ത്രിത്വം
മുഖ്യധാരാ ക്രൈസ്തവസഭകളുടെ ദൈവസങ്കല്പത്തിന്റെ കേന്ദ്രസിദ്ധാന്തമാണ് ത്രിത്വം. ഏകനായ ദൈവത്തിൽ, വ്യതിരിക്തമായി, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് ആളുകൾ അടങ്ങിയിരിക്കുന്നു എന്ന വിശ്വാസമാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ.
ആളുകൾ
[തിരുത്തുക]ത്രിത്വത്തിലെ ഒന്നാമത്തെ ആൾ, തന്റെ ഏകജാതനായ പുത്രനെ അനാദിയായി ജനിപ്പിച്ചതിനാൽ പിതാവ് എന്ന് വിളിക്കപ്പെടുന്നു. ഒന്നാമത്തെ ആളെന്നതിന്, പ്രായത്തിലോ മഹത്ത്വത്തിലോ മറ്റുരണ്ടാളുകളേയും അതിശയിക്കുന്നവനെന്ന് അർത്ഥമില്ല. രണ്ടാമത്തെ ആൾ പുത്രൻ എന്ന് വിളിക്കപ്പെടുന്നു. ത്രിത്വസിദ്ധാന്തമനുസരിച്ച് പിതാവിൽ നിന്ന് ആദിയിൽ ജന്മമെടുത്തവനെങ്കിലും പുത്രൻ പിതാവിന്റെ സൃഷ്ടിയല്ല. പുത്രനെ സൂചിപ്പിക്കാൻ ദൈവവചനം എന്ന സങ്കല്പം വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ഏറ്റവും പ്രസിദ്ധമായ ഉദാഹരണം യേശുവിനെ മാംസരൂപമെടുത്ത വചനമെന്നു വിശേഷിപ്പിക്കുന്ന യോഹന്നാന്റെ സുവിശേഷത്തിന്റെ ആമുഖമാണ്. ത്രിത്വത്തിലെ മൂന്നാമത്തെ ആൾ പരിശുദ്ധാത്മാവ് എന്ന് വിളിക്കപ്പെടുന്നു. ത്രിത്വസിദ്ധാന്തത്തിലെ മൂന്ന് ആളുകളിൽ ഏറ്റവും ഒടുവിൽ നിർവചിക്കപ്പെട്ടതും ദൈവികത്രിത്വത്തിലെ അംഗമെന്ന് അംഗീകരിക്കപ്പെട്ടതും പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവിനെ, പിതാവിൽ നിന്ന് പുറപ്പെടുന്നവനെന്നു മിക്കവാറും പൗരസ്ത്യസഭകളും പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്നവനെന്ന് കത്തോലിക്കാ സഭയും വിശേഷിപ്പിക്കുന്നു. ഇക്കാര്യത്തിൽ പ്രൊട്ടസ്റ്റന്റ് സഭകളുടെ നിലപാടിൽ അവ്യക്തതയുണ്ട്.
സ്വഭാവം
[തിരുത്തുക]സാമാന്യേന, ത്രിത്വത്തിലെ മൂന്ന് ആളുകളിൽ പിതാവ് ദൈവികശക്തിയേയും, പുത്രൻ ദൈവികജ്ഞാനത്തേയും പരിശുദ്ധാത്മാവു ദൈവികസ്നേഹത്തേയും പ്രതിനിധീകരിക്കുന്നു എന്ന് പറയാം. എന്നാൽ ത്രിത്വസിദ്ധാന്തത്തിന്റെ വികസിതരൂപം ഊന്നൽ കൊടുക്കുന്ന അനുയോജ്യതാവാദം (Appropriation)[1] അനുസരിച്ച്, ഈ ഗുണങ്ങളിലൊന്ന് ത്രിത്വത്തിലെ ഒരാളിൽ ആരോപിക്കുന്നത് മറ്റു രണ്ടാളുകളേയും അതിൽ നിന്ന് ഒഴിവാക്കിക്കൊണ്ടല്ല. എല്ലാ ഗുണങ്ങളും മൂവർക്കും അവകാശപ്പെട്ടതാണ്. ഒരു പ്രത്യേകഗുണം ആരോപിക്കപ്പെടുന്ന ആൾ അതിനെ വിശേഷരൂപത്തിൽ പ്രതിനിധീകരിക്കുന്നുവെന്നേയുള്ളു.
ചരിത്രം
[തിരുത്തുക]പുതിയ നിയമത്തിൽ
[തിരുത്തുക]പുതിയനിയമത്തിൽ ത്രിത്വത്തിലെ മൂന്നാളുകൾ ഒന്നിച്ച് പരാമർശിക്കപ്പെടുന്ന ഭാഗങ്ങളിൽ ഒരുപക്ഷേ ഏറ്റവും പഴയത് കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനത്തിന്റെ സമാപനമാണ്. അതിൽ പൗലോസ് അപ്പസ്തോലൻ, കോറിന്ത്യർക്ക് കർത്താവായ യേശുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും ആശംസിക്കുന്നു[2]. ഈ വാക്യത്തിൽ ത്രിത്വത്തിലെ മൂന്നാളുകളും പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും, അത് പിൽക്കാലത്ത് പിന്തുടരപ്പെട്ട ക്രമത്തിലല്ല എന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്[3] ത്രിത്വത്തിന്റെ കുറേക്കൂടി തെളിവായ ഒരു പരാമർശം മത്തായി മത്തായിയുടെ സുവിശേഷത്തിന്റെ അവസാന ഭാഗത്തെ ജ്ഞാനസ്നാനാദേശമാണ് (Baptismal Commission). എല്ലാ ജനങ്ങളേയും പഠിപ്പിച്ച് പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തിൽ ജ്ഞാനസ്നാനപ്പെടുത്തായി ഉയിർത്തെഴുന്നേറ്റ യേശു, സ്വർഗാരോഹണത്തിനു മുൻപ്, ശിഷ്യന്മാരെ അയക്കുകയാണ് ഈ വാക്യത്തിൽ[4].
