അട്ടം പിടിക്കുക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വേദമോതുമ്പോൾ കൈപ്പടങ്ങൾ ചേർത്ത് ബ്രഹ്മാഞ്ജലിയായി വയ്ക്കുന്ന ക്രിയയെ അട്ടം പിടിക്കുക എന്നു പറയുന്നു. ബ്രാഹ്മണർ അനുഷ്ഠിക്കേണ്ട കർമങ്ങൾ വേദാധ്യയനപൂർവം വേണം എന്നതാണ് വിധി. വേദോച്ചാരണത്തിനുമുൻപ് അഭിവാദ്യം ചെയ്ത് അട്ടം പിടിക്കണം. തൈത്തിരീയാരണ്യകത്തിലെ ബ്രഹ്മയജ്ഞ പ്രകരണ(2-ആം പ്രപാഠകം 11-ആം അനുവാകം)ത്തിൽ നല്കുന്ന നിർദ്ദേശങ്ങളാണ് ഇതിന് അടിസ്ഥാനം. അതിന്റെ വിധി: ഇടത്തെ കാൽമുട്ടിൽ വലതുകാൽ വച്ചശേഷം, ഇടത്തെ കൈപ്പടം മലർത്തി, അതിൽ വലത്തെ കൈപ്പത്തി കമഴ്ത്തി, ഇടത്തെ കൈവിരലുകൾ കൊണ്ടു വലത്തെ കൈപ്പത്തിയും വലത്തേതുകൊണ്ട് ഇടത്തേതും പിടിച്ച്, വലത്തെ തള്ളവിരൽ ഇടത്തെ തള്ളവിരലിനെ ചുറ്റി വലത്തെ ചൂണ്ടാണിവിരൽ തൊടുവിച്ച്, വലത്തെ കാൽമുട്ടിൽ വയ്ക്കുന്നു. ഋഗ്വേദത്തിലെ അഷ്ടക(അട്ടം)ങ്ങളിലെ ആദ്യത്തെ വർഗം (വർക്കം) ചൊല്ലുമ്പോൾ ഈ കർമം നിർബന്ധം ആയതുകൊണ്ട് ആയിരിക്കാം ഇതിന് അട്ടം പിടിക്കുക എന്ന പേരുവന്നത്.

ധർമത്തിന്റെ നിലനില്പിനുവേണ്ടി ചെയ്യുന്ന കർമങ്ങളെല്ലാം വേദപ്രണിഹിതോധർമഃ എന്ന പ്രമാണം അനുസരിച്ച് വേദങ്ങളെ കൈകൂപ്പിക്കൊണ്ട് ആരംഭിക്കുന്നതിനാൽ അട്ടം പിടിക്കുക എന്നതിന് സംസ്കൃതത്തിൽ ബ്രഹ്മാഞ്ജലി എന്നു പറയുന്നു (പാരമേശ്വരി 530).

കൈകൾ അടുക്കിവച്ചുകൊണ്ട് സ്വാധ്യായം വേദോച്ചാരണം നടത്തുക എന്ന അർഥത്തിൽ അട്ടംപിടിക്കലിനെ ചിലർ വ്യാഖ്യാനിക്കുന്നുണ്ട്. അട്ടത്തിന് അഞ്ജലി (കൂപ്പുകൈ) എന്നും അർഥമുള്ളതായി കാണുന്നു. തമിഴിലും ഇതിന് അട്ടം എന്നു തന്നെ പറയും; കർണാടകത്തിൽ അഡ്ഡ എന്നും തെലുങ്കിൽ അഡ്ഡമു എന്നും പറയുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അട്ടം പിടിക്കുക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അട്ടം_പിടിക്കുക&oldid=2279858" എന്ന താളിൽനിന്ന് ശേഖരിച്ചത്