Jump to content

അന്ന അഖ്മത്തോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്ന അഖ്മത്തോവ
Akhmatova in 1922 (Portrait by Kuzma Petrov-Vodkin)
Akhmatova in 1922 (portrait by Kuzma Petrov-Vodkin)
ജനനംAnna Andreevna Gorenko
June 23 [O.S. June 11] 1889
Odessa, Russian Empire (now Ukraine)
മരണംമാർച്ച് 5, 1966(1966-03-05) (പ്രായം 76)
Moscow
തൊഴിൽpoet, translator, memoirist
ദേശീയതRussian/Soviet
സാഹിത്യ പ്രസ്ഥാനംAcmeism
പങ്കാളിNikolay Gumilev (1910-1918; divorced)
Vladimir Shilejko (1918-?; divorced)
പങ്കാളിNikolai Punin (died in labour camp)
കുട്ടികൾLev Gumilyov

ഇരുപതാം നൂറ്റാണ്ടിലെ പ്രതിഭാശാലിയായ ഒരു റഷ്യൻ കവയിത്രിയുടെ തൂലികാനാമമായിരുന്നു അന്ന അഖ്മത്തോവ(റഷ്യൻ: А́нна Андре́евна Горе́нко; ഉക്രേനിയൻ രൂപം: А́нна Андрі́ївна; ജനനം: 1889 ജൂൺ 11; മരണം:1966, മാർച്ച് 6).[1] അന്ന ആന്ദ്രേയേവ്നാ ഗോരെങ്കോ എന്നായിരുന്നു അവരുടെ യഥാർത്ഥനാമം. ലഘുഗീതങ്ങൾ തുടങ്ങി, മുഖ്യകൃതിയും സ്റ്റാലിൻ യുഗത്തിന്റെ ഭീകരത ചിത്രീകരിക്കുന്ന നായകശില്പവുമായ "റെക്വിയം" പോലുള്ള സങ്കീർണ്ണരചനകളും വരെയുള്ള വൈവിദ്ധ്യമാർന്ന സൃഷ്ടികൾ അവരുടെ തൂലികയിൽ പിറന്നു. വാക്കുകളിൽ മിതത്വവും വൈകാരികതയുടെ പ്രയോഗത്തിൽ നിയന്ത്രണവും പ്രകടിപ്പിച്ച ശൈലിയുടെ മൗലികത അവരെ സമകാലികരായ എഴുത്തുകാരിൽ നിന്ന് വേർതിരിച്ചു നിർത്തി. ശക്തവും വ്യതിരിക്തവുമായ അവരുടെ സ്ത്രീശബ്ദം, റഷ്യൻ കവിതയിൽ പുതിയ തരംഗമായി.[1] അഖ്മത്തോവയുടെ രചനകളെ രണ്ടു കാലഘട്ടങ്ങളായ തിരിച്ചു വിലയിരുത്തുക സാധാരണമാണ്‌: 1912-നും 1925-നും ഇടയ്ക്കുള്ള ആദ്യകാലവും, താരതമ്യേനയുള്ള നിശ്ശബ്ദതയുടെ ഒരു ദശകത്തിലെ ഇടവേളയ്ക്കു ശേഷം 1936 മുതൽ ജീവിതാന്ത്യം വരെയുള്ള രണ്ടാം ഘട്ടവും.[1] സ്റ്റാലിൻ യുഗത്തിലെ ഭരണകൂടം അവരുടെ രചനകളെ അപലപിക്കുകയും സെൻസർ ചെയ്യുകയും ചെയ്തു. എങ്കിലും വിദേശത്ത് അഭയം തേടുന്നതിനു പകരം, ചുറ്റുപാടുമുള്ള അതിക്രമങ്ങൾക്കു സാക്ഷ്യം വഹിച്ച് റഷ്യയിൽ തന്നെ തുടരാനാണ്‌ അവർ തീരുമാനിച്ചത്. സമയത്തേയും സ്മരണയേയും സംബന്ധിച്ച അനുചിന്തനങ്ങളും, സ്റ്റാലിനിസത്തിന്റെ നിഴലിൽ രചനാവൃത്തി നടത്തുന്ന എഴുത്തുകാരുടെ വേദനയും അവരുടെ പതിവു പ്രമേയങ്ങളായി.


യുദ്ധവും, വിപ്ലവവും ഏകാധിപത്യവും ലിഖിതപ്രമാണങ്ങൾ മിക്കവയുടേയും നാശത്തിനു കാരണമായതു കൊണ്ട്, അഖ്മത്തോവയുടെ ജീവിതത്തെ സംബന്ധിച്ച അടിസ്ഥാനസ്രോതസ്സുകൾ അധികം ലഭ്യമല്ല. ഏറെക്കാലം അവർ ഭരണകൂടത്തിന്റെ അപ്രീതിയിലായിരുന്നു. അവരുടെ ഉറ്റസഖാക്കളിൽ പലരും വിപ്ലവത്തെ തുടർന്നുള്ള നാളുകളിൽ മരിക്കുകയും ചെയ്തു.[2]

ആദ്യകാലജീവിതം

[തിരുത്തുക]
അഖ്മത്തോവ, ഭർത്താവ് നിക്കോളായ് ഗൂമിലേവിനോടും മകൻ ലെവ് ഗൂമിലോവിനോടുമൊപ്പം 1913-ൽ

കരിങ്കടലിലെ തുറമുഖമായ ഒഡെസ്സായ്ക്കടുത്തുള്ള ബോൾഷോയ് ഫോണ്ടാനിലാണ്‌ അഖ്മത്തോവ ജനിച്ചത്. അവരുടെ പിതാവ്, സർക്കാർ ഉദ്യോഗസ്ഥനായിരുന്ന അന്ദ്രേ അന്തോനോവിച്ച് ഗോരങ്കോയും, അമ്മ ഇന്ന എറാസ്മോവ്ന സ്റ്റോഗോവയും റഷ്യയിലെ പ്രഭു വർഗ്ഗത്തിൽ നിന്നുള്ളവരായിരുന്നു. അഖ്മത്തോവയ്ക്ക് പതിനൊന്നു മാസം പ്രായമുള്ളപ്പോൾ കുടുംബം പീറ്റേഴ്സ്ബർഗ്ഗിനടുത്തുള്ള സാർസ്ക്കോയെ സെലോയിലേയ്ക്ക് താമസം മാറ്റി.[1] അവിടെ, ഷിരോകായ വീഥിയും ബെസിമ്യാനി ചെറുവഴിയും ചേരുന്ന കോണിലുള്ള ഒരു വീട്ടിൽ താമസിച്ചിരുന്ന കുടുംബം, അഹ്മതോവയ്ക്ക് 7 മുതൽ 13 വയസ്സുവരെയുള്ള കാലത്ത് വേനൽക്കാലം ചെലവഴിച്ചിരുന്നത് സെവാസ്റ്റോപോളിലെ ഒരു ഒരു ഗ്രാമവസതിയിലാണ്‌.[3] അവിടെ മരിയിൻസ്കായാ വിദ്യാലയത്തിൽ പഠിച്ച അഖ്മത്തോവ, 1905-ൽ മാതാപിതാക്കൾ വിവാഹമോചിതരായതിനെ തുടർന്ന് കീവിലേയ്ക്ക് പോവുകയും 1906-10 കാലത്ത് അവിടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്തു. കീവ് സർ‌വകലാശാലയിൽ നിയമം പഠിക്കാൻ ചേർന്ന അഖ്മത്തോവ പിന്നീട് അതുപേക്ഷിച്ച് പീറ്റേഴ്സ്ബർഗ്ഗിൽ സാഹിത്യം പഠിക്കാൻ തുടങ്ങി.[2]


പതിനൊന്നു വയസ്സുള്ളപ്പോൾ കവിതാരചന തുടങ്ങിയ അഖ്മത്തോവ കൗമാരപ്രായത്തിൽ തന്നെ ചില രചനകൾ പ്രസിദ്ധീകരിച്ചു. നിക്കോളായ് നെക്രസോവ്, റാസൈൻ, പുഷ്കിൻ, ബരാട്ടിൻസ്കി തുടങ്ങിയ കവികളും, റഷ്യൻ സിംബലിസ്റ്റുകളും അവരെ സ്വാധീനിച്ചിരുന്നു.[3] അവരുടെ ബാല്യത്തിലെ രചനകളൊന്നും ലഭ്യമല്ല.[2] അഖ്മത്തോവയുടെ സഹോദരി ഇന്നയും കവിത എഴുതുകയും ആസ്വദിക്കുകയും ചെയ്തിരുന്നെങ്കിലും അവർ ആ രംഗത്ത് നിലയുറപ്പിക്കാതെ, സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞയുടനെ വിവാഹിതയായി. അന്നയുടെ പിതാവ്, കവിതയുടെ പ്രസിദ്ധീകരണത്തിനു തന്റെ "മാന്യമായ" കുടുംബനാമം ഉപയോഗിക്കുന്നത് ഇഷ്ടപ്പെടാതിരുന്നതു കൊണ്ട്, മുത്തച്ഛിയുടെ താർത്താർ കുടുംബനാമം അവർ എഴുത്തുപേരായി തെരഞ്ഞെടുത്തു.[4] യുവകവി നിക്കോളായ് ഗൂമില്യോവിനെ അന്ന പരിചയപ്പെട്ടത് 1903-ലെ ക്രിസ്മസ് പൂർ‌വസന്ധ്യയിലാണ്‌. 1905 മുതൽ അദ്ദേഹം വിവാഹാഭ്യർത്ഥനയുമായി അവരെ പിന്തുടർന്നു. അക്കാലത്ത്, വലിയ ഉത്സാഹമില്ലാതെ അവർ ഒരു സുഹൃത്തിന്‌ ഇങ്ങനെ എഴുതി:,“അദ്ദേഹം മൂന്നു വർഷമായി എന്നെ പ്രേമിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യയാവുകയെന്നത് എന്റെ വിധിയാണെന്ന് തോന്നുന്നു. ഇയാളോട് സ്നേഹമുണ്ടൊ എന്ന് എനിക്കറിയില്ല; ഉണ്ടെന്നു തോന്നുന്നു.”;[3] 1910-ൽ അവർ വിവാഹിതരായി. നിക്കോളായ് അവരെ എഴുതാൻ പ്രോത്സാഹിപ്പിക്കുകയും "സിറിയസ്" എന്ന തന്റെ പത്രികയിൽ അവരുടെ കവിതകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1907-ൽ 17 വയസ്സുള്ളപ്പോഴാണ്‌ അഖ്മത്തോവയുടെ ആദ്യകവിത പ്രസിദ്ധീകരിച്ചത്. "അയാളുടെ കയ്യിൽ ഒട്ടേറെ തിളങ്ങുന്ന മോതിരങ്ങളുണ്ട്" എന്നോ മറ്റോ പരിഭാഷപ്പെടുത്താവുന്ന ശീർഷകമായിരുന്നു ആ കവിതയ്ക്ക്. "അന്ന ജി" എന്ന പേരിലാണ്‌ അത് പ്രസിദ്ധീകരിച്ചത്.[3] സദസ്സുകൾക്കു മുൻപിൽ പതിവായി കവിതാവായന നടത്തിയിരുന്ന അഖ്മത്തോവ. താമസിയാതെ സെയ്ന്റ് പീറ്റേഴ്സ്ബർഗ്ഗിലെ സാഹിത്യകുതുകികൾക്കിടയിൽ അറിയപ്പെടാൻ തുടങ്ങി. 1910-ലെ ശരൽക്കാലത്ത് അവർ ഓസിപ്പ് മാൻഡെൽസ്റ്റം, സെർജീ ഗോരോഡെറ്റ്സ്കി തുടങ്ങിയവരുമായി ചേർന്ന് കവികളുടെ ഒരു കൂട്ടായ്മ രൂപീകരിച്ചു. പ്രചോദനത്തേയോ, നിഗൂഢതയേയോ എന്നതിനു പകരം ശില്പതന്ത്രത്തെ കവിതയുടെ മുഖ്യഘടകമായി കണ്ട ഒരു പ്രസ്ഥാനമായിരുന്നു അത്. ഈ കൂട്ടായ്മ പിൽക്കാലത്ത് സിംബലിസത്തിനെതിരായി അക്‌മിസം(Acmeism) എന്ന സിദ്ധാന്തത്തിലെത്തി നിന്നു.[2]

സൗന്ദര്യത്തേക്കാൾ ശക്തമായ ഒരുതരം തീക്ഷ്ണവശ്യത ഉണ്ടായിരുന്ന അവർ ഉന്നതന്മാരടക്കം ഒട്ടേറെ പുരുഷന്മാരുടെ ശ്രദ്ധ ആകർഷിച്ചു. കവി ഓസിപ്പ് മാൻഡെൽസ്റ്റമുമായി അവർ പ്രേമത്തിലായിരുന്നു. കാലം കഴിഞ്ഞതോടെ അഖ്മത്തോവയ്ക്ക് മാപ്പുനൽകാൻ തനിക്കായെന്ന് മാൻഡെൽസ്റ്റമിന്റെ പത്നി നഡേഷാ അവരുടെ ജീവചരിത്രത്തിൽ എഴുതിയിട്ടുണ്ട്.[5]