പുതിയനിയമഗ്രന്ഥങ്ങളിൽ യോഹന്നാന്റെ സുവിശേഷം യേശുവിന്റെ ദൈവസ്വഭാവത്തിൽ പ്രത്യേകം ഊന്നിക്കൊണ്ട്, ത്രിത്വസിദ്ധാന്തത്തിന്റെ വികാസത്തിനുതകിയ ഒരു പ്രധാനരേഖയായി. സുവിശേഷം ആരംഭിക്കുന്നതു തന്നെ ആദിയിലേ ദൈവത്തോടൊപ്പം ഉണ്ടായിരുന്ന, ദൈവം തന്നെയായ വചനമായി യേശുവിനെ അവതരിപ്പിച്ചു കൊണ്ടാണ്. [5] ആ സുവിശേഷത്തിന്റെ മറ്റൊരുഭാഗത്ത് താനും പിതാവും ഒന്നാണെന്ന് പറഞ്ഞുകൊണ്ട് യേശു പിതാവുമായി തനിക്ക് തുല്യത അവകാശപ്പെടുന്നു.[6] വേറൊരിടത്ത് യേശു, താൻ ശിഷ്യന്മാർക്ക് അയച്ചുകൊടുക്കാൻപോകുന്ന അരൂപിയായ ആശ്വാസദായകനെപ്പറ്റി പറയുന്നു[7].
അപ്പസ്തോലന്മാർക്കു ശേഷം
[തിരുത്തുക]പിതാവായ ദൈവത്തേയും, പുത്രനായ യേശുവിനേയും, ദൈവാത്മാവിനേയും കുറിച്ച് പുതിയനിയമത്തിലെ മേല്പ്പറഞ്ഞ പരാമർശങ്ങൾ വ്യവസ്ഥാപിതസഭകൾ പിന്തുടരുന്ന ത്രിത്വസിദ്ധാന്തത്തിന്റെ ഒരു മുഖ്യസ്രോതസ്സാണെങ്കിലും ത്രിത്വസംബന്ധിയെന്ന് വാദിക്കപ്പെടുന്ന ഈ പുതിയനിയമഭാഗങ്ങൾ ഏതെങ്കിലും സിദ്ധാന്തത്തെയോ ക്രമത്തെയോ പിന്തുടരുന്നില്ല. അവയും, പിൽക്കാല സഭാപിതാക്കന്മാരുടെ നിലപാടുകളും കൂടിച്ചേർന്ന് ത്രിത്വസിദ്ധന്തം ഉരുത്തിരിഞ്ഞത് സംവാദബഹുലമായ രണ്ടുമൂന്നു നൂറ്റാണ്ടുകൾ കൊണ്ടാണ്.
ജസ്റ്റിനും മറ്റും
[തിരുത്തുക]അപ്പസ്തോലികകാലത്തിന് തൊട്ടു പിന്നാലെയുള്ള ദശകങ്ങളിലെ ക്രിസ്തീയ ചിന്തകന്മാരായ റോമായിലെ വിശുദ്ധ ക്ലെമെന്റ്, അന്ത്യോഖ്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്, സ്മിർണയിലെ പോളിക്കാർപ്പ്, അട്ടിടയൻ എന്ന കൃതിയുടെ രചയിതാവായ ഹെർമാസ് എന്നിവർ യേശുവിന്റെ ദൈവത്ത്വം അംഗീകരിച്ചെങ്കിലും ത്രിത്വസിദ്ധാന്തത്തിനടുത്തെത്തിയില്ല. പരിശുദ്ധാത്മാവ്, യേശുവിന്റെ ആത്മാവ് ആയല്ലാതെ, ഒരു പ്രത്യേക ആൾ എന്ന നിലയിൽ അവരുടെ ചിന്തയിൽ പ്രത്യക്ഷപ്പെടുന്നില്ല. തുടർന്നുവന്ന അര നൂറ്റാണ്ടു കാലത്ത് (ക്രി.വ.130-180) രക്തസാക്ഷി ജസ്റ്റിനും (Justin Martyr)മറ്റും ക്രിസ്തുമതത്തെ ഗ്രീക്ക് ചിന്തയിലെ വചനത്തിന്റെ സിദ്ധാന്തവുമായി (Doctrine of the Logos) സമരസപ്പെടുത്തി അവതരിപ്പിക്കാൻ ശ്രമിച്ചു. [8] ക്രിസ്തുമതം ചിന്താദരിദ്രമാണെന്ന ആക്ഷേപത്തോട് പ്രതികരിക്കുക കൂടിയായിരുന്നു അവർ ഇതുവഴി. ജസ്റ്റിനും മറ്റും യേശുവിന്റെ വ്യതിരിക്തതക്കും ദൈവികത്ത്വത്തിനും ഊന്നൽ കൊടുത്തെങ്കിലും അവരുടെ ചിന്തയിലെ ലോഗോസ് (Logos) സൃഷ്ടികൾക്കെല്ലാം മുൻപാണെങ്കിലും സൃഷ്ടിക്കപ്പെട്ടവൻ തന്നെയായിരുന്നു. ദൈവത്തിന്റെ മനസ്സിൽ ദൈവികജ്ഞാനമായി വേറിട്ടല്ലാതെ എന്നും ഉണ്ടായിരുന്ന പുത്രൻ സൃഷ്ടികർമ്മത്തിന് മുൻപ് വേറിട്ട് ആദ്യസൃഷ്ടിയായി പിതാവിൽ നിന്ന് ജന്മമെടുത്തുവെന്നാണ് ജസ്റ്റിന്റെ ശിഷ്യൻ തേഷൻ (Tatian) പറഞ്ഞത്. ഈ അഭിപ്രായം പിൽക്കാലത്ത്ആരിയനിസം എന്നു വിശേഷിക്കപ്പെട്ട നിലപാടിനോടാണ് ഒത്തുപോകുന്നത്.
