Jump to content

അട്ടിമറിപ്രവർത്തനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു രാജ്യത്തിലെ നിയമാധിഷ്ഠിതഭരണകൂടത്തെ ബലപ്രയോഗംമൂലം തകിടംമറിക്കാൻ നടത്തുന്ന ശ്രമത്തെ അട്ടിമറിപ്രവർത്തനം എന്നു പറയുന്നു.

എല്ലാ രാജ്യങ്ങളും ഏതെങ്കിലുംതരത്തിലുള്ള അട്ടിമറി പ്രവർത്തനത്തെ നേരിടേണ്ടിവരുന്നു. രാജവാഴ്ചക്കാലത്ത് ഇത്തരം അട്ടിമറി പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്നത് പ്രഭുക്കൻമാരായിരുന്നു. രാജകൊട്ടാരങ്ങളിൽ നടന്നിട്ടുള്ള അട്ടിമറി പ്രവർത്തനങ്ങളിൽ രാജകുടുംബാംഗങ്ങളും സൈന്യത്തലവൻമാരും പങ്കെടുത്തിരുന്നതിന് ദൃഷ്ടാന്തങ്ങൾ ധാരാളമുണ്ട്. ഏകാധിപത്യരാജ്യങ്ങളിലും ഇത്തരം അട്ടിമറി പ്രവർത്തനങ്ങൾ ചരിത്രത്തിന്റെ എല്ലാ കാലഘട്ടങ്ങളിലും നടന്നിട്ടുണ്ട്. ഫ്രഞ്ചുവിപ്ലവംപോലെയുള്ള ബഹുജനപ്രക്ഷോഭങ്ങളും നിയമാധിഷ്ഠിതഭരണകൂടത്തിനെതിരായുള്ള പ്രവർത്തനങ്ങൾ ആയിരുന്നു.

കൊളോണിയൽവാഴ്ചയുളള മിക്ക രാജ്യങ്ങളിലും അട്ടിമറിപ്രവർത്തനം ധാരാളമായി നടന്നുവന്നിരുന്നു. ഇന്ത്യയിൽ ഒന്നാം സ്വാതന്ത്ര്യസമരം (1857) സംഘടിപ്പിക്കപ്പെട്ടത് അട്ടിമറി പ്രവർത്തനത്തിലൂടെയാണ് എന്നൊരു വാദമുണ്ട്. എന്നാൽ നേതൃത്വം പ്രഭുക്കൻമാരുടെയും സൈനികരുടെയും കൈകളിലായിരുന്നതുകൊണ്ട് ആ സമരം ഫലപ്രദമായില്ല. അതിനുശേഷം ഇന്ത്യയിൽ അട്ടിമറി പ്രവർത്തനങ്ങളെ തടയുന്നതിലാണ് ബ്രിട്ടിഷ് ഭരണത്തിന്റെ ശ്രദ്ധ തിരിഞ്ഞത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ ഭീകരപ്രസ്ഥാനം (Terrorism) അട്ടിമറി പ്രവർത്തനത്തിലാണ് ശ്രദ്ധ പതിപ്പിച്ചത്. എന്നാൽ സംഘടിതമായ ബഹുജനപ്രക്ഷോഭം കൂടാതെ വെറും അട്ടിമറി പ്രവർത്തനം കൊണ്ട് ഇന്ത്യയെപ്പോലെ ഉള്ള ഒരു രാജ്യത്തിന് വിദേശാധിപത്യത്തിൽനിന്ന് വിമുക്തമാകാൻ സാധ്യമല്ലെന്ന് പിൽക്കാല സംഭവങ്ങൾ തെളിയിച്ചു. ജനങ്ങളെ ആവേശം കൊള്ളിക്കുന്നതിലും അവരിൽ വിപ്ലവവീര്യം കുത്തിവയ്ക്കുന്നതിലും ഇന്ത്യയിലെ ഭീകരപ്രസ്ഥാനം കാര്യമായ പങ്കുവഹിച്ചു. [[ഭഗത്‌സിംഗ്], ചന്ദ്രശേഖർ ആസാദ് തുടങ്ങിയവർ അട്ടിമറി പ്രവർത്തനം നടത്തി രക്തസാക്ഷികളായിത്തീർന്നു. മാർക്സും ഏംഗൽസും വർഗസമരത്തിന്റെ ഭാഗമായി അട്ടിമറി പ്രവർത്തനം സംഘടിപ്പിക്കുന്നതിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ലെനിനും വിപ്ലവം സംഘടിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ആരാഞ്ഞു. തോക്കിന്റെ മുനയിൽ കൂടിയാണ് രാഷ്ട്രീയാധികാരം വളരുന്നത്' എന്ന പ്രഖ്യാപനത്തോടുകൂടി മാവോ ദ്സെ ദൂങ്ങ് വിപ്ളവം സംഘടിപ്പിക്കുന്നതിന് പുതിയൊരു തത്ത്വശാസ്ത്രം തന്നെ അവതരിപ്പിച്ചു. ഒളിപ്പോർ സംഘങ്ങൾ പെരുകുന്നതോടുകൂടി ശത്രുവിനെ തോല്പിക്കാൻ സാധിക്കുമെന്ന് മാവോ സമർഥിച്ചു. 1946 മുതൽ വിയറ്റ്നാമിന്റെ ചരിത്രം ഗറില്ലാരീതിയിലുള്ള അട്ടിമറി പ്രവർത്തനത്തിന്റെ കഥയാണ് എന്നും ഒരു അഭിപ്രായമുണ്ട്.

ക്യൂബൻ നേതാവായ ഫിഡൽ കാസ്ട്രോയുടെ സുഹൃത്ത് ചെഗുവേര 1960-ൽ ഗറില്ലായുദ്ധം എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഒരു വിപ്ളവം പൊട്ടിപ്പുറപ്പെടുന്നതിനുള്ള സാഹചര്യം ഉണ്ടാകുന്നതുവരെ കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും, വിപ്ലവംതന്നെ ആ സാഹചര്യം സൃഷ്ടിക്കുമെന്നും ചെഗുവേര പ്രസ്താവിച്ചു. ഗറില്ലാസൈന്യം ചുരുക്കത്തിൽ പാർട്ടിതന്നെയാണ് എന്നാണ് ഫ്രഞ്ചുകാരനായ റെജിഡിബ്രെയുടെ അഭിപ്രായം. അക്രമമാർഗങ്ങളാണ് സാമൂഹികപരിവർത്തനത്തിന് ഉപയോഗിക്കേണ്ടത് എന്ന സിദ്ധാന്തമാണ് ചെഗുവേരയും കൂട്ടരും അവതരിപ്പിക്കുന്നത്. 1971-ൽ ശ്രീലങ്കയിലുണ്ടായ കലാപങ്ങൾ ഈ ആശയങ്ങളുടെ പ്രയോഗത്തെ കുറിക്കുന്നു. മാർക്സിസം-ലെനിനിസത്തിൽ നിന്നും മാവോയിസത്തിൽനിന്നും ഭിന്നമായ ഒരു മാർഗ്ഗമാണ് വിപ്ളവകരമായ അട്ടിമറി പ്രവർത്തനത്തിന്റേത്.

ബംഗ്ലാദേശിലെ മുക്തിബാഹിനിയുടെ പ്രവർത്തനങ്ങൾ പാകിസ്താന്റെ ദൃഷ്ടിയിൽ അട്ടിമറിയാണ്. അട്ടിമറി പ്രവർത്തനങ്ങളെല്ലാം ഇടതുപക്ഷചിന്താഗതിയുടെയോ ദേശീയത്വത്തിന്റെയോ ഫലമാകണമെന്നില്ല. ഒരു രാഷ്ട്രം വേറൊരു രാഷ്ട്രത്തിൽ അട്ടിമറിപ്രവർത്തനങ്ങൾ നടത്തുന്നതിന് ഉദാഹരണങ്ങളുണ്ട്. ഇസ്രായേലിനെതിരായി അറബികൾ അൽഹത്ത തുടങ്ങിയ ഭീകരസംഘങ്ങളുടെ നേതൃത്വത്തിൽ അട്ടിമറി പ്രവർത്തനങ്ങൾ നടത്തി വരുന്നതായി പറയപ്പെടുന്നു.

ഒരു ദേശ-രാഷ്ട്രം സ്ഥാപിക്കുന്നതിനുവേണ്ടി പി.എൽ.ഒയും ഹമാസും മറ്റു പാലസ്തീൻ സംഘടനകളും നടത്തുന്ന സായുധസമരങ്ങൾ, ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം അട്ടമറി പ്രവർത്തനമാണ്. സ്വതന്ത്ര തമിഴ് ഈഴത്തിനുവേണ്ടിയുള്ള എൽ.ടി.ടി.ഇ.യുടെ പ്രവർത്തനങ്ങളെ ശ്രീലങ്കൻ ഗവ. വീക്ഷിക്കുന്നത് ഇതേ കാഴ്ചപ്പാടിലൂടെയാണ്. വർണവിവേചനത്തിനെതിരെ നെൽസൺ മണ്ടേലയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങൾക്ക്, ലോകമനസാക്ഷിയുടെ പിന്തുണ ലഭിച്ചപ്പോഴും, ദക്ഷിണ ആഫ്രിക്കയിലെ വെള്ളക്കാരുടെ മുൻവംശീയ ഭരണകൂടം നിർവചിച്ചത് അട്ടിമറിയെന്നായിരുന്നു: അൽഖ്വായിദ നടത്തുന്ന പ്രവർത്തനങ്ങളെ അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങൾ ഭീകരവാദ-അട്ടമറി പ്രവർത്തനങ്ങളായി കാണുമ്പോൾ, വലിയ വിഭാഗം മുസ്ലിങ്ങൾ വിശുദ്ധ യുദ്ധമായിട്ടാണ് വീക്ഷിക്കുന്നത്. നേപ്പാളിൽ നിയമാനുസൃതമായ ഭരണവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനുവേണ്ടി പ്രതിപക്ഷ കക്ഷികളും മാവോയിസ്റ്റുകളും നടത്തിയ പ്രക്ഷോഭങ്ങളെ അവിടുത്തെ രാജഭരണം അട്ടിമറി പ്രവർത്തനങ്ങളായിട്ടാണ് വീക്ഷിച്ചത്. എന്നാൽ, 2006-ലെ ജനാധിപത്യവിപ്ലവത്തെത്തുടർന്ന് പ്രതിപക്ഷ-മാവോയിസ്റ്റ് സഖ്യം ഔദ്യോഗിക ഭരണകർത്താക്കളാവുകയും രാജവാഴ്ചയെ ജനാധിപത്യത്തെ അട്ടിമറിക്കുന്ന ശക്തിയായി മുദ്രകുത്തുകയും ചെയ്തത് ശ്രദ്ധേയമാണ്.

അട്ടിമറിപ്രവർത്തനങ്ങൾ തടയുന്നതിന് എല്ലാ രാഷ്ട്രങ്ങളും നടപടികൾ സ്വീകരിക്കാറുണ്ട്. ഇന്ത്യയിൽ അട്ടിമറി പ്രവർത്തനങ്ങൾക്കെതിരായി സ്വീകരിക്കപ്പെടുന്ന നടപടികൾ ഭരണഘടനയിലെ മൌലികാവകാശങ്ങൾക്കു വിധേയമാണ്. എന്നാൽ ഭരണഘടനയിൽ കരുതൽതടങ്കൽനിയമത്തിന് വ്യവസ്ഥ ചെയ്തിട്ടുള്ളത് അട്ടിമറി പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവരെ നേരിടുന്നതിനും കൂടിയാണ്. അടിയന്തരാവസ്ഥക്കാലത്ത് മൌലികാവകാശങ്ങളിൽ ചിലത് സസ്പെൻഡു ചെയ്യാനുള്ള അധികാരം പ്രസിഡന്റിനു നല്കിയിരിക്കുന്നതിലും ഈ ലക്ഷ്യം കാണാം.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അട്ടിമറിപ്രവർത്തനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അട്ടിമറിപ്രവർത്തനം&oldid=3087748" എന്ന താളിൽനിന്ന് ശേഖരിച്ചത്