ഫാദർ ഡാമിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൊളൊക്കായിലെ ഡാമിയൻ- റൊമൻ കത്തോലിക്കാ മിഷ്യണറിയായിരുന്ന്ന്നു. ഹാവയിലെ കുഷ്ഠരോഗ്ഗികളെ ചികിത്സിക്കുക്കയും അതേ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു

ഫാദർ ഡാമിയൻ അഥവാ മൊളോകായിലെ വാഴ്ത്തപ്പെട്ട ഡാമിയൻ എന്നറിയപ്പെടുന്ന ജോസഫ് ഡെ വ്യുസ്റ്റർ,(ജനുവരി 3, 1840ഏപ്രിൽ 15, 1889), ‘കോൺഗ്രിഗേഷൻ ഓഫ് ദ സേയ്ക്രട് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി' എന്ന സന്യാസ സഭയിൽ അംഗമായിരുന്ന ഒരു ബെൽജിയൻ കത്തോലിക്കാ മിഷണറി ആയിരുന്നു. ഹവായിയിലെ മൊളോകാ ദ്വീപിലെ കുഷ്ഠ രോഗികൾക്കു വേണ്ടി തന്റെ ജീവിതം സമർപ്പിച്ചതിന്റെ പേരിൽ, ഹവായിയൻ നിവാസികളും ലോകമെങ്ങുമുള്ള ക്രിസ്ത്യാനികളും ഇദ്ദേഹത്തെ ആദരിക്കുന്നു. കത്തോലിക്കാ വിശ്വാസികളുടെയിടയിൽ, കുഷ്ഠരോഗം, എയ്ഡ്സ് തുടങ്ങി സമൂഹത്തിൽ നിന്നും പുറത്താക്കപ്പെടുന്ന രോഗങ്ങൾ ബാധിച്ചവരുടെയും ഹവായിയൻ നിവാസികളുടെയും, ആത്മീയ ഗുരു ആയി കരുതപ്പെടുന്നു, ഫാദർ ഡാമിയൻ. ഹവായിയൻ സംസ്ഥാനത്ത് എല്ലാ വർഷവും ഏപ്രിൽ 15 -ആം തീയതി, ഫാദർ ഡാമിയൻ ദിനം ആചരിച്ചു വരുന്നു. കത്തോലിക്ക സഭ മെയ് 15 ആം തീയതിയാണ്, ഫാദർ ഡാമിയന്റെ തിരുനാൾ ആചരിക്കുന്നത്. 1995 ൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട ഫാദർ ഡാമിയനെ ഔദ്യോഗികമായി വിശുദ്ധ പദവിയിലേയ്ക്കുയർത്തുന്നതു കാത്തിരിക്കുകയാണു വിശ്വാസികൾ.

അമേരിക്കയിലെ യുണൈറ്റഡ് സ്റ്റേയ്റ്റ്സ് ക്യാപ്പിറ്റോളിനു മുൻപിൽ അദ്ദേഹത്തിന്റെ വെങ്കലത്തിൽ തീർത്ത പ്രതിമയും, ഹവായ് സ്റ്റേയ്റ്റ് ലെജിസ്ലേച്ചറിനു മുൻപിൽ അദ്ദേഹത്തിന്റെ പൂർണ്ണകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്‌. 1995 ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ , ഫാദർ ഡാമിയനെ, വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്കുയർത്തുകയും, മൊളോക്കോയിലെ വാഴ്ത്തപ്പെട്ട ഡാമിയൻ എന്നൌദ്യോഗികമായി നാമകരണം ചെയ്യുകയും ചെയ്തു. 2005 ഡിസംബറിൽ, ഫ്ലെമിഷ് പബ്ലിക് ബ്രോഡ്കാസ്റ്റിങ് സർവീസ്, ഫാദർ ഡാമിയനെ, ഏറ്റവും മഹാനായ ബെൽജിയം കാരനായി പ്രഖ്യാപിച്ചു.

ഉള്ളടക്കം

ജനനം [തിരുത്തുക]

ബൽജിയത്തിലെ ട്രമലോ എന്ന സ്ഥലത്തു, കർഷക ദമ്പതികളുടെ മകനായാണു ഡാമിയൻ ജനിച്ചത്. ബ്രെയ്നെ ലെ കോംറ്റോയിൽ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം, ല്യൂവെൻ എന്ന സ്ഥലത്തു, കോൺഗ്രിഗേഷൻ ഓഫ് ദ സേയ്ക്രട് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി' എന്ന സന്യാസ സഭയിൽ ചേരുകയും , ആദ്യ വ്രതത്തോടൊപ്പം തന്നെ ഡാമിയൻ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. മിഷണറി ജോലികൾക്കായി വിദേശത്തേയ്ക്കു പോവുക, എന്ന തന്റെ സഹോദരന്റെ നടക്കാതെ പോയ മോഹം ഏറ്റെടുത്ത്, ഫാദർ ഡാമിയൻ ഒരു വിദേശ ദൌത്ത്യത്തിനായി പുറപ്പെട്ടു.

ഹവായ് ദൌത്യം [തിരുത്തുക]

കളവാവോയിലെ പ്രാർത്ഥനാക്കൂട്ടത്തോടൊപ്പം

1864 മാർച്ച് 19 ആം തീയതി, ഫാദർ ഡാമിയൻ, ഹോണോലുലു കടൽതീരത്തു, മിഷണറിയായി കപ്പലിറങ്ങി. അവിടെ വച്ച്, 1864 മെയ് 24 ആം തീയതി, ഔവർ ലേഡി ഓഫ് പീസ് എന്ന കത്തീഡ്രൽ പള്ളിയിൽ വച്ച്, അദ്ദേഹം പൗരോഹിത്യം എന്ന കൂദാശ സ്വീകരിച്ചു. പൊതുജനാരോഗ്യ രംഗത്ത്, പ്രതിസന്ധികൾ നിലനിന്നിരുന്ന ഒവാഹു എന്ന ദ്വീപിൽ, പല ഇടവകകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.

ഹവായ് ദ്വീപിലെത്തുന്ന വിദേശീയരായ കച്ചവടക്കാരും, നാവികരും, ഹവായിയൻ ജനതയ്ക്കു വിവിധ രോഗങ്ങൾ സമ്മാനിച്ചിരുന്നു. മുൻപൊരിക്കലും ഹവായിയിൽ കേട്ടുകേൾവി പോലുമില്ലാതിരുന്ന, ഇൻഫ്ലുവൻസ, സിഫിലിസ് തുടങ്ങിയ അസുഖങ്ങൾ ബാധിച്ച്, ആയിരങ്ങൾ മരിക്കാനിടയായി. 'ഹാൻസെൻസ് രോഗം' എന്നു പൊതുവെ അറിയപ്പെടുന്ന കുഷ്ഠരോഗവും ഇക്കൂട്ടത്തിൽ ഹവായിലെത്തി. കുഷ്ഠരോഗം പടർന്നു പിടിയ്ക്കുന്നതു ഭയന്ന്, രാജാവായ കമേഹാമെഹ, രാജ്യത്തെ കുഷ്ഠരോഗികളെയെല്ലാം, ഹവായിയുടെ വടക്കു ഭാഗത്തുള്ള മൊളോക്കായ് ദ്വീപിലെ ഒരു സെറ്റിൽമെന്റ് ക്യാമ്പിലേയ്ക്കു മാറ്റി പാർപ്പിച്ചു. ഭരണകൂടം ഇവർക്കു ഭക്ഷണവും, മറ്റ് സാമഗ്രികളും നൽകിയിരുന്നെങ്കിലും, കുഷ്ഠരോഗികളെ പരിപാലിക്കാനോ, അവരുടെ ശരിയായ ആരോഗ്യ സംരക്ഷണത്തിനോ ആരുമില്ലായിരുന്നു. കുഷ്ടരോഗികൾക്ക് അവരുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റാൻ ഒരു വൈദികനെങ്കിലും വേണമെന്നു വിശ്വസിച്ചിരുന്ന മോൺസിന്ന്യൂർ ലൂയിസ് മൈഗ്രേറ്റ്, ഒരു വൈദികനെ കുഷ്ഠ രോഗികളോടൊപ്പം ജീവിക്കാനവിടേയ്ക്കയക്കുന്നത്, മരണ ശിക്ഷയ്ക്കു വിധിയ്ക്കുന്നതിനു തുല്യമാണല്ലോ, എന്നോർത്താകുലപ്പെട്ടിരുന്നു. പ്രാർത്ഥനാ പൂർവമായ വിചിന്തനത്തിനു ശേഷം, ഫാദർ ഡാമിയൻ, ആ ദൌത്യം ഏറ്റെടുത്തു മൊളോകായിലേയ്ക്കു പോകാൻ തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ടു.

മരണത്തിന്റെ കോളണി [തിരുത്തുക]

1873 മെയ് 10 ആം തീയതി, ഫാദർ ഡാമിയൻ കലാവുപാപയിലെ ഒറ്റപ്പെട്ട സെറ്റിൽമെന്റ് ക്യാമ്പിലെത്തി. കോളണി നിവാസികൾക്കു ഫാദർ ഡാമിയനെ പരിചയപ്പെടുത്തി കൊണ്ടു ബിഷപ് മൈഗ്രേറ്റ് ഇങ്ങനെ പറഞ്ഞു. 'നിങ്ങളോടുള്ള സ്നേഹത്താൽ, നിങ്ങളിലൊരാളായി, നിങ്ങളോടൊപ്പം ജീവിച്ച്, നിങളോടൊപ്പം മരിയ്ക്കാൻ തയാറായ ഇദ്ദേഹം നിങ്ങൾക്കൊരു പിതാവിനെ പോലെയായിരിയ്ക്കും. ' പർവത നിരകളാൽ ചുറ്റപ്പെട്ട കോളണിയിൽ, അറുന്നൂറിലധികം കുഷ്ടരോഗികൾ ജീവിച്ചിരുന്നു. ഫാദർ ഡാമിയന്റെ ആദ്യ ദൌത്യം, അവിടെ ഒരു പള്ളി പണിത്, സെയ്ന്റ് ഫിലോമിനാ എന്ന ഇടവക സ്ഥാപിക്കുകയായിരുന്നു.

കലാവുപാപയിലെ കുഷ്ഠരോഗികൾക്ക് അല്പമെങ്കിലും ആശ്വാസം നൽകാൻ കെൽപ്പുള്ള ഒരേയൊരു വ്യക്തി, ഫാദർ ഡാമിയൻ മാത്രമായിരുന്നുവെന്നു, ഹവായിലെ കത്തോലിക്ക സഭയുടെ ചരിത്രം രേഖപ്പെടുത്തുന്നതിനു വേണ്ടി അവരോടൊപ്പം പ്രവർത്തിച്ച, യൂണിവേഴ്സിറ്റി ഓഫ് ഹവായിലെ ചരിത്രകാരന്മാർ പറയുന്നു. വെറുമൊരു വൈദികന്റെ സ്ഥാനം മാത്രമായിരുന്നില്ല, ഫാദർ ഡാമിയനവിടെ, മറിച്ച്, അദ്ദേഹമവരുടെ വൃണങ്ങൾ കഴുകി കെട്ടുകയും, അവർക്കു താമസിക്കാൻ വീടു കെട്ടി കൊടുക്കുകയും, കിടക്കയൊരുക്കി കൊടുക്കുകയും ചെയ്തിരുന്നു. മരിച്ചവരെ സംസ്കരിക്കുന്നതിനു വേണ്ടി ശവപ്പെട്ടികൾ ഉണ്ടാക്കുന്നതും, കുഴി വെട്ടുന്നതു പോലും ഫാദർ ഡാമിയനായിരുന്നു.

വിശുദ്ധ പദവിയിലേയ്ക്കുയർത്തുന്നതിനു മുന്നോടിയായിട്ടുള്ള റോമൻ കുരിയയിൽ സാമൂഹിക വിദഗ്ദർ ഡാമിയനെ പറ്റി ഇങ്ങനെ പറഞ്ഞു. ' മൂല്യങ്ങൾ നഷ്ടപ്പെട്ട, നിയമങ്ങൾ ലംഘിക്കപ്പെട്ടിരുന്ന, ആളുകൾ നിലനിൽപ്പിനു വേണ്ടി പരസ്പരം പോരടിക്കാൻ നിറ്ബന്ധിതരായിരുന്ന മരണത്തിന്റെ കോളണിയിലേയ്ക്കായിരുന്നു, ഡാമിയൻ അയക്കപ്പെട്ടത്. ഇത്രയും ചിട്ടയില്ലാത്ത ഒരവസ്ഥയിലായിരുന്നില്ല, ഭരണകൂടം സെറ്റിൽമെന്റ് വിഭാവനം ചെയ്തിരുന്നതെങ്കിലും, മരുന്നിന്റെയും മറ്റു വിഭവ ശേഷിയുടെയും ഇല്ലായ്മ മൂലം, തികഞ്ഞ അരാജകത്വത്തിലേയ്ക്കു കാര്യങ്ങൾ എത്തിച്ചേരുകയായിരുന്നു. ഡാമിയന്റെ വരവാണാ സമൂഹത്തിൽ ഈ അവസ്ഥയ്ക്കൊരു മാറ്റം വരുത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അടിസ്ഥാന നിയമങ്ങൾ പുനസ്ഥാപിക്കപ്പെടുകയും, കൃഷി സ്ഥലങ്ങൾ വീണ്ടെടുക്കപ്പെടുകയും, സ്കൂളുകൾ നിർമ്മിക്കപ്പെടുകയും ചെയ്തു.

ഓർഡർ ഓഫ് കലാക്കുവാ [തിരുത്തുക]

'നൈറ്റ് കമാൻഡർ ഓഫ് ദ റോയൽ ഓർഡർ ഓഫ് കലാക്കുവാ ' എന്ന സ്ഥാനം നൽകി ഫാദർ ഡാമിയനെ കലാക്കുവായിലെ ഡേവിഡ് രാജാവ് ആദരിച്ചു. മെഡൽ സമ്മാനിക്കുന്നതിനു വേണ്ടി ദ്വീപു സന്ദർശിച്ച രാജകുമാരി, ലിഡിയ ലിലിയോകലാനി, അവിടുത്തെ കാഴ്ചകൾ കണ്ട്, വളരെ അസ്വസ്ഥചിത്തയായി, ഹൃദയം തകർന്നാണു മടങ്ങിയത്. അവിടുത്തെ അനുഭവങ്ങൾ അവർ ലോകത്തോടു പങ്കു വയ്ക്കുകയും, ഫാദർ ഡാമിയന്റെ പരിശ്രമങ്ങളെ പുകഴ്ത്തുകയും ചെയ്തു. അതിന്റെ അനന്തര ഫലമെന്നോണം, ഡാമിയന്റെ സേവനങ്ങൾ അമേരിക്കയിലും യൂറോപ്പിലും അറിയപ്പെടാൻ തുടങ്ങി. അമേരിക്കയിലെ പ്രോട്ടസ്റ്റന്റ്സ്, പണം സമാഹരിച്ചു നൽകി. യൂറോപ്പിലെ സഭ ഭക്ഷണവും വസ്ത്രങ്ങളും മരുന്നും അയച്ചു. തനിക്കു കിട്ടിയ മെഡൽ ഒരിക്കൽ പോലും ഫാദർ ഡാമിയൻ ധരിച്ചിട്ടില്ല.

മരണം [തിരുത്തുക]

പ്രമാണം:Fatherdamiendead.jpg
മരിച്ച സമയത്ത് കൂടെ നിൽക്കുന്നത് മദർ മരിയാന് കോപ്

അദ്ദേഹത്തിന്റെ ഡയറിയിൽ നിന്നും ലഭിച്ച സൂചനകളനുസരിച്ച്, 1884 ഡിസംബറിൽ, തന്റെ പതിവു ദിനചര്യയുടെ ഭാഗമായി, വൈകുന്നേരം കാലുകൾ ചൂടുവെള്ളത്തിൽ മുക്കി വച്ചപ്പോൾ, അദ്ദേഹത്തിനു ചൂട് അനുഭവപ്പെട്ടില്ല. കുഷ്ഠരോഗം അദ്ദേഹത്തെ ബാധിച്ചു കഴിഞ്ഞിരുന്നു. കുഷ്ഠരോഗമാണെന്നറിഞ്ഞതിനു ശേഷവും അദ്ദേഹം ‍ വീടുകൾ നിർമ്മിക്കുകയും, കൂടുതൽ ഊർജ്ജസ്വലനായി, താൻ തുടങ്ങി വച്ച കർമ്മപരിപാടികൾ തുടർന്നു പോരുകയും ചെയ്തു.

ഇതിനിടയിൽ, ഫാദർ ഡാമിയനെ പറ്റി കേട്ടറിഞ്ഞ്, അദ്ദേഹത്തെ സഹായിക്കാനായി, അപരിചിതരായ നാലു പേർ എത്തി. ലൂയിസ് ലാംബർട്ട് കോൺ‌റാർടി ഒരു ബെൽജിയൻ വൈദികനായിരുന്നു. സിറാക്കൂസിലെ ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സിന്റെ സുപ്പീരിയറായിരുന്നു, മദർ മരിയന്നെ കോപ്. അമേരിക്കൻ സിവിൽ യുദ്ധത്തിൽ പട്ടാളക്കാരനായി സേവനമനുഷ്ഠിച്ച, മദ്യപാനം മൂലം , വിവാഹ ജീവിതം തകർന്ന ജോസഫ് ഡറ്റൺ ആയിരുന്നു മൂന്നാമത്തെയാൾ. ഇല്ലിനോയിയിലെ ഷിക്കാഗോയിൽ നിന്നുള്ള നേഴ്സ്, ജെയിംസ് സിന്നെറ്റ് നാലാമത്തെ സഹായിയും. കോൺ‌റാർടി വൈദികന്റെ ചുമതലകൾ ഏറ്റെടുത്തപ്പോൾ, മദർ കോപ് ഒരു ആശുപത്രി സ്ഥാപിച്ചു. ഡറ്റൺ ദ്വീപിലെ കെട്ടിടങ്ങളുടെയും വീടുകളുടെയും നിർമ്മാണ ചുമതല ഏറ്റെടുത്തു. 49 ആം വയസ്സിൽ ഫാദർ ഡാമിയൻ മരിക്കുമ്പോൾ, അദ്ദേഹത്തിന്റെ ഇമകൾ അടച്ചു വയ്ക്കുന്നതു വരെ, അദ്ദേഹത്തിന്റെ രോഗത്തിന്റെ അവസാന ഘട്ടത്തിൽ പരിചരിച്ച്, നേഴ്സ് സിന്നെറ്റ് ഒപ്പമുണ്ടായിരുന്നു. ഫാദർ ഡാമിയനെ മൊളോക്കായിൽ തന്നെ സംസ്കരിച്ചെങ്കിലും, പിന്നീട്, 1936 ൽ ബൽജിയൻ ഗവണ്മെന്റ്, അദ്ദേഹത്തിന്റെ ശരീരം ആവശ്യപ്പെട്ടു. ഇപ്പോൾ അദ്ദേഹം ജനിച്ച ഗ്രാമത്തിനടുത്തുള്ള ല്യൂവൻ എന്ന കൊച്ചു പട്ടണത്തിൽ, അദ്ദേഹത്തിന്റെ ഭൗതിക ശരീരം അന്ത്യ വിശ്രമം കൊള്ളുന്നു.

അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകളിൽ മൊളോക്കായിലെ കുഷ്ഠരോഗികൾ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയപ്പോൾ

വിമർശനങ്ങൾ [തിരുത്തുക]

ഫാദർ ഡാമിയന്റെ മരണത്തെ തുടർന്നു, മൊളോക്കായ് ദ്വീപിലെ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും, കർമമേഖലയെക്കുറിച്ചും ആഗോള തലത്തിൽ ചർച്ചകൾ നടന്നു. ഹവായിയിലെ കോൺഗ്രിഗേഷനൽ സഭയിൽ നിന്നും, പ്രെസ്‌ബൈറ്റേറിയൻ സഭയിൽ നിന്നും അദ്ദേഹത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നു. തന്റെ സ്വകാര്യ താൽപ്പര്യങ്ങൾക്കും നേട്ടത്തിനും ഈഗോയ്ക്കും വേണ്ടി നിലകൊണ്ട ഒരു കള്ള ഇടയനായി ഫാദർ ഡാമിയൻ ചിത്രീകരിക്കപ്പെട്ടു. ഫാദർ ഡാമിയനെ സഭ മൊളോകായിലേക്കയച്ചതല്ലെന്നും, അദ്ദേഹം തന്റെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കു വേണ്ടി പോയതാണെന്നും, അവിടെ കുഷ്ഠ രോഗികളോടൊപ്പം ജീവിച്ചിട്ടില്ലെന്നും ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടു. അവിടെ നടന്ന നിർമ്മാണ പുനരുദ്ധാരണ പരവർത്തനങ്ങളിലൊന്നും തന്നെ അദ്ദേഹത്തിനു പങ്കില്ലെന്നും വിമർശകർ പറയുന്നു. ഫാദർ ഡാമിയന്റെ സ്ത്രീകളുമായുള്ള ഇടപെടൽ ശരിയായ രീതിയിലായിരുന്നില്ലെന്നും, അങ്ങനെ തന്റെ ശ്രദ്ധക്കുറവിന്റെയും, മോശം ജീവിതരീതിയുടെയും ഫലമായാണദ്ദേഹത്തിനു കുഷ്ഠരോഗം പിടിപെട്ടതെന്നും എതിരാളികൾ പറഞ്ഞു.

വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുവാനുള്ള ഫാദർ ഡാമിയന്റെ യോഗ്യത അവലോകനം ചെയ്യാനുള്ള റോമൻ ക്യൂരിയയിൽ, എഴുതപ്പെട്ടതും അല്ലാത്തതുമായ, അനേകം വിമർശനങ്ങളും, എതിരഭിപ്രായങ്ങളും തുല്യ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെട്ടു. ഡയറികളിലൂടെയും അഭിമുഖങ്ങളിലൂടെയും കിട്ടിയ വിവരങ്ങൾ ചർച്ചകളിലൂടെയും വാദപ്രതിവാദങ്ങളിലൂടെയും തലനാരിഴ കീറി പരിശോധിക്കപ്പെട്ടു. ഒടുവിൽ ഫാദർ ഡാമിയന്റെ ജീവിതത്തിലെ നന്മ സഭയ്ക്കു ബോധ്യപ്പെട്ടു.

ഫാദർ ഡാമിയന്റെ പ്രതിമ ഹാവയിയൻ തലസ്ഥാന കെട്ടിടസമുച്ചയത്തിന്റെ കവാടത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നു
Commons:Category
വിക്കിമീഡിയ കോമൺസിലെ Father Damien എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ഫാദർ_ഡാമിയൻ&oldid=1695401" എന്ന താളിൽനിന്നു ശേഖരിച്ചത്