തെർത്തല്യൻ, ഒരിജൻ
[തിരുത്തുക]ദൈവസങ്കല്പത്തെ വിവരിക്കാനായി ത്രിത്വം എന്ന് അർത്ഥം വരുന്ന ഗ്രീക്ക് പദം (Trias) ആദ്യമായി ഉപയോഗിച്ചത് ക്രി.പി. 180-നടുത്ത്, അന്ത്യോഖ്യയിലെ തിയോഫിലസ് ആണെന്ന് പറയപ്പെടുന്നു.[9] ലത്തീനിൽ ദൈവത്തിലെ മൂന്നാളുകളെ ഉദ്ദേശിച്ച് ത്രിത്വം (Trinitas) എന്ന വാക്ക് ആദ്യമായുപയോഗിച്ചത്, ഉത്തര ആഫ്രിക്കയിലെ കാർത്തേജിൽ ജീവിച്ചിരുന്ന തെർത്തുല്യൻ(Tertullian - 160-230) ആണ്. [10] പിതാവും പുത്രനും രണ്ട് വ്യത്യസ്ത ആളുകളാണെന്ന് അഭിപ്രായപ്പെട്ട തെർത്തല്യൻ അവർ ഏകസത്തയാണെന്ന് എടുത്തു പറഞ്ഞു. സത്തയിൽ ഒന്നായിരിക്കുന്ന വ്യതിരിക്ത ആളുകൾ അടങ്ങിയ തെർത്തല്യന്റെ ത്രിത്വത്തിലുള്ളത് പിതാവും പിതാവിൽ നിന്ന് ജനിക്കുന്ന പുത്രനും പിതാവിൽ നിന്ന് പുത്രൻ വഴി പുറപ്പെടുന്ന പരിശുദ്ധാത്മാവും ആണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്നു ആളുകളെന്നതിന് പകരം, ഒരാൾ മാത്രമായ ദൈവത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ മാത്രമാണെന്ന് തെർത്തല്യന്റെ സമകാലീനനായ സാബെല്ലിയസ് വാദിച്ചിരുന്നു. സാബെല്ലിയനിസം എന്നറിയപ്പെട്ട ഈ വാദം, പിന്നീട് ആരിയൂസ് സ്വീകരിച്ച നിലപാടിനു നേർവിപരീതമയിരുന്നു. ഇതിനെ തെർത്തല്യൻ നിശിതമായി വിമർശിച്ചു.[11]
ഏതാണ്ട് ഇതേകാലത്ത് തന്നെ ത്രിത്വസിദ്ധാന്തത്തിന്റെ വികസനത്തിൽ വലിയ സംഭാവന നൽകിയ പൗരസ്ത്യസഭാചിന്തകനാണ് ഒരിജൻ(185-254). ത്രിത്വത്തിലെ ആളുകൾ മൂവരും അനാദികളാണെന്നും പിതാവിൽ നിന്ന് നിത്യതയിൽ ജനിച്ചവനാണ് പുത്രൻ എന്നും ഒരിജൻ വാദിച്ചു. ഒരിജന്റെ ഈ ആശയങ്ങളും, തെർത്തല്യന്റെ, ത്രിത്വത്തിലെ 'ആളുകൾ', 'ഏകസത്ത' എന്നീ സങ്കല്പങ്ങളും പിന്നീട് ത്രിത്വസിദ്ധാന്തത്തിന്റെ അടിസ്ഥാനനിലപാടുകളായി മാറി. അതേസമയം, പിന്നീട് അംഗീകരിക്കപ്പെട്ട ത്രിത്വസങ്കല്പത്തിൽ നിന്ന് ഭിന്നമായി, അസമമായ സ്ഥാനക്രമങ്ങളുള്ള ത്രിത്വമായിരുന്നു അവരുടെ സങ്കല്പത്തിലേത്. ഇതനുസരിച്ച്, പിതാവിനൊപ്പം നിത്യതയിലേ ഉണ്ടായിരുന്നവരെങ്കിലും പിതാവിന് പിന്നിലായിരുന്നു മറ്റു രണ്ടാളുകളുടേയും സ്ഥാനം.[12][൧]
രണ്ടു സൂനഹദോസുകൾ
[തിരുത്തുക]നിഖ്യാ
[തിരുത്തുക]ക്രി.വ. നാലാം നൂറ്റാണ്ട്, ത്രിത്വസിദ്ധാന്തത്തിന്റെ രൂപപ്പെടലിൽ നിർണ്ണായകമയിരുന്നു. 318-ൽ ഈജിപ്തിൽ അലക്സാൻഡ്രിയയിലെ ഒരു പുരോഹിതനായിരുന്ന ആരിയൂസെന്നയാൾ യേശുവും പിതാവുമായുള്ള ബന്ധത്തെക്കുറിച്ച് പ്രകടിപ്പിച്ച അഭിപ്രായങ്ങളെ അവിടത്തെ മെത്രാനായിരുന്ന അലക്സാണ്ടർ ചോദ്യം ചെയ്തതായിരുന്നു തുടക്കം. വചനമാകുന്ന ദൈവം ലോകാരംഭത്തിന് മുൻപ് ദൈവപിതാവിനാൽ സൃഷ്ടിക്കപ്പെട്ടവനാണെന്നും, പിതാവിന്റെ സൃഷ്ടിയാകയാൽ പുത്രൻ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നുമാണ് ആരിയൂസ് വാദിച്ചത്. റോമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ, ക്രിസ്തുമത്തിന് പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ടുള്ള ക്രി.വ. 313-ലെ പ്രഖ്യാപനം (Edict of Milan) ഇറക്കി അധിക കാലം കഴിയുന്നതിനു മുൻപായിരുന്നു ഇത്. ക്രിസ്തുമത്തിന്നുള്ളിലെ ഛിദ്രം സാമ്രാജ്യത്തിന്റെ തന്നെ ഭദ്രതയെ തകർത്തെങ്കിലോ എന്നു ഭയന്ന ചക്രവർത്തി, തർക്കം പരിഹരിക്കാനായി തന്റെ തലസ്ഥാനമായിരുന്ന കോൺസ്റ്റന്റിനോപ്പിളിനു സമീപം ബോസ്പോറസ് കടൽപ്പാതക്ക് മറുകരയുള്ള നിഖ്യായിൽ ക്രി.