അന്ന ദസ്തയേവ്‌സ്കായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്ന ദസ്തയേവ്‌സ്കായ
ജനനം
അന്ന ഗ്രിഗോറിയേന നിക്കിന

(1846-09-12)12 സെപ്റ്റംബർ 1846
സെന്റ് പീറ്റേഴ്സ്ബർഗ്, റഷ്യൻ സാമ്രാജ്യം
മരണം9 ജൂൺ 1918(1918-06-09) (പ്രായം 71)
അന്ത്യ വിശ്രമംTikhvin Cemetery
തൊഴിൽജീവചരിത്രകാരി, സ്റ്റെനോഗ്രാഫർ
ജീവിതപങ്കാളി(കൾ)ഫിയോദർ ദസ്തയേവ്‌സ്കി (1867–1881) [അദ്ദേഹത്തിന്റെ മരണം വരെ]
കുട്ടികൾസോഫിയ(1868),
ലൂബോ (1869–1926),
ഫിയോദർ (1871–1922),
അലക്സി(1875–1878)

ഒരു റഷ്യൻ ജീവചരിത്രകാരിയായിരുന്നു അന്ന ഗ്രിഗോറിയേന ദസ്തയേവ്‌സ്കായ (റഷ്യൻ: Анна Григорьевна Достоевская; 12 സെപ്റ്റംബർ1846 – 9 ജൂൺ 1918). ഫിയോദർ ദസ്തയേവ്‌സ്കിയുടെ സ്റ്റെനോഗ്രാഫറും, അസിസ്റ്റന്റും ആയി പ്രവർത്തിച്ച അവർ വിഭാര്യനായിരുന്ന അദ്ദേഹത്തെ വിവാഹം ചെയ്തു. അന്ന ദസ്തയേവ്‌സ്കായയുടെ ഡയറിക്കുറിപ്പുകൾ, അന്ന ദസ്തയേവ്‌സ്കായയുടെ ഓർമ്മകൾ എന്നീ പേരുകളിൽ രണ്ട് കൃതികൾ അന്ന രചിച്ചിട്ടുണ്ട്.റഷ്യയിലെ ആദ്യകാല വനിതാ സ്റ്റാമ്പുശേഖകരിൽ ഒരാളും ആയിരുന്നു അന്ന.

ആദ്യകാല ജീവിതം[തിരുത്തുക]

അന്നയുടെ മാതാപിതാക്കൾ മരിയാ അന്നയും ഗ്രിഗറി ഇവാനോവിച്ച് നികിനും ആയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം അന്ന സ്റ്റെനോഗ്രാഫി പഠിച്ചു.

വിവാഹം[തിരുത്തുക]

1866 ഒക്ടോബർ 4-നാണ് അന്ന ഫിയോദർ ദസ്തയേവ്‌സ്കിയുടെ സ്റ്റെനോഗ്രാഫറായെത്തുന്നത്. ചൂതാട്ടക്കാരൻ എന്ന നോവലാണ് അക്കാലത്ത് അദ്ദേഹം എഴുതിക്കൊണ്ടിരുന്നത്. ചുരുങ്ങിയ ഒരു കാലത്തിൽ അദ്ദേഹം തന്റെ പ്രണയം അന്നയെ അറിയിച്ചു. ഇക്കാലയളവിൽ ഒരു ദിനം ദസ്തയേവ്‌സ്കി താൻ ഉടനെ എഴുതുവാൻ ഉദ്ദേശിക്കുന്ന നോവലിലെ ഒരു രംഗത്തിൽ വൃദ്ധനായ ഒരു ചിത്രകാരന് തന്നേക്കാൾ വളരെ ഇളപ്പമായ ഒരു പെൺകുട്ടിയോട് തോന്നുന്ന പ്രണയത്തിന്റെ സ്വാഭാവികതയെക്കുറിച്ചും പെൺകുട്ടിയുടെ പ്രതികരണത്തെക്കുറിച്ചും സ്ത്രീകളുടെ പൊതുവായ മന:ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ അന്നയുടെ അഭിപ്രായം ആരാഞ്ഞുക്കൊണ്ട് അവരുടെ മനസ്സ് വായിച്ചെടുക്കുന്നതായി അന്ന തന്റെ ഓർമ്മക്കുറിപ്പുകളിൽ വിവരിക്കുന്നുണ്ട്.

