ഹാരി പോട്ടര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Title ഹാരി പോട്ടര്‍
Harry potter stamps.jpg
The success of the Harry Potter franchise has led to a set of stamps being commissioned by Royal Mail, which feature the British children's covers of the seven books.[1]
കര്‍ത്താവ് ജെ.കെ. റൗളിംഗ് (Joanne Rowling)
രാജ്യം യുണൈറ്റഡ് കിങ്ഡം
ഭാഷ ഇംഗ്ലീഷ്
സാഹിത്യവിഭാഗം Fantasy, Thriller, Bildungsroman
പ്രസാധകര്‍ Flag of the United Kingdom Bloomsbury Publishing
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പതാക Scholastic Publishing
Flag of Canada Raincoast Books
Flag of AustraliaFlag of New Zealand Allen & Unwin
പ്രസിദ്ധീകരിച്ച വര്‍ഷം 26 June 199721 July 2007
മാദ്ധ്യമം Print (Hardback & Paperback) and
audiobook
ഏടുകള്‍ Flag of the United Kingdom 3407 (in total)
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പതാക 4100 (in total)

ബ്രിട്ടീഷ് എഴുത്തുകാരിയായ ജെ.കെ. റൗളിംഗ് എഴുതിയ ഏഴു പുസ്തകങ്ങളടങ്ങിയ സാങ്കല്പിക മാന്ത്രിക നോവല്‍ പരമ്പരയാണ്‌‌ ഹാരി പോട്ടര്‍. ഹാരി ‍പോട്ടര്‍ എന്ന കൗമാര മാന്ത്രികന്റേയും ഉറ്റ സുഹൃത്തുക്കളായ റോണ്‍ വീസ്‌ലി, ഹെര്‍മോണി ഗ്രാഞ്ചെര്‍ എന്നിവരുടേയും സാഹസിക കഥകളാണ് ഈ പുസ്തകങ്ങളില്‍ പ്രതിപാധിക്കുന്നത്. മാന്ത്രിക ലോകത്തേയും തുടര്‍ന്ന് മഗിള്‍ (മാന്ത്രികമല്ലാത്ത) ലോകത്തേയും കീഴടക്കാനുള്ള യജ്ഞത്തിനിടയില്‍ ഹാരിയുടെ മാതാപിതാക്കളെ കൊന്ന ദുഷ്ട മാന്ത്രികനായ വോള്‍ഡര്‍മോര്‍ട്ടും ഹാരിയും തമ്മിലുള്ള പോരാട്ടമാണ് ഇതിലെ കഥാതന്തു.

1997ല്‍ പ്രസിദ്ധീകരിച്ച ആദ്യ നോവലായ ഹാരി പോട്ടര്‍ ആന്റ് ദ ഫിലോസഫേര്‍സ് സ്റ്റോണ്‍ (അമേരിക്കയില്‍ ഹാരി പോട്ടര്‍ ആന്റ് ദ സോഴ്സറേഴ്‍സ് സ്റ്റോണ്‍) മുതല്‍ പരമ്പരയിലെ എല്ലാ പുസ്തകങ്ങളും ലോകമെമ്പാടും വന്‍ പ്രശസ്തിയും നിരൂപരുടെ പ്രശംസയും സാമ്പത്തിക ലാഭവും നേടി.[2] പരമ്പരയുമായി ബന്ധപ്പെട്ട സിനിമകളും വീഡിയോ ഗെയിമുകളും മറ്റ് വില്‍‌പന വസ്തുക്കളും പുറത്തിറങ്ങിയിട്ടുണ്ട്. ഏപ്രില്‍ 2008, പരമ്പരയിലെ ഏഴു പുസ്തകങ്ങളുടെ ആകെ 375 മില്യണ്‍ പ്രതികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.[3] 64ലിലധികം ഭാഷകളിലേക്ക് ഈ പരമ്പര വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്..[4] 2007 ജൂലൈ 21ന് ഏഴാമത്തേതും അവസാനത്തേതുമായ പുസ്തകം, ഹാരി പോട്ടര്‍ ആന്റ് ദ ഡെത്ത്‌ലി ഹാലോസ് പുറത്തിറങ്ങി. [5]

ഈ നോവലുകളുടെ വിജയം റൗളിങിനെ ചരിത്രത്തിലെ ഏറ്റവും പ്രതിഫലം നേടുന്ന നോവലിസ്റ്റാക്കി.[6] നോവലുകളുടെ ഇംഗ്ലീഷ് പതിപ്പിന്റെ പ്രാസാധകര്‍ ബ്രിട്ടന്‍, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളില്‍ യഥാക്രമം ബ്ലൂംസ്ബെറി, സ്കോളാസ്റ്റിക് പ്രെസ്സ്, അല്ലെന്‍ & അണ്‍‌വിന്‍, റെയിന്‍ബോ ബുക്ക്‌സ് എന്നിവയാണ്.

ഇതേവരെ പരമ്പരയിലെ ആദ്യ അഞ്ച് പുസ്തകങ്ങള്‍ വാര്‍ണര്‍ ബ്രദേഴ്സ് ചലച്ചിത്ര രൂപത്തില്‍ പുറത്തിറക്കിയിട്ടുണ്ട്. ആറാമത്തെ ചലച്ചിത്രമായ ഹാരി പോട്ടര്‍ ആന്റ് ദ ഹാഫ് ബ്ലഡ് പ്രിന്‍സിന്റെ ചിത്രീകരണം 2007 സെപ്റ്റംബറില്‍ ആരംഭിച്ചു. 21 നവംബര്‍ 2008നാണ് അത് പുരത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.[7] പരമ്പരയുമായി ബന്ധപ്പെട്ട് അനേകം ടൈ-ഇന്‍ ഉല്പ്പന്നങ്ങളും പുറത്തിറങ്ങി. അവയേയും ഉള്‍പ്പെടുത്തിയാല്‍ £7 ബില്യണ്‍ ($15 ബില്യണ്‍) ആണ് ഹാരി പോട്ടര്‍ എന്ന ബ്രാന്റിന്റെ മൂല്യം.[8]

ഉള്ളടക്കം

[തിരുത്തുക] കഥാസാരം

രസംകൊല്ലി: കഥാസാരവും പരിണാമഗുപ്തിയും ഈ വിഭാഗത്തില്‍ സംഗ്രഹിച്ചിരിക്കുന്നു. അതിനാല്‍ ഈ വിഭാഗം വായിക്കുന്നത് നിങ്ങളുടെ ആസ്വാദനത്തെ ബാധിച്ചേക്കാം.

സാധാരണ മറ്റുള്ളവരില്‍ നിന്ന് അകന്നുമാറി രഹസ്യമായി കഴിയുന്ന മാന്ത്രിക ലോകത്തില്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍‌പ്പെടുന്ന ഒരു ആഘോഷം നടക്കുന്നതോടെയാണ് കഥയുടെ ആരംഭം. അനേക വര്‍ഷങ്ങളായി ദുഷ്ട മാന്ത്രികനായ ലോഡ് വോള്‍ഡെര്‍മോര്‍ട്ടിന്റെ അക്രമങ്ങള്‍ വിധേയരായി കഴിയുകയായിരുന്നു അവര്‍. തലേ ദിവസം രാത്രി, ഒക്ടോബര്‍ 31ന് വോള്‍ഡെര്‍മോര്‍ട്ട് പോട്ടര്‍ കുടുംബത്തിന്റ്റെ ഒളിസങ്കേതം കണ്ടെത്തുകയും ലില്ലി , ജെയിംസ് പോട്ടര്‍ എന്നിവരെ വധിക്കുകയും ചെയ്തു. എന്നാല്‍ ശിശുവായ അവരുടെ മകന്‍ ഹാരിയെ കൊല്ലാനായി പ്രയോഗിച്ച അവെഡ കെഡവ്ര എന്ന മരണ മന്ത്രം തിരിച്ചടിക്കുകയും വോള്‍ഡെര്‍മോര്‍ട്ടിന്റെ ശരീരം നശിക്കുകയും ചെയ്തു. എന്നാല്‍ അയാളുടെ ആത്മാവ് നശിച്ചില്ല. വോള്‍ഡെര്‍മോര്‍ട്ട് ജീവിക്കുന്നതോ മരിച്ചതോ അല്ലാത്ത ഒരു അവസ്ഥയിലായി. അതേസമയം, അനാഥനായിമാറിയ ഹാരിയുടെ നെറ്റിയില്‍ വോള്‍ഡെര്‍മോര്‍ട്ടിന്റെ ദുര്‍മന്ത്രത്തിന്റെ ഫലമായി ഇടിമിന്നലുമായി സാമ്യമുള്ള ഒരു പാടുണ്ടായി. അത് മാത്രമായിരുന്നു ആ ആക്രമണം മൂലം അവനുണ്ടായ ശാരീരികമായ മാറ്റം. വോള്‍ഡെര്‍മോര്‍ട്ടിന്റെ ദുര്‍മന്ത്രത്തെ അതിജീവിച്ച ഒരേയൊരാളാണ് ഹാരി. ഹാരിയുടെ അമ്മ അവനെ വോള്‍ഡെര്‍മോര്‍ട്ടില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച്കൊണ്ട് മരിച്ചപ്പോള്‍ മുതല്‍ ഹാരി (ഡഴ്‌സ്ലിമാരും) ഒരു മാന്ത്രിക വലയത്താല്‍ സം‌രക്ഷിതനാണ്. ഹാരിയുടെ പതിനേഴാം പിറന്നാള്‍ വരയേ ഈ സം‌രക്ഷണം നിലനില്‍ക്കൂ.