അഖ്മത്തോവയുടെ മകൻ ലെവ് ഗൂമില്യോവ് 1912-ലാണ്‌ ജനിച്ചത്. അദ്ദേഹം പിന്നീട് അറിയപ്പെടുന്ന ഒരു നവ-യൂറേഷ്യൻ ചരിത്രകാരനായിത്തീർന്നു.[1]

"രജതയുഗം"

[തിരുത്തുക]

1912-ൽ കവിസംഘം അവരുടെ കവിതകളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ചു. "സായാഹ്നം" എന്ന പേരിൽ പ്രസിദ്ധീകരിച്ച ആ സമാഹാരം, 9 വർഷത്തിനിടെ ഇറങ്ങിയ 5 സമാഹാരങ്ങളിൽ ആദ്യത്തേതായിരുന്നു. ആദ്യത്തെ പതിപ്പിലെ 500 പ്രതികൾ പെട്ടെന്ന് വിറ്റഴിയുകയും സാഹിത്യപത്രികകളിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മനശാസ്ത്രപരമായ പിരിമുറുക്കം കാട്ടിയ ലഘുകവിതകളായിരുന്നു സമാഹാരത്തിൽ ഉണ്ടായിരുന്നത്. സുഭഗമായ പദയോജനയും, പിടിച്ചുനിർത്തുന്ന വിശദാംശങ്ങളും വർണ്ണപ്പൊലിമയും അവയുടെ പ്രത്യേകതകളായിരുന്നു. സായാഹ്നവും അതിനെ പിന്തുടർന്ന നാലു സമാഹാരങ്ങളും പ്രേമഭാവത്തിന്റെ ഹ്രസ്വചിത്രങ്ങളായിരുന്നു; അഖ്മത്തോവയുടെ ആദ്യകാലകവിതകൾ, സ്ത്രീപുരുഷ ബന്ധത്തിന്റെ ഏറ്റവും ഹൃദയസ്പൃക്കും സന്നിഗ്‌ധവുമായ നിമിഷങ്ങളുടെ ചിത്രങ്ങളായിരുന്നു. അത്തരം കവിതകൾ ഏറെ അനുകരിക്കപ്പെട്ടതിനു പുറമേ പിൽക്കാലത്ത്, നബക്കോബിനെപ്പോലുള്ളവരുടെ വികൃതാനുകരണങ്ങൾക്കും വിഷയമായി. തന്റെ രചനകളുടെ തെരഞ്ഞെടുപ്പിൽ അഖ്മത്തോവ ഏറെ ശ്രദ്ധകാട്ടി. 1911ന്റെ അവസാനം വരെ എഴുതിയ 20-ഓളം കവിതകളിൽ നിന്ന് അവർ പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുത്തത് വെറും 35 എണ്ണം മാത്രമായിരുന്നു.[2] (1911 സെപ്തംബർ 29-നെഴുതിയ "അവസാനത്തെ കൂടിക്കാഴ്ചയുടെ പാട്ട്", തന്റെ 200-ആമത്തെ കവിതയായിരുന്നെന്ന് അഖ്മത്തോവ പറയുന്നുണ്ട്.) ശ്രദ്ധിക്കേണ്ട ഒരു പുതിയ എഴുത്തുകാരിയെന്ന നിലയിൽ അവരുടെ സ്ഥാനം ഉറപ്പിക്കാൻ ഈ പുസ്തകം സഹായിച്ചു.[1] ചാരക്കണ്ണൻ രാജാവ്, കാട്ടിൽ, ജലപ്പരപ്പിൽ, എനിക്കിനി കാലുകൾ വേണ്ട തുടങ്ങിയ കവിതകൾ അവരുടെ പ്രശസ്തി വർദ്ധിപ്പിച്ചതിനെക്കുറിച്ച് അവർ ഇങ്ങനെ എഴുതി.

ഒരു ഇളക്കക്കാരിപ്പെൺകുട്ടിയുടെ ആ ബാലിശരചനകൾക്ക് എന്തുകൊണ്ടോ പതിമൂന്നു പതിപ്പുകൾ ഉണ്ടായി [...] ഒട്ടേറെ പരിഭാഷകളും അവയ്ക്കുണ്ടായി. അവയ്ക്ക് അത്തരം ഒരു സ്വീകരണം ലഭിക്കുന്നത് ആ പെൺകുട്ടി സ്വപ്നം കണ്ടിരുന്നില്ല. അവ ആദ്യം പ്രസിദ്ധീകരിച്ചുവന്ന മാസികകളെ അവൾ സോഫായുടെ കുഷനുകൾക്കു താഴെ ഒളിച്ചുവയ്ക്കുക പോലും പതിവായിരുന്നു.[3]

അന്ന അഖ്മത്തോവയുടെ 1914-ലെ ചിത്രം, ചിത്രകാരി, ഓൾഗാ ഡെല്ലാ വോസ് കർദോവ്സ്കായ

1914 മാർച്ചുമാസത്തിൽ ഇറങ്ങിയ "ജപമാല" എന്ന രണ്ടാം സമാഹാരത്തോടെ, അക്കാലത്തെ ഏറ്റവും ജനസമ്മതിയുള്ള കവികളിൽ ഒരാളായി അഖ്മത്തോവ അംഗീകരിക്കപ്പെട്ടു.[2] ആയിരക്കണക്കിനു സ്ത്രീകൾ "അഖ്മത്തോവയെ ബഹുമാനിച്ചും" അവരുടെ ശൈലി അനുകരിച്ചും കവിതകൾ എഴുതിയപ്പോൾ അഖ്മത്തോവയുടെ പ്രതികരണം ഇതായിരുന്നു: "നമ്മുടെ പെണ്ണുങ്ങളെ ഞാൻ വർത്തമാനം പറയാൻ പഠിപ്പിച്ചു. എന്നാൽ അവരെ മിണ്ടാതിരിക്കാൻ പഠിപ്പിക്കേണ്ടതെങ്ങനെയെന്ന് എനിക്കറിഞ്ഞുകൂടാ." [1] അവരുടെ പ്രൗഢമായ പെരുമാറ്റരീതിയും കലാപരമായ സത്യസന്ധതയും അവർക്ക് "നേവയിലെ റാണി", "രജതയുഗത്തിന്റെ ആത്മാവ്", തുടങ്ങിയ വിശേഷണങ്ങൾ നേടിക്കൊടുത്തു. റഷ്യൻ കവിതയിൽ ആ കാലഘട്ടം രജതയുഗം എന്നാണ്‌ പിന്നീട് അറിയപ്പെട്ടത്. "നായകനില്ലാത്ത കവിത" എന്ന പേരിൽ ദശകങ്ങൾക്കുശേഷം എഴുതിയ പ്രസിദ്ധമായ ദീർഘകവിതയിൽ, തന്റെ ജീവിതത്തിലെ ഏറ്റവും അനുഗൃഹീതമായ കാലമായി അവർ ഇതിനെ അനുസ്മരിക്കുന്നുണ്ട്.(1940–65).[6] അമീദിയോ മോദിഗ്ലിയാനി, ബോറിസ് പാസ്റ്റർനാക്ക് തുടങ്ങിയ പ്രമുഖ സാഹിത്യകാരന്മാർ അവരുടെ ഉറ്റസുഹൃത്തുക്കളായി. വിവാഹിതനായിരുന്നിട്ടും, പാസ്റ്റർനാക്ക് പലവട്ടം അവരോട് വിവാഹാഭ്യർത്ഥന നടത്തി.[7] അലക്സാണ്ടർ ബ്ലോക്ക് എന്ന കവിയുമായി അവരെ ബന്ധപ്പെടുത്തുന്ന കഥകളും അക്കാലത്ത് പ്രചരിച്ചിരുന്നു.[2]