വ. 325-ൽ ക്രിസ്തുമത നേതാക്കന്മാരുടെ ഒരു സമ്മേളനം വിളിച്ചു ചേർത്തു. ഏതാണ്ട് മുന്നൂറ് മെത്രാന്മാർ പങ്കെടുത്ത ഈ സമ്മേളനം, ഒന്നാം നിഖ്യാ സൂനഹദോസ് എന്ന പേരിൽ അറിയപ്പെടുന്നു. ഇരുപക്ഷത്തിനും സ്വീകാര്യമായ ഒരു സമവായം അംഗീകരിപ്പിച്ചെടുക്കാൻ സൂനഹദോസിൽ പങ്കെടുത്തിരുന്ന പ്രഖ്യാത സഭാചരിത്രകാരനായ കേസറിയായിലെ യൂസീബിയസും മറ്റും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. യേശു പിതാവിനോടുകൂടി ഏകസത്ത(homoousios) യാണെന്നതിന് പകരം സമാനസത്ത(homoiousios)[൨] ആണെന്നായിരുന്നു സൂനഹദോസ് തള്ളിയ സമവായത്തിന്റെ ചുരുക്കം. സൂനഹദോസ് ആരിയൂസിന്റെ നിലപാടിനെ ശപിച്ചുതള്ളുകയും യേശു പിതാവിനോടു കൂടി ഏക സത്ത(Homoousios) യായിരിക്കുന്ന പുത്രനായ ദൈവമാണെന്ന നിലപാട് അംഗീകരിക്കുകയും ചെയ്തു.[൩]
ഇടവേള
[തിരുത്തുക]നിഖ്യായിൽ ആരിയൂസിന്റെ നിലപാടുകൾ തിരസ്കരിക്കപ്പെട്ടുവെന്നു തോന്നിയെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ ആരിയനിസം സൂനഹദോസ് തള്ളിയ സമാനസത്താവാദം പോലെയുള്ള പുതിയ രൂപങ്ങളിൽ അവതരിക്കപ്പെടാൻ തുടങ്ങി. അക്കാലത്ത് കോൺസ്റ്റാന്റിനോപ്പിളിലും മറ്റും സാധാരണ ജനങ്ങളുടെ പോലും ചായ്‌വ് ആരിയൻ നിലപാടിനോടായിരുന്നുവെന്ന് നിസ്സായിലെ ഗ്രിഗറി സൂചിപ്പിക്കുന്നുണ്ട്:-
"(ചന്തയിൽ) ഒരാളോട് ചില്ലറ ചോദിച്ചാൽ അയാൾ ജനിപ്പിക്കപ്പെട്ടവനും അല്ലാത്തവനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വാചകമടിക്കാൻ തുടങ്ങും; അപ്പത്തിന്റെ വില ചോദിച്ചാൽ പിതാവ് പുത്രനേക്കാൾ വലിയവനാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കും; സ്നാനഘട്ടത്തിലെ ക്രമീകരണങ്ങളെ പ്രശംസിച്ചാൽ അവിടത്തെ കാര്യസ്ഥൻ പുത്രൻ ഇല്ലായ്മയിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവനാണെന്ന് തുറന്നടിക്കും"[13]
നിഖ്യാ സൂനഹദോസിൽ അലക്സാണ്ടറിന്റെ ശിഷ്യൻ അത്തനാസിയൂസ്, ഒരു ശമ്മാശ്ശൻ മാത്രമായിരുന്നെങ്കിലും പങ്കെടുക്കുകയും പ്രത്യേകം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ആരിയനിസത്തെ അതിന്റെ എല്ലാ രൂപങ്ങളിലും എതിർക്കുന്നവരിൽ മുൻപനായി അത്തനാസിയൂസ് നിലകൊണ്ടു. സൂനഹദോസ് നടന്ന് മൂന്നു വർഷത്തിനകം അന്തരിച്ച അലക്സാണ്ടറിനെ പിന്തുടർന്ന് അത്തനാസിയൂസ് അലക്സാൻഡ്രിയയിലെ മെത്രാനായി. രാഷ്ട്രീയമായ താത്പര്യങ്ങൾക്കു മുൻതൂക്കം നൽകിയ കോൺസ്റ്റന്റൈനും പിൻഗാമികളും ആരിയനിസത്തോടുള്ള തങ്ങളുടെ നിലപാട് ഇടക്കിടെ മാറ്റിക്കോണ്ടിരുന്നു. കോൺസ്റ്റന്റൈനെത്തുടർന്ന് അധികാരത്തിൽ വന്ന ചക്രവർത്തിമാർ മിക്കവരും ആരിയൻ നിലപാടിനെ പിന്തുണക്കുന്നവരായിരുന്നു. ഇതുമൂലം, വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലായിരുന്ന അത്തനാസിയൂസിന് ഇടക്കിടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട് പ്രവാസജീവിതം നയിക്കേണ്ടി വന്നു. ക്രി.പി. 336-ൽ ആരിയൂസും ക്രി.പി. 373-ൽ അത്തനാസിയൂസും അന്തരിച്ചു. [൪]
കോൺസ്റ്റാന്റിനോപ്പിൾ
[തിരുത്തുക]നിഖ്യായിലെ തീരുമാനങ്ങളിൽ ഉറച്ചു നിന്ന അത്തനാസിയൂസിനുശേഷം അദ്ദേഹത്തിന്റെ വിശ്വാസങ്ങൾ പ്രചരിപ്പിച്ചവരിൽ പ്രമുഖർ കേസറിയായിലെ ബാസിൽ അദ്ദേഹത്തിന്റെ സഹോദരൻ നിസ്സായിലെ ഗ്രിഗറി അവരുടെ സുഹൃത്തായിരുന്ന നസിയാൻസസിലെ ഗ്രിഗറി എന്നിവരുൾപ്പെട്ട കപ്പദോച്ചിയൻ പിതാക്കന്മാരായിരുന്നു. നിഖ്യായിലെ തീരുമാനങ്ങളെ കൂടുതൽ സംസ്കൃതവും നിർവചിതമായ രൂപത്തിൽ അവതരിപ്പിച്ച് പിന്നീട് പരക്കെ സ്വീകരിക്കപ്പെട്ട ത്രിത്വസങ്കല്പത്തിന് വഴിതുറന്നത് ഇവരാണ്. നിഖ്യാ സൂനഹദോസ് അംഗീകരിച്ച വിശ്വാസപ്രമാണത്തിൽ ത്രിത്വത്തിലെ മൂന്ന് ആളുകളും പരാമർശിക്കപ്പെട്ടിരുന്നെങ്കിലും ആളുകൾ എന്ന അർത്ഥത്തിൽ പിന്നീട് വ്യാപകമായി ഉപയോഗിക്കപ്പെട്ട ഹൈപൊസ്റ്റസസ്(Hypostases) എന്ന ഗ്രീക്ക് പദത്തെ പലരും സത്ത എന്ന അർത്ഥം വരുന്ന ഔസിയ (Ousia) എന്നതിന്റെ പര്യായമായിട്ടാണ് എടുത്തത്. ഈ രണ്ടു വാക്കുകളുടേയും അർത്ഥം വ്യവഛേദിച്ച്, ഏകസത്ത പങ്കിടുന്ന മൂന്നാളുകളടങ്ങുന്ന ത്രിത്വം എന്ന സങ്കല്പം ഉറപ്പിച്ചത് കപ്പദോച്ചിയൻ പിതാക്കന്മാരാണ്. [14]
ക്രി.പി. 379-ൽ ആരിയനിസത്തെ എതിർത്തിരുന്ന തിയോഡോഷ്യസ് ഒന്നാമൻ റോമാ ചക്രവർത്തിയായി. നിഖ്യാ അവശേഷിപ്പിച്ചതും നിഖ്യായ്ക്കു ശേഷമുണ്ടായതുമായ പ്രശ്നങ്ങൾ പരിഗണിക്കാനായി സഭാ നേതാക്കന്മാരുടെ ഒരു സമ്മേളനം അദ്ദേഹം ക്രി.പി. 381-ൽ കോൺസ്റ്റാന്റിനോപ്പിളിൽ വിളിച്ചുകൂട്ടി.[15] 150-ഓളം മെത്രന്മാർ ചേർന്ന ആ സൂനഹദോസിൽ കപ്പദോച്ചിയൻ പിതാക്കന്മാരായ നിസ്സായിലേയും നസിയാൻസസിലേയും ഗ്രിഗറിമാർ പ്രധാന പങ്കു വഹിച്ചു. [൫] സൂനഹദോസ് കൂടുതൽ വ്യക്തവും സമഗ്രവുമായ ഒരു വിശ്വാസപ്രമാണം അംഗീകരിച്ചു. ത്രിത്വത്തിലെ 'ആളുകൾ' എന്ന സങ്കല്പത്തിൽ അത് പ്രത്യേകം ഊന്നൽ നൽകി. ആദ്യത്തെ രണ്ട് ആളുകളായ പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള തർക്കങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകമൂലം, നിഖ്യാസൂനഹദോസ്, ത്രിത്വത്തിലെ മൂന്നാമത്തെ ആളായ പരിശുദ്ധാതമാവിനെ വലിയ പ്രാധാന്യം നൽകാതെയാണ് പരാമർശിച്ചിരുന്നത്. പുതിയ വിശ്വാസപ്രമാണത്തിന്റെ ഒരു പ്രത്യേകത, അത് പരിശുദ്ധാത്മാവിന് തുല്യതയും കൂടുതൽ പ്രാധാന്യവും കല്പിച്ചു എന്നതായിരുന്നു.
അഗസ്റ്റിൻ
[തിരുത്തുക]കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിനു ശേഷവും ത്രിത്വസിദ്ധാന്തത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ തുടർന്നു. ഇക്കാലഘട്ടത്തിലെ ഏറ്റവും പ്രധാന സംഭാവന ആദ്യ സഹസ്രാബ്ദത്തിലെ ഏറ്റവും വലിയ ക്രൈസ്തവചിന്തകനും ദൈവശാസ്ത്രജ്ഞനും ആയിരുന്ന ഹിപ്പോയിലെ അഗസ്റ്റിന്റേതാണെന്നു പറയാം.[16] അഗസ്റ്റിന്റെ മുഖ്യഗ്രന്ഥങ്ങളിലൊന്ന് ത്രിത്വത്തെക്കുറിച്ചായിരുന്നു(De Trinitate).[17] ക്രി.പി 399 മുതൽ 419 വരെയുള്ള ഇരുപത് വർഷം കൊണ്ട് എഴുതിയ ഈ കൃതി വഴി അഗസ്റ്റിൻ ത്രിത്വസിദ്ധാന്തത്തിന് സമഗ്രമായ ഒരു ദൈവശാസ്ത്രം രൂപപ്പെടുത്തി. ത്രിത്വത്തിലെ മൂന്നാളുകൾക്കുമിടയിൽ ഒരുതരത്തിലുമുള്ള വലിപ്പച്ചെറുപ്പം അഗസ്റ്റിന് സ്വീകാര്യമല്ലായിരുന്നു. പരിശുദ്ധാത്മാവിനെ പിതാവിൽ നിന്നു മാത്രം പുറപ്പെടുന്നവനെന്നതിന് പകരം പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്നവനായാണ് അഗസ്റ്റിൻ കണ്ടത്. അഗസ്റ്റിനിൽ നിന്ന് പാശ്ചാത്യസഭ സ്വീകരിച്ച് ഈ നിലപാട്, പിന്നീട് പൗരസ്ത്യ-പാശ്ചാത്യസഭകൾ തമ്മിൽ ഭിന്നതക്കുള്ള കാരണങ്ങളിലൊന്നായി.[൬]