നവംബര്‍ ഒന്നിന് ഹാഗ്രിഡ് എന്ന അര്‍ദ്ധ രാക്ഷസന്‍ ഹാരിയെ അവന്റെ ജീവിച്ചിരിക്കുന്ന ഒരേയൊരു ബന്ധുക്കളായ ഡഴ്‌സ്‌ലി കുടുംബത്തിന്റെ അടുക്കല്‍ എത്തിച്ചു. ക്രൂരരും ജാലവിദ്യയെ വെറുക്കുന്നവരുമായ ആ കുടുംബത്തിലെ അംഗങ്ങള്‍ ഇവരാണ്; ശുണ്ഠിക്കാരനായ അമ്മാവന്‍ വെര്‍ണന്‍, ഹാരിയെ പൂര്‍‌ണമായും വെറുക്കുന്ന അമ്മായി പെറ്റൂണിയ, അവര്‍ ഓമനിച്ച് വളര്‍ത്തി വശളാക്കിയ അമിതഭാരമുള്ള അവരുടെ മകന്‍ ഡഡ്‌ലി. പ്രൊഫസര്‍ മക്ഗൊണഗലിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ "സങ്കല്പ്പിക്കാവുന്നതില്‍ ഏറ്റവും മോശക്കാരായ മഗിള്‍സ്" ആണ് ഡഴ്സ്‌ലി കുടുംബം. അവന്റെ മാതാപിതാക്കല് മാത്രികരാണെന്ന കാര്യം അവര്‍ ഹാരിയില്‍ നിന്ന് മറച്ച്‌വെച്ചു. മാതഅപിതാക്കള്‍ ഒരു കാറപകടത്തില്‍ മരിച്ചു എന്നാണ് അവര്‍ ഹാരിയോട് പറഞ്ഞിരുന്നത്. ഒരു അടിമയോടെന്നവണ്ണമാണ് അവര്‍ അവനോട് പെരുമാറിയത്. പ്രൈവറ്റ് ഡ്രൈവിലെ അവരുടെ ഭവനത്തിലെ സ്റ്റെയര്‍‌കേസിന് കീഴെ താമസിക്കാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു. തന്റെ പതിനൊന്നാം പിറന്നാള്‍ അടുത്ത സമയത്താണ്‍ ഹാരി ആദ്യമായി മാന്ത്രിക ലോകവുമായി ബന്ധപ്പെടുന്നത്. ഹോഗ്‌വാര്‍ഡ്സ് സ്കൂള്‍ ഓഫ് വിച്ച്ക്രാഫ്റ്റ് ആന്റ് വിസാര്‍ഡ്രിയില്‍നിന്ന് മൂങ്ങകള്‍ വഴി അവന്ന് എഴുത്തുകള്‍ ലഭിച്ച് തുടങ്ങിയതോടെയാണത്. എന്നാല്‍, ഹാരി അവ വായിക്കുന്നതിനുമുന്‍പേ, അമ്മാവന്‍ വെര്‍ണന്‍ ആ കത്തുകളെല്ലാം നശിപ്പിച്ചു. എന്നാല്‍ ഹാരിക്ക് കത്തുകള്‍ ലഭിക്കുന്നില്ല എന്ന കാര്യം ഹോഗ്‌വാര്‍ട്ട്സ് വിദ്യാലയത്തിലെ അധികൃതര്‍ മനസിലാക്കി. അത് ഡഴ്‌സ്‌ലി കുടുംബത്തെ കൂടുതല്‍ ദേഷ്യം പിടിപ്പിച്ചു. എന്നാല്‍ കത്തുകള്‍ തുടര്‍ന്നും വന്നുകൊണ്ടിരുന്നു. സഹികെട്ട ഡഴ്‌സ്‌ലി കുടുംബം, ഹാരിയേയും കൂട്ടി ജനവാസമില്ലാത്ത ഒരു ദ്വീപിലേക്ക് താമസം മാറ്റി. അതോടെ കത്തുകളുടെ വരവ് നിലക്കും എന്നായിരുന്നു അവരുടെ പ്രതീക്ഷ. ഹാരിയുടെ പതിനൊന്നാം പിറന്നാള്‍ ദിവസം അര്‍ദ്ധരാത്രിയായപ്പോള്‍ ഹോഗ്‌വാര്‍ട്ട്സ് സ്കൂളിലെ മൃഗസൂക്ഷിപ്പുകാരനായ റൂബെസ് ഹാഗ്രിഡ് ദ്വീപിലെ ആ വീട്ടിലെത്തി. വീട്ടില്‍ അതിക്രമിച്ച് കയറിയ ഹാഗ്രിഡ് ഹാരിക്ക് ഹോഗ്‌വാര്‍ഡ്സ് സ്കൂളില്‍നിന്നുള്ള കത്ത് കൊടുത്തു. ആ വിദ്യാലയത്തില്‍ പഠിക്കാന്‍ തിര്‍ഞ്ഞെടുക്കപ്പെട്ട ഒരു മാന്ത്രികനാണ് ഹാരി എന്നായിരുന്നു ആ കത്തിലെ ഉള്ളടക്കം.


ഓരോ പുസ്തകത്തിലും ഹാരിയുടേ ജീവിതത്തിലെ ഓരോ വര്‍ഷമാണ് പ്രതിപാധ്യം. അവയില്‍ ഭൂരിഭാഗവും നടക്കുന്നത് ഹോഗ്‌വാര്‍ട്സ് സ്കൂളിലായിരിക്കും. അവിടെ അവന്‍ ജാലവിദ്യ ഉപയോഗിക്കാനും മാന്ത്രിക പാനീയങ്ങള്‍ നിര്‍മിക്കുന്നതിനും പഠിക്കുന്നു. വിഷമതകള്‍ നിറഞ്ഞ തന്റെ കൗമാരത്തിലൂടെ കടന്ന് പോകുമ്പോള്‍ ഹാരി പല മാന്ത്രിക, സാമൂഹിക, വികാര കടമ്പകള്‍ മറികടക്കാന്‍ പഠിക്കുന്നു.അവനു വേണട് എല്ലാ വിധ സഹായങള്‍ക്കും ഹോഗ്വ്വാര്‍ട്സ് സ്കൂളിലെ പ്രധനധ്യാപകന്‍ ആല്‍ബസ് ഡംബിള്‍ഡോര്‍ കൂട്ടിനുന്ദ്. വോള്‍ഡര്‍മോര്‍ട്ട് രണ്ടാമത് ശക്തിപ്രാപിച്ചതും അഴിമതിയുടേയും കാര്യക്ഷമതയില്ലായ്മയുടേയും പിടിയില്‍ അകപ്പെട്ട മിനിസ്ട്രി ഓഫ് മാജിക്ക് ഇക്കാര്യം അവഗണിച്ചതും ഹാരിയുടെ ജീവിതത്തെ കൂടുതല്‍ ദുഷ്കരമാക്കി. പല തടസങ്ങളെ നേരിട്ടും, പുതിയ സൗഹൃദങ്ങള്‍ സ്ഥാപിച്ചും, സ്നേഹിക്കുന്ന പലരേയും നഷപ്പെടുത്തിക്കൊണ്ടും, ഹാരി ഒടുവില്‍ വോള്‍ഡര്‍മോര്‍ട്ടുമായി അവസാന പോരാട്ടം നടത്തുന്നു.ആ അവസാന പോരാട്ടത്തില്‍ ഹാരി വിജയിക്കുന്നു. തുടര്‍ന്ന് ഹാരി മിനിസ്ട്രി ഓഫ് മാജിക്കിലെ ഒരു വിഭാഗത്തിന്റെ തലവനാകുന്നു.

നിങ്ങളുടെ ആസ്വാദനത്തെ ബാധിക്കാവുന്ന വിഭാഗം ഇവിടെ അവസാനിക്കുന്നു. ഇനി സാധാരണനിലയില്‍ വായന തുടരാം.