1914 ആഗസ്റ്റ് മാസം ജർമ്മനി റഷ്യയോട് യുദ്ധപ്രഖ്യാപനം നടത്തി. റഷ്യൻ കവിതയിലെ രജതയുഗം അവസാനിക്കുകയായിരുന്നു; ഒന്നാം ലോകമഹായുദ്ധവും, ആഭ്യന്തരയുദ്ധവും വിപ്ലവവും റഷ്യയെ കീഴ്‌മേൽ മറിച്ചു. അഖ്മത്തോവയുടെ ഭർത്താവ് ഗൂമില്യോവ് റഷ്യൻ സൈന്യത്തിൽ ചേർന്നു.

1918-ൽ തന്റെ പ്രശസ്തിയുടെ ഉച്ചിയിൽ അഖ്മത്തോവ ഗൂമില്യോവിൽ നിന്ന് വിവാഹമോചനം നേടി. ഏറെക്കാലം വേർപെട്ടുകഴിഞ്ഞിരുന്ന അവരിരുവർക്കും ഒട്ടേറെ ഇതരബന്ധങ്ങൾ ഉണ്ടായിരുന്നു.[1][2] വിവാഹമോചനത്തിനു ശേഷം അഹ്മതോവ, മൊസായിക് കലാകാരനും കവിയുമായ ബോറിസ് അൻറെപ്പുമായി അടുപ്പത്തിലായി; അവരുടെ അക്കാലത്തെ കവിതകളിൽ പലതും അദ്ദേഹത്തെക്കുറിച്ചായിരുന്നു‌. അഖ്മത്തോവയെ ഉൾപ്പെടുത്തിയ മൊസായിക്കുകൾ അദ്ദേഹവും സൃഷ്ടിച്ചു.[8] അയർലണ്ടിലെ മല്ലിങ്ങറിലുള്ള യേശുരാജന്റെ ഭദ്രാസനപ്പള്ളിയിൽ അദ്ദേഹം തീർത്ത വിശുദ്ധ ആനിയുടെ രൂപത്തിൽ, ആനി എന്നതിനു "അന്ന" എന്നാണെഴുതിയിരിക്കുന്നത്. 20-കളുടെ മദ്ധ്യത്തിലുള്ള അഖ്മത്തോവയുടെ രൂപമാണ്‌ ആ ചിത്രത്തിന്‌. "ദയ"(compassion) എന്ന പേരിൽ നിർമ്മിച്ച മതപരമായ മറ്റൊരു മൊസായിക്കിലും അദ്ദേഹം അഖ്മത്തോവയെ ചിത്രീകരിച്ചു.[9][10]

1917-ൽ, "വെളുത്ത ആട്ടിൻപറ്റം" എന്നു പേരിട്ട തന്റെ മൂന്നാമത്തെ സമാഹാരത്തിലേയ്ക്കുള്ള കവിതകൾ അഖ്മത്തോവ തെരഞ്ഞെടുത്തു. ഈ സമാഹാരത്തിൽ, അഖ്മത്തോവയുടെ വ്യക്തിനിഷ്ടമായ അനുഭൂതികൾ, ചുറ്റുപാടും നടമാടിയിരുന്ന ഭീകരതയുടെ അമർത്തിവച്ച ചിത്രങ്ങളുമായി ഇടകലർന്നു കാണപ്പെടുന്നതായി, കവിയും നിരൂപകനുമായ ജോസെഫ് ബ്രോഡ്‌സ്കി നിരീക്ഷിച്ചിട്ടുണ്ട്.[3] 1917 ഫെബ്രുവരിയിൽ, പീറ്റേഴ്സ്ബർഗ്ഗിൽ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. സൈന്യത്തിലെ ഒരു ഭാഗം പ്രകടനം നടത്തിയ ജനക്കൂട്ടത്തിന്മേൽ നിറയൊഴിക്കുകയും മറ്റൊരു ഭാഗം കലാപമുണ്ടാക്കുകയും ചെയ്തു. അഖ്മത്തോവയുടെ സുഹൃത്തുക്കളിലും സഹപ്രവർത്തകരിലും പലരും റഷ്യ വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേയ്ക്കു പോയി. അൻറെപ്പും അവരിൽ ഒരാളായിരുന്നു. അയാൾ തെരഞ്ഞെടുത്തത് ഇംഗ്ലണ്ടായിരുന്നു. റഷ്യയിൽ തുടരാൻ തീരുമാനിച്ച അഖ്മത്തോവ, അക്കാലത്ത് ഇങ്ങനെ എഴുതി:

മരതകദ്വീപിനുവേണ്ടി, ജന്മനാടിനേയും
അതിന്റെ പാട്ടുകളേയും വിശുദ്ധരൂപങ്ങളേയും
തടാകത്തിലേയ്ക്കു ചാഞ്ഞുനിൽക്കുന്ന പൈൻ‌മരത്തേയും
തള്ളിപ്പറഞ്ഞ, അതേ തള്ളിപ്പറഞ്ഞ നിങ്ങൾ

