അത്തൻ കുരുക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ബ്രിട്ടിഷ് ഭരണത്തിനെതിരായി മലബാറിൽ വിപ്ളവം സംഘടിപ്പിച്ച നേതാവാണ്‌ അത്തൻ കുരുക്കൾ. ഈസ്റ്റിന്ത്യാ കമ്പനിയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്ന അത്തൻ കുരുക്കളുടെ' ജനനമരണങ്ങളെപ്പറ്റി വ്യക്തമായ രേഖകൾ ലഭിച്ചിട്ടില്ല.

ജീവിത രേഖ[തിരുത്തുക]

1749-1799 കാലത്ത് ടിപ്പുസുൽത്താൻറെ ഭരണത്തിൻകീഴിലായിരുന്ന മലബാർ പ്രദേശത്ത് രണ്ടാമത്തെ കണ്ടെഴുത്ത് (Land Survey) നടന്ന അവസരത്തിൽ (1788) അദ്ദേഹത്തിൻറെ റവന്യൂ വകുപ്പുമേധാവിയായിരുന്ന അർഷാദ് ബേഗ് ഖാൻ മലബാർ ജന്മിമാരിൽനിന്ന് എതിർപ്പ് നേരിടേണ്ടതായി വന്നു. മഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലെ മാപ്പിള (മുസ്‌ലിം) ജന്മിമാരും നമ്പൂതിരി ജന്മികളോടൊപ്പം അർഷാദ് ബേഗ് ഖാൻറെ നികുതി വ്യവസ്ഥയെ എതിർത്തു. അത്തൻ കുരുക്കളുടെ പിതാവിന്റെ നേതൃത്വത്തിൽ മൈസൂർ ഭരണത്തിനെതിരായി ഒരു കലാപം നടന്നു. കലാപനേതാവായിരുന്ന അത്തൻ കുരുക്കളുടെ പിതാവ് ടിപ്പുവിന്റെ സേനയുമായി ഏറ്റുമുട്ടി 1788 ൽ മരണമടഞ്ഞു, മറ്റു കലാപകാരികളെയും കുരുക്കളുടെ കുടുംബാംഗങ്ങളെയും ടിപ്പുവിന്റെ സൈന്യം തടവുകാരായി പിടിച്ച് ശ്രീരംഗപട്ടണത്തിലേക്കു കൊണ്ടുപോയി.1790-92 ൽ മൂന്നാം ആംഗ്ളോ-മൈസൂർ യുദ്ധകാലത്ത് അത്തൻ കുരുക്കളും കുടുംബാംഗങ്ങളും മൈസൂറിൽനിന്നു രക്ഷപ്പെട്ട് മലബാറിൽ എത്തി. (ടിപ്പുവിന്റെ പരാജയത്തെ തുടർന്ന്, തടവുകാരുടെ കൈമാറ്റം നടന്ന സന്ദർഭത്തിലാണ്, അത്തൻ കുരുക്കളും ബന്ധുക്കളും മലബാറിൽ എത്തിയതെന്ന് ഒരഭിപ്രായവുമുണ്ട്.)

മലബാർ സമരരംഗത്ത്[തിരുത്തുക]