[തിരുത്തുക] ഹാരി പോട്ടര്‍ പ്രപഞ്ചം

ഹാരി പോട്ടറിലെ മാന്ത്രിക ലോകം നമ്മുടെ ലോകത്തില്‍നിന്നും പൂര്‍ണമായും വേര്‍പെട്ടതും അതേസമയം നമ്മുടെ ലോകവുമായി ഗാഢമായ ബന്ധം പുലര്‍ത്തുന്നതുമാണ്. നാര്‍ണിയയിലെ മാന്ത്രിക ലോകം മറ്റൊരു പ്രപഞ്ചവും ലോഡ് ഓഫ് ദ റിങ്സിലേത് ഐതിഹ്യപരമായ ഒരു ഭൂതകാല ലോകവുമാണ്. എന്നാല്‍ ഇവയില്‍ നിന്ന് വ്യത്യസ്തമായി, ഹാരി പോട്ടറിലെ മാന്ത്രികരുടെ ലോകം യഥാര്‍ത്ഥ ലോകത്തോട് ചേര്‍ന്ന് നിലനില്‍ക്കുന്നതാണ്. അവിടുത്തെ വസ്തുക്കള്‍ മാന്ത്രികതയുള്ളവയെങ്കിലും യഥാര്‍ത്ഥ ലോകത്തിലേതിന് സമാനമായവയാണ്. ഈ പരമ്പരയിലെ പല സ്ഥാപനങ്ങളും മറ്റും യഥാര്‍ത്ഥ ലോകത്തിലെ ലോകത്തിലെ സ്ഥലങ്ങളിലുള്ളവയാണ്. ഉദാഹരണമായി, ലണ്ടന്‍ നഗരം. യഥാര്‍ത്ഥ ലോകത്തില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന അദൃശ്യമായ തെരുവുകളും പുരാതനമായ മദ്യശാലകളും ഗ്രാമങ്ങളിലെ ഏകാന്തമായ മാളികകളും വിജനമായ കോട്ടകളും ചേര്‍ന്നതാണ് മാന്ത്രിക ലോകം. ഇവയെല്ലാം സാധാരണ മനുഷ്യര്‍ക്ക് (മാന്ത്രികര്‍ക്കിടയില്‍ മഗിള്‍സ് എന്നറിയപ്പെടുന്നു) അദൃശ്യമാണ്. മാന്ത്രിക ശക്തി പഠിച്ചെടുക്കാവുന്നത് എന്നതിനേക്കാളുപരി ജന്മസിദ്ധമാണ്. എങ്കിലും ആ കഴിവിനെ നിയന്ത്രിക്കുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും ഹോഗ്‌വാര്‍ട്സ് പോലെയുള്ള ഒരു വിദ്യാലയത്തില്‍ പഠിക്കേണ്ടതുണ്ട്. മാന്ത്രികരായ മാതാപിതാക്കള്‍ക്ക് അല്പം മാത്രം മാന്ത്രിക ശക്തിയുള്ളതോ മാന്ത്രികശക്തിയേ ഇല്ലാത്തതോ ആയ കുഞ്ഞുങ്ങളും ജനിക്കാം. ഇത്തരക്കാര്‍ സ്ക്വിബ്സ് എന്നാണ് അറിയപ്പെടുന്നത്. മിക്ക മാന്ത്രികര്‍ക്കും-ജന്മനായോ അല്ലാതയോ മാന്ത്രികരായവര്‍- സാധാരണ ലോകം അപരിചിതമാണ്.

[തിരുത്തുക] കാലഘട്ടം

ഹാരി പോട്ടറിലെ ഓരോ പുസ്തകത്തേയും ഓരോ യഥാര്‍ത്ഥ വര്‍ഷങ്ങളിലായി ക്രമീകരിച്ചിട്ടില്ല. എന്നാല്‍ അവയില്‍ നിന്ന് ലഭിക്കുന്ന ചില സൂചനകള്‍ ഉപയോഗിച്ച് ഓരോ പുസ്തകങ്ങളെയും അവയില്‍ പരാമര്‍ശിച്ചിരിക്കുന്ന ഭൂതകാല സംഭവങ്ങളേയും ഓരോ യഥാര്‍ത്ഥ വര്‍ഷത്തിലേക്ക് ക്രമീകരിക്കുവാനാകും. ചേമ്പര്‍ ഓഫ് സീക്രട്ട്‌സില്‍ കഥ നടക്കുന്ന കാലഘട്ടത്തേക്കുറിച്ച് ഒരു സൂചന ലഭിക്കുന്നുണ്ട്. ആ കഥയില്‍ നൂറ്റമ്പതാം മരണ വാര്‍ഷികം ആഘോഷിക്കുന്ന നിയര്‍ലി ഹെഡ്ലെസ്സ് നിക്ക് തന്റെ മരണം ഒക്ടോബര്‍ 31, 1492ന് ആയിരുന്നുവെന്ന് പറയുന്നുണ്ട്. അതനുസരിച്ച് ചേമ്പര്‍ ഓഫ് സീക്രട്ട്‌സ് നടക്കുന്നത് 1992 മുതല്‍ 1993 വരെയുള്ള കാലയളവിലായിരിക്കണം. ഡെത്‌ലി ഹാലോസിലും കാലഘട്ടത്തേക്കുറിച്ച് പരാമര്‍ശമുണ്ട്. അതില്‍ ജെയിംസിന്റെയും ലില്ലിയുടെയും കല്ലറയില്‍ അവരുടെ മരണം ഒക്ടോബര്‍ 31, 1981ന് സംഭവിച്ചുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. മാതാപിതാക്കളുടെ കൊലപാതക സമയത്ത് ഹാരിക്ക് ഒരു വയസായിരുന്നു. അതിനാല്‍ ഹാരി ജനിച്ചത് 1980ല്‍ ആയിരിക്കണം. അതിനാല്‍ കഥയിലെ പ്രധാന സംഭവങ്ങള്‍ നടക്കുന്നത് 1991 മുതല്‍(ഫിലോസഫേഴ്സ് സ്റ്റോണിന്റെ രണ്ടാം അദ്ധ്യായം മുതല്‍) 1998 വരെയുള്ള(ഡെത്‌ലി ഹാലോസിന്റെ അവസാനം വരെ) കാലഘട്ടത്തില്‍ ആണെന്ന് കരുതാം. ഹാരിയും വോള്‍ഡര്‍മോര്‍ട്ടും തമ്മിലുള്ള അവസാന പോരാട്ടം നടക്കുന്നത് 2 മേയ് 1997ന് ആണെന്ന് 2007ല്‍ ഐറ്റിവി ഡൊക്യുമെന്ററി ബ്രോഡ്കാസ്റ്റിന് വേണ്ട് നല്‍കിയ അഭിമുഖത്തില്‍ റൗളിങ് പറഞ്ഞു. എന്നാല്‍ ചേമ്പര്‍ ഓഫ് സീക്രട്ട്‌സിലും ഡെത്‌ലി ഹാലോസിലും നല്‍കിയിരിക്കുന്ന തിയതികളനുസരിച്ച് ഇത് തെറ്റാണ്. അവയനുസരിച്ച് അവസാന പോരാട്ടം 2 മെയ് 1998ന് ആവാനേ വഴിയുള്ളൂ.

[തിരുത്തുക] കഥാപാത്രങ്ങള്‍

[തിരുത്തുക] ലോര്‍ഡ് വോള്‍ഡമോട്ട്

ഹാരി പോട്ടര്‍ പരമ്പരയിലെ പ്രധാന വില്ലനാണ്‌ ലോര്‍ഡ് വോള്‍ഡമോട്ട്

[തിരുത്തുക] ആല്‍ബസ് ഡംബിള്‍ഡോര്‍

പരമ്പരയിലെ ഒരു പ്രധാന കഥാപാത്രമാണ്‌ ഹോഗ്വ്വാര്‍ട്സ് സ്കൂളിലെ പ്രധാനധ്യാപകനായ ആല്‍ബസ് ഡംബിള്‍ഡോര്‍. വോള്‍ഡമോര്‍ട്ടിനെ നേരിടാന്‍ കരുത്തുളള മാന്ത്രികന്‍. പരമ്പരയിലെ ആറാം പുസ്തകത്തില്‍ ഹാരി പോട്ടറെ ദുര്‍മന്ത്രവാദത്തിനെതിരായി ഒരുക്കുകയാണ് ഡംബിള്‍ഡോര്‍. പക്ഷെ,ഹോഗ്വ്വാര്‍ട്സ് സ്കൂളിലെ തന്നെ അധ്യാപകനായ സ്നെയ്പ് ഡംബിള്‍ഡോറെ വധിക്കുന്നു.