ഒരു ഒറ്റുകാരനാണ്‌

1918 ആഗസ്റ്റുമാസം, തന്റെ മിക്കവാറും സുഹൃത്തുക്കളുടെ അഭിപ്രായം അവഗണിച്ച്, പ്രമുഖ അസീറിയ വിദഗ്ദ്ധനും കവിയുമായിരുന്ന, വ്ലാഡിമിർ ഷിലേജ്കോയെ അഖ്മത്തോവ വിവാഹം കഴിച്ചു.[2] അതേക്കുറിച്ച് പിന്നീട് അവർ പറഞ്ഞത് ഇതാണ്‌: “എനിക്കാകെ വെടിപ്പില്ലായ്ക തോന്നി. (ഈ പുതിയ ബന്ധം) ഒരു ശുദ്ധീകരണത്തിന്റെ ഫലം ചെയ്യുമെന്ന് ഞാൻ കരുതി; സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ കന്യാസ്ത്രിമഠത്തിൽ ചേരുന്നതുപോലെയായിരുന്നു അത്.” [3] അക്കാലത്തു തന്നെ, നാടകസം‌വിധായകൻ മിഖായേൽ സിമ്മർമാനും സംഗീതജ്ഞൻ ആർതർ ലൂറിയുമായും അവർ അടുത്തു. അഖ്മത്തോവയുടെ പല കവിതകൾക്കും സംഗീതം പകർന്നത് ലൂറിയായിരുന്നു.[11]

ശപ്തവർഷങ്ങൾ

[തിരുത്തുക]
പ്രമാണം:A. Gorenko.jpg
അന്ന അഖ്മത്തോവ

1921-ൽ അന്നയുടെ മുൻഭർത്താവ് നിക്കോളായ് ഗൂമില്യോവിനെ, ബോൾഷെവിക് ഭരണത്തിനെതിരെ രാജപക്ഷ ഗൂഢാലോചനയിൽ പങ്കുചേർന്നതായി ആരോപിച്ച് സർക്കാർ വിചാരണ ചെയ്തു. ആഗസ്റ്റ് 25-ന്‌ മറ്റ് 61 പേരോടൊപ്പം അദ്ദേഹത്തെ വെടിവെച്ചു കൊന്നു. ഏതാനും ദിവസങ്ങൾക്കകം അഖ്മത്തോവ ഇങ്ങനെ എഴുതി:

ഇരുട്ടിൽ, ഭീകരത എല്ലാത്തിനേയും തപ്പിനോക്കുന്നു,
ചന്ദ്രകാന്തിയെ കോടാലിയിലേയ്ക്കു നടത്തുന്നു.
ചുവരിനു പുറത്ത് പേടിപ്പെടുത്തുന്ന ഒരു മുട്ടുകേൾക്കുന്നു
അതു പ്രേതമോ, ചുണ്ടനെലിയോ....

കമ്മ്യൂണിസ്റ്റ് വീക്ഷണകോണിൽ നിന്നുള്ള നിരൂപണം അഖ്മത്തോവയുടെ കവിതയെ, പുതിയ വിപ്ലവബോധവുമായി ഒത്തുപോകാത്ത, "ആത്മനിഷ്ടമായ ബൂർഷ്വാ സൗന്ദര്യബോധത്തിന്റെ സൃഷ്ടി" ആയി വിലയിരുത്തി. ഭരണകൂടവും, പഴയ ആരാധകരും, സുഹൃത്തുക്കളും അവരെ തള്ളിപ്പറഞ്ഞു. കഴിഞ്ഞുപോയൊരു കാലത്തെ പ്രതിനിധാനം ചെയ്യുന്ന അധികപ്പറ്റായി അവർ വിലയിരുത്തപ്പെട്ടു. 1925-ൽ അവരുടെ കൃതികൾ, ഒരു പാർട്ടി പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ അനൗദ്യോഗികമായി നിരോധിക്കപ്പെട്ടതോടെ, കൃതികൾ പ്രസിദ്ധീകരിക്കുക അവർക്ക് ബുദ്ധിമുട്ടായി. എന്നിട്ടും അവർ കവിതയെഴുത്തു തുടർന്നു. കൂടാതെ, പുഷ്കിനേയും, ദോസ്റ്റോവ്സ്കിയേയും സംബന്ധിച്ച അക്കാദമിക രചനകൾക്കും, പരിഭാഷകൾക്കും നിരൂപണത്തിനും, പ്രബന്ധരചനയ്ക്കും മറ്റും അവർ സമയം കണ്ടെത്തി. റഷ്യയ്ക്കകത്തും പുറത്തുമുള്ള പല നിരീക്ഷകരും അവർ മരിച്ചുപോയതായി കരുതിയിരുന്നു.[1] വിക്ടർ യൂഗോ, രബീന്ദ്രനാഥ ടാഗോർ, ഗിയാകോമോ ലിയോപാർദി തുടങ്ങിയവരുടെ രചനകൾ അവർ ഇക്കാലത്ത് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.[3] രാജ്യവ്യാപകമായ അടിച്ചമർത്തലിന്റേയും, "ശുദ്ധീകരണത്തിന്റേയും" ഫലമായി, സെയ്ന്റ് പീറ്റേഴ്സ്ബർഗ്ഗിലെ അവരുടെ സുഹൃദ്‌വൃന്ദം ശോഷിച്ചു. ഉറ്റസുഹൃം സഹകവിയും ആയിരുന്ന ജോസെഫ് മെൻഡസ്റ്റാം നാടുകടത്തപ്പെടുകയും ഗുലാഗിലെ തടങ്കല്പാളയത്തിൽ പിന്നീട് മരിക്കുകയും ചെയ്തു. സ്റ്റാലിൻ ഭരണകൂടം അവരുടെ മകൻ ലെവിനെ പ്രതിവിപ്ലവപ്രവർത്തനങ്ങൾ ആരോപിച്ച് പലവട്ടം അറസ്റ്റു ചെയ്ത് ജയിലിലിട്ടു. മകനു ഭക്ഷണപ്പോതികൾ കൊടുക്കാനും അവനുവേണ്ടി വാദിക്കാനുമായി അവർ പലപ്പോഴും മണിക്കൂറുകളോളം ക്യൂവിൽ നിന്നു. 1935 ആയപ്പോഴേയ്ക്ക്, നാടുകടത്തപ്പെട്ടുപോകുന്ന ആരെയെങ്കിലും യാത്രയയക്കാനായി തീവണ്ടി സ്റ്റേഷനിൽ എത്തിയപ്പോഴൊക്കെ തനിക്ക്, നോക്കുന്നിടത്തോക്കെ സുഹൃത്തുക്കളെ കാണേണ്ടിവന്നെന്ന് അവർ പറയുന്നു - പീറ്റേഴ്സ്ബർഗ്ഗിലെ ബൗദ്ധിക-സാംസ്കാരികജീവിതത്തിന്റെ നായകന്മാർ പലപ്പോഴും ഒരേ തീവണ്ടിയിൽ തന്നെയാണ്‌ നാടുകടത്തപ്പെട്ടുപോയത്.[2] ഇതിനിടെ കലാനിരൂപകനും ആജീവനാന്തസുഹൃത്തുമായിരുന്ന നിക്കോളായ് പൂണിനെ വിവാഹം കഴിച്ച അഖ്മത്തോവ, 1935 വരെ അദ്ദേഹത്തോടൊപ്പം കഴിഞ്ഞു. പലവട്ടം അറസ്റ്റുചെയ്യപ്പെട്ട അദ്ദേഹവും ഒടുവിൽ മരിച്ചത് ഗുലാഗിലെ തടവിലാണ്‌.[12] അഖ്മത്തോവയുടെ "റെക്വിയം" എന്ന ദുരുന്തകവിതകളുടെ പരമ്പര, ഇക്കാലത്തെ അനുഭവങ്ങളുടെ രേഖയാണ്‌; താൻ എഴുതുമ്പോൾ, പീഡിതമായ തന്റെ നാവിലൂടെ, "ശതകോടി സ്വരങ്ങൾ ആർത്തലയ്ക്കുന്നതായി" അവർ എഴുതി.