1867 ഫെബ്രുവരി 15-ന് അന്നയും ദസ്തയേവ്‌സ്കിയും വിവാഹിതരായി. തുടർന്ന് അവർ വിദേശത്തേക്ക് പോയി. 1871 ജൂലൈയിൽ തിരിച്ചെത്തി. ബേഡനിൽവച്ച് ചൂതുകളിച്ച് ദസ്തോവ്സ്കിയുടെ സകല സമ്പാദ്യവും നഷ്ടമായി. അപ്പോൾ മുതൽ അന്ന ഡയറി എഴുതാൻ തുടങ്ങി. പീന്നീട് എകദേശം ഒരു വർഷത്തോളം അവർ ജനീവയിൽ താമസിച്ചു. ജീവിതം മുന്നോട്ട് നീക്കുവാനായി ദസ്തോവ്സ്കി വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. 1868 ഫെബ്രുവരി 22ന് അന്ന അവരുടെ ആദ്യത്തെ മകൾ സോഫിയക്ക് ജന്മം നൽകി. പക്ഷെ ആ കുഞ്ഞ് മൂന്ന് മാസം മാത്രം പ്രായമുള്ളപ്പോൾ മരിച്ചുപോയി. 1869-ൽ അന്ന ല്യുബോ എന്ന ഒരു പെൺകുഞ്ഞിന് കൂടി ജന്മം നൽകി . പിന്നീട് സെന്റ് പീറ്റേഴ്സ് ബർഗിൽ തിരികെയെത്തിയ ശേഷം ഫിയോദർ, അലക്സി എന്നീ ആൺകുഞ്ഞുങ്ങൾ കൂടി അവർക്കു പിറന്നു. അന്ന പുസ്തകങ്ങളുടെ പ്രസാധനം ഉൾപ്പെടെ എല്ലാ സാമ്പത്തിക കാര്യങ്ങളും ഏറ്റെടുത്തു. വൈകാതെ ദസ്തോവ്സ്കി തന്റെ എല്ലാ സാമ്പത്തിക ബാദ്ധ്യതകളിൽ നിന്നും മോചിതനായി. 1871-ൽ ദസ്തോവ്സ്കി ചൂതുകളി ഉപേക്ഷിച്ചു.

പിൽക്കാല ജീവിതവും സാഹിത്യരചനയും[തിരുത്തുക]

1881-ൽ ദസ്തയേവ്‌സ്കി മരിക്കുമ്പോൾ അന്നക്ക് 35 വയസ്സായിരുന്നു പ്രായം. അന്ന പുനർവിവാഹം ചെയ്തതേയില്ല. അവർ ദസ്തയേവ്സ്കിയുടെ കൈയ്യെഴുത്തുപ്രതികളും ലേഖനങ്ങളും മറ്റ് ചിത്രങ്ങളും എല്ലാം ശേഖരിച്ചു വെക്കുകയും സ്റ്റേറ്റ് ഹിസ്റ്റോറിക് മ്യൂസിയത്തിൽ ദസ്തയേവ്‌സ്കിയുടേതായി ഒരു സ്മാരകമുറി ക്രമീകരിക്കുകയും ചെയ്തു

1867-ൽ എഴുതിയ അന്ന ദസ്തയേവ്‌സ്കായയുടെ ഡയറിക്കുറിപ്പുകൾ അന്നയുടെ മരണശേഷം 1923-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.1925-ൽ പ്രസിദ്ധീകരിച്ച അന്ന ദസ്തയേവ്‌സ്കായയുടെ ഓർമ്മകൾ ആണ് ഇവരുടെ മറ്റൊരു കൃതി. ഈ കൃതികളിൽ ദസ്തയോവ്സ്കിയുടെ വ്യക്തിജീവിതത്തിലെയും സാഹിത്യജീവിതത്തിലെയും പല പ്രധാന സംഭവങ്ങളും അന്ന വിവരിക്കുന്നുണ്ട്.[൧]

1918 ജൂൺ 9-ന് യാൾട്ടയിൽ വെച്ച് തന്റെ 71-ആം വയസ്സിൽ അന്ന അന്തരിച്ചു.

കുറിപ്പുകൾ[തിരുത്തുക]

^ ദസ്തയേവ്‌സ്കിയെ മുഖ്യകഥാപാത്രമാക്കി പെരുമ്പടവം രചിച്ച ഒരു സങ്കീർത്തനം പോലെ എന്ന മലയാള നോവലിന്റെ ശില്പത്തിന് ആധാരമായി താൻ സ്വീകരിച്ചത് "അന്നയുടെ ഓർമ്മകൾ" എന്ന കൃതിയാണെന്ന് നോവലിസ്റ്റ് ആമുഖത്തിൽ പറഞ്ഞിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. അൾത്താരക്കരികിൽ നിന്ന് എന്ന ആമുഖം, ഒരു സങ്കീർത്തനം പോലെ, സെപ്റ്റംബർ 1999, കറന്റ് ബുക്സ്
"https://ml.wikipedia.org/w/index.php?title=അന്ന_ദസ്തയേവ്‌സ്കായ&oldid=2332079" എന്ന താളിൽനിന്ന് ശേഖരിച്ചത്