[തിരുത്തുക] പരമ്പര

ഹാരി പോട്ടര്‍ പരമ്പരയിലെ ഏഴ് പുസ്തകങ്ങള്‍ ഇവയാണ്:

  1. ഹാരി പോട്ടര്‍ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോണ്‍‍* (26 ജൂണ്‍ 1997)
  2. ഹാരി പോട്ടര്‍ ആന്റ് ദ ചേമ്പര്‍ ഓഫ് സീക്രട്ട്‌സ് (2 ജൂലൈ 1998)
  3. ഹാരി പോട്ടര്‍ ആന്റ് ദ പ്രിസണര്‍ ഓഫ് അസ്കബാന്‍‍(8 ജൂലൈ 1999)
  4. ഹാരി പോട്ടര്‍ ആന്റ് ദ ഗോബ്ലറ്റ് ഓഫ് ഫയര്‍‍‍ (8 ജൂലൈ 2000)
  5. ഹാരി പോട്ടര്‍ ആന്റ് ദി ഓര്‍ഡര്‍ ഓഫ് ദ ഫീനിക്സ് (21 ജൂണ്‍ 2003)
  6. ഹാരി പോട്ടര്‍ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിന്‍സ് (16 ജൂലൈ 2005)
  7. ഹാരി പോട്ടര്‍ ആന്റ് ദ ഡെത്‌ലി ഹാലോസ് (21 ജൂലൈ 2007)
  • *ഹാരി പോട്ടര്‍ ആന്റ് ദ സോഴ്സറേഴ്‍സ് സ്റ്റോണ്‍ എന്നായിരുന്നു അമേരിക്കയില്‍ ആദ്യ പുസ്തകത്തിന്റെ പേര്‌.*
  • ഏഴ് പുസ്തകങ്ങളും ഇംഗ്ലീഷില്‍ ശബ്ദരൂപത്തിലും പുറത്തിറങ്ങിയിരുന്നു. ബ്രിട്ടീഷ് പതിപ്പ് സ്റ്റീഫന്‍ ഫ്രയ്യും അമേരിക്കന്‍ പതിപ്പ് ജിം ഡേലുമാണ് അവതരിപ്പിച്ചത്.

അനുബന്ധ പുസ്തകങ്ങള്‍

ഹാരി പോട്ടര്‍,
പ്ലേസ്റ്റേഷന്‍ സി.ഡി കവറിന്‍ മേല്‍, ഹാരിപോട്ടര്‍ എന്ന നോവലിലെ നായക കഥാപാത്രം മാന്ത്രിക വടിയുമായി.
ഹാരി പോട്ടര്‍,
പ്ലേസ്റ്റേഷന്‍ സി.ഡി കവറിന്‍ മേല്‍, ഹാരിപോട്ടര്‍ എന്ന നോവലിലെ നായക കഥാപാത്രം മാന്ത്രിക വടിയുമായി.


[തിരുത്തുക] ഉദ്ഭവവും പ്രസിദ്ധീകരണ ചരിത്രവും

1990ല്‍, മാഞ്ചസ്റ്ററില്‍നിന്ന് ലണ്ടനിലേക്കുള്ള ഒരു തിരക്കേറിയ ട്രെയിനില്‍ ഇരിക്കുകയായിരുന്നു റൗളിങ്. പെട്ടന്ന് ഹാരി പോട്ടര്‍ എന്ന ആശയം അവരുടെ "തലയിലേക്ക് വന്ന് വീണു". ആ അനുഭവത്തേക്കുറിച്ച് റൗളിങ് തന്റെ വെബ്സൈറ്റില്‍ ഇങ്ങനെ പറയുന്നു:[9]

ആറാം വയസ് മുതല്‍ ഞാന്‍ തുടര്‍ച്ചയായി എഴുതാറുണ്ട്. എന്നാല്‍ ഒരു ആശയത്തേക്കുറിച്ച് ഞാന്‍ ഒരിക്കലും ഇത്ര ആവേശം കൊണ്ടിട്ടില്ല. ഞാന്‍ നാല് മണിക്കൂര്‍ സമയം(വൈകിയോടിയ ട്രെയിന്‍) ഇരുന്ന് ചിന്തിച്ചു. ഓരോ വിശദാംശങ്ങളും എന്റെ തലച്ചോറില്‍ പൊട്ടിമുളച്ചു. താന്‍ ഒരു മാന്ത്രികനാണെന്നറിയാത്ത കണ്ണടയിട്ട കറുത്ത മുടിയുള്ള മെലിഞ്ഞ ആ ആണ്‍കുട്ടി എനിക്ക് കൂടുതല്‍ കൂടുതല്‍ യഥാര്‍ത്ഥ്യമായിക്കൊണ്ടിരുന്നു.

1995ല്‍ ഹാരി പോട്ടര്‍ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോണ്‍ പൂര്‍ത്തിയായി. റൗളിങ് പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി ഏജന്റുമാര്‍ക്കയച്ചു. റൗളിങ് ശ്രമിച്ച രണ്ടാമത്തെ ഏജന്റ് അവരെ പ്രതിനിധീകരിച്ച് പുസ്തകത്തിന്റെ കയ്യെഴുത്ത്‌പ്രതി ബ്ലൂംസ്ബെറിക്ക് അയക്കാമെന്ന് സമ്മതിച്ചു. എട്ട് പ്രസാധകര്‍ ഫിലോസഫേഴ്സ് സ്റ്റോണ്‍ നിരസിച്ചശേഷം ബ്ലൂംസ്ബേറി മുന്‍കൂര്‍ പ്രതിഫലമായി £2,500 നല്‍കിക്കൊണ്ട് പുസ്തകം പ്രസിദ്ധീകരണം ഏറ്റെടുത്തു.[10]

ഹാരി പോട്ടര്‍ പുസ്തകങ്ങള് എഴുതാന്‍ തുടങ്ങിയപ്പോള്‍ അത് ഏത് പ്രായക്കാരെ ഉദ്ദേശിച്ചാണ് എന്നൊന്നും റൗളിങ് ചിന്തിച്ചിരുന്നില്ല. എങ്കിലും പ്രസാധകര്‍ ‍ഒമ്പത് മുതല്‍ പതിനൊന്നു വയസുവരെയുള്ള കുട്ടികളെയാണ് കേന്ദ്രീകരിച്ചത്.[11] ജൊവാനി റൗളിങ് എന്ന സ്ത്രീ നാമം കണ്ടാല്‍ ആണ്‍കുട്ടിള്‍ പുസ്തകത്തില്‍ താത്പര്യം കാണിക്കില്ല എന്ന് ഭയന്ന പ്രസാധകര്‍ അവരോട് ഒരു പുതിയ തൂലികാനാമം സ്വീകരിക്കുവാന്‍ ആവശ്യപ്പെട്ടു. തന്റെ മുത്തശ്ശിയുടെ പേരും തന്റെ പേരിനോട് കൂട്ടിച്ചേര്‍ത്ത് ജെ. കെ റൗളിങ് (ജൊവാനി കാതലീന്‍ റൗളിങ്) എന്ന തൂലികാനാമം സ്വീകരിച്ചു.[12]


1997 ജൂലൈയില്‍ ബ്ലൂംസ്ബെറി യുണൈറ്റഡ് കിങ്ഡത്തില്‍ ആദ്യ ഹാരി പോട്ടര്‍ പുസ്തകം പ്രസിദ്ധീകരിച്ചു. അമേരിക്കയില്‍ പുസ്തകത്തിന്റെ പ്രസിദ്ധീകരണാവകാശം 105,000 ഡോളറിന് സ്കോളാസ്റ്റിക്സ് നേടി. അറിയപ്പെടാത്ത ഒരു ബാലസാഹിത്യകാരിക്ക്(അന്ന്) സാധാരണ ലഭിക്കുന്നതിലും വളരെയധികമായിരുന്നു ആ തുക.[13] സെപ്റ്റംബര്‍ 1998ല്‍ അമേരിക്കയില്‍ പുസ്തകം പുറത്തിറങ്ങി. ഫിലോസഫേഴ്സ് സ്റ്റോണ്‍ എന്നത് ആല്‍ക്കെമിയുമായി ബന്ധപ്പെട്ടതായതിനാല്‍ അമേരിക്കക്കാര്‍ അങ്ങനെയൊരു പേര് മായജാലം എന്ന വിഷയവുമായി ചേര്‍ത്തുകാണില്ല എന്ന് പ്രസാധകര്‍ ഭയന്നു. അതിനാല്‍ അമേരിക്കയില്‍ പുസ്തകത്തിന് ഹാരി പോട്ടര്‍ ആന്റ് ദ സോഴ്സറേഴ്സ് സ്റ്റോണ്‍ എന്ന പേര് സ്വീകരിക്കാന്‍ സ്കോളാസ്റ്റിക് തീരുമാനിച്ചു.

ധാരാളം മുതിര്‍ന്നവരായ ആരാധകരും ഹാരി പോട്ടര്‍ പരമ്പരക്ക് ക്രമേന ഉണ്ടായി. അതിനാല്‍ ഒരോ പുസ്തകത്തിനും രണ്ട് വ്യത്യസ്ത മുഖചിത്രങ്ങളുള്ള പതിപ്പുകള്‍ പുറത്തിറക്കാന്‍ പ്രസാധകര്‍ തീരുമാനിച്ചു. കുട്ടികളുടെ പതിപ്പിലുള്ള മുഖചിത്രത്തേക്കാള്‍ അല്പം ഗൗരവമുള്ള മുഖ ചിത്രവുമായി മുതിര്‍ന്നവര്‍ക്കുള്ള പതിപ്പ് പുറത്തിറക്കുവാനായിരുന്നു തീരുമാനം.

[തിരുത്തുക] പരമ്പരയുടെ പൂര്‍ത്തീകരണം

പരമ്പരയിലെ അവസാന പുസ്തകം 2006ല്‍ എഴുതുമെന്ന് 2005 ഡിസംബറില്‍ റൗളിങ് തന്റെ വെബ്സൈറ്റില്‍ പ്രഖ്യാപിച്ചു. അതിനുശേഷം അവരുടെ ഓണ്‍ലൈന്‍ ഡയറിയില്‍ ഹാരി പോട്ടര്‍ ആന്റ് ദ ഡെത്‌ലി ഹാലോസിന്റെ എഴുത്തിലെ പുരോഗതിയേക്കുറിച്ച് വിവരങ്ങള്‍ വന്നുകൊണ്ടിരുന്നു. 2007 ജൂലൈ 11 പുസ്തകത്തിന്റെ പ്രസിദ്ധീകരണ തിയതിയായി തീരുമാനിച്ചു.

എഡിന്‍ബര്‍ഗിലെ ബാല്‍നൊരാല്‍ ഹോട്ടലില്‍വച്ച് 2007 ജനുവരി 11ന് പുസ്തകം പൂര്‍ത്തിയായി. പുസ്തകം പൂര്‍ത്തീകരിച്ച മുറിയിലെ ഒരു ഹേംസ് ശില്പപത്തിന് പുറകില്‍ റൗളിങ് ഇങ്ങനെ ഒരു കുറിപ്പ് എഴുതിവച്ചു. "ജെ. കെ റൗളിങ് ഈ മുറിയില്‍വച്ച് (652) 2007 ജനുവരി 11ന് ഹാരി പോട്ടര്‍ ആന്റ് ദ ഡെത്‌ലി ഹാലോസിന്റെ എഴുത്ത് പൂര്‍ത്തീകരിച്ചു."

ഏഴാം പുസ്തകത്തിന്റെ അവസാന അദ്ധ്യായത്തിന്റെ പൂര്‍ത്തീകരണം ഏകദേശം 1990ല്‍ത്തന്നെ കഴിഞ്ഞുവെന്ന് റൗളിങ് പറഞ്ഞിട്ടുണ്ട്.

2006 ജൂണില്‍ ബ്രിട്ടീഷ് അഭിമുഖ പരിപാടിയായ റിച്ചാഡ്&റൂഡിയില്‍ പങ്കെടുത്ത റൗളിങ് പുസ്തകത്തിന്റെ അവസാന അദ്ധ്യായത്തില്‍ താന്‍ ചില മാറ്റങ്ങള്‍ വരുത്തിയതായി പറഞ്ഞു. ആദ്യമെഴുതിയപ്പോള്‍ കൊല്ലപ്പെട്ടതായി ചിത്രീകരിച്ച ഒരു കഥാപാത്രം മരിക്കാതിരിക്കുകയും അതോടൊപ്പം തുടര്‍ന്ന് ജീവിക്കുന്നതായി മുമ്പ് ചിത്രീകരിച്ചിരുന്ന രണ്ട് കഥാപാത്രങ്ങളെ കൊലചെയ്യപ്പെടുകയും ചെയ്യുന്നതാണ് ആ മാറ്റങ്ങള്‍ എന്ന് റൗളിങ് പ്രസ്താവിച്ചു. ഹാരിയുടെ ഹോഗ്‌വാര്‍ട്ട്‌സിലെ പഠനം കഴിഞ്ഞുള്ള ജീവിതത്തേക്കുറിച്ച് മറ്റ് എഴുത്തുകാര്‍ കഥയെഴുതാതിരിക്കുന്നതിനായി ഹാരിയെ "കൊല്ലുന്നതിലെ" യുക്തി താന്‍ മനസിലാക്കുന്നുവെന്നും അവര്‍ പറഞ്ഞു.

മാര്‍ച്ച് 28 2007ന് ബ്ലൂംസ്ബെറിയുടെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉള്ള പതിപ്പുകളുടേയും യുഎസില്‍ പുറത്തിറക്കുന്ന സ്കോളാസ്റ്റിക് പതിപ്പിന്റേയും മുഖചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു.

[തിരുത്തുക] ഡെത്‌ലി ഹാലോസിന് ശേഷം

പതിനേഴ് വര്‍ഷം കൊണ്ടാണ് റൗളിങ് ഏഴ് ഹാരി പോട്ടര്‍ പുസ്തകങ്ങള്‍ എഴുതിയത്. 2000ല്‍ ഹാരി പോട്ടറിന്റെ അമേരിക്കന്‍ പ്രസാധകരായ സ്കോളാസ്റ്റിക്സിന് നല്‍കിയ അഭിമുഖത്തില്‍, മാന്ത്രിക ലോകത്തില്‍ ഹോഗ്‌വാര്‍ട്ട്‌സിനുശേഷം ഒരു സര്‍വകലാശാല ഇല്ല എന്ന് ‍റൗളിങ് പറഞ്ഞു. ഏഴാം പുസ്തകം കഴിഞ്ഞും പരമ്പര തുടരുന്ന കാര്യത്തേക്കുറിച്ച് അവര്‍ ഇങ്ങനെ പറഞ്ഞു "ഒരിക്കലും എഴുതില്ല എന്നു ഞാന്‍ പറയുന്നില്ല. എന്നാല്‍ എട്ടാം പുസ്തകം എഴുതാന്‍ ഇപ്പോള്‍ പദ്ധതിയില്ല." എട്ടാമത് ഒരു പുസ്തകം എഴുതുകയാണെങ്കില്‍ അതിലെ പ്രധാന കഥാപാത്രം ഹാരി ആയിരിക്കില്ല എന്നും അങ്ങനെയൊരു പുസ്തകം കുറഞ്ഞത് പത്ത് വര്‍ഷത്തിന്ശേഷമേ ഉണ്ടാകൂ എന്നും റൗളിങ് പിന്നീട് പറഞ്ഞു.

കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിക്കുന്നതിനായി ക്വിഡിച്ച് ത്രൂ ഏജസ്, ഫന്റാസ്റ്റിക് ബീസ്റ്റ്സ് ആന്റ് വേര്‍ റ്റു ഫൈന്റ് ദെം എന്നിവപോലുള്ള പുസ്തകങ്ങള്‍ എഴുതുന്ന കാര്യം പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന് റൗളിങ് പറഞ്ഞു. പരമ്പരയില്‍ ഉള്‍പ്പെടാത്ത വിവരങ്ങളും ഉള്‍പ്പെടുത്തി ഒരു ഹാരി പോട്ടര്‍ വിജ്ഞാനകോശം നിര്‍മിക്കുക എന്നതാണ് മറ്റൊരു നിര്‍ദ്ദേശം. താനിപ്പോള്‍ രണ്ട് പുസ്തകങ്ങള്‍‌ ഒന്ന് മുതിര്‍ന്നവര്‍ക്കും, ഒന്ന് കുട്ടികള്‍ക്കും- എഴുതിക്കൊണ്ടിരിക്കുകയാണെന്ന് റൗളിങ് വെളിപ്പെടുത്തിയിട്ടുണ്ട്.

2007 ഫെബ്രുവരിയില്‍ പരമ്പരയുടെ പൂര്‍ത്തീകരണത്തെക്കുറിച്ച് റൗളിങ് തന്റെ വെബ്സൈറ്റില്‍ ചില കാര്യങ്ങള്‍ എഴുതി. പരമ്പര പൂര്‍ത്തീകരിച്ചപ്പോഴുണ്ടായ മിശ്രിത ‌വികാരങ്ങളെ 1850ല്‍ ചാള്‍സ് ഡിക്കന്‍സ്, ഡേവിഡ് കോപ്പര്‍ഫീല്‍ഡിന്റെ ആമുഖത്തില്‍ പ്രകടിപ്പിച്ച വികാരത്തോടാണ് അവര്‍ താരതമ്യം ചെയ്തത്.

