അക്രൂരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
AMBASSADOR AKRURA MEETING KRISHNA AT GOKULAM WITH A MESSAGE FROM KAMSA

മഹാഭാരതത്തിലും ഭാഗവതത്തിലും പ്രതിപാദിച്ചിരിക്കുന്ന യാദവപ്രമാണിയാണ് അക്രൂരൻ. ഇദ്ദേഹം കൃഷ്ണന്റെ മാതുലനാണ്. (സംസ്കൃതം: अक्रूर, Akrūra). നഹുഷവംശത്തിലെ സ്വഫൽകന്റെയും കാശിരാജാവിന്റെ മകൾ ഗാന്ദിനിയുടെയും പുത്രൻ. വസുദേവൻ, ദേവകി എന്നിവരെ അപമാനിച്ച കംസനെ കൊല്ലാൻ ശ്രീകൃഷ്ണന് പ്രേരണ നല്കിയതും കംസൻ നടത്തിയ ചാപപൂജയിൽ പങ്കെടുക്കാൻ കൃഷ്ണനെ ക്ഷണിച്ചതും അക്രൂരനാണ്. ഭാഗവതം, നാരായണീയം തുടങ്ങിയ സംസ്കൃതകൃതികളിലും കംസവധം കഥകളി, കൃഷ്ണഗാഥ, വള്ളത്തോൾ നാരായണമേനോന്റെ അമ്പാടിയിൽ ചെല്ലുന്ന അക്രൂരൻ തുടങ്ങിയ മലയാള കൃതികളിലും പ്രാധാന്യം നല്കി വർണിക്കപ്പെട്ടിരിക്കുന്ന ഒന്നാണ് അക്രൂരദൌത്യം. മറ്റുപല സന്ദർഭങ്ങളിലും അക്രൂരൻ ശ്രീകൃഷ്ണന്റെ സന്ദേശവാഹകനായിരുന്നിട്ടുണ്ട്. രുക്മിണീസ്വയംവരം, സുഭദ്രാഹരണം എന്നീ ഘട്ടങ്ങളിൽ അക്രൂരനും സന്നിഹിതനായിരുന്നു. ആഹുകന്റെ പുത്രിയായ ഉഗ്രസേനയാണ് അക്രൂരന്റെ ഭാര്യ. അവർക്ക് ദേവകൻ, ഉപദേവകൻ എന്ന രണ്ടു പുത്രന്മാരുണ്ടായി. സത്രാജിത്തിനെ കൊന്ന് സ്യമന്തകം അപഹരിച്ച ശതധന്വാവ് എന്ന യാദവനെ ശ്രീകൃഷ്ണൻ ഭയപ്പെടുത്തിയപ്പോൾ അയാൾ രത്നം അക്രൂരനെ എല്പിച്ചിട്ടാണ് രക്ഷപ്പെട്ടത്. ഭോജരാജവംശത്തിലെ ബലദേവൻ അക്രൂരന്റെ പാർശ്വവർത്തിയായിരുന്നു. ബഭ്രൂ, ഗാന്ദിനേയൻ എന്നീ പര്യായങ്ങളിലും അക്രൂരൻ അറിയപ്പെടുന്നു. [1]

അവലംബം[തിരുത്തുക]

  1. http://www.harekrsna.com/practice/process/vandanam/akrura.htm

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്രൂരൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്രൂരൻ&oldid=3227637" എന്ന താളിൽനിന്ന് ശേഖരിച്ചത്