നാഡീമനഃശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മസ്തിഷ്കഘടനയും പെരുമാറ്റവും തമ്മിലുള്ള ബന്ധം അപഗ്രഥിക്കുന്ന മനഃശാസ്ത്രശാഖയാണ് നാഡീമനഃശാസ്ത്രം. മനുഷ്യരുടെയും മൃഗങ്ങളുടെയും പൂർണാരോഗ്യത്തോടുകൂടിയതും രോഗാതുരമായതും ആയ മസ്തിഷ്കങ്ങളും നാഡീവ്യൂഹങ്ങളും പഠനവിധേയമാക്കപ്പെടുന്നു. പ്രത്യക്ഷണം, ഭാഷാപ്രയോഗം എന്നിവയിലെ അവ്യവസ്ഥകൾ, കായികചലനശേഷിയിലെ വ്യതിയാനങ്ങൾ എന്നിവ മനസ്സിലാക്കുവാൻ നാഡീ മനഃശാസ്ത്രം സഹായകമാകുന്നു.

ചരിത്രം[തിരുത്തുക]

ഗ്രീക്ക് ശാസ്ത്രജ്ഞനായ ഗാലൻ
ആൻഡ്രിയാസ് വെസാലിയുസ്

ആത്മാവ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന അന്വേഷണത്തിൽ നിന്നാണ് മനുഷ്യന്റെ മാനസിക കഴിവുകളുടെ ശാരീരിക ഉറവിടം കണ്ടെത്തുവാനുള്ള ശ്രമം ആരംഭിച്ചത്.[1] ആശയങ്ങളുടെയും ചിന്തയുടെയും ആലയം ആത്മാവാണെന്നാണ് ആദ്യകാലത്ത് കരുതപ്പെട്ടിരുന്നത്. ഉദ്ദേശം രണ്ടാം നൂറ്റാണ്ടോടെ ഗ്രീക്ക് ശാസ്ത്രജ്ഞനായ ഗാലൻ (130-200),[2] മസ്തിഷ്കമാണ് നാഡീവ്യൂഹത്തിന്റെ കേന്ദ്രമെന്നും, സംവേദനം, ചിന്ത, ചലനം തുടങ്ങിയ കാര്യങ്ങൾ അതാണ് നിയന്ത്രിക്കുന്നതെന്നും തെളിയിച്ചു.[3] ഈ കണ്ടെത്തലിനുശേഷവും, നൂറ്റാണ്ടുകളോളം ആത്മാവിന്റെ ശക്തിയെക്കുറിച്ചുള്ള പരമ്പരാഗത വീക്ഷണങ്ങൾ നിലനിന്നിരുന്നു. മസ്തിഷ്കത്തിലെ ദ്രാവകം നിറഞ്ഞ ദരങ്ങളാണ് ധൈഷണിക കഴിവുകളുടെ ഉറവിടം എന്നാണ് കരുതപ്പെട്ടിരുന്നത്.

പതിനഞ്ച് മുതൽ പതിനെട്ട് വരെയുള്ള നൂറ്റാണ്ടുകളിൽ മസ്തിഷ്ക ദരങ്ങളാണ് മാനസിക-ധൈഷണിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് എന്ന സിദ്ധാന്തത്തിനെതിരെ തെളിവുകൾ ശേഖരിക്കപ്പെട്ടു. ഇക്കാലത്ത് ലിയനാർദൊ ദാവിഞ്ചി (1472-1519),[4] ആൻഡ്രിയാസ് വെസാലിയുസ്[5] (1514-64) തോമസ് വില്ലിസ് (1621-75)[6] ജോസഫ് ബാദർ (1723-73) തുടങ്ങിയ പ്രതിഭാശാലികൾ ധൈഷണിക പ്രവർത്തനങ്ങളുടെ ആസ്ഥാനം മസ്തിഷ്കദരങ്ങളല്ല, മസ്തിഷ്ക പദാർഥമാണെന്ന് സ്ഥാപിച്ചു. രോഗികളിലെ മസ്തിഷ്കാപചയത്തെക്കുറിച്ച് ബാദർ വസ്തുനിഷ്ഠമായി വിവരങ്ങൾ ശേഖരിച്ചിരുന്നു.

