അന്താരാഷ്ട്ര ഏകകവ്യവസ്ഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അളവുതൂക്കങ്ങള്‍ക്കായുള്ള അന്താരാഷ്ട്രയോഗം, 1960ല്‍ അംഗീകരിച്ച ദശാംശാടിസ്ഥാത്തിലുള്ള ആധുനിക ഏകകസമ്പ്രദായമാണ്‌ അന്താരാഷ്ട്ര ഏകകവ്യവസ്ഥ (International System of Units).

എസ്.ഐ. (SI) ‌എന്ന ചുരുക്കപ്പേരുള്ള ഈ വ്യവസ്ഥയില്‍ ഏഴ് മൗലിക ഏകകങ്ങളൂണ്ട് (Basic Units). മറ്റെല്ലാ ഏകകങ്ങളൂം, മൗലിക ഏകകങ്ങളെ ആടിസ്ഥാനപ്പെടുത്തി നിര്‍ണ്ണയിക്കാവുന്നവയുമാണ്. അവയെ വ്യൂത്പന്ന ഏകകങ്ങള്‍ (Derived Units) എന്നു വിളിക്കുന്നു. ഏകകങ്ങളും അവയുടെ നിര്‍വ്വചനങ്ങളും സ്ഥിരമായതല്ല; ശാസ്ത്ര-സാങ്കേതിക പുരോഗതിക്കനുസരിച്ച് മാറ്റങ്ങള്‍ക്കു വിധേയമാണ്. നിരവധി രാജ്യങ്ങള്‍ ചേര്‍ന്നു രൂപീകരിച്ച അളവുതൂക്കങ്ങള്‍ക്കായുള്ള അന്താരാഷ്ട്രയോഗമാണ് (General Conference on Weights and Measures - CGPM) ഏകകങ്ങള്‍ അംഗീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും. മൂന്നു രാജ്യങ്ങളൊയിച്ച് മറ്റെല്ലാ രാജ്യങ്ങളും എസ്. ഐ. അംഗീകരിച്ചു കഴിഞ്ഞു.

എസ്. ഐ. അംഗീകരിക്കാത്ത രാജ്യങ്ങള്‍, അമേരിക്കയും, മ്യാന്മാറും, ലൈബീരിയയുമാണ്

ഉള്ളടക്കം

[തിരുത്തുക] വിവരണം

അടിസ്ഥാനമായി അംഗീകരിച്ചിട്ടുള്ള ഒരു തോതുമായി താരതമ്യം ചെയ്ത്, ആ തോതിന്റെ ഇത്രമടങ്ങാണ് ഇത് എന്നു പറയുന്നതാണ് അളക്കുക എന്നപദംകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, ഒരു വടിയുടെ നീളം ഒന്നര മുഴമാണ് (Cubit) എന്നുപറഞ്ഞാല്‍, അതിന്റെ അര്‍ഥം, ആ വടിയ്ക്, ഒരാളിന്റെ കൈത്തണ്ടിന്റെ (forearm, കൈവിരലറ്റം മുതല്‍, കൈമുട്ടുവരെ) നീളത്തിന്റെ ഒന്നര മടങ്ങ് നീളമുണ്ട് എന്നാണ്. ഇപ്രകാരം അടിസ്ഥാനമായി സ്വികരിച്ച തോതിനെ (മുഴം) ഏകകം (Unit) എന്നു പറയുന്നു. അതുപോലെ, മറ്റ് ഭൗതികഅളവുക(ഉദാ: ഭാരം, സമയം)ളെടുക്കുന്നതിനും വിനിമയം ചെയ്യുന്നതിനും പൊതുവായ ഏകകങ്ങള്‍ ആവശ്യമാണ്. അപ്രകാരം വിവിധതരം ഏകകങ്ങളുടെ ഒരു കൂട്ടമാണ് ഒരു ഏകകവ്യവസ്ഥ (System of Units).