ത്രിത്വസിദ്ധാന്തത്തിന് മനശാസ്ത്രപരമായ ഒരു മാനം കൊടുക്കാനും അഗസ്റ്റിൻ ശ്രമിച്ചു. ത്രിയേകദൈവത്തിന്റെ സൃഷ്ടിയായ പ്രപഞ്ചത്തിൽ ത്രിത്വം പ്രതിബിംബിക്കുന്നുണ്ടെന്നും ദൈവഛായയിൽ ഉരുവാക്കപ്പെട്ടിരിക്കയാൽ മനുഷ്യരിലും ത്രിത്വത്തിന്റെ അംശം ഉൾച്ചേർന്നിട്ടുണ്ടെന്നും ബുദ്ധിയും സ്മരണയും ഇച്ഛയും ചേർന്ന ഒരു ത്രിത്വമാണ് മനുഷ്യമനസ്സ് എന്നും അദ്ദേഹം വാദിച്ചു.[18]
വിലയിരുത്തൽ
[തിരുത്തുക]നൂറ്റാണ്ടുകളായി, മിക്കവാറും ക്രിസ്തുമതവിഭാഗങ്ങൾക്ക്, ത്രിത്വസിദ്ധാന്തത്തെ ഒഴിവാക്കിക്കൊണ്ട് ഒരു ദൈവദർശനം ഇല്ല. അതുകൊണ്ട്, ആ സിദ്ധാന്തത്തിന്റെ ഉത്ഭവവും വളർച്ചയും എത്ര വിവാദഭരിതവും ദുരിതപൂർണവുമായിരുന്നു എന്നത് മറന്നേക്കാം. ഹെബ്രായപ്രവാചകപാരമ്പര്യത്തിൽ, വിട്ടൂവീഴ്ചയില്ലാത്ത ഏകദൈവവിശ്വാസത്തിന്റെ പശ്ചാത്തലത്തിലാണ് ക്രിസ്തുമതം പിറന്നത്. എന്നാൽ അതിന്റെ വളർച്ചയുടെ പശ്ചാത്തലം യവനമായിരുന്നു. പുതിയനിയമഗ്രന്ഥങ്ങളെല്ലാം എഴുതപ്പെട്ടിരിക്കുന്നത് ഗ്രീക്ക് ഭാഷയിലാണ്. ആദിമക്രൈസ്തവസമൂഹങ്ങൾക്ക്, പഴയനിയമവുമായുള്ള പരിചയവും അതിന്റെ ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റിലൂടെയായിരുന്നു. വേണമെങ്കിൽ, യഹൂദമതത്തിലെ ഏകദൈവവിശ്വാസത്തിനും ഗ്രീക്ക് ബഹുദൈവവിശ്വാസത്തിനും ഇടക്കുള്ള നിലപാടായി, ഏകസത്ത പങ്കിടുന്ന മൂന്ന് ആളുകൾ ചേർന്ന ത്രിത്വം എന്ന സങ്കല്പത്തെ കാണാം.
യേശുവിനെ ദൈവം തന്നെയായ ദൈവവചനമായി അവതരിപ്പിച്ചുകൊണ്ട് തുടങ്ങുന്ന യോഹന്നാന്റെ സുവിശേഷത്തിന് യവനചിന്തയുടെ പശ്ചാത്തലമാണ്. ക്രിസ്തുമതത്തിന്റെ സദ്വാർത്തയുടെ യവനവീക്ഷണത്തിൽ നിന്നുള്ള പുനരാഖ്യാനമാണ് ആ സുവിശേഷം ലക്‌ഷ്യം വച്ചതെന്ന് വാദിക്കപ്പെട്ടിട്ടുണ്ട്.[19] പുതിയനിയമത്തിൽ, ആ സുവിശേഷത്തിന്റെ തുടക്കത്തിലല്ലാതെ മറ്റൊരിടത്തും ദൈവത്തിന്റെ മനുഷ്യാവതാരം (Incarnationa)പരാമർശിക്കപ്പെടുന്നില്ല എന്ന് പറയപ്പെടുന്നു.[20] എന്നാൽ മനുഷ്യനായി, രാഗദ്വേഷങ്ങൾ പ്രകടിപ്പിച്ചും വേദനയും വിശപ്പും സഹിച്ചും ജീവിച്ച് കുരിശിൽ പീഡകൾ സഹിച്ച് മരിച്ച യേശുവിനെ ദൈവത്തിന്റെ അവതാരമായി ചിത്രീകരിക്കുന്നത്, ദൈവം, സ്ഥലകാലങ്ങൾക്ക് അപ്പുറത്തുള്ളവനും പരിവർത്തനങ്ങൾക്ക് അതീതനുമാണെന്ന സങ്കല്പവുമായി ചേർത്തുവക്കുക ബുദ്ധിമുട്ടായിരുന്നു. സത്തയിൽ ദൈവവുമായി ഒന്നായിരിക്കെ വേറിട്ടു നിൽക്കുന്ന ദൈവിക ആളായ ദൈവപുത്രനാണ് യേശു എന്ന വാദം ഈ പ്രശ്നം ഒരളവു വരെ പരിഹരിച്ചു. ദൈവത്തിന്റെ മനുഷ്യാവതാരത്തേയും കരിശുമരണത്തേയും കാൾ വിശ്വസനീയം ദൈവത്തിൽ നിന്നുത്ഭവിച്ച ദൈവപുത്രന്റെ മനുഷ്യാവതാരവും കരിശുമരണവും ആയിരിക്കുമെന്ന് വാദിക്കാം.[21] പൂർണ തുല്യതയോടെ പരിശുദ്ധാത്മാവിനെ ഈ ത്രിത്വത്തിൽ ഉൾപ്പെടുത്തിയത് ആത്മാവിന്റെ രൂപത്തിൽ ദൈവം എന്നും ചരിത്രത്തിൽ പ്രവൃത്തിയ്ക്കുന്നു എന്ന ആശ്വാസം പകർന്നു.[22]
വിമർശനം
[തിരുത്തുക]ദൈവത്തിന്റെ മനുഷ്യാവതാരമാണ് യേശു എന്ന വാദം ഉയർത്തിയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ദൈവസ്വഭാവത്തെ വിശദീകരിക്കാനാണ് ത്രിത്വസിദ്ധാന്തം ശ്രമിച്ചത്. എന്നാൽ ഈ സിദ്ധാന്തം ദൈവപ്രകൃതിയെ കൂടുതൽ മനസ്സിലാക്കാൻ മനുഷ്യരെ സഹായിച്ചു എന്ന് പറയുക ബുദ്ധിമുട്ടാണ്. ദൈവസ്വഭാവത്തെ കൂടുതൽ സങ്കീർണമായി അവതരിപ്പിച്ച്, ദൈവത്തെ മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് വർദ്ധിപ്പിക്കുകയാണ് ത്രിത്വസിദ്ധാന്തം ചെയ്തതെന്ന് പ്രസിദ്ധ സഭാചരിത്രകാരനായ ജാരോസ്ലാവ് പെലികൻ എഴുതിയിട്ടുണ്ട്.[23]
