അഗ്നികുലന്മാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്ഷത്രിയവംശജരായ രജപുത്രരുടെ പൂർവികൻമാരെ അഗ്നികുലന്മാർ എന്നാണ് അറിയപ്പെടുന്നത്. അഗ്നികുണ്ഡത്തിൽനിന്ന് ജാതരായി എന്ന സങ്കല്പത്തിൽ നിന്നായിരിക്കണം ഇവർക്ക് അഗ്നികുലൻമാർ എന്ന് പേരുണ്ടായത്. മധ്യകാലഘട്ടത്തിൽ വടക്കു പടിഞ്ഞാറെ ഇന്ത്യയിൽ ശക്തിപ്രാപിച്ചിരുന്ന രജപുത്രരുടെ ഉദ്ഭവത്തെപ്പറ്റി പല ഐതിഹ്യങ്ങളും നിലവിലുണ്ട്. ബുദ്ധമതക്കാരുടെയും മറ്റു ഹൈന്ദവേതരരുടെയും ആക്രമണങ്ങൾകൊണ്ടു അസ്വസ്ഥരായിരുന്ന ബ്രാഹ്മണരെ രക്ഷിക്കാൻ വസിഷ്ഠമഹർഷി അഗ്നികുണ്ഡത്തിൽനിന്ന് സൃഷ്ടിച്ചവരാണ് അഗ്നികുലൻമാർ എന്ന് ഒരു ഐതിഹ്യത്തിൽ കാണുന്നു. വിശ്വാമിത്രമഹർഷിയാണ് ഇവരെ അഗ്നികുണ്ഡത്തിൽനിന്നു ജനിപ്പിച്ചത് എന്ന മറ്റൊരു ഐതിഹ്യവും നിലവിലുണ്ട്. രജപുത്താനയിലെ പുരാണപ്രസിദ്ധമായ അർബുദശിഖരം (മൌണ്ട് ആബു) ആയിരുന്നു ഇവരുടെ ആസ്ഥാനമെന്നു കരുതപ്പെടുന്നു. ഇവർ പരമാരൻമാർ, ചാലൂക്യൻമാർ, പരിഹാരൻമാർ, ചൌഹാൻമാർ, പ്രതിഹാരൻമാർ, സോലങ്കികൾ, പൊൻവാരൻമാർ എന്നീ രജപുത്രവംശജരുടെ പൂർവികരാണെന്നും വിശ്വസിക്കപ്പെട്ടുപോരുന്നു. അഗ്നിയെ ആരാധിച്ചിരുന്ന ഇവർ അഗ്നിസാക്ഷികമായി വിദേശിയരെ രജപുത്രവംശത്തിലേക്ക് മതപരിവർത്തനം ചെയ്യിച്ചിരുന്നുവെന്ന് കാണിക്കുന്ന ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗ്നികുലന്മാർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗ്നികുലന്മാർ&oldid=1686785" എന്ന താളിൽനിന്ന് ശേഖരിച്ചത്