പതിനേഴുമാസങ്ങൾ ഞാൻ
നിന്റെ തിരിച്ചുവരവിനായി കേണു.
ആരാച്ചാരുടെ കാലിൽ കുമ്പിട്ടു വീണു.
എന്റെ ഭീതി, എന്റെ മകൻ
എനിക്കൊന്നും മനസ്സിലാക്കാനാവുന്നില്ല.
എല്ലാം നിത്യമായ ചിന്താക്കുഴപ്പത്തിലാണ്‌.
ആരാണു മൃഗം, ആരാണു മനുഷ്യൻ?
വധശിക്ഷയ്ക്കുള്ള കാത്തിരിപ്പ് എത്രനാൾ?

1939 മുതൽ

[തിരുത്തുക]

1939-ൽ അഖ്മത്തോവയുടെ കവിതകളുടെ ഒരു വാല്യം പ്രസിദ്ധീകരിക്കുന്നതിന്‌ സ്റ്റാലിൻ അനുമതി നൽകി - "ആറു പുസ്തകങ്ങളിൽ നിന്ന്" എന്നു പേരിട്ട ആ വാല്യം എന്നാൽ ഏതാനും മാസങ്ങൾക്കകം പിൻ‌വലിക്കുകയും നശിപ്പിക്കുകയും ചെയ്തു.[1] ഇക്കാലം മുതൽ അധികാരികൾ അഖ്മത്തോവയുടെ വീട് രഹസ്യമായി നിരീക്ഷിക്കാനും, അവരുടെ ഗതിവിഗതികൾ രേഖപ്പെടുത്തുന്ന ഒരു ഫയൽ സൂക്ഷിക്കാനും തുടങ്ങിയിരുന്നെന്ന് 1993-ൽ വെളിപ്പെടുത്തപ്പെട്ടു. അവർക്കെതിരായ ശേഖരിച്ച തെളിവുകൾ, റിപ്പോർട്ടുകളും, ഫോൺ സംഭാഷണവിവരങ്ങളും, രചനകളിൽ നിന്നുള്ള ഉദ്ധരണികളും, സുഹൃത്തുക്കളുടെ കുംബസാരങ്ങളും ആയി 900 പുറങ്ങളോളം വന്നു.[13] എന്നാൽ ഔദ്യോഗികമായി അടിച്ചമർത്തപ്പെട്ടിട്ടും, അഖ്മത്തോവയുടെ രചനകൾ രഹസ്യത്തിൽ കാതോടുകാതായി പ്രചരിക്കുന്നുണ്ടായിരുന്നു. ഗുലാഗുകളിൽ അവ ഒളിവിൽ വായിക്കപ്പെട്ടു.[5][14]

രണ്ടാം ലോകമഹായുദ്ധത്തിൽ ലെനിൻ ഗ്രാഡിന്റെ 900 ദിവസം ദീർഘിച്ച ഉപരോധത്തിനു അഖ്മത്തോവ സാക്ഷിയായി. 1940-ൽ "നായകനില്ലാതെ" എന്ന തന്റെ കവിതയുടെ രചന തുടങ്ങിയ അഖ്മത്തോവ അതിന്റെ ആദ്യരൂപം താഷ്കന്റിൽ വച്ച് എഴുതിത്തീർത്തു. എന്നാൽ ആ കൃതിയെ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനരചനയായി കണക്കാക്കിയ അവർ 20 വർഷക്കാലം അതിന്റെ തിരുത്തൽ തുടർന്നു. പൂർത്തിയായപ്പോൾ അത് സമർപ്പിച്ചത് ലെനിൻ ഗ്രാഡിന്റെ ഉപരോധത്തിൽ മരിച്ച തന്റെ സുഹൃത്തുക്കൾക്കും നാട്ടുകാർക്കുമായിരുന്നു. അവരായിരുന്നു ആ കൃതിയുടെ ആദ്യത്തെ കേൾവിക്കാർ.[3] 1941-ലെ ശരൽക്കാലത്ത് അഖ്മത്തോവയെ ലെനിൻ‌ഗ്രാഡിൽ നിന്ന് ചിസ്റ്റോപ്പോളിലേയ്ക്കും തുടർന്ന് കൂടുതൽ ഹരിതവും സുരക്ഷിതവുമായ താഷ്കന്റിലേയ്ക്കും മാറ്റിപ്പാർപ്പിച്ചു. അക്കാലത്ത് അഖ്മത്തോവ റ്റൈഫസ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായി. ചെറുപ്പത്തിൽ ശ്വാസകോശസംബന്ധമായ രോഗങ്ങളും ക്ഷയവും അവരെ ബാധിച്ചിരുന്നു. ലെനിൻ‌ഗ്രാഡിൽ മടങ്ങിയെത്തിയ അഹ്മതോവ, "എന്റെ പട്ടണമായി അഭിനയിക്കുന്ന ഒരു ഭീകരസത്വത്തെ" ആണ്‌ കണ്ടതെന്ന് പരാതിപ്പെട്ടു. അക്കാലത്ത് ദേശാഭിമാനഭരിതമായ അവരുടെ കവിതകൾ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ മുഖപത്രമായ 'പ്രവദ'-യുടെ മുൻ‌പുറങ്ങളിൽ സ്ഥാനം കണ്ടെത്തി. സൈനിക ആശുപത്രികളിലും യുദ്ധമുന്നണിയിലും അവർ പട്ടാളക്കാർക്കു വായിച്ചുകൊടുക്കുമായിരുന്നു; അഖ്മത്തോവയുടെ ഇക്കാലത്തെ രചനകളിൽ അന്നത്തെ സമരത്തിൽ പങ്കെടുത്തവരുടേയും അതിനിടയിൽ തന്നെ വിട്ടുപോയവരുടേയും സ്വരമായിരുന്നു. കാല്പനിക പ്രമേയങ്ങൾ വിട്ട് കൂടുതൽ വൈവിദ്ധ്യവും സങ്കീർണ്ണതയും ദാർശനികമാനവുമുള്ള രചനകളിലേയ്ക്ക് അവർ തിരിഞ്ഞത് ഇക്കാലത്തായിരുന്നു.[1]

