നീളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീളവും (Length) വീതിയും (Width) ഉയരവും (Height) കാണിക്കുന്ന ഒരു ചിത്രം

നീളം എന്നത് ഒരു തരം അളവാണ്‌. ജ്യാമിതീയ കണക്കുകൂട്ടലുകളിൽ നീളം എന്നത് വലിയ വശത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

നീളം എന്നത് വീതിയിൽ നിന്നും ഉയരത്തിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. വീതി എന്നാൽ നീളത്തിൽ നിന്ന് 900 യിൽ വശങ്ങളിൽ നിന്ന് വശങ്ങളിലേക്കുള്ള അളവാണ്‌. ഉയരമെന്നാൽ നീളത്തിൽ നിന്ന് 900 യിൽ ലംബമായ (Vertical) അളവാണ്‌. ഉയരം എന്ന അളവ് 3 - ഡൈമൻഷണൽ ജ്യാമിതിയിൽ (3 Dimensional Geometry) മാത്രമുള്ള അളവാണ്‌.

നീളം എന്നത് 1 - ഡൈമൻഷണൽ അളവാണ്‌. വിസ്തീർണം (Area) എന്നാൽ 2 - ഡൈമൻഷണൽ അളവാണ്‌. അതായത് (നീളം)2. വ്യാപ്തം (Volume) എന്നാൽ 3 - ഡൈമൻഷണൽ അളവാണ്‌. അതായത് (നീളം)3.

അളവുകളുടെ എല്ലാ സിസ്റ്റങ്ങളിലും നീളം ഒരു അടിസ്ഥാന യൂണിറ്റാണ്‌. അതായത് മറ്റു പല യൂണിറ്റുകളും ഇതിനാൽ നിർവചിച്ചിരിക്കുന്നു.

ചരിത്രം[തിരുത്തുക]

പുരാതന കാലം മുതൽക്കു തന്നെ മനുഷ്യ ജീവിതത്തെ കാര്യമായി സ്വാധീനിച്ച ഒന്നായിരുന്നു അളവുകൾ. വസ്തുക്കളുടേയും കെട്ടിടങ്ങളുടേയും നിർമ്മാണം, സ്ഥലം കൈവശം വെക്കൽ, വസ്തുക്കളുടെ വ്യാപാരം മുതലായ ആവശ്യങ്ങൾ വന്നപ്പോൾ അളവുകളുടെ ഉപയോഗം വർദ്ധിച്ചു. സമൂഹം കൂടുതൽ സാങ്കേതികത കൈവരിച്ചപ്പോൾ അളവുകളുടെ കൃത്യതയും കൂടി.

നീളം അളക്കാനുള്ള യൂണിറ്റുകളിൽ ഏറ്റവും പഴയതെന്ന് കരുതപ്പെടുന്നത് ക്യുബിറ്റ് (Cubit) ആണ്‌. കൈവിരലിന്റെ അറ്റം മുതൽ കൈമുട്ട് വരെയുള്ള നീളമാണിത്. ഇതിനെത്തന്നെ പലതായി ഭാഗിച്ചിരിക്കുന്നു : അടി (Feet), കൈ (Hand) (4 ഇഞ്ച് (Inch) ആണ്‌ ഇത്. കുതിരകളുടേയും മറ്റും ഉയരമളക്കാൻ ഈ അളവ് ഇപ്പോഴും ഉപയോഗിക്കുന്നു.), വിരൽ (Finger) മുതലായവ. ആളുകളുടെ വലിപ്പമനുസരിച്ച് ക്യുബികിന്റെ അളവും മാറും.

അളവുകളുടെ കൃത്യതക്കായി, സാക്സൺ എഡ്ഗാർ രാജാവ് ഒരു വാരവടി (Yardstick) സൂക്ഷിച്ചിരുന്നതായി കരുതിപ്പോരുന്നു. പത്താം നൂറ്റാണ്ടിന്റെ മധ്യത്തിലായാണ്‌ ഇത്.

ഒരു വാര എന്നാൽ "രാജാവിന്റെ മൂക്കിന്റെ അറ്റം മുതൽ അദ്ദേഹത്തിന്റെ നിവർത്തിപ്പിടിച്ചിരിക്കുന്ന കൈയിന്റെ പെരുവിരൽ വരെയുള്ള നീളമാണ്‌" എന്ന് ഹെന്റി ഒന്നാമൻ (1100 - 1135) നിശ്ചയിച്ചതായി ഒരു പുരാതന കഥ പറയുന്നു.

ഏകകങ്ങൾ (Units)[തിരുത്തുക]

ഭൗതിക ശാസ്ത്രത്തിലും എഞ്ചിനീയറിങ്ങിലും "നീളത്തിന്റെ ഏകകങ്ങൾ" എന്ന് പറയുമ്പോൾ അതിലെ "നീളം" എന്ന വാക്ക് ദൂരത്തെ സൂചിപ്പിക്കുന്നു. ദൂരമളക്കാൻ ധാരാളം ഏകകങ്ങൾ നിലവിലുണ്ട്. ഇത് മനുഷ്യശരീരത്തിലെ അവയവങ്ങൾ തമ്മിലുള്ള ദൂരത്തേയോ ഭൂമിയിലെ പ്രധാന സ്ഥലങ്ങൾ തമ്മിലുള്ള ദൂരത്തേയോ അല്ലെങ്കിൽ രണ്ട് നിശ്ചിത വസ്തുക്കൾ തമ്മിലുള്ള ദൂരത്തേയോ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു.

ഇന്റർനാഷണൽ സിസ്റ്റം ഓഫ് യൂണിറ്റ്സ് (SI Units), നീളത്തിന്റെ അന്താരാഷ്ട്ര ഏകകമായി മീറ്റർ (Meter) നിശ്ചയിച്ചിരിക്കുന്നു. മീറ്റർ എന്ന ഏകകം, പ്രകാശത്തിന്റെ വേഗതയെ അടിസ്ഥാനപ്പെടുത്തിയാണ്‌ ഇപ്പോൾ നിർവചിച്ചിരിക്കുന്നത്. മീറ്ററിൽ നിന്നും ഉല്പാദിപ്പിക്കപ്പെട്ട ഏകകങ്ങളാണ്‌ സെന്റിമീറ്റർ (Centimeter), കിലോമീറ്റർ (Kilometer) മുതലായവ. ഇവയും അളക്കേണ്ട നീളത്തിന്റെ വലിപ്പമനുസരിച്ച് സാധാരണയായി ഉപയോഗിക്കുന്നു. യു. എസ്. കസ്റ്റമറി യൂണിറ്റ്സിലും ഇംപീരിയൽ സിസ്റ്റം ഓഫ് യൂണിറ്റ്സിലും സാധാരണയായി ഉപയോഗിക്കുന്ന ഏകകങ്ങൾ ഇവയാണ്‌ : ഇഞ്ച് (Inch), അടി (Foot), വാര (Yard), മൈൽ (Mile).

ജ്യോതിശാസ്ത്രത്തിൽ (Astronomy) പ്രപഞ്ചത്തിന്റെ വിശാലതയെ സൂചിപ്പിക്കാനായി ഏകകങ്ങൾ ഉപയോഗിക്കുന്നു. ഭൂമിയിലെ ദൂരങ്ങൾക്കൊപ്പം പറയുന്ന ഏകകങ്ങളല്ല ഇവിടെ ഉപയോഗിക്കുന്നത്. ഇവ സാധാരണ ഏകകങ്ങളേക്കാൾ വലുതാണ്‌. ആസ്ട്രോണമിക്കൽ യൂണിറ്റ് (Astronomical Unit), പ്രകാശവർഷം (Light-year), പാഴ്സെക്(Parsec) മുതലായ ഏകകങ്ങളാണ്‌ ജ്യോതിശാസ്ത്രത്തിൽ സാധാരണയായി ഉപയോഗിക്കുന്നത്.

രസതന്ത്രത്തിൽ (Chemistry) വളരെ ചെറിയ വസ്തുക്കളുടെ വലിപ്പവും അവക്കിടയിലെ ചെറിയ ദൂരവും മറ്റും സൂചിപ്പിക്കാനാണ്‌ ഏകകങ്ങൾ ഉപയോഗിക്കുന്നത്. ഈ ഏകകങ്ങൾ സാധാരണത്തേതിനേക്കാൾ ചെറുതായിരിക്കും. നാനോമീറ്റർ (Nanometer), ആംഗ്സ്ട്രോം (Angstrom), മൈക്രോൺ (Micron) മുതലായ ഏകകങ്ങളാണ്‌ രസതന്ത്രത്തിൽ സാധാരണയായി ഉപയോഗിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=നീളം&oldid=3753413" എന്ന താളിൽനിന്ന് ശേഖരിച്ചത്