Jump to content

അജാതശത്രു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബീഹാറിലെ രാജ്ഗിർ മലകൾക്ക് സമീപമുള്ള അജാതശത്രുവിന്റെ സ്തൂപം

(അജാതശത്രു എന്നുകൂടി പേരുള്ള യുധിഷ്ഠിരനെക്കുറിച്ചറിയാൻ ആ ലേഖനം കാണുക.)

മഗധയിലെ രാജാവായിരുന്നു അജാതശത്രു. (ഭരണകാലം: ബി.സി. 494-467). ബിംബിസാരന്റെ പുത്രനും പിൻഗാമിയുമാണ് ഇദ്ദേഹം. ബുദ്ധന്റെ അകന്ന സഹോദരനും എതിരാളിയുമായിരുന്ന ദേവദത്തന്റെ പ്രേരണയാൽ അജാതശത്രു സ്വന്തം പിതാവായ ബിംബിസാരനെ വധിച്ച് രാജാവായി എന്നാണ് ചില ബുദ്ധമതഗ്രന്ഥങ്ങളിൽ കാണുന്നത്. എന്നാൽ മറ്റൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്. ബിംബിസാരന് നിരവധി പുത്രൻമാരുണ്ടായിരുന്നു. അതിനാൽ തനിക്ക് സിംഹാസനം ലഭിക്കുമോ എന്ന് ഭയന്ന് അജാതശത്രു പിതാവായ ബിംബിസാരനെ ജയിലിൽ അടച്ചു. കുറേക്കാലം കഴിഞ്ഞ് തന്റെ പ്രവൃത്തി തെറ്റാണെന്ന് ബോധ്യംവന്ന അജാതശത്രു പിതാവിനെ മോചിപ്പിക്കാൻ തയ്യാറായി. കൈയിൽ ഒരിരുമ്പു ദണ്ഡുമായി, പിതാവിനെ ബന്ധിച്ചിരിക്കുന്ന ചങ്ങല തല്ലിപ്പൊട്ടിക്കാൻ മുന്നോട്ടാഞ്ഞു. ഇത് തന്നെ വധിക്കാനാണെന്ന് തെറ്റിദ്ധരിച്ച ബിംബിസാരൻ വിഷംകഴിച്ച് ആത്മഹത്യ ചെയ്തു

അജാതശത്രു ആക്രമണാസക്തമായ ഒരു സാമ്രാജ്യ വികസന നയം സ്വീകരിച്ചു.കോസലവും കാശിയും അടക്കമുള്ള സൈനിക സഖ്യത്തിനെതിരെ അദ്ദേഹം മികച്ച വിജയം കൈവരിച്ചു. വൈശാലി കൂടി പിടിച്ചടക്കിയതോടെ മഗധ രാജവംശം ഒരു പ്രധാന രാഷ്ട്രീയശക്തി ആയിമാറി.[1]

അജാതശത്രു ബുദ്ധമത വിശ്വാസിയായിരുന്നുവെന്ന് ബുദ്ധമതരേഖകളും ജൈനനായിരുന്നുവെന്ന് ജൈനരേഖകളും അവകാശപ്പെടുന്നു. ഇദ്ദേഹം മഹാവീരനെ സന്ദർശിച്ച് ശിഷ്യത്വം സ്വീകരിച്ചതായി ഔപപാതികസൂത്രം തെളിവുതരുന്നു. എന്നാൽ ബി.സി. രണ്ടാം ശതകത്തിലെ ഭാർഹട്ട് രേഖയനുസരിച്ച് ഇദ്ദേഹം ബുദ്ധമതവിശ്വാസിയായിരുന്നുവെന്ന് കാണുന്നു. അതുപോലെ തലസ്ഥാനനഗരിയായ രാജഗൃഹത്തിൽ നശിച്ചുകിടന്ന 18 ബുദ്ധവിഹാരങ്ങൾ ഇദ്ദേഹം പുതുക്കി പണിതതായി രേഖകളുമുണ്ട്.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ഇന്ത്യാ ചരിത്രം,ശ്രീധരമേനോൻ , പേജ് 81
Regnal titles
മുൻഗാമി അജാതശത്രു
493 ബി.സി.– 461 ബി.സി.
പിൻഗാമി
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അജാതശത്രു എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അജാതശത്രു&oldid=3266431" എന്ന താളിൽനിന്ന് ശേഖരിച്ചത്