പഴയ ചില ഏകകവ്യവസ്ഥകളില്‍, ഒരേ അളവിനായി നിരവധി ഏകകങ്ങള്‍ ഉണ്ടായിരുന്നു. ഉദാഹരണത്തിന്, നീളം, ദൂരം, ആഴം എന്നിവ ഒരേ ഭൗതിക അളവാണെങ്കിലും, ഇഞ്ച്, അടി, ഗജം, മൈല്‍, ഫാതം, നോട്ടിക്കല്‍ മൈല്‍ എന്നിങ്ങനെ പല ഏകകങ്ങളും, അവയില്‍ അളവുകള്‍ തമ്മില്‍ മാറ്റാന്‍ ഭിന്നഗുണാങ്കങ്ങളും (Varied Multlipliers / Converstion Factors) ഉണ്ടായിരുന്നു. പന്ത്രണ്ടിഞ്ച് ഒരടി, മൂന്നടി ഒരു ഗജം, 220 ഗജം ഒരു ഫര്‍ലോങ്, 8 ഫര്‍ലോങ് ഒരു മൈല്‍, എന്നിങ്ങനെ. എന്നാല്‍, ആധുനിക സമ്പ്രദായങ്ങളില്‍, ഒരളവിന് ഒരു ഏകകവും, അതിന്റെ ചെറുതും വലുതുമായ അളവുകള്‍ക്ക്, ദശഗുണാങ്കങ്ങളുമുപയോഗുക്കുന്നു. നീളത്തിന് മീറ്റര്‍ എന്ന ഏകകവും, പത്തു മില്ലീമിറ്റര്‍ ഒരു സെന്റിമീറ്റര്‍, നൂറുസെന്റി മീറ്റര്‍ ഒരു മീറ്റര്‍, ആയിരം മീറ്റര്‍ ഒരു കിലോമിറ്റര്‍ എന്നിങ്ങനെ ദശഗുണിതസംജ്ഞകളും ഉപയോഗിക്കുന്നു. പഴയ രീതിയെ അപേക്ഷിച്ച്, ദശാംശാടിസ്ഥാനത്തിലുളള ഈ രീതി, വളരെ ലളിതമാണ്.

[തിരുത്തുക] ചരിത്രം

ഫ്രഞ്ചുവിപ്ലവകാലത്ത് (1789–1799) ദശാംശരീതിയിയിലുള്ള ഒരു ഏകക പദ്ധതി സ്വീകരിക്കുകയും അതിനു ശേഷം മീറ്ററും കിലോഗ്രാമും പ്രതിനിധാനം ചെയ്യുന്ന രണ്ടു പ്ലാറ്റിനം തോതുകള്‍ ഫ്രഞ്ചു റിപ്പബ്ലിക്കിന്റെ സൂക്ഷിപ്പുശാലയില്‍ (Archives de la République) 1799 ജൂണ്‍ 22 ന് സ്ഥാപിക്കുകയും ചെയ്തത്, ഇന്നത്തെ അന്താരഷ്ട്ര ഏകക വ്യവസ്ഥയുടെ വികാസത്തിന്റെ ആദ്യ പടിയായിക്കരുതാം.

1832ല്‍ ജര്‍മ്മന്‍ ഊര്‍ജ്ജതന്ത്രജ്ഞനും ഗണിതശാസ്ത്രകാരനുമായിരുന്ന ഗാസ് (Johann Carl Friedrich Gauss) ഈ സമ്പ്രദായം പ്രചരിപ്പിക്കുകയും; പിന്നീട് മറ്റൊരു ജര്‍മ്മനായ വെബറുമായിച്ചേര്‍ന്ന്‍ (Wilhelm Eduard Weber) പരിഷ്കരിക്കുകയും ചെയ്തു.

