത്തിന് അവകാശികൾ. അമർനാഥിലേക്കുള്ള വഴി വെട്ടിത്തെളിച്ച് സുഗമമാക്കിയെടുക്കുന്നതിന് ബത്കൂതിലെ ഇസ്ലാംമതക്കാർ ചെയ്ത പ്രയത്നങ്ങൾക്കു പ്രതിഫലമായിട്ടാണ് ഈ അവകാശങ്ങൾ അവർക്ക് നല്കിയതെന്ന് പറയപ്പെടുന്നു. പാർവതി അമർ കഥ കേൾക്കാൻ വാശി പിടിക്കുകയും ചില നിബന്ധനകൾ വച്ചുകൊണ്ട് കഥ പറയാൻ തുടങ്ങുകയും ചെയ്തു. താൻ ധ്യാനത്തിലിരുന്ന് കഥ പറയുന്ന അവസരത്തിൽ ഉറങ്ങുവാൻ പാടില്ലെന്നും കഥ കേൾക്കുന്നുണ്ടെന്ന് തനിക്ക് ബോധ്യപ്പെടുന്നതിന് കഥ മൂളി കേൾക്കണമെന്നും പാർവതിയോട് പറഞ്ഞു. പാർവതി അത് സമ്മതിക്കുകയും ശിവൻ കഥ പറയാൻ തുടങ്ങുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=അമർനാഥ്_ഗുഹാക്ഷേത്രം&oldid=3721664" എന്ന താളിൽനിന്ന് ശേഖരിച്ചത്