ഫ്രാൻസ് ജോസഫ് ഗാൽ[തിരുത്തുക]

ഫ്രാൻസ് ജോസഫ് ഗാൽ

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ശരീരക്രിയാശാസ്ത്രജ്ഞനായ ഫ്രാൻസ് ജോസഫ് ഗാൽ (1757-1828) തന്റെ[7] അവയവശാസ്ത്ര (Organology) സിദ്ധാന്തം അവതരിപ്പിച്ചു. മസ്തിഷ്ക പ്രവർത്തനങ്ങളുടെ സ്ഥാനനിർണയത്തെക്കുറിച്ചുള്ള ആദ്യത്തെ ക്രമനിബദ്ധമായ വീക്ഷണമായിരുന്നു ഇത്. മസ്തിഷ്കത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ നിർദിഷ്ട മാനസിക പ്രവർത്തനങ്ങളുടെ നിയന്ത്രണം വഹിക്കുന്നു എന്ന് ഇദ്ദേഹം വാദിച്ചു. മസ്തിഷ്ക ഭാഗങ്ങളുടെ വലിപ്പത്തിലെ വ്യത്യാസം തലയോടിന്റെ ആകൃതിയിലുള്ള വ്യതിയാനങ്ങളിൽ പ്രതിഫലിക്കുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.

പിയറി ഫ്ലൂറൻസ്[തിരുത്തുക]

ശാസ്ത്രീയവും, മതപരവും, രാഷ്ട്രീയപരവുമായ കാരണങ്ങളാൽ ഗാലിന്റെ വീക്ഷണങ്ങൾ രൂക്ഷമായി വിമർശിക്കപ്പെട്ടു. ഫ്രഞ്ച് ശരീരക്രിയാശാസ്ത്രജ്ഞനായ പിയറി ഫ്ലൂറൻസ് (1794-1867) പൂർവ മസ്തിഷ്കത്തിന്റെ അർധ ഗോളങ്ങൾ തമ്മിൽ വേർതിരിക്കുക സാധ്യമല്ല എന്നും ഇവ ഒരുമിച്ചാണ് എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് എന്നും വാദിച്ചു. നിർദിഷ്ട മാനസിക പ്രവർത്തനങ്ങൾക്ക് പൂർവ മസ്തിഷ്കത്തിന്റെ എല്ലാ ഭാഗങ്ങളുടെയും സംയുക്തപ്രവർത്തനം ആവശ്യമാണ് എന്നും ഇദ്ദേഹം പറഞ്ഞു. ഈ വാദം സമബലസിദ്ധാന്തം (equipotentiallity)[8] എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഫ്ലൂറൻസിന്റെ വീക്ഷണങ്ങൾ കുറച്ചുകാലം പ്രചാരത്തിലുണ്ടായിരുന്നെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടുകൂടി പോൾ ബ്രോക (1824-80)[9] ഫ്രിറ്റ്ഷ് (1838-1927), കാൾ വെർണിക്ക് (1848-1904) എന്നിവർ ഗാലിന്റെ സ്ഥാനനിർണയ (localisation) സിദ്ധാന്തത്തിന്റെ പരിഷ്കൃത ഭാഷ്യങ്ങളെ അനുകൂലിച്ചു.

സ്ഥാനനിർണയത്തെ ച്ചൊല്ലിയുള്ള വിവാദം ഇരുപതാം നൂറ്റാണ്ടിലും തുടർന്നു. പരീക്ഷണാത്മക മനഃശാസ്ത്രത്തിൽ അന്തർനിരീക്ഷണത്തിന്റെ സ്ഥാനത്ത് വസ്തുനിഷ്ഠവും പരിമാണാത്മകവുമായ പെരുമാറ്റ പരീക്ഷകൾ ഉപയോഗിക്കപ്പെട്ടു തുടങ്ങി. ഡാർവിന്റെ (1809-1882) പരിണാമ സിദ്ധാന്തവും പ്രകൃതിനിർധാരണത്തെക്കുറിച്ചുള്ള വീക്ഷണങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടതോടുകൂടി മൃഗങ്ങളുടെയും മനുഷ്യരുടെയും പെരുമാറ്റത്തിലെ സമാനതകളെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ മാറ്റം വന്നു. തത്ഫലമായി മനുഷ്യന്റെ പെരുമാറ്റം അപഗ്രഥിക്കുവാൻ മൃഗങ്ങളുടെ മാതൃകകൾ ഉപയോഗിക്കുന്ന പ്രവണതയ്ക്ക് കൂടുതൽ പ്രചാരം സിദ്ധിച്ചു.