1860കളില്‍, മാര്‍ക്സ് വെല്ലിന്റേയും (James Clerk Maxwell), തോംസണിന്റേയും (Sir Joseph John Thomson) നേതൃത്വത്തില്‍, ശാസ്ത്രപുരോ‍ഗതിയ്കായുള്ള ബ്രിട്ടീഷ് സംഘടന (British Association for the Advancement of Science) ഈ വ്യവസ്ഥ വീണ്ടും വിപുലീകരിച്ചു. മൗലികഏകകങ്ങളും, വ്യുത്പന്ന ഏകകങ്ങളുമുള്ള സ്വയം പൂര്‍ണമായ ഒരു ഏകകസമ്പ്രദായം രൂപീകരിക്കുകയും, 1874ല്‍ സെന്റിമീറ്റര്‍‍-ഗ്രാം-സെക്കന്റ് (CGS) എന്നൊരു സമ്പ്രദായം ആവിഷ്ക്കരിച്ചു.

1880ല്‍, ബ്രിട്ടീഷ് സംഘടനയും യൂറോപ്പിയന്‍ സംഘടനയായ ഇന്റര്‍നാഷണല്‍ ഇലക്ട്രിക്കല്‍ കോണ്‍ഗ്രസ്സും ചേര്‍ന്ന്, വോള്‍ട്ട്, ആമ്പിയര്‍, ഓം എന്നീ ഏകകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു പ്രയുക്ത ഏകകസമ്പ്രദായം രൂപീകരിച്ചു.

1875 ലെ മീറ്റര്‍ ഉടമ്പടി (Metre Convention) പ്രകാരം മാനക ഏകീകരണത്തിനായി അന്താരാഷ്ട്രതലത്തില്‍, മൂന്നു സംഘടനകള്‍ നിലവില്‍ വന്നു:- അളവുതൂക്കങ്ങള്‍ക്കായുള്ള അന്താരാഷ്ട്രയോഗം, (Conférence générale des poids et mesures - CGPM), അന്താരാഷ്ട്രഅളവുതൂക്കസംഘടന, (Bureau international des poids et mesures - BIPM), അന്താരാഷ്ട്ര അളവുതൂക്കസമിതി (Comité international des poids et mesures - CIPM) എന്നിങ്ങനെ.

1889നു ചേര്‍ന്ന ഒന്നാം അന്താരാഷ്ട്രയോഗം, മീറ്റര്‍, കിലോഗ്രാം, സെക്കന്‍ഡ് എന്നീ മൂന്ന് ഏകകങ്ങളുടെ അസ്സലുകള്‍ (Prototype) അംഗീകരിച്ചു.

1901ല്‍ ഗിയോര്‍ഗി (Giovanni Giorgi), ഈ ത്രിമാനവ്യവ്യസ്ഥയില്‍ വൈദ്യുത ഏകകങ്ങളായ ആമ്പിയറോ, ഓമോ ചേര്‍ത്ത് സ്വയം പൂര്‍ണമായതും യുക്തിഭദ്രവുമായ ഒരു ചതുര്‍മാനവ്യവ്യസ്ഥയായി വിപുലീകരിക്കാമെന്നും തെളിയിച്ചു. ഗിയോര്‍ഗിയുടെ ഈ നിര്‍ദ്ദേശം, നിരവധി പുതിയ വികാസങ്ങള്‍ക്കു വഴിതെളിച്ചു,

1921ല്‍ ചേര്‍ന്ന ആറാം അളവുതൂക്കങ്ങള്‍ക്കായുള്ള അന്താരാഷ്ട്രയോഗം, മീറ്റര്‍ ഉടമ്പടി പുതുക്കുകയും, 1927ല്‍ വൈദ്യുതമാപനവിഷയത്തില്‍ ഒരു ഉപദേശക സമിതിയെ (Consultative Committee for Electricity) നിയമിക്കുകയും ചെയ്തു. ഉപദേശക സമിതിയും ഇതരഅന്താരാഷ്ട്രസംഘടനകളും, ഗിയോര്‍ഗീസമ്പ്രദായം ചര്‍ച്ചചെയ്യുകയും, 1937ല്‍ ഉപദേശകസമിതി, മീറ്റര്‍-കിലോഗ്രാം-സെക്കന്‍ഡ്-ആമ്പിയര്‍ എന്നിങ്ങനെ നാല് മാനങ്ങളുള്ള വ്യവസ്ഥ ശുപാര്‍ശചെയ്തു. 1946ല്‍ അന്താരാഷ്ട്ര അളവുതൂക്കസമിതി (CIPM) മീറ്റര്‍-കിലോഗ്രാം-സെക്കന്‍ഡ്-ആമ്പിയര്‍ വ്യവസ്ഥ (MKSA Syastem) എന്നറിയാപ്പെട്ട ഈ നിര്‍ദ്ദേശം അംഗീകരിച്ചു.