1946-ൽ പാശ്ചാത്യ യഹൂദ ലിബറൽ ചിന്തകനായ ഐസയാ ബെർലിൻ അഹ്മതോവയെ സന്ദർശിച്ചത് അധികാരികളെ അരിശപ്പെടുത്തി. കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരിയായിരുന്ന ആന്ദ്രേ ഷഡനോവ് അഹ്മതോവയെ "പകുതി വേശ്യയും പകുതി കന്യാസ്ത്രിയും" എന്നു വിശേഷിപ്പിക്കുകയും അവരുടെ രചനകളെ "അഴകിച്ചമഞ്ഞ ഒരു ഉപരിവർഗ്ഗസ്ത്രീയുടെ കവിത" എന്നു പരിഹസിക്കുകയും ചെയ്തു. "സ്വേസ്‌ദാ", "ലെനിൻ‌ഗ്രാഡ്" എന്നീ ആനുകാലികങ്ങളിൽ അവരുടെ കവിതകൾ പ്രസിദ്ധീകരിക്കുന്നത് ഷഡനോവ് നിരോധിച്ചു. അഖ്മത്തോവ റഷ്യൻ യുവതയുടെ മനസ്സിനെ വിഷലിപ്തമാക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിക്കപ്പെട്ടു. അവർക്കു മേലുള്ള സർക്കാർ നിരീക്ഷണവും കണിശമാക്കി. അതേ വർഷം തന്നെ അഖ്മത്തോവ സോവിയറ്റ് എഴുത്തുകാരുടെ സംഘത്തിൽ നിന്ന് പുറത്താക്കപ്പെട്ടു.[1]

അവരുടെ വസതി സന്ദർശിച്ചത് ഐസയാ ബെർളിൽ ഇങ്ങനെ വിവരിക്കുന്നു:

അവിടെ വീട്ടുസാമാനമെന്നു പറയാനായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല—ഉപരോധത്തിന്റെ സമയത്ത് അതിലുണ്ടായിരുന്നതെല്ലാം തന്നെ കൊള്ളയടിക്കപ്പെടുകയോ വിൽക്കേണ്ടി വരുകയോ ചെയ്തെന്നാണ്‌ ഞാൻ കേട്ടത്. . . . . . ഒരു ഷോൾ കൊണ്ട് തോൾ മറച്ച, നരച്ചമുടിയുള്ള പ്രതാപിയായ ഒരു സ്ത്രീ, പതുക്കെ എഴുന്നേറ്റ് ഞങ്ങളെ സ്വീകരിച്ചു. മെല്ലെയുള്ള അംഗവിക്ഷേപങ്ങളും, കുലീനതയുള്ള ശിരസ്സും, സുന്ദരമെങ്കിലും കാർക്കശ്യം ചേർന്ന ഭാവവും, അതിരില്ലാത്ത ദു:ഖവും അവരിൽ പ്രകടമായി.

[3]

1953-ലെ സ്റ്റാലിന്റെ മരണത്തിനുശേഷം, റഷ്യയിലെ കവികൾക്കിടയിൽ അഖ്മത്തോവയ്ക്കുള്ള സ്ഥാനം പാർട്ടി നേതൃത്വം ക്രമേണ അംഗീകരിച്ചതിനെ തുടർന്ന്, അവരുടെ രചനകളുടെ സെൻസർ ചെയ്യപ്പെട്ട ഒരു പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ സ്റ്റാലിൻ യുഗത്തിലെ "ശുദ്ധീകരണങ്ങളെ" തുറന്നുകാട്ടിയ "റെക്വിയം" എന്ന കൃതി ഒഴിവാക്കപ്പെട്ടു. അത് സോവിയറ്റ് യൂണിയനിൽ ഒരിക്കലും പ്രസിദ്ധീകരിക്കപ്പെടില്ലെന്ന് ഐസയാ ബെർളിൻ പ്രവചിച്ചിരുന്നു.[5]

അന്തിമവർഷങ്ങൾ

[തിരുത്തുക]
പീറ്റേഴ്സ്ബർഗ്ഗിൽ അഖ്മത്തോവയുടെ സംസ്കാരസ്ഥാനം

ജീവിതത്തിന്റെ അവസാനവർഷങ്ങളിൽ അഖ്മത്തോവ റഷ്യയിലും വിദേശത്തും ഏറെ ബഹുമാനിതയായി. പീറ്റേഴ്സ്ബർഗ്ഗിലെ കോമറോവോയിലുള്ള അവരുടെ വസതിയിൽ, അവർ പ്രോത്സാഹിപ്പിച്ചിരുന്ന ജോസഫ് ബ്രോഡ്സ്കിയേയും മറ്റും പോലുള്ള യുവകവികൾ നിത്യസന്ദർശകരായി. 1962-ൽ പ്രഖ്യാതകവി റോബർട്ട് ഫ്രോസ്റ്റ് അവരെ സന്ദർശിച്ചു.[5] 1964-ൽ അഖ്മത്തോവയുടെ 75-ആം ജന്മദിനത്തോടനുബന്ധിച്ച്, അവരുടെ കവിതകളുടെ പുതിയ സമാഹാരങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു.[15] 1965-ൽ താവോർമിനാ പുരസ്കാരവും ഓക്സ്ഫോർഡ് സർ‌വകലാശാലയുടെ ഓണററി ഡോക്ടറേറ്റും സ്വീകരിക്കാനായി, ആജീവനാന്ത സുഹൃത്തും സെക്രട്ടറിയുമായിരുന്ന ലിഡിയ ചുക്കോവ്സ്കയായുമൊത്ത് സിസിലിയും ഇംഗ്ലണ്ടും സന്ദർശിക്കാൻ അനുമതി ലഭിച്ചപ്പോൾ, വിപ്ലവത്തിനു മുൻപുള്ള കാലത്തെ പഴയ സുഹൃത്തുക്കളിൽ പലരേയും കണ്ടുമുട്ടാൻ അവർക്കു കഴിഞ്ഞു.[1] അഖ്മത്തോവയുടെ ഏറ്റവും പ്രസിദ്ധരചനയായ "റെക്വിയം" പുസ്തകരൂപത്തിൽ റഷ്യൻ ഭാഷയിൽ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് 1963-ൽ ജർമ്മനിയിലെ മ്യൂനിക്കിനിലാണ്‌. അതിന്റെ പൂർണ്ണരൂപം റഷ്യയിൽ പ്രസിദ്ധീകരിക്കപ്പെട്ടത് 1987-ലാണ്‌. "മുഴുവൻ ഭൂമിയുടേയും ഗതി"(The Way of All the Earth) എന്ന അവരുടെ ദീർഘകൃതി, മുഴുവനായി 1965-ൽ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.[3]