ക്രിസ്തുമതവുമായി പല മൗലികതകളും പങ്കിടുന്ന മതങ്ങളായ ഇസ്ലാമിനും യഹൂദമതത്തിനും ക്രിസ്തുമതത്തിൽ നിന്നുള്ള അകൽച്ചയുടെ മൂലകാരണങ്ങളിലൊന്ന് ത്രിത്വസിദ്ധാന്തമാണ്. മുസ്ലിങ്ങളുടെ പവിത്രഗ്രന്ഥമായ ഖുർ ആനിൽ ത്രിത്വസിദ്ധാന്തത്തെ വിമർശിക്കുന്ന രണ്ടു വാക്യങ്ങളെങ്കിലും ഉണ്ട്. [24]ഇസ്ലാം മതത്തിലേക്ക് പരിവർത്തിതനായി അബ്ദൽ ഹക്കിം മുറാദ് എന്ന പേര് സ്വീകരിച്ച പ്രഖ്യാത ചിന്തകനായ തിമോത്തി വിന്റർ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
സെമറ്റിക്ക് വീക്ഷണത്തിന്റെ നന്മകളിലൊന്ന്, അന്തിമയാഥാർഥ്യം അന്തിമവിശകലനത്തിൽ ലളിതമായിരിക്കുമെന്ന ബോധ്യമാണ്. രണ്ടു സ്വഭാവങ്ങളുള്ള ഒരാളടക്കം മൂന്നാളുകളടങ്ങുന്നതും എന്നാൽ എങ്ങനേയോ ഒന്നായിരിക്കുന്നതുമായ നിഖ്യായുടെ ദൈവം, യുക്തിക്കു നിരക്കാത്തതും അന്തഃകരണത്തിന് ബോധ്യം തരാത്തതുമാണ്. എല്ലാത്തിന്റേയും മൂലമായ ദൈവത്തിന്റെ യാഥാർഥ്യം അത്ര സങ്കീർണമായിരിക്കുക അസാദ്ധ്യമാണ്.[25]
കുറിപ്പുകൾ
[തിരുത്തുക]൧ ^ ഒരിജന്റെ സമകാലീനനും സതീർഥ്യനും ആയിരുന്ന നിയോപ്ലേറ്റോണിസം|നിയോപ്ലേറ്റോണിസ്റ്റ് ചിന്തകൻ പ്ലോട്ടിനസിന്റെ ദൈവസങ്കല്പത്തിന് ഒരിജന്റെ ത്രിത്വദർശനവുമായി ഏറെ സമാനത ഉണ്ടായിരുന്നുവെന്ന് ബെർട്രാൻഡ് റസ്സൽ പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം എന്ന പുസ്തകത്തിൽ പ്ലോട്ടിനസിനെക്കുറിച്ചുള്ള അദ്ധ്യായത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
൨ ^ രണ്ടു നിലപാടുകളും (homoousios/homoiousios) തമ്മിലുണ്ടായിരുന്നത് ഒരു 'i' യുടെ വ്യത്യാസമായിരുന്നു. ഗ്രീക്ക് അക്ഷരമാലയിലെ ഏറ്റവും ചെറിയ അക്ഷരം(iota) ആണ് ക്രിസ്തുമതത്തിൽ ഛിദ്രമുണ്ടാക്കിയതെന്ന് Decline and Fall of the Roman Empire എഴുതിയ എഡ്‌വേഡ് ഗിബ്ബൺ പരിഹസിച്ചിട്ടുണ്ട്[26]
൩ ^ The Son of God, begotten of the Father, the only begotten, that is, of the essence of the Father, God of God, Light of Light, very God of very God, begotten, not made, being of one substance with the Father. But those who say there was a time when he was not....and the Son of God is created or changeable or alterable, they are condemned by the holy Catholic and Apostolic Church(നിഖ്യാ സൂനഹദോസ് അംഗീകരിച്ച വിശ്വാസപ്രമാണത്തിൽ നിന്ന്)
൪ ^ ത്രിത്വസിദ്ധാന്തത്തിന്റെ വികാസത്തിൽ അത്തനാസിയൂസ് വഹിച്ച പങ്കിന് വലിയ പ്രാധാന്യമുണ്ട്. ക്രൈസ്തവസഭയുടെ വിശ്വാസപ്രമാണത്തിന്റെ വകഭേദങ്ങളിലൊന്ന് അറിയപ്പെടുന്നത് തന്നെ അത്തനാസിയൂസിന്റെ വിശ്വാസപ്രമാണം എന്നാണ്. പാശ്ചാത്യസഭ ഒരുകാലത്ത് വലിയ പ്രാധാന്യം കല്പിച്ചിരുന്ന ആ വിശ്വാസപ്രമാണം അത്തനാസിയൂസ് എഴുതിയതെന്ന് നേരത്തേ കരുതിയിരുന്നെങ്കിലും അത് അദ്ദേഹത്തിന്റെ കാലശേഷം എഴുതപ്പെട്ടതാണെന്ന് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. [27]
൫ ^ കപ്പദോച്ചിയൻ പിതാക്കന്മാരിൽ ഒരാളായ കേസറിയായിലെ ബാസിൽ അപ്പോഴേക്ക് മരിച്ചിരുന്നു.
൬ ^ പരിശുദ്ധാത്മാവിന്റെ പുറപ്പാടിനെക്കുറിച്ച് പാശ്ചാത്യ-പൗരസ്ത്യ സഭകൾ തമ്മിൽ പിന്നീടുണ്ടായ തർക്കം ഫിലിയോക്ക് വിവാദം എന്നാണ് അറിയപ്പെടുന്നത്. നിഖ്യാവിശ്വാസപ്രമാണത്തിൽ "പിതാവിൽ നിന്ന് പുറപ്പെടുന്ന പരിശുദ്ധാത്മാവ്" എന്നതിനെ ആറാം നൂറ്റാണ്ടിൽ "പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവ്" എന്നാക്കിയതിനെയാണ് പൗരസ്ത്യസഭ എതിർത്തത്. "പുത്രനിൻ നിന്നും" എന്ന അർത്ഥത്തിൽ ഉപയോഗിച്ച വാക്കായിരുന്നു filioque എന്നത്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക](മുഖ്യധാരാ ക്രൈസ്തവ വിശ്വാസം)
അവലംബം
[തിരുത്തുക]- ↑ ന്യൂ അഡ്വെന്റ് കത്തോലിക്കാ വിജ്ഞാനകോശം - Appropriation - http://www.newadvent.org/cathen/01658a.htm
- ↑ പൗലോസ് കൊറിന്ത്യർക്കെഴുതിയ രണ്ടാം ലേഖനം 13:13
- ↑ Bruce M.Metzger, Michael D. Coogan എന്നിവർ ചേർന്ന് എഡിറ്റ് ചെയ്ത Oxford Companion to the Bible-ൽ ത്രിത്വത്തെക്കുറിച്ചുള്ള ലേഖനം.
- ↑ മത്തായിയുടെ സുവിശേഷം 28:19
- ↑ യോഹന്നാന്റെ സുവിശേഷം 1:1
- ↑ യോഹന്നാന്റെ സുവിശേഷം 10:30
- ↑ യോഹന്നാന്റെ സുവിശേഷം 14:16-26)
- ↑ The Development of the Doctrine of the Trinity by Jason Dulle - Apostolicnet Biblical Studies - http://www.apostolic.net/biblicalstudies/trinhistory.htm
- ↑ Theophilus of Antioch to Autolycus - Doctrine of the Trinity - http://www.piney.com/HsTheopTrinity.html Archived 2008-03-30 at the Wayback Machine.
- ↑ കത്തോലിക്കാ വിജ്ഞാനകോശം - http://www.newadvent.org/cathen/15047a.htm
- ↑ Sabellianism - http://orthodoxwiki.org/Sabellianism
- ↑ Origien of Alexandria - a.Trinity - Internet Encyclopedia of Philosophy - http://www.iep.utm.edu/o/origen.htm#SH3a
- ↑ ചാൾസ് ഫ്രീമാന്റെ Closing of the Western Mind-ൽ ഉദ്ധരിച്ചിരിക്കുന്നത് - പുറം 195
- ↑ The Early Church - Cappadocian Fathers - http://demo.lutherproductions.com/historytutor/basic/early/people/cappadocian.htm Archived 2008-05-09 at the Wayback Machine.
- ↑ First Council of Constantinople - 381 - http://www.piar.hu/councils/ecum02.htm Archived 2012-06-21 at the Wayback Machine.
- ↑ The Crossroads Initiative - Augustine, the Trinity, and the Filioque-Yves Congar - http://www.crossroadsinitiative.com/library_article/736/Augustine__the_Trinity__and_the_Filioque_Yves_Congar.html Archived 2010-10-31 at the Wayback Machine.
- ↑ On the Holy Trinity - Aurelius Augustine - http://thriceholy.net/Texts/augustinef.html Archived 2010-01-13 at the Wayback Machine.
- ↑ Augustine Fellowship Study Center - Historical Profile - http://www.augustinefellowship.org/augustinefellowship/resource/00000011.shtml?main Archived 2008-05-01 at the Wayback Machine.
- ↑ Oxford Companion to the Bible-ൽ യോഹന്നാന്റെ സുവിശേഷത്തെക്കുറിച്ചുള്ള ലേഖനം
- ↑ The incarnation, later to be such a central concept in Christian doctrine, is mentioned nowhere else in the New Testament - മേൽ സൂചിപ്പിച്ച ചാൾസ് ഫ്രീമാന്റെ പുസ്തകം - (പുറം 130)
- ↑ The Development of the Doctrine of the Trinity by Jason Dulle - Apostolicnet Biblical Studies - ലിങ്ക് മുകളിൽ
- ↑ ചാൾസ് ഫ്രീമാൻ - പുറം 190
- ↑ Jaroslav Pelikan, Christianity and Classical Culture എന്ന പുസ്തകത്തിൽ
- ↑ IV-171, V-116 - ഈ വാക്യങ്ങളിൽ വിമർശിക്കപ്പെടുന്ന ത്രിത്വം ക്രൈസ്തവസഭകളുടെ വിശ്വാസത്തിലെ ത്രിത്വവുമായി ഒത്തുപോകുന്നില്ല എന്ന് പറയേണ്ടതുണ്ട്. യേശുവിന്റെ അമ്മയായ മേരിയേയും ത്രിത്വത്തിൽ ഉൾപ്പെടുത്തി ഇവയിൽ പരാമർശിച്ചിരിക്കുന്നു
- ↑ Trinity a Muslim Perspective - ഓക്സ്ഫോർഡിൽ ഒരു ക്രൈസ്തവസദസ്സിന് മുൻപിൽ 1996-ൽ നടത്തിയ പ്രഭാഷണം - http://www.islamfortoday.com/murad03.htm Archived 2008-04-17 at the Wayback Machine.
- ↑ One Iota: Homoiousios and Homoousios - http://www.xefer.com/2002/10/iota
- ↑ The Athanasian Creed - കത്തോലിക്കാ വിജ്ഞാനകോശം - http://www.newadvent.org/cathen/02033b.htm