ഹാരി പോട്ടര്‍ ലോകത്തെ സംബന്ധിച്ച ഒരു വിജ്ഞാനകോശം താന്‍ "മിക്കവാറും" എഴുതും എന്ന് 2004 ജൂലൈ 24ന് ഒരു ആഭിമുഖത്തില്‍ റൗളിങ് പറഞ്ഞു. പരമ്പരയില്‍ നിന്നൊഴിവാക്കിയ പല പാശ്ചാത്തല വിവരങ്ങളും ഡെത്‌ലി ഹാലോസിന് ശേഷമുള്ള കാര്യങ്ങളും- മറ്റ് കഥാപാത്രങ്ങള്‍ക്ക് എന്ത് സംഭവിച്ചു, ആരാണ് ഹോഗ്‌വാര്‍ട്ട്‌സിലെ പുതിയ ഹെഡ്മാസ്റ്റര്‍, അങ്ങനെ പലതും- അതില്‍ ഉള്‍പ്പെടുത്തുമെന്ന് റൗളിങ് കൂട്ടിച്ചേര്‍ത്തു.

ഡെത്‌ലി ഹാലോസിലെ ഉപസംഹാരത്തിനും അതിനുമുമ്പുള്ള അദ്ധ്യായത്തിനുമിടയിലെ കാലയളവില്‍ പല കഥാപാത്രങ്ങളും ചെയ്ത കാര്യങ്ങളെക്കുഇച്ച് 90 മിനിറ്റ് നീണ്ടുനിന്ന ഒരു വെബ് സംഭാഷണത്തില്‍ റൗളിങ് വെളിപ്പെടുത്തി.

[തിരുത്തുക] വിവര്‍ത്തനങ്ങള്‍

ഹാരി പോട്ടര്‍ പരമ്പര 65 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് റൗളിങിനെ ലോകത്തിലെ ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികളുടെ കര്‍ത്താക്കളിലൊരാളാക്കി. അമേരിക്കന്‍ ഇംഗ്ലീഷിലേക്കായിരുന്നു ആദ്യ വിവര്‍ത്തനം. നോവലിലെ പല വാക്കുകളും സങ്കല്പങ്ങളും അമേരിക്കന്‍ വായനക്കാര്‍ക്ക് മനസിലാക്കാനാന്‍ കഴിയാതെ വന്നേക്കാം എന്നതുകൊണ്ടാണ് അമേരിക്കന്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത്. പിന്നീട് ഉക്രേനിയന്‍, ഹിന്ദി, ബെംഗാളി, വെല്‍ഷ്, ആഫ്രികാന്‍സ്, വിയറ്റ്നാമീസ് ഭാഷകളിലുള്ള വിവര്‍ത്തനങ്ങള്‍ പുറത്തിറങ്ങി. ആദ്യ പുസ്തകം ലാറ്റിനിലേക്കും പുരാതന ഗ്രീക്ക് ഭാഷയിലേക്കുംവരെ വിവര്‍ത്തനം ചെയ്യപ്പെട്ടു. പുരാതന ഗ്രീക്ക് ഭാഷയില്‍, എഡി മൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഹെലിയോഡോറസ് ഓഫ് എമെസ എന്ന നോവലിനുശേഷം പുറത്തിറങ്ങിയ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസിദ്ധീകരിക്കപ്പെട്ട കൃതിയായി അത്.

ഇറ്റലിയടക്കമുള്ള ചില രാജ്യങ്ങളില്‍ വായനക്കാരില്‍നിന്നുള്ള പ്രതികരണത്തേത്തുടര്‍ന്ന് ആദ്യ പുസ്തകം പുതുക്കിയെഴുതപ്പെട്ടിരുന്നു. ചൈന, പോര്‍ചുഗല്‍ എന്നിവയുള്‍പ്പെടുന്ന ചില രാജ്യങ്ങളില്‍ സമയം ലാഭിക്കുന്നതിനായി ഒരു സംഘം വിവര്‍ത്തകര്‍ ചേര്‍ന്നാണ് പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തത്. വിവര്‍ത്തകരുടെ കൂട്ടത്തില്‍ ചില പ്രശസ്ത വ്യക്തികളും ഉണ്ടായിരുന്നു. അതിലൊരാളാണ് അഞ്ചാം പുസ്തകത്തിന്റെ റഷ്യന്‍ വിവര്‍ത്തനത്തിന്റെ മേല്‍നോട്ടം വഹിച്ച വിക്ടര്‍ ഗൊളിഷെവ്. വില്യം ഫാക്നര്‍, ജോര്‍ജ് ഓര്‍വെല്‍ എന്നിവരുറ്റെ കൃതികളുടെ വിവര്‍ത്തകന്‍ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. എന്നാല്‍ അടുത്ത പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങളിലൊന്നും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നില്ല. അഭിമുഖങ്ങളില്‍ ഹാരി പോട്ടര്‍ പുസ്തകങ്ങളെ അധിക്ഷേപിക്കുന്ന സ്വഭാവവും അതിനെ താണതരം സാഹിത്യമെന്ന് വിശേഷിപ്പിച്ചതുമാവാം അതിനുകാരണമായത്. രണ്ട് മുതല്‍ ഏഴ് വരെയുള്ള പുസ്തകങ്ങളുടെ ടര്‍ക്കിഷ് വിവര്‍ത്തനം നടത്തിയത് പ്രശസ്ത നിരൂപകനായ സെവിന്‍ ഒക്യേയ് ആണ്. രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ടതിനാല്‍ ഇംഗ്ലീഷ് പുസ്തകം പുറത്തിറങ്ങിയതിന് ശേഷം മാത്രമേ വിവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചിരുന്നുള്ളൂ. അതിനാല്‍ ഇംഗ്ലീഷ് പുസ്തകം പുറത്തിറങ്ങി ചില മാസങ്ങള്‍ കഴിഞ്ഞശേഷം മാത്രമാണ് വിവര്‍ത്തനങ്ങള്‍ ലഭ്യമായത്. അക്ഷമരായ ആരാധകര്‍ വിവര്‍ത്തനങ്ങള്‍ വരും മുമ്പേ ഇംഗ്ലീഷ് പതിപ്പ് വാങ്ങിക്കുന്നതിനും അതിന്റെ വില്‍പന വീണ്ടും വര്‍ദ്ധിക്കുന്നതിനും ഇത് കാരണമായി. ഇതേ കാരണത്താല്‍ അഞ്ചാം പുസ്തകമായ ഹാരി പോട്ടര്‍ ആന്റ് ദ ഗോബ്ലറ്റ് ഓഫ് ഫയര്‍ ഫ്രാന്‍സില്‍ ബെസ്റ്റ് സെല്ലര്‍ വരെയായി. ഫാര്‍ന്‍സില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടിയില്‍ സ്ഥാനം നേടിയ ആദ്യ ഇംഗ്ലീഷ് പുസ്തകം എന്ന ഖ്യാതിയും ആ പുസ്തകത്തിന് ലഭിച്ചു.