1954ല്‍ ചേര്‍ന്ന പത്താമത് അന്താരാഷ്ട്രയോഗം (CGPM), ആമ്പിയര്‍, കെല്‍വിന്‍, കാന്‍ഡല എന്നീ ഏകകങ്ങള്‍ കൂടി മൗലിക ഏകകങ്ങളായി അംഗീകരിച്ചു.

1960ലെ പതിനൊന്നാം അന്താരാഷ്ട്രയോഗം, ഈ വ്യവസ്ഥയ്ക്ക്, അന്താരാഷ്ട്ര ഏകകവ്യവസ്ഥ എന്ന് പേരു നല്‍കുകയും എസ്.ഐ. (SI) എന്ന ചുരുക്കപ്പേര്‍ സ്വീകരിക്കുകയും ചെയ്തു.

1971ലെ പതിനാലാം അന്താരാഷ്ട്രയോഗമാണ് ദീര്‍ഘമായ ചര്‍ചകള്‍ക്കു ശേഷം മോള്‍ (Mole) എന്ന ഏഴാം മൗലിക ഏകകം അംഗീകരിച്ചത്.

[തിരുത്തുക] പ്രചാരം

അമേരിക്കയും, മ്യാന്മാറും, ലൈബീരിയയുമോഴിച്ച് മറ്റെല്ലാരാജ്യങ്ങളൂം ഈ വ്യവസ്ഥ അംഗീകരിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ , 1962 ഏപ്രില്‍ 1 -ല്‍ അന്താരാഷ്ട്രഏകകവ്യവസ്ഥ പൂര്‍ണ്ണമായും നടപ്പിലാക്കി. മറ്റെല്ലാ വ്യവസ്ഥകളുടെയും പ്രയോഗം നിയമം മൂലം (Standards of Weights and Measures Act, 1976) നിരോധിച്ചിരിക്കുകയാണ്.

[തിരുത്തുക] മൗലിക ഏകകങ്ങള്‍

അന്താരാഷ്ട്ര ഏകകവ്യവസ്ഥയില്‍, പരസ്പരം ബദ്ധമല്ലാത്ത, ഏഴ് ഏകകങ്ങള്‍ മൗലിക ഏകകങ്ങളായി നിര്‍വചിച്ചിരിക്കുന്നു; മറ്റെല്ലാ ഏകകങ്ങളും ഈ ഏഴ് മൗലിക ഏകകങ്ങളുടെ ഗുണഫലമായിട്ടാണ് നിര്‍വചിച്ചിരിക്കുന്നത്‍.

അളവ് ഏകകം സംജ്ഞ നിര്‍വചനം
നീളം (Length) മീറ്റര്‍ (Metre) m ശൂന്യസ്ഥലത്തുകൂടി, പ്രകാശം 1/299729438 സെക്കന്റില്‍ സഞ്ചരിക്കുന്ന ദൂരം.
ഭാരം (Weight) കിലോഗ്രാം (Kilogram) kg പാരീസിലെ അന്താരാഷ്ട്ര അളവുതൂക്ക ബ്യൂറോയില്‍ സൂക്ഷിച്ചിട്ടുള്ള പ്ലാറ്റിനം-ഇരിഡിയം സങ്കരലോഹസ്തംഭത്തിന്റെ ഭാരം
സമയം (Time) സെക്കന്റ് (Second) s ഒരു സീഷിയം-133 അണു, സ്ഥിരാവസ്ഥയിലിരിക്കുമ്പോള്‍ (Ground State) അതിന്റെ രണ്ട് അതിസൂക്ഷ്മസ്തരങ്ങള്‍ (Hyper Levels) തമ്മിലുള്ള മാറ്റത്തിനനുസരിച്ചുള്ള വികിരണത്തിന്റെ സമയദൈര്‍ഘ്യത്തിന്റെ 9 192 631 770 മടങ്ങ്.
വൈദ്യുത പ്രവാഹം (Electric Current) ആമ്പിയര്‍ (Ampere) A നിസ്സാരമായ വണ്ണമുള്ളതും, നീളം അനന്തമായതും ഒരു മിറ്റര്‍ അകലത്തില്‍ പരസ്പരം സമാന്തരമായി ശൂന്യസ്ഥലത്തു സ്ഥാപിച്ചിരിക്കുന്നതുമായ രണ്ട് വൈദ്യുതചാലകങ്ങളില്‍, ഒരു മീറ്ററിന് 2×10–7 ന്യൂട്ടണ്‍ ആകര്‍ഷണബലം ഉണ്ടാക്കാന്‍, പ്രസ്തുത വാഹികളില്‍ക്കൂടി ഒഴുക്കേണ്ട സ്ഥിരവൈദ്യുതപ്രവാഹം.
ദ്രവ്യമാനം (Amount of Substance) മോള്‍ (Mole) mol സ്ഥിരാവസ്ഥയിലുള്ളതും (Ground State)‍, പരസ്പരം ബദ്ധമല്ലാത്തതും (unbound), സ്വസ്ഥവുമായ (at rest), 0.012 കിലോഗ്രാം കാര്‍ബണ്‍-12 മൂലകത്തിലുള്ളത്ര അടിസ്ഥാനകണങ്ങള്‍ അടങ്ങിയിട്ടുള്ള ദ്രവ്യം.
ഊഷ്മാവ് (Temperature) കെല്‍വിന്‍ (Kelvin) K ജലം, അതിന്റെ ത്രൈമുഖബിന്ദുവിലിരിക്കുമ്പോള്‍ (Triple Point) അതിന്റെ താപഗതികോഷ്മാവിന്റെ 1/273.16ല്‍ ഒരംശം.
പ്രകാശതീവ്രത (Luminous Intensity) കാന്‍ഡല (Candela) cd ഒരു ദിശയില്‍, ഒരു സ്റ്റെറിഡിയന്‍ കോണളവില്‍, 1/683 വാട്ട് വികിരണതീവ്രതയുള്ളതും, 540 x 1012 hertz ആവൃത്തിയുള്ള ഏകവര്‍ണ്ണ് വികിരണം ഉത്സര്‍ജ്ജിക്കുന്നതുമായ ഒരു പ്രകാശസ്രോതസ്സിന്റെ പ്രകാശതീവ്രത.

[തിരുത്തുക] വ്യൂത്പന്ന ഏകകങ്ങള്‍

മേല്‍ സൂചിപ്പിച്ച ഏഴ് മൗലിക ഏകകങ്ങളുടെ ഗുണഫലമായി സൂചിപ്പിക്കാവുന്ന മറ്റെല്ലാ ഏകകങ്ങളേയും വ്യൂത്പന്ന ഏകകങ്ങള്‍ എന്നു വിളിക്കുന്നു. അവയ്ല്‍ ചിലതിന് സവിശേഷനാമങ്ങളും നല്‍കിയിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍:

അളവ് മൗലിക ഏകകങ്ങളുടെ ഗുണോത്തരമായി സംജ്ഞ സവിശേഷനാമം
വിസ്താരം (Area) മീറ്റര്‍ x മീറ്റര്‍ m2 -
കാന്തക്ഷേത്രബലം (Magnetic Field Strength) ആമ്പിയര്‍ / മീറ്റര്‍ (A/m) -
വൈദ്യുത ചാര്‍ജ് (Electric Charge) സെക്കന്റ് x ആമ്പിയര്‍ (s.A) കൂളുംബ് (C)
ബലം (Force) കിലോഗ്രാം x മീറ്റര്‍ / (സെക്കന്റ് x സെക്കന്റ്) (kg.m··s-2) ന്യൂട്ടണ്‍ (N)
ഊര്‍ജം (Energy) കിലോഗ്രാം x മീറ്റര്‍ x മീറ്റര്‍ / (സെക്കന്റ് x സെക്കന്റ്) (kg.m2··s-2) ജൂള്‍ (J)
വിദ്യുച്ചാലകത (Electric Conductance) ആമ്പിയര്‍ / വോള്‍ട്ട് (A/V) (A2.m-2·kg-1·s3·) സീമന്‍സ് (S)

[തിരുത്തുക] ഉപസര്‍ഗ്ഗങ്ങള്‍

നിര്‍വ്വചിക്കപ്പെട്ട മൗലിക / വ്യൂത്പന്ന ഏകകങ്ങളേക്കാള്‍ ചെറുതോ വലുതോ ആയ അളവുകള്‍ ദ്യോതിപ്പിക്കുന്നതിന്, മറ്റൊരു പേരു നല്‍കുന്നതിനു പകരം, (അടിയേക്കാള്‍ ചെറിയ അളവിന് ഇഞ്ച് എന്ന മറ്റൊരേകകമാണ് പഴയ വ്യവസ്തയില്‍) ഏകകങ്ങളുടെ മുന്‍പില്‍ ഉപസര്‍ഗ്ഗങ്ങള്‍ (Prefixes) നല്‍കുകയാണ് അന്താരാഷ്ട്ര ഏകകവ്യവസ്ഥയിലെ രീതി.

ഉപസര്‍ഗം സംജ്ഞ മൂല്യം ഉപസര്‍ഗം സംജ്ഞ മൂല്യം
ഡക്കാ da 10 ഡസ്സി d 1/10
ഹെക്റ്റൊ h 100 സെന്റി c 1/100
കിലോ k 1000 മില്ലി m 1/1000
മെഗാ M 1000 000 മൈക്രോ µ 1/1000 000
ഗിഗാ G 1000 000 000 നാനോ n 1/1000 000 000
ടെറാ T 1000 000 000 000 പൈകോ p 1/1000 000 000 000
പീറ്റാ P 1000 000 000 000 000 ഫെംറ്റോ f 1/1000 000 000 000 000
എക്സാ E 1000 000 000 000 000 000 ആറ്റോ a 1/1000 000 000 000 000 000
സീറ്റാ Z 1000 000 000 000 000 000 000 സെപ്റ്റോ z 1/1000 000 000 000 000 000 000
യോട്ടാ Y 1000 000 000 000 000 000 000 000 യോക്റ്റോ y 1/1000 000 000 000 000 000 000 000


[തിരുത്തുക] അവലംബം

1.യൂണിവേഴ്‍സിറ്റി ഫിസിക്‍സ്; സീയേര്‍സ്, സെമാന്‍സ്കി ആന്റ് യൂംഗ്, 1985.

2. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാന്‍ഡാര്‍ഡ്സ് ആന്റ് ടെക്‍നോളജിയുടെ (അമേരിക്കന്‍ സര്‍ക്കാര്‍) വെബ് സൈറ്റ് , ‍ (http://physics.nist.gov/cuu/Units/current.html)

3. അന്താരാഷ്ട്രഅളവുതൂക്കസംഘടനയുടെ വെബ്സൈറ്റ് (http://www.bipm.org/en/si/history-si)

4. ഉപഭോക്തൃകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് (http://fcamin.nic.in/Events/EventDetails.asp?EventId=1690&Section=Weight%20and%20Measures&ParentID=0&Parent=1&check=0)

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം