മണിയാണി
വടക്കൻ കേരളത്തിൽ കൂടുതലായി അധിവസിക്കുന്ന, ഹിന്ദുമതത്തിലെ ഒരു ജാതിവിഭാഗമാണ് മണിയാണി. യാദവ എന്ന ജാതി വിഭാഗത്തിൽ ഉൾപ്പെടുന്ന ജാതികളായ ആയർ, മായർ, മണിയാണി, കോലയാൻ, എരുമാൻ, അഥവാ ഇരുമൻ എന്നീ മറ്റു പിന്നോക്ക ജാതിക്കാരിൽ (OBC) ഉൾപ്പെടുന്ന ഒരു ജാതി വിഭാഗമാണിത്. [1] ശ്രീകൃഷ്ണന്റെ യാദവകുലത്തിൽ പെട്ടവരാണ് തങ്ങൾ എന്നു ഇവർ വിശ്വസിക്കുന്നു. ശ്രീകൃഷ്ണന്റെ കാലശേഷം ദ്വാരകയിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയ യാദവരുടെ പിന്മുറക്കാരാണ് എന്നാണു വിശ്വാസം.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ദ്വാരകയിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കായി പുറപ്പെട്ടവരിലെ ഒരു സംഘം ഗോകർണ്ണം, മംഗലാപുരം വഴി കോലത്തുനാട്ടിലും തുളുനാട്ടിലും എത്തി എന്നു വിശ്വസിക്കുന്നു. മണിയാണി എന്നത് ജാതിപ്പേർ അല്ലെന്നും കൽപ്പണിയിൽ പ്രാവീണ്യമുള്ളവർക്ക് കർണ്ണാടകദേശത്തുകാർ നൽകുന്ന ബഹുമതിനാമമാണെന്നും ഒരു അഭിപ്രായമുണ്ട്. മറ്റു പിന്നോക്കജാതിയിലാണ് കേരള ഗസറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും ഇവരിൽ ചിലർ പേരിനൊപ്പം മണിയാണി എന്നോ നായർ എന്നോ ജാതിപ്പേർ ചേർക്കാറുണ്ട്. ക്ഷേത്രങ്ങളും, രാജഭവനങ്ങളും നിർമ്മിക്കലും, കന്നുകാലി വളർത്തലുമായി കഴിഞ്ഞുപോന്ന കർണാടക ദേശക്കാർ ഇങ്ങോട്ട് കുടിയേറിപ്പാർത്തു എന്നും കരുതപ്പെടുന്നു. ഇവർ കൊയക്കാട്ട്, കരക്കാട്ടിടം, കല്യാട് തുടങ്ങിയ ജന്മിമാരുടെയും ചിറക്കൽ കോവിലകം പോലുള്ള രാജവംശങ്ങളുടെയും ഭൂമി, വാരത്തിനും, കാണത്തിനും, വാങ്ങി കൃഷിചെയ്തു വന്നു. ക്രമേണ മൂന്നു തൊഴിലും (കൃഷി, കാലിവളർത്തൽ, കെട്ടിടം പണി) ഇവരുടെ ജീവിതോപാധിയായി മാറി. ക്ഷേത്ര നിർമ്മാണത്തിനും, പാൽ കൈകാര്യം ചെയ്യുന്നതിനുമൊക്കെ ഒരു മേൽജാതി പരിവേഷം ആവശ്യമായതിനാൽ അധികാരിവർഗ്ഗം നായർ എന്ന സമുദായ നാമം നൽകിയതുമാവാം.
[തിരുത്തുക] സാംസ്കാരികം
പൂരക്കളി, മറത്ത്കളി എന്നിവ സാധാരണയായി മണിയാണി സമുദായാംഗങ്ങളാണു നടത്താറുള്ളത്
[തിരുത്തുക] പ്രാദേശിക സാന്നിദ്ധ്യം
- കണ്ണൂർ ജില്ലയിൽ ബ്ലാത്തൂർ ഗ്രാമത്തിലെ ഭൂരിപക്ഷം ജനങ്ങളും ഈ സമുദായത്തിൽ പെട്ടവരാണ്.
- പയ്യന്നൂർ, കണ്ണാടിപ്പറമ്പ്, ചേപ്പറമ്പ്, കരിങ്കൽകുഴി എന്നിവിടങ്ങളിലും പയ്യന്നൂരിനു തെക്ക് പ്രദേശങ്ങളിലും ഈ സമുദായക്കാർ കൂട്ടമായി താമസിക്കുന്നു.