വർണ്ണശ്രുതിഭേദം
ശ്വാസകോശങ്ങളിൽനിന്നും പുറത്തേക്ക് വരുന്ന നിശ്വാസവായു കണ്ഠരന്ധ്രത്തിൽ പ്രവേശിച്ച് അവിടെനിന്നും കണ്ഠം, താലു മുതലായ മുഖോദരസ്ഥാനങ്ങളിൽ തട്ടി വെളിയിലേക്കു പോകുമ്പോൾ വർണ്ണങ്ങൾക്ക് പലമാതിരി ശ്രുതി ഭേതം ഉണ്ടാകുന്നതിന് പാണിനി പറയുന്ന ആറുവക കാരണങ്ങലാണ് വർണ്ണശ്രുതിഭേദം. ഈ 6 കാരണങ്ങളാലാണ് വർണ്ണങ്ങൾക്ക് പല മാതിരി ധ്വനി ഉണ്ടാകുന്നതും പല അക്ഷരങ്ങൾ ഉണ്ടാകാനും കാരണം ആകുന്നത്.[1]
ഉച്ചാരണ വായുവിനെ എപ്രകാരമാണ് വെളിയിലേക്ക് ഉച്ചരിക്കുന്നത് എന്നതിന്റ അടിസ്ഥാനത്തിൽ ആണ് ഇവിടെ ധ്വനി ഉണ്ടാകുന്നത്.
അനുപ്രദാനം,കരണവിഭ്രമം,സംസർഗ്ഗം,മാർഗ്ഗഭേദം,സ്ഥാനഭേദം,പരിമാണം എന്നീ 6 ഉച്ചാരണ നയങ്ങൾ ആണ് പ്രധാനമായും പറഞ്ഞു വരുന്നത്.
അനുപ്രദാനം
[തിരുത്തുക]ശ്വാസത്തെ വെളിയിലേക്ക് വിടുന്നതിന്റെ മാതിരിഭേദം എന്നാണ് അർഥം. നാവിന്റെ അഗ്രം, ഉപാഗ്രം, മധ്യം, മൂലം, പാർശ്വങ്ങൾ എന്നിവ കൊണ്ട് കണ്ഠാദിസ്ഥാനങ്ങളിൽ ശ്വാസത്തെ തട്ടിത്തടഞ്ഞോ തടയാതെയോ വിടാം. തടയുന്നതുതന്നെ അല്പമായിട്ടോ പകുതിയായിട്ടോ ആകാം. കണ്ഠാദി സ്ഥാനം അല്ലെങ്കിൽ മുഖോദരസ്ഥാനം എന്നു പറഞ്ഞാൽ കണ്ഠം, താലു, മൂർധാവ്, വർത്സം, ദന്തം, ഓഷ്ഠം എന്നീ സ്ഥാനങ്ങളാണ്. അനുപ്രദാനം നാലുവിധമുണ്ട്:
- 1. അസ്പൃഷ്ടം
- 2. സ്പൃഷ്ടം
- 3. ഈഷൽസ്പൃഷ്ടം
- 4. നേമസ്പൃഷ്ടം
സ്വരം എന്ന വാക്കിന്റെ അർഥം തന്നെ ഒരു തടസ്സവുമില്ലാതെ സ്വരിക്കുന്നത് എന്നാണ്. ഒഴുകുക എന്നും പറയാം. ഓരോ വ്യഞ്ജനത്തിലും സ്വരം അടങ്ങിയിരിക്കുന്നു. അങ്ങനെ സ്വരം വ്യഞ്ജിക്കുന്നതുകൊണ്ടാണ് വ്യഞ്ജനം എന്ന പേരുണ്ടായത്.
ശ്വാസത്തെ നാവിന്റെ അഗ്രം (അറ്റം), ഉപാഗ്രം (അറ്റത്തിനടുത്ത ഭാഗം) മധ്യം, മൂലം, വശങ്ങൾ ഇതുകളിൽ ഒന്നുകൊണ്ട് കണ്ഠാദിസ്ഥാനങ്ങളിൽ തട്ടിത്തടഞ്ഞോ തടയാതെയോ വിടാം; തടയുന്നതിലും അല്പമായിട്ടോ പകുതിയോളമോ തടയാം. തടയാതെ വിടുന്നത് അസ്പൃഷ്ടം.