ബ്രിട്ടീഷുകാരുടെ പ്രീതിക്കു പാത്രമായിത്തീർന്ന അത്തൻ കുരുക്കൾ 1797-ൽ ഏറനാട്ടിലെ പൊലീസുമേധാവിയായി നിയമിതനായി. ബ്രിട്ടിഷ് വിരുദ്ധസമരങ്ങളുടെ നേതാക്കന്മാരായിരുന്ന ഉണ്ണി മൂസയുടെയും ചെമ്പൻപോക്കരുടെയും സഹപ്രവർത്തകനായിത്തീർന്ന അത്തൻ കുരുക്കൾ ഏറനാട്ടിലെ പൊലീസ് ഉദ്യോഗം ഉപേക്ഷിച്ചു. അതോടുകൂടി ഈസ്റ്റിന്ത്യാ കമ്പനിക്കാർ അത്തൻ കുരുക്കളെ രാജ്യദ്രോഹിയായി പ്രഖ്യാപിക്കുകയും പിടിച്ചുകൊടുക്കുന്നവർക്ക് 5000 രൂപ പാരിതോഷികം നല്കാമെന്നു വിളംബരപ്പെടുത്തുകയും ചെയ്തു. കേണൽ ബോൺസിന്റെയും ക്യാപ്റ്റൻ വാട്ട്സിന്റെയും നേതൃത്വത്തിൽ ബ്രിട്ടിഷ് സേന അത്തൻ കുരുക്കൾക്കെതിരായി ആക്രമണ നടപടികൾ ആരംഭിച്ചു (1801). അത്തൻ കുരുക്കളെയും അനുയായികളെയും അമർച്ച ചെയ്യാൻ കിഴക്കേ കോവിലകത്തെ സാമൂതിരിയുടെ സൈനികസഹായവും ബ്രിട്ടീഷുകാർ നേടി. ബ്രിട്ടിഷു സൈന്യവും സാമൂതിരിയുടെ സൈന്യവും സഹകരിച്ച് അത്തൻ കുരുക്കളെയും അനുയായികളെയും നേരിട്ടെങ്കിലും അവരെ കീഴടക്കാൻ സാധിച്ചില്ല. പൊലീസു മേധാവിയായി നിയമിച്ചും നല്ല തുക പെൻഷൻ നല്കിയും അത്തൻ കുരുക്കളെ വശത്താക്കാനും ചില ശ്രമങ്ങൾ ബ്രിട്ടീഷുകാർ നടത്തിനോക്കി. പക്ഷേ ഈ പ്രലോഭനങ്ങൾക്കൊന്നും അത്തൻ കുരുക്കൾ വശംവദനായില്ല. തുടർന്ന് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സ്വത്ത് മലബാർ കളക്ടർ കണ്ടുകെട്ടി

പഴശ്ശിരാജാവ് ബ്രിട്ടിഷ് വിരുദ്ധ സമരം ആരംഭിച്ചപ്പോൾ ഉണ്ണി മൂസ്സയോടും ചെമ്പൻ പോക്കരോടുമൊപ്പം, അത്തൻകുരുക്കളും അദ്ദേഹത്തെ സഹായിച്ചു. അതോടെ ബ്രിട്ടീഷുകാർക്കെതിരായ സമരം കൂടുതൽ ശക്തിപ്പെട്ടു. ഈ സായുധവിപ്ളവം 1805 വരെ നിണ്ടുനിന്നു. 1802-ൽ ഉണ്ണിമൂസ പടക്കളത്തിൽ മരിച്ചുവീണു.

മരണം[തിരുത്തുക]

1805 -ന്റെ ആദ്യം ചെമ്പൻ പോക്കരും രക്തസാക്ഷിത്വം വരിച്ചു. പഴശ്ശി രാജാവ് വധിക്കപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തു. അതോടുകൂടി അത്തൻ കുരുക്കളുടെയും അനുയായികളുടെയും ശക്തി ക്ഷയിച്ചു. ബ്രിട്ടീഷുകാർക്കെതിരായി ദീർഘകാലം സമരം നടത്തി ക്ഷീണിച്ച അത്തൻ കുരുക്കളും, ഒടുവിൽ ബ്രിട്ടിഷു സേനയുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചതായി കരുതപ്പെടുന്നു. [1]

അവലംബം[തിരുത്തുക]

  1. മലബാർ കലാപം(വേലായുധൻ പണിക്കശ്ശേരി)
"https://ml.wikipedia.org/w/index.php?title=അത്തൻ_കുരുക്കൾ&oldid=3922324" എന്ന താളിൽനിന്ന് ശേഖരിച്ചത്