Jump to content

അനക്സിമാണ്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനക്സിമാണ്ടർ (Ἀναξίμανδρος)
റാഫേൽ 1510-11 കാലത്ത് വരച്ച "ഏഥൻസിലെ പാഠശാല" എന്ന ചിത്രത്തിലെ ഒരു ഭാഗം. ഇടത്തു വശത്തു പൈത്തോഗറസിനെ ചാരി ഇരിക്കുന്ന നിലയിൽ ഇതിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് അനക്സിമാണ്ടർ ആകാം.[1]
ജനനംc. 610 BC
മരണംc. 546 BC (aged around 64)
കാലഘട്ടംPre-Socratic philosophy
പ്രദേശംWestern Philosophy
ചിന്താധാരIonian Philosophy, Milesian school, Naturalism
പ്രധാന താത്പര്യങ്ങൾMetaphysics, astronomy, geometry, geography
ശ്രദ്ധേയമായ ആശയങ്ങൾThe apeiron is the first principle
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ

ഏഷ്യാമൈനറിലെ മിലീറ്റസിൽ ജനിച്ച ശാസ്ത്രജ്ഞനും ദാർശനികനുമായിരുന്നു അനക്സിമാണ്ടർ. ദാർശനികനായ തേലിസിന്റെ സുഹൃത്തും സാമോസ് ചക്രവർത്തി പോളിക്രാറ്റീസിന്റെ രാജസദസ്സിലെ അംഗവുമായിരുന്നു. ജീവിതകാലം ബി.സി. ആറാം നൂറ്റാണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.

അനക്സിമാണ്ടറുടെ കണ്ടുപിടിത്തങ്ങൾ[തിരുത്തുക]

ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം, പ്രപഞ്ചോത്പത്തി എന്നീ ശാസ്ത്രശാഖകളിൽ ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. അന്ന് അറിവുള്ളിടത്തോളം വിവരങ്ങൾ ഉൾപ്പെടുത്തി ഭൂപടം ആദ്യമായി തയ്യാറാക്കിയത് ഇദ്ദേഹമാണ്. പ്രാകൃതഘടികാരം നിർമിച്ചു ഭൂമിക്കു വൃത്തസ്തംഭാകൃതിയാണെന്നും ഭൂഭ്രമണം വക്രപഥത്തിലാണെന്നും അഭിപ്രായപ്പെട്ടു. അയനാന്തങ്ങളും, ദിനരാത്രങ്ങൾ തുല്യമായി വരുന്നകാലം നിർണയിക്കാനുള്ള ഘടികാരസൂചിയും കണ്ടുപിടിച്ചു.

നിർവികല്പമായ ഏതോ ഒരു പദാർഥത്തെ മൌലിക ഘടകമായി സ്വീകരിച്ചു. സ്വയംഭൂവും സജീവവുമായിരുന്നു ആ കണിക. പ്രപഞ്ചഘടനയെക്കുറിച്ചുള്ള ആദ്യത്തെ ശാസ്ത്രീയതത്ത്വം അനക്സിമാണ്ടറുടേതാണെന്നു പറയാം.

അഗോചരവും അപരിചിതവുമായ ആദ്യമൂലകത്തിൽനിന്നു ചൂട്, തണുപ്പ് എന്നീ വൈരുദ്ധ്യങ്ങളുടെ വേർപെടൽ എന്ന പ്രക്രിയയിലൂടെയാണ് പ്രപഞ്ചമെന്ന ബാഹ്യാനുഭവമുണ്ടായത്. വൈരുദ്ധ്യങ്ങളുടെ സംഘട്ടനം തന്നെയാണ് ഈ വേർപെടൽ. ഈ പ്രക്രിയയാണ് അനക്സിമാണ്ടറുടെ പ്രപഞ്ചസിദ്ധാന്തത്തിന്റെ കാതൽ. ചൂടും തണുപ്പും അനന്തതയിൽനിന്നു വേർപിരിഞ്ഞുനിന്നു. തണുപ്പ് ഉള്ളിലൊതുക്കിക്കൊണ്ടുള്ള തീഗോളമുണ്ടായി. അതിന്റെ കേന്ദ്രം ഉറച്ചു ഭൂമിയായി. ഈ പ്രക്രിയ തുടർന്നുപോയി, പ്രപഞ്ചം രൂപപ്പെട്ടു. ഭൂമി, വായു, അഗ്നി, ജലം എന്നീ ഭൂതങ്ങൾ വീണ്ടും യോജിക്കുകയും സംഘട്ടനത്തിലൂടെ വേർപെടുകയും ചെയ്യുമ്പോൾ പ്രപഞ്ചത്തിലെ വിവിധ ലോകങ്ങൾ ഉണ്ടാകുകയും നശിക്കുകയും ചെയ്യുന്നു. പ്രപഞ്ചത്തിന് ഒരു ഉദ്ഭവമുള്ളതിനാൽ അന്ത്യവുമുണ്ടായിരിക്കുമെന്നും അവസാനം പ്രപഞ്ചം ആദ്യമൂലകത്തിലേക്കുതന്നെ തിരിച്ചെത്തുമെന്നും അനക്സിമാണ്ടർ വിശ്വസിച്ചു.

വൈരുദ്ധ്യങ്ങളുടെ വേർപെടൽ അഥവാ സംഘട്ടനം എന്ന അനുസ്യൂതമായ പ്രക്രിയയിലൂടെതന്നെയാണ് ജീവോത്പത്തി; ജലത്തിൽ ഊഷ്മാവിന്റെ പ്രതിപ്രവർത്തനമാണ് ജിവന്റെ ഉത്പത്തിക്കാധാരം; കടൽജീവികളാണ് ആദ്യമുണ്ടായത്; മനുഷ്യൻ മത്സ്യത്തിൽനിന്നാണ് പരിണമിച്ചത് എന്നിങ്ങനെ അനക്സിമാണ്ടർ സിദ്ധാന്തിച്ചു. മത്സ്യാവതാരമെന്ന ഹൈന്ദവ വിശ്വാസത്തോട് ഇതിനു സാദൃശ്യം കാണാവുന്നതാണ്.

അവലംബം[തിരുത്തുക]

  1. ഈ രൂപം ബോത്തിയസിന്റേത് ആണെന്ന് പറയാറെങ്കിലും, അതിന്റെ മുഖത്തിന് അനക്സിമാണ്ടറുടെ ഒരു പ്രതിമയുടെ മുഖരൂപവുമായുള്ള സാമ്യം പരിഗണിക്കുമ്പോൾ ഇത് ആ ദാർശനികന്റെ ചിത്രീകരണമാകാം. റാഫേലിന്റെ ചിത്രത്തിലെ മുഴുവൻ രൂപങ്ങളുടേയും വിശകലനം ഇവിടെ കാണാം.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനക്സിമാണ്ടർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനക്സിമാണ്ടർ&oldid=2686178" എന്ന താളിൽനിന്ന് ശേഖരിച്ചത്