വർഗ്ഗാക്ഷരങ്ങളെ ഉച്ചരിക്കുമ്പോൾ കണ്ഠാദിസ്ഥാനങ്ങളിൽ ജിഹ്വാഗ്രാദികരണങ്ങളുടെ ബലമായ സ്പർശംകൊണ്ട് വായു നിശ്ശേഷം തടയുന്നു. തടസ്സം നീക്കുമ്പോൾ ഉണ്ടാകുന്ന ധ്വനിവർണ്ണങ്ങൾക്കു സ്പർശാധിക്യമുള്ളതുകൊണ്ടാണ് ‘സ്പർശം' എന്നു പേർ വന്നത്.
ശ – ഷ – സ എന്ന ഊഷ്മാക്കൾക്കും ഹ എന്ന ഘോഷിക്കും നേമസ്പൃഷ്ടം ഇവയെ ഉച്ചരിക്കുമ്പോൾ സ്ഥാനങ്ങളിൽ കരണങ്ങൾക്കു പകുതിയോളം സ്പർശം ഉണ്ട്. യ-വ-ര-ല-ഴ-റ-ള എന്ന മധ്യമങ്ങൾക്ക് ഈഷൽസ്പൃഷ്ടം ഇവയിൽ സ്പർശം സ്വല്പമേ ഉള്ളു. സ്പർശം കൂടുന്നിടത്തോളം തടസ്സം കൂടും. തടസ്സം കൂടുന്നിടത്തോളം ശ്വാസം വെളിയിൽ പുറപ്പെടായ്കയാൽ വർണ്ണത്തെ തനിയേ ഉച്ചരിക്കുവാനുള്ള സൗകര്യം കുറയും. ഒട്ടും സ്പർശമില്ലായ്കയാൽ സ്വരങ്ങളെ തനിയേ ഉച്ചരിക്കാം. സ്പർശം ബലമാകയാൽ വർഗ്ഗാക്ഷരങ്ങളെ സ്വരസഹായത്തോടുകൂടിയേ ഉച്ചരിക്കുവാൻ സാധിക്കുകയുള്ളു.
സ്പർശം കുറയുന്നതിനാൽ മധ്യമങ്ങളെ സ്വരം ചേർക്കാതെയും ഒരുവിധം ഉച്ചരിക്കാം. അതിനാൽത്തന്നെ യ – വ – ര – ല – ഴ – റ – ള – കൾക്ക് ‘മധ്യമം’ എന്നുപേർ കൊടുക്കുന്നത് സ്വരങ്ങളുടെയും വ്യഞ്ജനങ്ങളുടെയും മധ്യേനിൽക്കുന്നത് ‘മധ്യമം’ എന്ന് അർത്ഥയോജന. ഇംഗ്ലീഷിൽ ഇവയ്ക്ക് Semi vowels (അർധസ്വരം) എന്നുപേർ ചെയ്തിരിക്കുന്നു.
ശ്വാസത്തെ നാവിന്റെ അഗ്രം (അറ്റം), ഉപാഗ്രം (അറ്റത്തിനടുത്ത ഭാഗം) മധ്യം, മൂലം, വശങ്ങൾ ഇതുകളിൽ ഒന്നുകൊണ്ട് കണ്ഠാദിസ്ഥാനങ്ങളിൽ തട്ടിത്തടഞ്ഞോ തടയാതെയോ വിടാം; തടയുന്നതിലും അല്പമായിട്ടോ പകുതിയോളമോ തടയാം. അല്പം തടയുന്നത് ഈഷൽസ്പൃഷ്ടം.
കരണവിഭ്രമം
[തിരുത്തുക]കരണം എന്നാൽ ഉപകരണം എന്നാണ്. വിഭ്രമം എന്നാൽ ചേഷ്ട. വർണോച്ചാരണത്തിനുള്ള കരണം, അഥവാ ഉപകരണം നാവാണ്. നാവിന്റെ ചേഷ്ടാവിലാസമാണ് കരണവിഭ്രമം.
കണ്ഠരന്ധ്രം തുറന്നുച്ചരിക്കുമ്പോൾ ധ്വനി ഒന്നോടെ വെളിയിലേക്ക് വരും. ഈ ധ്വനിയെ ശ്വാസരൂപധ്വനി എന്നു പറയുന്നു. കണ്ഠരന്ധ്രം ചുരുക്കി വായുവിനെ വെളിയിലേക്ക് വിടുമ്പോൾ ധ്വനി ചെറുതായി ഉള്ളിൽ മുഴങ്ങിപ്പുറപ്പെടും. ഇങ്ങനെയുള്ള ധ്വനിയെ നാദരൂപ ധ്വനി എന്നു പറയും.
ശ്വാസരൂപ ധ്വനികളെ ശ്വാസികൾ എന്നും നാദരൂപ ധ്വനികളെ നാദികൾ എന്നും വിളിക്കുന്നു. സ്വരാക്ഷരങ്ങളിൽ ഖരവും അതിഖരവും ഊഷ്മാക്കളും ശ്വാസികളാണ്. വർഗാക്ഷരങ്ങളിൽ മൃദുഘോഷാനുനാസികങ്ങൾ മധ്യമാക്ഷരങ്ങളും സ്വരങ്ങളും നാദികളാകുന്നു. ഘോഷി എന്ന ഹകാരം ശ്വാസിയുമാണ് നാദിയുമാണ്.
സംസർഗ്ഗം
[തിരുത്തുക]ഒരു ധ്വനിയിൽ മറ്റൊരു ധ്വനി കൂടിച്ചേരുന്നതാണ് സംസർഗം. ഇതിന് ഹകാരം എന്ന ഘോഷിയാണ് ഉപയോഗിക്കുന്നത്. വർഗപ്രഥമമായ ശ്വാസിയായ ഖരത്തോട് ഹകാരം ചേരുമ്പോൾ വർഗദ്വിതീയമായ അതിഖരം ഉണ്ടാകുന്നു. ഉദാ: ക്+ഹ=ഖ.
നാദിയായ വർഗതൃതീയത്തോട് നാദിയായ ഹകാരം ചേരുമ്പോൾ ഘോഷാധിക്യത്താൽ വർഗചതുർഥമായ ഘോഷം ഉണ്ടാകുന്നു. ഉദാ: ഗ്+ഹ=ഘ സംസർഗത്താൽ ഉണ്ടാകുന്ന വർണങ്ങളെ സംസൃഷ്ട വർണങ്ങൾ എന്നുപറയുന്നു. അതിഖരവും ഘോഷവും സംസൃഷ്ട വർണങ്ങളാണ്. സംസൃഷ്ട വർണങ്ങളെ മഹാപ്രാണങ്ങൾ എന്നും അല്ലാത്ത വർണങ്ങളെ അല്പപ്രാണങ്ങൾ എന്നും പറയുന്നു. അതായത് ഖരം അല്പപ്രാണം, അതിന്റെ മഹാപ്രാണം അതിഖരം. മൃദു അല്പപ്രാണം, ഘോഷം മഹാപ്രാണം.
സം സർഗം സ്വരങ്ങളിലുമുണ്ട് എന്ന് എ.ആർ ചൂണ്ടിക്കാട്ടുന്നു. അ+ഇ=എ അ+ഉ=ഒ അ+എ=ഐ അ+ഒ=ഔ
സംസർഗം കൊണ്ടുണ്ടായ സ്വരങ്ങളെ ‘സന്ധ്യക്ഷരങ്ങൾ’ എന്നാണ് പറയുക.അല്ലാത്ത സ്വരങ്ങളെ സമാനാക്ഷരങ്ങൾ എന്നും.
മാർഗ്ഗഭേദം
[തിരുത്തുക]ശ്വാസവായുവിനെ രണ്ടുമാർഗത്തിലൂടെ വെളിയിലേക്ക് വിടാം-നാസികയിലൂടെയും വായിലൂടെയും. നാസികയിലൂടെ വെളിയിൽ വിടുമ്പോഴുണ്ടാകുന്ന വർണങ്ങളാണ് അനുനാസികങ്ങൾ. ങ,ഞ,ണ,ന,മ എന്നിവ അനുനാസികങ്ങളാണ്. അല്ലാത്തവ അനനുനാസികങ്ങൾ അല്ലെങ്കിൽ ശുദ്ധം എന്നു പേർ. നാദികളെ ഉച്ചരിക്കുന്നതു കണ്ഠരന്ധ്രം അമുക്കി ദ്വാരം ചുരുക്കി അല്പാല്പമായിട്ടാണ്. കണ്ഠരന്ധ്രം സങ്കോചിപ്പിച്ചതിനുമേൽ ശ്വാസവായുവിനെ മൂക്കിൽക്കൂടി നിർഗ്ഗമിപ്പിച്ചാൽ വർണ്ണം അനുനാസികമായി; വായിൽക്കൂടിത്തന്നെ ആയാൽ ‘അനനുനാസികം’ അല്ലെങ്കിൽ ‘ശുദ്ധം’.
