വാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഊര്‍ജ്ജപ്രവഹത്തിന്റെ, അല്ലെങ്കില്‍ ഊര്‍ജ്ജോത്പ്പാദനത്തിന്റെ, നിരക്ക് (ശക്തി, Power) അളക്കുവാനുള്ള, അന്താരാഷ്ട്ര ഏകകവ്യവസ്ഥ (International System of Units) പ്രകാരം, നിശ്ചയിച്ച ഏകകമാണ് വാട്ട് (watt).

ആംഗലേയ അക്ഷരമാലയിലെ, W, എന്ന അക്ഷരംകൊണ്ടു സൂചിപ്പിക്കുന്നു. സാധാരണ, വിദ്യുച്ഛക്തി(Electrical Power) അളക്കുവാനും, വൈദ്യുതയന്ത്രങ്ങളുടെ ശേഷി സൂചിപ്പിക്കുവാനും ഈ ഏകകം ഉപയോഗിക്കുന്നു. ഉദാഹരണത്ത്റ്റിന്, കോണിപ്പടികള്‍ കയറുന്ന ഒരു മനുഷ്യന്‍ ഏകദേശം 200 വാട്ട്‌സ് നിരക്കിലാണ് ഊര്‍ജ്ജം ചെലവഴിക്കുന്നത് . ഓടിക്കൊണ്ടിരിക്കുന്ന ഒരു സാധാരണ മോട്ടോര്‍ കാറിന്റെ എഞ്ചിന്‍ 25,000 വാട്ട്‌സ് നിരക്കില്‍ യാന്ത്രികോര്‍ജ്ജം ഉല്‍‌പാദിപ്പിക്കുന്നു (ഏകദേശം 33.5 കുതിരശക്തി). ഒരു സാധാരണ മച്ചുപങ്കയുടെ (Ceiling Fan) ശേഷി 60 വാട്ട്സാണ്. വീടുകളില്‍ ഉപയോഗിക്കുന്ന ഒരു സാധാരണ തന്തുവിളക്ക് (Incandescent light bulb) 25 മുതല്‍ 100 വാട്ട്‌സ് നിരക്കില്‍ വരെ വൈദ്യുതോര്‍ജ്ജം ഉപയോഗിക്കുന്നു. അതേസമയം ഒരു കോമ്പാക്റ്റ് ഫ്ലൂറസെന്റ് ലൈറ്റ് (സി.എഫ്.എല്‍) വെറും 5 മുതല്‍ 30 വാട്ട്‌സ് വരെയാണ് ശേഷി.

ഉള്ളടക്കം

[തിരുത്തുക] നിര്‍വചനം

ഒരു സെക്കന്റില്‍ പ്രവഹിക്കുന്ന ഒരു ജൂള്‍ ഊര്‍ജ്ജമാണ് ഒരു വാട്ട്.

ഗണിതരീതിയില്‍,


1~\rm{W} = 1~\dfrac{\rm{J}}{\rm{s}} = 1~\dfrac{\rm{kg} \cdot \rm{m^2}}{\rm{s^3}} = 1~\dfrac{\rm{N\cdot m}}{\rm{s}} \,
.

അതുകൊണ്ട്, ഒരു ന്യൂട്ടണ്‍ ബലത്തിനെതിരായി ഒരു സെക്കന്റില്‍ ഒരു മീറ്റര്‍ നീങ്ങുന്ന ഒരു വസ്തു ചെലവഴിക്കുന്ന ഊര്‍ജ്ജമാണ് ഒരു വാട്ട് എന്നുപറയാം. കൂടാതെ, ഒരു വോള്‍ട് വൈദ്യുതമര്‍ദ്ദത്തില്‍ ഒരു ആമ്പിയര്‍ വൈദ്യുതധാര പ്രവഹിക്കുമ്പോള്‍ ചെയ്യുന്ന പ്രവൃത്തിയായും സൂചിപ്പിക്കാം. അതായത്,


1~\rm{W} = 1~\rm{V\cdot 1~A} .

[തിരുത്തുക] സംജ്ഞ

ആവിയന്ത്രം പരിഷ്ക്കരിച്ച എഞ്ജിനിയര്‍ ജയിംസ് വാട്ടിന്റെ (James Watt; ജീവിതകാലം: 1736 – 1819) പേരിലാണ് ഈ ഏകകം. ആദ്യം, ശാസ്ത്രപുരോ‍ഗതിയ്കായുള്ള ബ്രിട്ടീഷ് സംഘടനയുടെ (British Association for the Advancement of Science) രണ്ടാം സമ്മേളനവും, പിന്നീട് അളവുതൂക്കങ്ങള്‍ക്കായുള്ള അന്താരാഷ്ട്രയോഗം, (Conférence générale des poids et mesures - CGPM) 1960ലെ അതിന്റെ പതിനൊന്നാം സമ്മേളനത്തിലും, വാട്ട് ശക്തിയുടെ ഏകകമായി സ്വീകരിച്ചു.

യുക്തമായ ഉപസര്‍ഗ്ഗങ്ങള്‍ ചേര്‍ത്തുകൊണ്ട്, ശക്തിയുടെ ചെറിയ - വലിയ ഏകകങ്ങള്‍ നിര്‍മ്മിക്കാം. സാധാരണ, മില്ലിവാട്ട് (ഒരുവാട്ടിന്റെ പത്തുലക്ഷത്തിലൊരംശം), കിലോവാട്ട് (ഒരുവാട്ടിന്റെ ആയിരം മടങ്ങ്), മെഗാവാട്ട് (ഒരുവാട്ടിന്റെ പത്തുലക്ഷം മടങ്ങ്) തുടങ്ങിയ ഏകകങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഒരു ലേസര്‍സൂചിനി(Laser Pointer)ക്ക് 5 മില്ലിവട്ട് ശക്തിയും, ഒരു എല്‍.ഈ.ഡിക്ക് (Light Emitting Diode) 30 -60 മില്ലിവാട്ട് ശേഷിയുമുണ്ട്. കേരളത്തിലെ ഒരിടത്തരം വീട്ടിലെ വൈവദ്യുതോപകരണങ്ങള്‍ക്ക് മൊത്തം 3 മുതല്‍ 10 കിലോവാട്ട് വരെ തോതില്‍ വൈദ്യുതി ഉപയോഗിക്കാനുള്ള ശേഷിയുണ്ടാവാറുണ്ട്. ഇടുക്കിയിലെ ജലവൈദ്യുതനിലയത്തിന് 780 മെഗാവാട്ട് തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്.

[തിരുത്തുക] വോള്‍ട്ടും വാട്ടും വാട്ട്-അവറും

സാധാരണ ധാരണാപ്പിശകുണ്ടാക്കുന്ന വാക്കുകളാണ് വോള്‍ട്ടും വാട്ടും വാട്ടവറും. വാസ്തവത്തില്‍ വ്യത്യസ്ഥ അളവുകളെയാണ് അവ സൂചിപ്പിക്കുന്നത്. വോള്‍ട്ട് (volt) വൈദ്യുതമര്‍ദ്ദത്തിന്റെ (വിദ്യുച്ചാലകബലത്തിന്റെ) ഏകകമാണ്. അലെസ്സന്ദ്രോ വോള്‍ട്ടാ (Alessandro Giuseppe Antonio Anastasio Volta) (ജീവിതകാലം: 1745 – 1827) എന്ന ഇറ്റാലിയന്‍ ശാസ്ത്രജ്ഞനെ സ്മരിച്ചാണ് വോള്‍ട്ട് എന്ന പേര് വിദ്യുച്ചാലകബലത്തിന്റെ ഏകകത്തിനു നല്‍കിയത്. എന്നാല്‍, മേല്‍പ്പറഞ്ഞതുപോലെ വാട്ട് ഊര്‍ജ്ജപ്രവാഹത്തോതിന്റെ (ശക്തി) ഏകകമാണ്. വാട്ട്-അവര്‍(watt-hour) വാണിജ്യപരമായി പരക്കെ ഉപയോഗിക്കുന്ന വൈദ്യുതോര്‍ജ്ജത്തിന്റെ ഏകകമാണ്; ഒരുമണിക്കൂറില്‍ ഒരു വാട്ട് ശക്തിയില്‍ ഒഴുകുന്ന, 3600 ജൂളിനു തുല്യമായ ഊര്‍ജ്ജമാണത്.

[തിരുത്തുക] അവലംബം

http://searchcio-midmarket.techtarget.com/sDefinition/0,,sid183_gci294147,00.html

"http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം