അബ്‌ദുൽ അസീസ്
തുർക്കിയിലെ 32-ആമത്തെ ഒട്ടോമൻ (ഉസ്മാനിയ) സുൽത്താനായിരുന്നു അബ്‌ദുൽ അസീസ് (ഓട്ടോമൻ തുർക്കിഷ് : `Abdü´l-Âzīz-i evvel عبد العزيز). സുൽത്താൻ മഹമ്മൂദ് II (1785-1839)-ന്റെ മൂന്നാമത്തെ പുത്രനായി 1830 ഫെബ്രുവരി. 9-ന് ജനിച്ചു. സഹോദരനായ അബ്ദുൽ മജീദിനെ (1823-61) തുടർന്ന് 1861 ജൂൺ 20-ന് സുൽത്താനായി. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് മൊണ്ടെനെഗ്രൊ, സെർബിയ, ബോസ്നിയ, ഹെഴ്സെഗൊവിന, ബൾഗേറിയ, ക്രീറ്റ് തുടങ്ങിയ സാമന്തരാജ്യങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. 1870 മുതൽ റഷ്യയ്ക്ക് ഈ ബാൾക്കൻ രാജ്യങ്ങളിൽ സ്വാധീനത വർധിച്ചതാണ് കലാപങ്ങളുടെ മൂലകാരണം. ഇവിടങ്ങളിലെ സ്ളാവുകൾ, അൽബേനിയർ തുടങ്ങിയ ഓർത്തഡോക്സ് ക്രിസ്ത്യൻ മതവിഭാഗക്കാരുടെ വികാരങ്ങളെ ചൂഷണം ചെയ്ത് അവരെ ഒട്ടോമൻ സുൽത്താനെതിരായി അണിനിരത്തിയത് റഷ്യ ആയിരുന്നു. ഇത്തരത്തിലുള്ള ഒട്ടേറെ കലാപങ്ങൾ രാജ്യത്തുണ്ടായിരുന്നെങ്കിലും പല പുരോഗമന നടപടികളും നടപ്പിലാക്കുന്നതിൽ ഇദ്ദേഹം ശ്രദ്ധാലുവായിരുന്നു. പ്രവിശ്യാഭരണം ഇദ്ദേഹം ഏകീകരിച്ചു; വഖ്ഫ് സ്ഥാപനങ്ങൾ നവീകരിച്ചു. ഷൂറാ-ഇ-ദൌലത്ത്, ദിവാൻ-ഇ-അഫ്കാമി അഥ്ലിയ്യേ തുടങ്ങിയ നീതിന്യായ സ്ഥാപനങ്ങൾ മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും പ്രാതിനിധ്യം കിട്ടത്തക്കവിധത്തിൽ സ്ഥാപിച്ചു. വിദ്യാഭ്യാസകാര്യങ്ങളിൽ വിപ്ലവകരമായ മാറ്റം വരുത്തി; ഒരു സർവകലാശാല സ്ഥാപിച്ചു. പട്ടാളത്തെ ആധുനികരീതിയിൽ സുസജ്ജമാക്കി. പക്ഷേ, പുരോഗമന നടപടികൾ, സാമ്പത്തികപരാധീനതമൂലം, പൂർണമായി നടപ്പിലാക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. യുവതുർക്കികളുടെ എതിർപ്പും ബാൾക്കൻ പ്രവിശ്യയിലെ അസ്വസ്ഥതകളുംമൂലം സുൽത്താന് 1876 മാർച്ച് 30-ന് സ്ഥാനത്യാഗം ചെയ്യേണ്ടിവന്നു. ഏതാനും ദിവസങ്ങൾക്കുശേഷം ഇദ്ദേഹം ആത്മഹത്യ ചെയ്തു.
ഇതുകൂടികാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- http://www.kimkimdir.gen.tr/kimkimdir.php?kim=abdulaziz
- http://naqshbandi.org/ottomans/khalifa/s32_detail.htm
- Images for abdülaziz
- http://www.sccs.swarthmore.edu/users/08/ajb/tmve/wiki100k/docs/Abd%C3%BClaziz.html
![]() |
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അബ്ദുൽ അസീസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |