അഞ്ചാംപനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അഞ്ചാംപനി


വൈറസ് (virus) മൂലമുണ്ടാകുന്ന ഒരു സാധാരണ സാംക്രമികരോഗം. മണ്ണൻ, പൊങ്ങമ്പനി, കരുവൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇതിന്റെ ബീജഗർഭകാലം (incubation period) 10-14 ദിവസങ്ങളാണ്. പ്രായമായവരെയും ഈ രോഗം ബാധിക്കുമെങ്കിലും കുട്ടികളിലാണിത് സാധാരണയായി കണ്ടുവരുന്നത്. ശരീരത്തിലെ എല്ലാ അവയവവ്യൂഹങ്ങളെയും ഇതു ബാധിക്കുന്നു. ശ്വസനവ്യൂഹത്തിലെ ശ്ളേഷ്മസ്തരം, ത്വക്ക്, നേത്രശ്ളേഷ്മസ്തരം, വായ് എന്നീ ഭാഗങ്ങളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്.രോഗപ്പകർച്ച


       ഈ അസുഖം രോഗിയുടെ തുമ്മൽ ചുമ എന്നിവയിലൂടെയും അടുത്ത് ഇടപഴകുന്നതിലൂടെയും വായുവിലൂടെ പകരുന്നു. വളരെ സാന്ക്രമിക ശേഷിയുള്ള ഈ രോഗാണുവിന് ഏകദേശം 2 മണിക്കൂർ വരെ വായുവിലും പ്രതലങ്ങളിലും അതിജീവിക്കുവാനുള്ള കഴിവുണ്ട്. രോഗിയിൽ ത്വക്ക്-ക്ളോമങ്ങൾ പ്രത്യക്ഷപ്പെടുന്നതിനു 4 ദിവസം മുൻപ് മുതൽ 4 ദിവസങ്ങൾക്ക് ശേഷം വരെ രോഗം പകരുവാനുള്ള സാദ്ധ്യത നിലനിൽക്കുന്നു.

രോഗലക്ഷണങ്ങൾ


ത്വക്ക്-ക്ളോമങ്ങൾ

 വൈറസ് ശരീരത്തിൽ കടന്നതിനു ശേഷം ഏകദേശം 10 മുതൽ 12 ദിവസം ശേഷം ആരംഭിക്കുന്ന ഒരു ഉയർന്ന പനി ആണ് സാധാരണയായി അഞ്ചാംപനിയുടെ ആദ്യ ലക്ഷണം, ഇത് 4 മുതൽ 7 ദിവസം വരെ നീണ്ടുനിൽക്കാം. കണ്ണിൽനിന്നും മൂക്കിൽ നിന്നും വെള്ളമെടുപ്പ്, ചുമ, ശബ്ദമടപ്പ് തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങൾ. ഏകദേശം 3 ദിവസങ്ങൾക്കകം, ത്വക്ക്-ക്ളോമങ്ങൾ (papulae) പ്രത്യക്ഷമാകുന്നു. ഇത് മുഖം, കഴുത്ത് എന്നിടങ്ങളിൽ ആരംഭിച്ചു ക്രമേണ ശരീരം ആസകലം വ്യാപിക്കുന്നു. ഇത് 5 മുതൽ 6 ദിവസം വരെ നീണ്ടുനിൽക്കുന്നു. വായ്ക്കകത്ത് സ്ഫോടങ്ങൾ (koplick's spots) ഇതിനു മുമ്പുതന്നെ പ്രത്യക്ഷമായിട്ടുണ്ടായിരിക്കും. രോഗത്തിന്റെ തീവ്രത കുറയുന്നതോടെ ഈ പുള്ളികൾ മങ്ങി തവിട്ടുനിറമാകുകയും ക്രമേണ മായുകയും ചെയ്യുന്നു.

സാധാരണഗതിയിൽ മാരകമല്ലെങ്കിലും പ്രതിരോധശേഷി കുറഞ്ഞവരിലും പോഷകാഹാരക്കുറുളളവരിലും പ്രതിരോധകുത്തിവയ്പുകൾ യഥാസമയം എടുക്കാത്തവരിലും ശ്വേതമണ്ഡലത്തിലെ പുണ്ണ് (corneal ulcer), വായ്പ്പുണ്ണ്, ബ്രോങ്കോന്യൂമോണിയ (bronchopneumonia), മധ്യകർണശോഥം (otitis media), വയറിളക്കരോഗങ്ങൾ, തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ്‌ (SSPE), മയോകാർഡൈറ്റിസ്‌ എന്നിവ സങ്കീർണതകളായി ഇതിനോടൊപ്പം ഉണ്ടാകാറുണ്ട് 5 വയസ്സിൽ താഴെയുള്ള കുട്ടികളിലും 20 വയസ്സിനു മേലെ പ്രായമുല്ലവരിലും മേൽപ്പറഞ്ഞ സങ്കീർണതകൾക്കുള്ള സാദ്ധ്യത ഏറെയാണ്‌. യഥാസമയം വിദഗ്ദ്ധ ചികിത്സ നൽകാത്തപക്ഷം മരണം വരെ സംഭവിക്കാം. ഗർഭിണികളിൽ അഞ്ചാംപനി കഠിനമായ സങ്കീർണതകൾ ഉണ്ടാക്കുന്നു. ഇവരിൽ ഗർഭച്ഛിദ്രമോ മാസം തികയാതെയുള്ള പ്രസവമോ ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്‌.
ചികിത്സ

പ്രത്യേക ചികിത്സ ഇല്ല. ലാക്ഷണിക പ്രതിവിധികൾ സ്വീകരിക്കുകയും സങ്കീർണത വരാതെ സൂക്ഷിക്കുകയും ആണ് ചെയ്യേണ്ടത്. സങ്കീർണതകൾ ഒഴിവാക്കുവാനായി അഞ്ചാംപനിയുടെ ലക്ഷണങ്ങൾ കാണിക്കുന്നവർക്ക് വിറ്റാമിൻ എ നൽകാറുണ്ട്. രോഗിയെ കാണുന്ന ആദ്യ ദിനം, 6 മാസം വരെ പ്രായം ഉള്ളവർക്ക് 50,000 IU (International Units), 6 മാസം മുതൽ ഒരു വയസുവരെ 100,000 IU, ഒരു വയസിനു മുകളിൽ പ്രായം ഉള്ളവർക്ക് 200,000 IU എന്നിങ്ങനെ നൽകുന്നു. ഇതേ ഡോസ് 24 മണിക്കൂറുകൾക്കു ശേഷവും നൽകുന്നു. വിറ്റാമിൻ എ രോഗികളുടെ ശ്ലേഷ്മസ്തരത്തിൻറ്റെ വേഗത്തിലുള്ള വീണ്ടെടുക്കലിന്(Rapid Recovery) സഹായകമാകുന്നു. ഈ മുൻകരുതൽ അഞ്ചാംപനിയുടെ മരണനിരക്കു 50% കണ്ടു കുറയ്ക്കുന്നു.

  രോഗിയെ രോഗാരംഭം മുതൽ മാറ്റിത്താമസിപ്പിക്കേണ്ടതാണ്.
  രോഗപ്പകർച്ച ഒഴിവാക്കുവാനായി രോഗിയെ വീട്ടിനുളളിൽ കിടത്തി വേണ്ടത്ര വിശ്രമം നൽകണം. ആവശ്യാനുസരണം വെളളവും പഴവർഗ്ഗങ്ങളും നൽകണം. മീസിൽസ്‌ വാക്സിൻ കൊടുത്ത്‌ പ്രതിരോധിക്കാവുന്ന ഈ രോഗം ഉണ്ടായാൽ ഉടൻതന്നെ ആരോഗ്യപ്രവർത്തകരെ അറിയിച്ച്‌ വേണ്ട മുൻകരുതൽ നടപടികൾ എടുക്കണം.


രോഗപ്രതിരോധംആന്റിമീസിൽസ് വാക്സിൻ സജീവരോഗപ്രതിരോധമായും ഇമ്മ്യുണോഗ്ളോബുലിൻ നിഷ്ക്രിയപ്രതിരോധമായും ഉപയോഗിക്കുന്നു. 1958-ൽ എൻഡേഴ്സ് എന്ന അമേരിക്കൻ ശാസ്ത്രജ്ഞനും സഹപ്രവർത്തകരും കൂടിയാണ് ആന്റിമീസിൽസ് വാക്സിൻ ആദ്യമായി പരീക്ഷിച്ചുനോക്കിയത്. ആജീവനാന്തപ്രതിരോധത്തിന് ജീവനുള്ള നിഷ്ക്രിയവൈറസുകളുടെ വാക്സിനാണ് യോജിച്ചത്. മൃതവൈറസ്‍വാക്സിൻ താത്കാലികപ്രതിരോധശക്തി മാത്രമേ നല്കുന്നുള്ളു, ഈ വാക്സിൻ നിലവിൽ ലഭ്യമല്ല. ഈ വാക്സിനുകൾ എല്ലാം 1963 മുതൽ ഉപയോഗത്തിലുള്ളതാണ്. ഇന്ത്യയിലെ സർക്കാർ ആശുപത്രികൾ മുഖേന നൽകി വരുന്നത് നിഷ്ക്രിയവൈറസുകൾ അടങ്ങിയ വാക്സിനാണ്. ഒൻപതാം മാസത്തിലും, 15 മുതൽ 18 മാസം വരെയുള്ള കാലഘട്ടത്തിലുമായി രണ്ടു ഡോസ് വാക്സിൻ ആണു നൽകേണ്ടത്.

"https://ml.wikipedia.org/w/index.php?title=അഞ്ചാംപനി&oldid=2308350" എന്ന താളിൽനിന്നു ശേഖരിച്ചത്