Jump to content

അക്വിനോ ബനീഞ്ഞോ സെമിയോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്വിനോ ബനീഞ്ഞോ സെമിയോൺ
ഫിലിപ്പീൻസ് സെനറ്റ്
ഓഫീസിൽ
ഡിസംബർ 30, 1967 - സെപ്റ്റംബർ 23, 1972
വ്യക്തിഗത വിവരങ്ങൾ
ജനനം(1932-11-27)നവംബർ 27, 1932
ടാർലാക്, ഫിലിപ്പീൻസ്
മരണംഓഗസ്റ്റ് 21, 1983(1983-08-21) (പ്രായം 50)
മനില, ഫിലിപ്പീൻസ്
ദേശീയതഫിലിപ്പിനോ
രാഷ്ട്രീയ കക്ഷിലാബാൻ
പങ്കാളികൊറാസൺ അക്വിനൊ
വസതിsടൈംസ് തെരുവ്, ക്വെസോൺ നഗരം

അക്വിനോ ബനീഞ്ഞോ സെമിയോൺ (en:Aquino, Benigno Simeon) (നവംബർ 27, 1932 – ഓഗസ്റ്റ് 21, 1983) ഒരു ഫിലിപ്പീൻസ് രാഷ്ട്രീയ നേതാവായിരുന്നു. ലാബാൻ (Laban) എന്ന ജനകീയപാർട്ടിയുടെ സ്ഥാപകനായ ഇദ്ദേഹം ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മർകോസിന്റെ അറിയപ്പെടുന്ന ഒരു പ്രതിയോഗിയായിരുന്നു. 1932 നവംബർ 27-ന് ഫിലിപ്പീൻസിലെ ടാർലാക് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. 'മനില ടൈംസി'ന്റെ കൊറിയൻ യുദ്ധലേഖകനായി കുറച്ചുകാലം പ്രവർത്തിച്ചു. 1954-ൽ കൊറാസൺ കൊഹുവാങ്കോയെ വിവാഹം ചെയ്തു. 1961-ൽ രാജ്യത്തെ പ്രായം കുറഞ്ഞ മേയറായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1963-ൽ അതേ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സെനറ്റംഗമായി 1967-ൽ തെരഞ്ഞെടുക്കപ്പെട്ടതോടെ പ്രസിഡന്റിന്റെ മുഖ്യപ്രതിയോഗിയായി മാറി. പ്രതിപക്ഷത്തെ കടിഞ്ഞാണിടാൻ പ്രസിഡന്റ് സൈനികനിയമം പ്രഖ്യാപിക്കുകയും അക്വിനൊയെ തടവിലാക്കുകയും ചെയ്തു. ഗൂഢാലോചന, അട്ടിമറി, കമ്യൂണിസ്റ്റ് പ്രവർത്തനം, കൊലപാതകശ്രമം എന്നിവയായിരുന്നു ഇദ്ദേഹത്തിനുമേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ. 1977-ൽ പട്ടാളക്കോടതി ഇദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. 1980-ൽ ടെക്സാസിൽ പോയി ഹൃദയ ശസ്ത്രക്രിയ നടത്താൻ ഇദ്ദേഹത്തിന് അനുവാദം ലഭിക്കുകയുണ്ടായി. 1983, ഓഗസ്റ്റ് 21-ന് മനില വിമാനത്താവളത്തിൽ വന്നിറങ്ങിയ ബെനീഞ്ഞോ വെടിയേറ്റു കൊല്ലപ്പെട്ടു. കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക് വേണ്ടി സർക്കാർ അനുകൂല നടപടികളെടുത്തതിനാൽ കുറ്റവാളികൾ സ്വതന്ത്രരായി. എന്നാൽ, ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധമുയരുകയും മൂന്നു വർഷങ്ങൾക്ക് ശേഷം പ്രസിഡന്റ് മർകോസിന് അധികാരമൊഴിയേണ്ടിവരികയും ചെയ്തു.[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-10-13. Retrieved 2012-10-12.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്വിനൊ_ബെനീഞ്ഞോ_സെമിയോൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.