1965 നവംബറിയിൽ ഹൃദയാഘാതത്തെ തുടർന്ന് അഖ്മത്തോവയെ ആശുപത്രിയിലാക്കി. 1966-ലെ വസന്തകാലത്ത് അവരെ മോസ്കോയിലെ ഒരു സാനിറ്റോറിയത്തിലേയ്ക്കു മാറ്റി. മാർച് 5-ആം തിയതി 76-ആമത്തെ വയസ്സിൽ അവർ ഹൃദയസ്തംഭനം മൂലം മരിച്ചു. മോസ്കോയിലും ലെനിൻ‌ഗ്രാഡിലുമായി നടത്തിയ രണ്ടു അനുസ്മരണച്ചടങ്ങുകളിൽ ആയിരക്കണക്കിനാളുകൾ തടിച്ചുകൂടി. ആദ്യം തുറന്ന ശവമഞ്ചത്തിൽ പ്രദർശിപ്പിച്ച മൃതദേഹം പീറ്റേഴ്സ്ബർഗ്ഗിലെ കോമറോവൊ സിമിത്തേരിയിൽ അടക്കം ചെയ്തു.[16]

അഖ്മത്തോവയുടെ ആരാധകനായിരുന്ന പ്രഖ്യാതചിന്തകൻ ഐസയാ ബെർളിൽ അവരുടെ ജീവിതത്തേയും എഴുത്തിനേയും ഈ വാക്കുകളിൽ സംഗ്രഹിച്ചു.

അപകടം പിടിച്ച ഒരു കാലത്ത് ജീവിച്ചിരുന്ന അഖ്മത്തോവ ധീരതയോടെ പെരുമാറി. പരസ്യമായോ, എന്നോട് സ്വകാര്യമായോ അവർ സോവിയറ്റ് വ്യവസ്ഥയെ വിമർശിച്ച് ഒരു വാക്കുപോലും ഉരിയാടിയില്ല: എന്നാൽ അവരുടെ ജീവിതം മുഴുവൻ തന്നെ (സോവിയറ്റ്)റഷ്യയിലെ അവസ്ഥാവിശേഷത്തിനെതിരെയുള്ള അന്തമില്ലാത്ത കുറ്റപത്രമായിരുന്നു. ഒരു കലാകാരിയെന്ന നിലയിലും കീഴടങ്ങാൻ വിസമ്മതിച്ച ഒരു മനുഷ്യജീവിയെന്ന നിലയിലും ഇന്ന് റഷ്യയിൽ അവരെപ്പോലെ പരക്കെ ബഹുമാനിക്കപ്പെടുന്നവരായി എന്റെ അറിവിൽ മറ്റൊരാളില്ല. അവരുടെ ജീവിതത്തിന്റേയും, തന്റെ നാട് അർഹിക്കാത്തതെന്ന് അവർ കരുതിയ വ്യവസ്ഥയോടുള്ള അവരുടെ വിട്ടുവീഴ്ചയില്ലാത്ത സമരത്തിന്റേയും ഇതിഹാസം അവരെ റഷ്യൻ സാഹിത്യത്തിലെ എന്നല്ല ഇരുപതാം നൂറ്റാണ്ടിലെ റഷ്യൻ ചരിത്രത്തിലെ തന്നെ ഒരു അസാധാരണ വ്യക്തിത്വമാക്കുന്നു.[3]

അവലംബം

[തിരുത്തുക]
  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 Harrington, Alexandra (2006) The poetry of Anna Akhmatova: living in different mirrors. Anthem Press ISBN 978-1-84331-222-2
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 Wells, David (1996) Anna Akhmatova: her poetry ISBN 1-85973-099-X
  3. 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 3.11 Martin, R. Eden (2007) Extended essay -Collecting Anna Akhmatova The Caxtonian Vol. 4 April 2007 Journal of the Caxton Club
  4. Anderson, Nancy K. (2004). The word that causes death's defeat. Yale University Press. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  5. 5.0 5.1 5.2 5.3 James, Clive. "Anna Akhmatova Assessed". Clive's Lives. Slate.com. {{cite web}}: Cite has empty unknown parameter: |coauthors= (help)
  6. "Poem Without a Hero" was inspired by Pushkin's Eugene Onegin
  7. Poets.org Biog
  8. Seehere for mosaic images Mosaics located in the National Gallery in London.
  9. “Ana Achmatova and Mullingar Connection” - broadcast on RTÉ 4th May 2008, ഈ മൊസായിക്കുകളുടെ കഥ, കവി ജോസഫ് വുഡ് പറയുന്നുണ്ട്. Relevant section begins at timestamp 40’43”.
  10. "A propos of Anna Akhmatova: Boris Vasilyevich Anrep (1883 - 1969)," New Zealand Slavonic Journal 1 (1980): 25 - 34 ഇതിൽ വെൻഡി റോസ്ലിനും, അഖ്മത്തോവയും അൻറെപുമായുള്ള ബന്ധത്തിന്റെ കഥ പറയുന്നുണ്ട്.
  11. Elaine Feinstein, Anna of All the Russias: The Life of Anna Akhmatova (London: Weidenfeld and Nicholson, 2005), p. 83.
  12. N. N. (Nikolai Nikolaevich) Punin Diaries Archived 2008-01-05 at the Wayback Machine. Punin died in the Gulag in 1953. സെയിന്റ് പീറ്റേഴ്സ്ബർഗ്ഗിൽ ഫൊണ്ടാങ്കാ നദിയുടെ തീരത്തെ അവരുടെ പഴയ വീട് ഇന്നൊരു അഖ്മത്തോവ മ്യൂസിയമാണ്‌.
  13. By Rappaport, Helen (2002) ജോസഫ് സ്റ്റാലിൻ: ഒരു ജീവചരിത്രസഹായി. ABC-CLIO Ltd p2 ISBN 1-57607-208-8
  14. Booker, M. K (2005) Encyclopaedia of Literature and Politics:Censorship, Revolution, and Writing Vol. 1 A-G. Greenwood p21 ISBN 0-313-32939-7
  15. Harrison E. Salisbury, "Soviet" section of "Literature" article, page 502, Britannica Book of the Year 1965 (covering events of 1964), published by The Encyclopaedia Britannica, 1965
  16. McReynolds, Louise and Neuberger, Joan (2002) Imitations of life: two centuries of melodrama in Russia Duke University Press p293
"https://ml.wikipedia.org/w/index.php?title=അന്ന_അഖ്മത്തോവ&oldid=3649940" എന്ന താളിൽനിന്ന് ശേഖരിച്ചത്