നാദികൾക്കാണ് ഈ ഭേദം സംഭവിക്കുന്നത്. മൃദുക്കളെ മുഖദ്വാരം അടച്ചു മൂക്കിൽക്കൂടി വിടുന്നതാണ് വർഗ്ഗപഞ്ചമങ്ങളായ അനുനാസികങ്ങൾ. സ്വരങ്ങൾക്കും നാദം ഉണ്ടാകുകയാൽ അനുനാസികാനനുനാസികഭേദം സംഭവിക്കും; ആ ഭേദം സംസ്കൃതത്തിൽ നിലനിൽക്കുന്നുണ്ട്.
സ്ഥാനഭേദം
[തിരുത്തുക]വർണോച്ചാരണവുമായി ബന്ധപ്പെടുന്ന വായുടെ ഉൾഭാഗത്തിലെ സ്ഥാനങ്ങളെ അടിസ്ഥാനമാക്കിയും വർണങ്ങൾ വിഭജിക്കപ്പെടുന്നു. വായയുടെ ഉൾഭാഗം കണ്ഠം, താലു, മൂർധാവ്, ദന്തം, ഓഷ്ഠ ഇവയാണ്. ഇതിലൂടെ വരുന്ന വർണത്തെ വർഗാക്ഷരങ്ങൾ എന്നു പറയുന്നു.
കവർഗം-കണ്ഠ്യം ചവർഗം- താലവ്യം ടവർഗം-മൂർധന്യം തവർഗം-ദന്ത്യം പവർഗം- ഓഷ്ഠ്യം
സ്വരം, മധ്യമം, ഊഷ്മാവ് ഇതുകളിൽ മുറ അല്പം തെറ്റിപ്പോയിട്ടുണ്ട്. സ്വരങ്ങളുടെ പാഠക്രമം അ, ഇ, ഋ, , ഉ എന്നാക്കിയാൽ കണ്ഠ്യാദിയായി ഓഷ്ഠ്യാന്തമായ മുറ ശരിയാകും. മധ്യമങ്ങളിൽ കണ്ഠ്യം ഇല്ല; ഇ, ഋ, , ഉ എന്ന് ഭേദപ്പെടുത്തിയ സ്വരക്രമത്തിന് യ, ര, ല, വ എന്ന മധ്യമക്രമം യോജിക്കും. ശ, ഷ, സ എന്ന ഊഷ്മാക്കൾ താലു- മൂർദ്ധ- ദന്തങ്ങൾ എന്ന മുറയ്ക്കു ചേർന്നുതന്നെ ഇരിക്കുന്നു. കണ്ഠം, ഓഷ്ഠം എന്ന ആദ്യത്തെയും ഒടുവിലത്തെയും സ്ഥാനങ്ങളുടെ സംഘത്തിൽ ഊഷ്മാക്കൾ ഇല്ലെന്നേ ഉള്ളു. ട്ട‘കണ്ഠസ്ഥാനത്തിലേക്കു ഹകാരം ഉണ്ട് എന്നു പറയാം. എന്നാൽ അതു സർവ്വസമ്മതം അല്ല; ‘‘ഹകാരത്തിന് അടുത്ത സ്വരത്തിന്റെ സ്ഥാനമേ ഉള്ളുഎന്നാണു ചിലരുടെ പക്ഷം.
പരിമാണം
[തിരുത്തുക]മാത്ര അല്ലെങ്കിൽ അളവ് എന്നാണ് അർഥം. ഹ്രസ്വ ദീർഘ സ്വരൂപം നോക്കാം.
അ, ഇ,ഉ എന്നിവ ഒരു മാത്രയാണ്. ആ, ഈ, ഊ എന്നിവ രണ്ടുമാത്രയാണ്. സ്വരങ്ങളിലും വ്യഞ്ജനങ്ങളിലും ഈ മാത്രാഭേദമുണ്ട്. തീവ്രധ്വനിയാർന്ന ചില്ല് പിന്നീട് വന്നാൽ ഹ്രസ്വം ദീർഘമാകും.