[തിരുത്തുക] സാഹിത്യ വിശകലനം

[തിരുത്തുക] ഘടനയും വിഭാഗവും

അതികാല്‍പനിക വിഭാഗത്തിലാണ് ഹാര്‍ പോട്ടര്‍ പരമ്പര പ്രധാനമായും ഉള്‍പ്പെടുന്നത്. പല അംശങ്ങളും പരിശോധിക്കുമ്പോള്‍ അവ ബില്‍ഡങ്സ്റോമന്‍ വിഭാഗത്തിലും ഉള്‍പ്പെടുന്നുവെന്ന് കാണാം. ബ്രിട്ടീഷ് കുട്ടികളുടെ ബോര്‍ഡിങ് സ്കൂള്‍ വിഭാഗത്തിലും ഇവയെ ഉള്‍പ്പെടുത്താം. എനിഡ് ബ്ലൈറ്റന്റെ മാലൊറി ടവേഴ്സ്, സെന്റ്. ക്ലെയേര്സ്, നോട്ടിയെസ്റ്റ് ഗേള്‍ എന്നീ പരമ്പരകളും ഫ്രാങ്ക് റിച്ചാര്‍ഡിന്റെ ബില്ലി ബണ്ടര്‍ നോവലുകളുമാണ് ഈ വിഭാഗത്തിലെ മറ്റ് ചില പ്രശസ്ത കൃതികള്‍. ബ്രിട്ടനിലെ മാന്ത്രികര്‍ക്കുള്ള ബോര്‍ഡിങ് സ്കൂളായി ഹോഗ്‌വാര്‍ട്ട്‌സിലാണ് ഹാരി പോട്ടര്‍ കഥകള്‍ പ്രധാനമായും നടക്കുന്നത്. ജാലവിദ്യ പഠനവിഷയമായ ഒരു വിദ്യാലയമാണത്. ഈ വീക്ഷണത്തില്‍ നോക്കുകയാണെങ്കില്‍ ഇവ തോമസ് ഹ്യൂജ്സിന്റെ ടോം ബ്രൗണ്‍സ് സ്കൂള്‍ ഡേസ് ബ്രിട്ടീഷ് പബ്ലിക് സ്കൂള്‍ വിഷയമായ മറ്റ് വിക്ടോറിയന്‍, എഡ്വാര്‍ഡിയന്‍ നോവലുകള്‍ എന്നിവയുടെ ഒരു നേരിട്ടുള്ള പിന്‍ഗാമിയാണ് ഹാര്‍ പോട്ടര്‍ കൃതികള്‍. സ്റ്റീഫന്‍ കിങിന്റെ വാക്കുകളില്‍ ഇവ "തന്ത്രപൂര്‍ണമായ നിഗൂഢ കഥകളാണ്". ഷെര്‍ലക് ഹോംസ് കഥകളുടെ ശൈലിയിലാണ് ഈ പുസ്തകങ്ങള്‍ രചിക്കപ്പെട്ടിരിക്കുന്നത്. കഥയുടെ ആഖ്യാനത്തില്‍ പല സൂചനകളും തെളിവുകളും ഒളിച്ചിരിക്കുന്നുണ്ടാവും. കഥാപാത്രങ്ങള്‍ സംശയിക്കപ്പെട്ട വ്യക്തികളെ വിചിത്രമായ സ്ഥലങ്ങളിലൂടെ പിന്തുടരുന്നു. കഥാപാത്രങ്ങളുടെ വിശ്വാസങ്ങളെ മാറ്റിമറിക്കുന്ന തരത്തിലുള്ള ഒരു അവസാനത്തിലായിരിക്കും ഇത് മിക്കവാറും ചെന്നെത്തുക. തേഡ് പെഴ്സണ്‍ ലിമിറ്റഡ് വീക്ഷണത്തിലൂടെയാണ് ഹാര്‍ പോട്ടറില്‍ കഥകള്‍ പറയപ്പെടുന്നത്. ചിലയിടങ്ങളില്‍ മാത്രം ഈ രീതി ഭേദിക്കപ്പെടുന്നുണ്ട്. (ഫിലോസഫേഴ്സ് സ്റ്റോണ്‍, ഡെത്‌ലി ഹാലോസ് എന്നിവയിലെ ആദ്യ അദ്ധ്യായങ്ങള്‍, ഹാഫ് ബ്ലഡ് പ്രിന്‍സിലെ ആദ്യ രണ്ട് അദ്ധ്യായങ്ങള്‍ എന്നിവ ഉദാഹരണം.) കഥയിലെ രഹസ്യങ്ങള്‍ ഹാരി മനസിലാക്കുമ്പോഴാണ് വായനക്കാരനും അത് മനസിലാക്കുന്നത്. മറ്റ് പ്രധാന കഥാപാത്രങ്ങളായ റോണ്‍, ഹെര്‍മോണി എന്നിവരുടെ ചിന്തകളും പദ്ധതികളും പോലും ഹാരി അറിയുന്നത് വരെ വായനക്കാരനും അറിയുന്നില്ല.

ഏഴ് പുസ്തകങ്ങളിലും ഒരു പ്രത്യേക ഘടന പാലിച്ചിരിക്കുന്നതായി കാണാം. ഹാരിയുടെ ഒരോ വിദ്യാലയ വര്‍ഷങ്ങളായി വേര്‍തിരിച്ചിരിക്കുന്ന ഓരോ കഥകളും ആരംഭിക്കുമ്പോഴും ഹാരി മഗിള്‍ ലോകത്തിലെ ബന്ധുക്കളായ ഡഴ്സ്‌ലി കുടുംബത്തിന്റെ വീട്ടില്‍ അവരുടെ ദുഷ് പെരുമാറ്റവും സഹിച്ച് ജീവിക്കുകയായിരിക്കും. തുടര്‍ന്ന് അവന്‍ ഒരു പ്രത്യേക മാന്ത്രിക സ്ഥലത്തെത്തുന്നു. (ഡയഗണ്‍ അലി, വീസ്‌ലി കുടുംബത്തിന്റെ വീട്, നമ്പര്‍ ട്വെല്‍വ്, ഗ്രിമ്മോള്‍ഡ് പ്ലേസ്) സ്കൂള്‍ തുടങ്ങും മുമ്പ് അല്പ സമയം അവിടെ ജീവിക്കുന്ന ഹാരി പിന്നീട് കിങ്സ് ക്രോസ് സ്റ്റേഷനിലെ 9 3/4 പ്ലാറ്റ്ഫോമില്‍ നിന്ന് സ്കൂള്‍ ട്രെയിന്‍ കയറുന്നു. സ്കൂളിലെത്തുന്നതോടെ പുതിയ കഥാപാത്രങ്ങള്‍ അവതരിക്കുന്നു. പ്രയാസമേറിയ ഉപന്യാസങ്ങള്‍, കുഴഞ്ഞുമറിഞ്ഞ പ്രേമങ്ങള്‍, ദയയില്ലാത്ത അദ്ധ്യാപകര്‍ തുടങ്ങിയ സാധാരന സ്കൂള്‍ പ്രശ്നങ്ങള്‍ ഹാരി മറികടക്കുന്നു. വസാന പരീക്ഷക്കടുത്തോ തൊട്ട് ശേഷമോ ഹാരി വോള്‍ഡര്‍മോര്‍ട്ടുമായോ അയാളുടെ അനുയായികളായ ഡെത്ത് ഈറ്റേഴ് ഏറ്റുമുട്ടുന്നതോടെ കഥ ഉച്ചാവസ്ഥയിലെത്തുന്നു. പോരാട്ടത്തിന് ശേഷം വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകനും ഹാരിയുടെ ഉപദേശകനുമായ ആല്‍ബസ് ഡംബിള്‍ഡോറുമായുള്ള സംഭാഷണത്തിലൂടെ ഒരു പ്രധാന പാഠം പഠിക്കുന്നു. എന്നാല്‍ അവസാന പുസ്തകമായ ഡെത്‌ലി ഹാലോസില്‍ ഈ ഘടന പൂര്‍ണമായും ലംഘിക്കപ്പെട്ടു. അതില്‍ ഹാരിയും കൂട്ടുകാരും മിക്ക സമയവും വിദ്യാലയത്തില്‍നിന്നകലെയാണ് ചിലവഴിക്കുന്നത്. കഥവസാനത്തില്‍ മാത്രം വോള്‍ഡര്‍മോര്‍ട്ടിനെ നേരിടാന്‍ അവര്‍ വിദ്യാലയത്തില്‍ മടങ്ങിയെത്തുന്നു.

[തിരുത്തുക] Criticism, praise, and controversy

പരമ്പരയുടെ ആദ്യകാലങ്ങളില്‍ ലഭിച്ച പ്രശംസാപരമായ നിരൂപണങ്ങള്‍ അതിന്റെ വായനാക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് സഹായിച്ചു. ആദ്യ പുസ്തകമായ ഹാരി പോട്ടര്‍ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോണ്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ബ്രിട്ടനിലെ മിക്ക പ്രധാന വാര്‍ത്താപത്രങ്ങളും അതിനെ വളരെയധികം പ്രശംസിക്കുകയുണ്ടായി.