കാൾ ലാഷ്ലി[തിരുത്തുക]

ഇരുപതാം ശതകത്തിന്റെ ആരംഭത്തിൽ മനഃശാസ്ത്രജ്ഞനായ കാൾ ലാഷ്ലി (1890-1958) മനഃശാസ്ത്രപരമായ ആശയങ്ങളുടെ നാഡി സഹസംബന്ധികളെക്കുറിച്ച് ഗവേഷണം ആരംഭിച്ചു. ജയിംസ് വാട്ട്സൺന്റെ (1878-1958) ശിഷ്യനായിരുന്ന ഇദ്ദേഹം അനുബന്ധിത പ്രതിക്രിയകളെക്കുറിച്ചാണ് പ്രധാനമായും പഠനങ്ങൾ നടത്തിയത്. റഷ്യൻ ശാസ്ത്രജ്ഞരായ പാവ്ലോവി (1879-1936)ന്റെയും ബെക്തെരെഫ്(1857-1927)ന്റെയും വീക്ഷണങ്ങൾ ഇവരെ വളരെയധികം സ്വാധീനിച്ചിരുന്നു. വാഷിങ്ടൺ ഡി.സി.യിലെ സെന്റ് എലിസബത്ത് ആശുപത്രിയിലെ ഷെപ്പർഡ് ഫ്രാൻസു (1874-1933)മായി ചേർന്ന് ലാഷ്ലി അനുബന്ധിത പ്രതിക്രിയയുടെ ജൈവപാത കണ്ടെത്തുവാൻ ശ്രമിച്ചു. മനുഷ്യരിലും മൃഗങ്ങളിലും മസ്തിഷ്കാഘാതത്തെത്തുടർന്ന് നഷ്ടപ്പെടുന്ന പ്രവർത്തനശേഷിയുടെ പുനഃസ്ഥാപനത്തെക്കുറിച്ചുള്ള പഠനങ്ങളിൽനിന്ന്, എലികളുടെ മസ്തിഷ്കത്തിന്റെ പൂർവഭാഗത്ത് നിന്ന് വ്യത്യസ്ത വലിപ്പത്തിൽ ഭാഗങ്ങൾ നീക്കം ചെയ്താലും സുപരിശീലിതമായ പെരുമാറ്റങ്ങൾ നിലനിൽക്കുന്നു എന്ന് കണ്ടെത്തി. സ്ഥാനനിർണയ സിദ്ധാന്തത്തിലൂടെ ഇത് വിശദീകരിക്കുവാനാകില്ല എന്ന് ഇവർ വാദിച്ചു.

തുടർന്ന് ലാഷ്ലി, കോർട്ടക്സിൽ ഓർമകൾ ആലേഖനം ചെയ്യപ്പെടുന്ന സ്ഥാനം കണ്ടെത്തുവാനുള്ള ശ്രമം ആരംഭിച്ചു. എലികളിലും പ്രൈമേറ്റുകളിലും മസ്തിഷ്കത്തിൽ ക്ഷതം ഏല്പിച്ചതിനുശേഷം വ്യൂഹപഠനം, ദൃശ്യവിവേചനം തുടങ്ങിയ ആർജിത സ്വഭാവങ്ങളുടെ നിലനില്പ് അഥവാ ഓർമ പരിശോധിക്കുന്ന മാർഗ്ഗമാണ് ഇദ്ദേഹം അവലംബിച്ചത്. ഒരു പ്രത്യേക ആർജിത സ്വഭാവഗുണത്തിന്റെ ഓർമ കോർട്ടക്സിന്റെ ഏതെങ്കിലും പ്രത്യേക ഭാഗത്ത് കേന്ദ്രീകൃതമാണെങ്കിൽ, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ ക്ഷതമേല്പിക്കുന്നതിലൂടെ ആ ഓർമ നശിപ്പിക്കുവാൻ കഴിയും. എന്നാൽ ഇദ്ദേഹത്തിന്റെ പഠനങ്ങൾ കോർട്ടെക്സിന് സമബല സ്വഭാവമാണുള്ളതെന്ന് സൂചിപ്പിച്ചു. ബ്രെയിൻ മെക്കാനിസംസ് ആൻഡ് ഇന്റലിജൻസ് (Brain Mechanisms and Intelligence-1929)[10] എന്ന സുപ്രധാന കൃതിയിൽ ഇദ്ദേഹം കോർട്ടക്സും ആർജിത സ്വഭാവഗുണങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രണ്ട് തത്ത്വങ്ങൾ അവതരിപ്പിച്ചു. നീക്കം ചെയ്യപ്പെടുന്ന കോർട്ടക്സിന്റെ അളവിന് ആനുപാതികമായാണ് ആർജിത സ്വഭാവഗുണങ്ങൾക്ക് കോട്ടം തട്ടുക എന്ന് ഇദ്ദേഹത്തിന്റെ കൂട്ട പ്രവർത്തന നിയമം (law of mass action) പ്രസ്താവിക്കുന്നു. രണ്ടാമത്തെ നിയമമായ ബഹുബല നിയമ (law of multipotentiality)[11] പ്രകാരം കോർട്ടക്സിന്റെ ഓരോ ഭാഗവും അനേകം പ്രവർത്തനങ്ങളിൽ പങ്കുകൊള്ളുന്നു.

ഹ്യൂലിങ്സ് ജാക്സൺ[തിരുത്തുക]

കോർട്ടക്സിന്റെ ഒരുഭാഗവും ഒരു ആർജിത സ്വഭാവഗുണത്തെയും ഒറ്റയ്ക്കു നിയന്ത്രിക്കുന്നില്ല എന്ന് ലാഷ്ലി കണ്ടെത്തി. മസ്തിഷ്കപ്രവർത്തനത്തെക്കുറിച്ചുള്ള ആധുനിക സിദ്ധാന്തങ്ങൾ ഉയർന്ന തോതിലുള്ള ആന്തരിക വിഭജനങ്ങൾക്കും, ഇനം തിരിച്ചുള്ള പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുന്നു. ആധുനിക വീക്ഷണവുമായി പൊരുത്തപ്പെടുന്ന ഒരു വ്യാഖ്യാനം ലാഷ്ലിയുടെ കണ്ടെത്തലുകൾക്ക് ലഭിച്ചത് ബ്രിട്ടിഷ് നാഡീശാസ്ത്രജ്ഞനായ ഹ്യുലിങ്സ് ജാക്സൺ(1835-1911)ന്റെ സിദ്ധാന്തത്തിൽനിന്നാണ്. അപസ്മാര രോഗികളിലെ പഠനത്തെ ആസ്പദമാക്കിയാണ് ജാക്സൺ തന്റെ സിദ്ധാന്തത്തിനു രൂപം നൽകിയത്. മസ്തിഷ്ക കാണ്ഡവും സുഷുമ്നാ നാഡിയും, ഇന്ദ്രിയാനുഭവ-ചാലക കോർട്ടക്സുകൾ, അനുബന്ധ-പൂർവ കോർട്ടക്സുകൾ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത തലങ്ങളിലാണ് ഓരോ മാനസിക പ്രവർത്തനവും പ്രതിനിധീകരിക്കപ്പെടുന്നതെന്ന് ഇദ്ദേഹം വാദിച്ചു. കോർട്ടക്സിൽ ക്ഷതമേല്പിക്കുന്നത് ഏതെങ്കിലും ഒരു തലത്തിലുള്ള പ്രതിനിധീകരണം മാത്രമാണ് നീക്കം ചെയ്യുന്നത്. ഇതിനാലാണ് ചില സന്ദർഭങ്ങളിൽ ആർജിത സ്വഭാവഗുണങ്ങൾ പൂർണമായി നശിക്കാത്തത്.

ഡൊണാൾഡ് ഒ. ഹെബ്ബ്[തിരുത്തുക]

ലാഷ്ലിയുടെ ശിഷ്യനായ ഡൊണാൾഡ്. ഒ. ഹെബ്ബ് (1904-85) ആണ് നാഡീമനഃശാസ്ത്രത്തിലെ ഏറ്റവും സമഗ്രമായ സിദ്ധാന്തത്തിന് രൂപം നൽകിയത്. ദ് ഓർഗനൈസേഷൻ ഒഫ് ബിഹേവിയർ (Thr Organization of Behaviour 1949)[12] എന്ന കൃതിയിൽ, അനുഭവങ്ങളുടെ ആവർത്തനം നാഡീവ്യൂഹത്തിലെ ഓർമയുടെ പ്രതിനിധീകരണങ്ങൾ വികസിക്കുവാൻ ഇടയാക്കുമെന്നും, ഇത് നാഡീകോശങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ രാസഘടന അഥവാ രൂപതന്ത്രത്തിൽ വ്യതിയാനം ഉളവാക്കുമെന്നും ഇദ്ദേഹം പറഞ്ഞു. ഡയൻസിഫലോണിലെയും ടെലെൻസിഫലോണിലെയും കോശവ്യൂഹങ്ങൾ വികസിക്കുവാനും ശക്തിപ്പെടുവാനും അനുഭവസമ്പത്ത് സഹായകമാകുന്നു. ഓരോ നാഡീകോശവും അനേകം വ്യൂഹങ്ങളിലെ അംഗമായിരിക്കും.

വാർഡ് ഹാലെസ്റ്റഡ്[തിരുത്തുക]

നാഡീമനഃശാസ്ത്രപരമായ പരീക്ഷകൾ ഉപയോഗിച്ച് മസ്തിഷ്കവും പെരുമാറ്റവും തമ്മിലുള്ള ബന്ധം അപഗ്രഥിക്കുവാൻ ശ്രമിച്ച ആദ്യത്തെ മനഃശാസ്ത്രജ്ഞനാണ് വാർഡ് ഹാൽസ്റ്റെഡ് (Ward Halstead).[13] ഹാൽസ്റ്റെഡിന്റെ ശിഷ്യനായ റാൽഫ് റൈറ്റൻ ഈ പരീക്ഷ പരിഷ്കരിക്കുകയുണ്ടായി. ഹാൽസ്റ്റെഡ്-റൈറ്റൻ ബാറ്ററി എന്നറിയപ്പെടുന്ന ഈ പരീക്ഷ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. മാനസിക കഴിവുകളും മസ്തിഷ്ക കേന്ദ്രങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുവാൻ ഇത് വളരെയധികം പ്രയോജനപ്പെടുന്നു. പ്രായം കൂടുമ്പോൾ, ധൈഷണികമായ കഴിവുകളിലും പെരുമാറ്റത്തിലും ഗണ്യമായ വ്യതിയാനങ്ങൾ ദൃശ്യമാകുന്നു എന്ന് മൃഗങ്ങളിലും മനുഷ്യരിലും നടത്തിയ പഠനങ്ങൾ തെളിയിക്കുന്നു. 1970-കളിലും 80-കളിലും നാഡീമനഃശാസ്ത്രം നാഡീശാസ്ത്രങ്ങളിലെ ഒരു പ്രത്യേക ശാഖയായി വികസിച്ചു.

ഇരുപതാം നൂറ്റണ്ടിൽ മസ്തിഷ്കപ്രവർത്തനവും പെരുമാറ്റവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുകയുണ്ടായി. ലോകയുദ്ധങ്ങളിൽ മസ്തിഷ്കക്ഷതം സംഭവിച്ച സൈനികർക്ക് ആവശ്യമായ ചികിത്സ നൽകുന്നതിനുള്ള ശ്രമങ്ങൾക്കിടയിലാണ്, വ്യത്യസ്ത മസ്തിഷ്കഭാഗങ്ങൾ ഏതു വിധത്തിലാണ് വ്യത്യസ്ത പെരുമാറ്റങ്ങൾ നിയന്ത്രിക്കുന്നത് എന്ന് കണ്ടെത്തിയത്.

ക്ലിനിക്കൽ നാഡീമനഃശാസ്ത്രവും പരീക്ഷണാത്മക നാഡീമനഃശാസ്ത്രവും[തിരുത്തുക]

നാഡീമനഃശാസ്ത്രത്തെ

  • ക്ലിനിക്കൽ നാഡീമനഃശാസ്ത്രം
  • പരീക്ഷണാത്മക നാഡീമനഃശാസ്ത്രം

എന്ന് രണ്ടായി തിരിക്കാവുന്നതാണ്.

ക്ലിൻക്കൽ നാഡീമനഃശാസ്ത്രം[തിരുത്തുക]

മസ്തിഷ്ക ക്ഷതമുള്ള വ്യക്തികളുടെ വിശദവും സൂക്ഷ്മവുമായ പഠനമാണ് ക്ലിനിക്കൽ നാഡീമനഃശാസ്ത്രം. ട്യൂമറുകൾ, സ്ട്രോക്ക്, വാഹനാപകടങ്ങൾ മറ്റും മൂലമുണ്ടാകുന്ന ആഘാതം തുടങ്ങിയവയാണ് മസ്തിഷ്ക ക്ഷതമുണ്ടാക്കുന്നത്. ഇത്തരം ക്ഷതങ്ങളുടെ ഫലമായി ഉണ്ടാകുന്ന ധൈഷണികശേഷിക്കുറവ് വിലയിരുത്തുന്നതിൽ ക്ലിനിക്കൽ നാഡീമനഃശാസ്ത്രജ്ഞർ നിർണായക പങ്ക് വഹിക്കുന്നു. വ്യത്യസ്ത ചോദ്യാവലികളിലൂടെയും മറ്റു മനഃശാസ്ത്ര പരീക്ഷകളിലൂടെയുമാണ് നിർണയം നടക്കുന്നത്. ക്ഷതത്തിന്റെ സ്ഥാനം, വ്യാപ്തി, തീവ്രത എന്നിവ അനുമാനിക്കുവാൻ ഇവ സഹായകമാകുന്നു.

മസ്തിഷ്കത്തിന്റെ ഒരേ ഭാഗത്തേൽക്കുന്ന ക്ഷതം രണ്ട് വ്യത്യസ്ത വ്യക്തികളെ വ്യത്യസ്ത രീതികളിലായിരിക്കും ബാധിക്കുന്നത്. അതിനാൽ മനഃശാസ്ത്ര പരീക്ഷകൾക്കു പുറമേ ഓരോ രോഗിയുടെയും ദൈനംദിന പ്രവർത്തനങ്ങൾ-ജോലിസ്ഥലത്തും, വീട്ടിലും, സാമൂഹിക സന്ദർഭങ്ങളിലും-സൂക്ഷ്മമായി നിരീക്ഷിച്ച് ക്ഷതംമൂലം ഉണ്ടാകുന്ന വ്യതിയാനങ്ങൾ മനസ്സിലാക്കേണ്ടതാണ്. ക്ഷതംമൂലം നഷ്ടമായ അഥവാ കോട്ടം തട്ടിയ കഴിവുകൾ ഏതൊക്കെയെന്ന് നിർണയിക്കുന്നതിനോടൊപ്പം, രോഗിയ്ക്കു ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ പറ്റുന്ന കാര്യങ്ങളും കോട്ടം തട്ടിയിട്ടില്ലാത്ത കഴിവുകളും ഏതൊക്കെയെന്നും കണ്ടെത്തേണ്ടതാണ്. നില നിൽക്കുന്ന കഴിവുകൾ നഷ്ടപ്പെട്ടവയുടെ വിടവ് നികത്തുവാൻ സഹായമാകുന്നു.

സമഗ്രമായ നാഡീമനഃശാസ്ത്ര പരീക്ഷകൾ ഉപയോഗിച്ച് മസ്തിഷ്കത്തിന്റെ ഉദ്ഗ്രഥന നിലവാരം വിലയിരുത്തേണ്ടതാണ്. വിലയിരുത്തൽ പൂർണമാകുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനായി മനഃശാസ്ത്രജ്ഞൻ പരീക്ഷകളുടെ ഒരു പരമ്പര തന്നെ ഉപയോഗിക്കുന്നു. മസ്തിഷ്കത്തിന്റെ വ്യത്യസ്ത ഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള വ്യത്യസ്ത മാനസിക-ധൈഷണിക കഴിവുകൾ അളക്കുന്നതിനാണ് ഈ പരീക്ഷകൾ ഉപയോഗിക്കുന്നത്. ശ്രദ്ധ, ഓർമ, പ്രത്യക്ഷണം, ചലനം, ഭാഷാപ്രയോഗം തുടങ്ങി വിവിധ കഴിവുകൾ അളക്കുവാൻ വ്യത്യസ്ത പരീക്ഷകൾ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. ഹാലെസ്റ്റെഡ്-റൈറ്റൻ (The Halstead-Riten) ലുറിയ-നെബ്രാസ്ക (Luria-Nebraska) എന്നിവ ഇത്തരത്തിലുള്ള രണ്ട് പ്രമുഖ പരീക്ഷകളാണ്. ഈ പരീക്ഷകളിലെ ഉപപരീക്ഷകൾ വ്യത്യസ്ത ധൈഷണിക കഴിവുകൾ അളക്കാൻ ഉദ്ദേശിച്ചുള്ളവയാണ്. ഏതെല്ലാം ഉപപരീക്ഷകളാണ് ഒരു വ്യക്തിക്ക് പ്രയാസകരമായി അനുഭവപ്പെടുന്നത് എന്നത് ആസ്പദമാക്കിയാണ് മസ്തിഷ്കക്ഷതത്തിന്റെ സ്ഥാനം നിർണയിക്കുന്നത്.

പരീക്ഷണാത്മക നാഡീമനശാസ്ത്രം[തിരുത്തുക]

പരീക്ഷണാത്മക നാഡീമനഃശാസ്ത്രം സൈദ്ധാന്തിക ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നു. മൃഗങ്ങളെയാണ് സാധാരണയായി പഠനങ്ങൾക്കായി ഉപയോഗിക്കുന്നത്. ഗവേഷണത്തിന്റെ ആരംഭത്തിൽ മൃഗങ്ങളിൽ പരീക്ഷിച്ചതിനുശേഷം മനുഷ്യരിലും പ്രയോഗിച്ച്, ചികിത്സാവിധിയുടെ കാര്യക്ഷമത ഉറപ്പ് വരുത്തുന്നു. നിരവധി ധൈഷണിക പ്രവൃത്തികളെക്കുറിച്ചും, അവയിൽ പങ്കെടുക്കുന്ന മസ്തിഷ്കഭാഗങ്ങളെക്കുറിച്ചും അറിവു നൽകുവാൻ പരീക്ഷണാത്മക നാഡീമനഃശാസ്ത്രം സഹായകമാകുന്നു.

ക്ലിനിക്കൽ നാഡീമനഃശാസ്ത്രവും പരീക്ഷണാത്മക നാഡീ മനഃശാസ്ത്രവും പരസ്പരപൂരകങ്ങളാണ്. പരീക്ഷണാത്മക നാഡീമനഃശാസ്ത്രജ്ഞന്റെ കണ്ടെത്തലുകൾ ക്ലിനിക്കൽ നാഡീമനഃശാസ്ത്രജ്ഞനെ രോഗനിർണയത്തിലും ചികിത്സയിലും സഹായിക്കുന്നു. ക്ലിനിക്കൽ നാഡീമനഃശാസ്ത്രജ്ഞൻ നൽകുന്ന രോഗലക്ഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പരീക്ഷണാത്മക നാഡീമനഃശാസ്ത്രത്തിൽ പുതിയ ഗവേഷണ സാധ്യതകളൊരുക്കുന്നു.

പ്രയോഗ സാധ്യതകൾ[തിരുത്തുക]

സൈദ്ധാന്തികവും പ്രായോഗികവുമായ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ ക്ലിനിക്കൽ-പരീക്ഷണാത്മക നാഡീമനഃശാസ്ത്രങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അൽഷിമേഴ്സ് രോഗത്തിന്റെ നിർണയത്തിൽ നാഡീമനഃശാസ്ത്രപരീക്ഷകൾ ഗണ്യമായ പങ്ക് വഹിക്കുന്നു. മസ്തിഷ്കത്തിന്റെ ഒരു ഭാഗം നീക്കം ചെയ്ത് പരിശോധിച്ചാൽ മാത്രം കണ്ടെത്താനാകുമായിരുന്ന ഈ രോഗം ഇന്ന് നാഡീമനഃശാസ്ത്ര പരീക്ഷകളിലൂടെയാണ് നിർണയിക്കുന്നത്. രോഗമുണ്ടെന്ന സംശയമുദിക്കുമ്പോൾത്തന്നെ വ്യക്തിക്ക് ഓർമ, ഭാഷാപ്രയോഗം, പ്രത്യക്ഷണം തുടങ്ങി നിരവധി മേഖലകളിൽ പരീക്ഷകൾ നൽകുന്നു. ആറ് മാസത്തെ ഇടവേളകളിൽ ഈ പരീക്ഷകൾ ആവർത്തിക്കുന്നു. വ്യക്തിയുടെ പ്രകടനം കാലക്രമേണ ഏതെങ്കിലും രണ്ടോ അതിൽക്കൂടുതലോ മേഖലകളിൽ മോശമാവുകയാണെങ്കിൽ ഡിമെൻഷ്യയാണെന്ന് അനുമാനിക്കാവുന്നതാണ്.

നാഡീമനഃശാസ്ത്ര പരീക്ഷകളോടൊപ്പം തന്നെ, മറ്റു പല രീതികളിലും വിശകലനം നടക്കുന്നു. വിഷാദം, ഹലുസിനേഷൻ, ഡെല്യൂഷൻ, പെട്ടെന്നുള്ള പൊട്ടിത്തെറികൾ എന്നിവയും അൽഷിമേഴ്സ് രോഗത്തിന്റ ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടാം. രോഗലക്ഷണങ്ങളുടെ ഈ വൈവിധ്യം വ്യക്തമായി മനസ്സിലാക്കി ആവശ്യമായ ചികിത്സ നിർദ്ദേശിക്കുവാൻ ക്ലിനിക്കൽ നാഡീമനഃശാസ്ത്രജ്ഞനു കഴിയുന്നു.

മസ്തിഷ്ക ക്ഷതമേറ്റ വ്യക്തികളുടെ പുനരധിവാസരംഗത്തും നാഡീമനഃശാസ്ത്രജ്ഞർ സജീവമായി പ്രവർത്തിക്കുന്നു. മസ്തിഷ്കക്ഷതം സംഭവിച്ച രോഗികൾക്ക് ധൈഷണികമായ കഴിവുകൾക്ക് കോട്ടം തട്ടുന്നതുമൂലം ദൈനംദിന പ്രവൃത്തികളിലും തൊഴിലിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. അവരുടെ അവശേഷിക്കുന്ന കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് തൊഴിൽ ചെയ്ത് ജീവിക്കുവാൻ ക്ലിനിക്കൽ നാഡീ മനഃശാസ്ത്രജ്ഞർ പരിശീലനം നൽകുന്നു. അപചയം സംഭവിച്ച ധൈഷണിക കഴിവുകൾ മെച്ചപ്പെടുത്തുവാനും ശ്രമങ്ങൾ നടത്തും. ചെയ്യാൻ പ്രയാസം നേരിടുന്ന പ്രവൃത്തികൾ വീണ്ടും വീണ്ടും ചെയ്യാൻ പ്രേരിപ്പിക്കുന്നു. നിരന്തര പരിശീലനം മസ്തിഷ്കത്തെ വീണ്ടും പ്രവർത്തനനിരതമാക്കും എന്നാണ് കരുതപ്പെടുന്നത്. ക്ഷതം പറ്റിയതിനെത്തുടർന്ന് ആറ് മാസം മുതൽ പന്ത്രണ്ട് മാസം വരെയുള്ള കാലയളവ് നിർണായകമാണ്. ഈ സമയത്ത് ബുദ്ധിമുട്ടുള്ള പ്രവൃത്തികളിൽ നിരന്തരം ഏർപ്പെടുന്നത് അപചയത്തിന്റെ തീവ്രത കുറയ്ക്കുന്നു.

ആരോഗ്യകരമായ മസ്തിഷ്കത്തിന്റെയും രോഗാതുരമായ മസ്തിഷ്കത്തിന്റെയും പ്രവർത്തനങ്ങൾ വിശദമായി പഠിക്കുന്നതിലൂടെ ഇപ്പോൾ കാരണം വ്യക്തമായിട്ടില്ലാത്ത പല പെരുമാറ്റങ്ങളുടെയും അവ്യവസ്ഥകളുടെയും ഉറവിടം കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.

അവലംബം[തിരുത്തുക]

  1. http://plato.stanford.edu/entries/pineal-gland/ The pineal gland is a tiny organ in the center of the brain that played an important role in Descartes' philosophy.
  2. http://scienceworld.wolfram.com/biography/Galen.html Galen of Pergamum (ca. 130-ca. 200)
  3. http://www.livingwithcerebralpalsy.com/galan-epilepsy.php Archived 2012-06-26 at the Wayback Machine. Claudius Galenus of Pergamum (129-200 AD), better known in English as Galen, was an ancient Greek physician.
  4. http://www.leonardoda-vinci.org/ Leonardo Da Vinci - The complete works
  5. http://evolution.berkeley.edu/evolibrary/article/history_02 Comparative Anatomy: Andreas Vesalius
  6. http://jnnp.bmj.com/content/69/1/86.full The circle of Willis (1621–75)
  7. http://www.phrenology.com/franzjosephgall.html Archived 2012-03-02 at the Wayback Machine. GALL, FRANZ JOSEPH (1758 -1828), anatomist, physiologist, and founder of phrenology, was born at Tiefenbrunn near Pforzheim, Baden, on the 9th of March 1758.
  8. https://www.msu.edu/course/zol/313/lindell/Sept%2027%20lect.html Law of equipotentiality
  9. http://www.answers.com/topic/paul-pierre-broca Paul Broca: Biography from Answers.com
  10. http://psycnet.apa.org/books/11304/060 Brain mechanisms and intelligence, 1929.
  11. http://talentdevelop.com/3832/multipotentiality-multiple-talents-multiple-challenges/ Multipotentiality: multiple talents, multiple challenges
  12. http://www.ncbi.nlm.nih.gov/pubmed/10643472 D.O. Hebb: The Organization of Behavior, Wiley: New York; 1949.
  13. http://www.ncbi.nlm.nih.gov/pubmed/8150995 Ward Halstead's contributions to neuropsychology and the Halstead-Reitan Neuropsychological Test Battery.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാഡീമനഃശാസ്ത്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാഡീമനഃശാസ്ത്രം&oldid=3930443" എന്ന താളിൽനിന്ന് ശേഖരിച്ചത്