[തിരുത്തുക] മറ്റ് മാദ്ധ്യമങ്ങളില്‍

[തിരുത്തുക] ചലച്ചിത്രങ്ങള്‍

1999ല്‍ ജെ.കെ റൗളിങ്, ഹാരി പോട്ടര്‍ പരമ്പരയിലെ ആദ്യ നാല് പുസ്തകങ്ങളുടെ ചലച്ചിത്ര നിര്‍മാണാവകാശം 10 ലക്ഷം £ന് (US$1,982,900) വാര്‍നര്‍ ബ്രദേഴ്സിന് വിറ്റു. അഭിനേതാക്കള്‍ എല്ലാം തന്നെ ബ്രിട്ടീഷുകാര്‍ ആവണമെന്നായിരുന്നു റൗളിങിന്റെ ഒരു വ്യവസ്ഥ. സ്റ്റീവന്‍ സ്പില്‍ബര്‍ഗ്ഗ്, ടെരി ജില്ല്യം, ജൊനാഥഅന്‍ ഡെമ്മി, അലന്‍ പാര്‍ക്കര്‍ തുടങ്ങി പല സം‌വിധായകരും സിനിമക്കായി പരിഗണിക്കപ്പെട്ടു. 2000 മാര്‍ച്ച് 28ന് ക്രിസ് കൊളംബസിനെ ആദ്യ സിനിമയായ ഹാരി പോട്ടര്‍ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോണിന്റെ (അമേരിക്കയില്‍ ഹാരി പോട്ടര്‍ ആന്റ് ദ സോഴ്സറേഴ്സ് സ്റ്റോണ്‍) സം‌വിധായകനായി നിയമിച്ചു. അദ്ദേഹം സം‌വിധായകനായ ഹോം എലോണ്‍, മിസിസ്. ഡൗട്ട്‌ഫയര്‍ എന്നീ കുടുംബചിത്രങ്ങളാണ് ഈ തീരുമാനത്തില്‍ തങ്ങളെ സ്വാധീനിച്ചതെന്ന് അവര്‍ പറഞ്ഞു. അഭിനേതാക്കളെ തീരുമാനിച്ചശേഷം 2000 ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ലണ്ടനിലെ ലിവെസ്ഡെന്‍ ഫിലിം സ്റ്റുഡിയോയില്‍ വച്ചായിരുന്നു ചിത്രീകരണം. ജൂല്യ 2001ല്‍ ചിത്രീകരണം അവസാനിച്ചു. 2001 നവംബര്‍ പതിനാറിന് ഫിലോസഫേഴ്സ് സ്റ്റോണ്‍ പുറത്തിറങ്ങി.

ഫിലോസഫേഴ്സ് സ്റ്റോണ്‍ പുറത്തിറങ്ങി മൂന്ന് ദിവസത്തിനകം ഹാരി പോട്ടര്‍ ആന്റ് ദ ചേമ്പര്‍ ഓഫ് സീക്രട്ട്സിന്റെ ചിത്രീകരണം ആരംഭിച്ചു. കൊളംബസ് തന്നെയായിരുന്നു സം‌വിധായകന്‍. 2002 വേനല്‍ക്കാലത്ത് പൂര്‍ത്തിയായ ചിത്രം നവംബര്‍ 15ന് പുറത്തിറങ്ങി.

മൂന്നാം സിനിമ സം‌വിധാനം ചെയ്യാന്‍ വിസമ്മതിച്ച ക്രിസ് കൊളംബസ് നിര്‍മാതാവ് എന്ന നിലയില്‍ തുടര്‍ന്നു. മെക്സിക്കന്‍ സം‌വിധായകന്‍ അല്‍ഫോണ്‍സോ കുവാരോണ്‍ ആ സ്ഥാനത്തെത്തി. 2004 ജൂണ്‍ നാലിന് ചിത്രം പുറത്തിറങ്ങി.

മൂന്നാം സിനിമ പുറത്തിറങ്ങിയതിന് മുമ്പേ നാലാം സിനിമയായ ഹാരി പോട്ടര്‍ ആന്റ് ദ ഗോബ്ലറ്റ് ഓഫ് ഫയര്‍ ന്റെ നിര്‍മാണം ആരംഭിച്ചതിനാല്‍ സം‌വിധായകനായി മൈക്ക് ന്യൂവെല്ലിനെ തിരഞ്ഞെടുത്തു. 2008 നവംബര്‍ 28ന് നാലാം സിനിമ പുറത്തിറങ്ങി.

അടുത്ത സിനിമ സം‌വിധാനം ചെയ്യാന്‍ ന്യൂവെല്‍ വിസമ്മതിച്ചതിനാല്‍ ബ്രിട്ടിഷ് ടിവി സം‌വിധായകനായ ഡേവിഡ് യേറ്റ്സിനെ ഹാരി പോട്ടര്‍ ആന്റ് ദ ഓര്‍ഡര്‍ ഓഫ് ദ ഫീനിക്സിന്റെ സം‌വിധായകനാക്കി. ജനുവരി 2006ന് നിര്‍മാണമാരംഭിച്ച അഞ്ചാം സിനിമ ജൂലൈ 11, 2007ന് പുറത്തിറങ്ങി.

നവംബര്‍ 21, 2008ന് പുറത്തിറങ്ങുമെന്ന് കരുതപ്പെടുന്ന ഹാരി പോട്ടര്‍ ആന്റ് ദ ഹാഫ് ബ്ലഡ് പ്രിന്‍സ് യേറ്റ്സ് തന്നെയാണ് സം‌വിധാനം ചെയ്യുന്നത്. പരമ്പരയിലെ അവസാന പതിപ്പായ ഹാരി പോട്ടര്‍ ആന്റ് ദ ഡെത്‌ലി ഹാലോസ് രണ്ട് ഭാഗങ്ങളഅയാവും പുറത്തിറങ്ങുക എന്ന് വാര്‍ണര്‍ ബ്രോസ് 2008 മാര്‍ച്ചില്‍ പ്രഖ്യാപിച്ചു. ആദ്യ പതിപ്പ് നവംബര്‍ 2010നും രണ്ടാം പതിപ്പ് മെയ് 2011നും പുറത്തിറങ്ങും. യേറ്റ്സ് തന്നെയായിരിക്കും സം‌വിധായകന്‍.

ഹാരി പോട്ടര്‍ സിനിമകള്‍ എല്ലാംതന്നെ വന്‍ ബോക്സ് ഓഫീസ് വിജയങ്ങളായിരുന്നു. ലോകവ്യാപകമായി ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമകളുടെ പട്ടികയില്‍ അഞ്ച് ഹാരി പോട്ടര്‍ സിനിമകളും 20 സ്ഥാനങ്ങള്‍ക്കകത്തുണ്ട്.

[തിരുത്തുക] ഗെയിമുകള്‍

ഹാരി പോട്ടര്‍ പുസ്തകത്തേയും സിനിമയേയും ആധാരമാക്കില്‍ ഇലക്ട്രോണിക് ആര്‍ട്ട്‌സ് ഇതേവരെ 8 വീഡിയോ ഗെയിമുകള്‍ പുറത്തിറക്കിയിട്ടുണ്ട്. അഞ്ചെണ്ണം കഥയുമായി നേരിട്ട് ബന്ധപ്പെട്ടവയാണ്. 2003ല്‍ ഹാരി പോട്ടറിലെ ക്വിഡിച്ച് കളി ആധാരമാക്കി ഹാരി പോട്ടര്‍:ക്വിഡിച്ച് വേള്‍ഡ് കപ്പ് എന്ന പേരില്‍ ഒരു ഗെയിം പുറത്തിറക്കി. ലെഗോ ക്രിയേറ്റര്‍: ഹാരി പോട്ടര്‍ എന്ന പേരില്‍ ആദ്യ രണ്ട് പുസ്തകങ്ങളെ ആധാരമാക്കി ഒരു പരമ്പരയും നിര്‍മിച്ചു. സിനിമകളുടെ ഒപ്പമാണ് ഇവയും പുറത്തിറങ്ങിയത്.

[തിരുത്തുക] അവലംബം

  1. "Special stamps to mark Potter book release", Australian Broadcasting Corporation, 2007-22-05. ശേഖരിച്ചത് 2007-06-06. 
  2. Allsobrook, Dr. Marian (2003-06-18). Potter's place in the literary canon. BBC. ശേഖരിച്ചത് 2007-10-15.
  3. David Glovin (2008). Rowling Warns of Potter Plagiarism in Trial Testimony. Bloomberg.com. ശേഖരിച്ചത് 2008-04-27.
  4. Rowling, JK. J.K.Rowling Official Site — Harry Potter and more: Acknowledgements. ശേഖരിച്ചത് 2007-07-30.
  5. "Publication Date for Harry Potter and the Deathly Hallows", Joanne Rowling. ശേഖരിച്ചത് 2007-06-26. 
  6. Watson, Julie and Kellner, Tomas. "J.K. Rowling And The Billion-Dollar Empire". Forbes.com, 26 February,2004. Accessed 19 March,2006.
  7. Harry Potter and the Half-Blood Prince (IMdB).
  8. ഉദ്ധരിച്ചതില്‍ പിഴവ്: അസാധുവായ <ref> ടാഗ്; brand എന്ന അവലംബങ്ങള്‍ക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  9. Rowling, J.K.. Biography. JKRowling.com. ശേഖരിച്ചത് 2006-05-21.
  10. Lawless, John. Nigel Newton. BusinessWeek Online. ശേഖരിച്ചത് 2006-09-09.
  11. Harry Potter - Brought to you by Kidsreads.com.
  12. Savill, Richard. Harry Potter and the mystery of J K's lost initial. The Daily Telegraph. ശേഖരിച്ചത് 2006-09-09.
  13. Rozhon, Tracie. "A Brief Walk Through Time at Scholastic", The New York Times, 2007-04-21, p. C3. ശേഖരിച്ചത് 2007-04-21. 

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം