തിരുവിഴ മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളസംസ്ഥാനത്ത്, ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിൽ തിരുവിഴ ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തിരുവിഴ മഹാദേവക്ഷേത്രം. നീലകണ്ഠസങ്കല്പത്തിലുള്ള പരമശിവൻ പ്രതിഷ്ഠയായുള്ള ഈ ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, അയ്യപ്പൻ, മഹാവിഷ്ണു (കൂടുതൽ പ്രാധാന്യം), നാഗദൈവങ്ങൾ, യക്ഷിയമ്മ, അറുകൊല, കാപ്പിരിമുത്തപ്പൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. തറനിരപ്പിൽ നിന്ന് താഴെ സ്ഥിതിചെയ്യുന്ന ഗർഭഗൃഹമുള്ള ഈ ക്ഷേത്രത്തിൽ തന്മൂലം വർഷക്കാലത്ത് മഴവെള്ളം ഒഴുകി ഗർഭഗൃഹം മൂടുന്നത് പതിവാണ്. കൈവിഷദോഷം പരിഹരിയ്ക്കുന്നതിന് ഈ ക്ഷേത്രത്തിലെ ഭജനം ഉത്തമമാണെന്ന് വിശ്വസിച്ചുവരുന്നു. മറ്റെവിടെയും വളരാത്ത ഒരു ചെടി പാലിൽ കലക്കിക്കൊടുത്താണ് ഇവിടെനിന്ന് കൈവിഷദോഷം പരിഹരിയ്ക്കുന്നത്. നിരവധി ഭക്തരാണ് ഇതിനായി ക്ഷേത്രത്തിലേയ്ക്ക് വരുന്നത്. മീനമാസത്തിലെ തിരുവാതിര നക്ഷത്രത്തിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. കൂടാതെ കുംഭമാസത്തിൽ ശിവരാത്രി, ധനുമാസത്തിൽ തിരുവാതിര എന്നിവയും അതിവിശേഷമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം[തിരുത്തുക]

ക്ഷേത്രസ്ഥാപനം[തിരുത്തുക]

തിരുവിഴ ക്ഷേത്രസ്ഥാപനത്തെക്കുറിച്ചുള്ള വിശദമായ ഒരു കഥ, ഐതിഹ്യമാലയിൽ വിവരിച്ചിട്ടുണ്ട്. തിരുവിഴ മഹാദേവനും അവിടത്തെ മരുന്നും എന്നാണ് ഐതിഹ്യമാലാകാരനായ കൊട്ടാരത്തിൽ ശങ്കുണ്ണി ഈ ഭാഗത്തിന് നൽകിയിരിയ്ക്കുന്ന പേര്. ഇതിൽ നിന്നുതന്നെയാണ് ക്ഷേത്രത്തിലെ പ്രധാന ആകർഷണമായ പച്ചമരുന്നിനെക്കുറിച്ചും പറയുന്നത്. അതിൽ ക്ഷേത്രസ്ഥാപനത്തിന്റെ കഥ ഇങ്ങനെ:

ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്ത് പണ്ടുകാലത്ത് അതിവിശാലമായ ഒരു ജലാശയമുണ്ടായിരുന്നു. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ സ്വയംഭൂ ശിവലിംഗം, ഇവിടെയാണ് ഉദ്ഭവിച്ചത്. ഇതിന്റെ തെളിവായി ഇന്നും ക്ഷേത്രപ്രതിഷ്ഠ തറനിരപ്പിൽ നിന്ന് താഴെയായാണ് കിടപ്പ്. മേൽപ്പറഞ്ഞ കുളം അറയ്ക്കൽ പണിയ്ക്കർ എന്നുപേരുള്ള ഒരു നാടുവാഴിയുടെ കൈവശമായിരുന്നു. ഇതിൽ നിറയെ കാരാമകളുണ്ടായിരുന്നു. അക്കാലത്ത് പണിയ്ക്കരുടെ കീഴിൽ പണിയെടുത്തിരുന്ന ഉള്ളാടസമുദായക്കാർ ഇവിടെ നിന്ന് കാരാമകളെ പിടിച്ചുകൊണ്ടുപോയിത്തിന്നുന്നത് പതിവായിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം അത്തരത്തിൽ ആമയെ പിടിയ്ക്കാൻ വന്ന ഒരു ഉള്ളാടസ്ത്രീ, തന്റെ കോൽ കൊണ്ട് ഒരു സ്ഥലത്ത് കുത്തിയപ്പോൾ അവിടെനിന്ന് അതികഠിനമായ രക്തപ്രവാഹമുണ്ടായി. അവർ ഉടനെ ഈ വിവരം അറയ്ക്കൽ പണിയ്ക്കരെ അറിയിച്ചു. ഇതെത്തുടർന്ന് പണിയ്ക്കർ സ്ഥലത്തെത്തുകയും കുളം വറ്റിയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്തു. മൂന്നുദിവസം കിണഞ്ഞ് പരിശ്രമിച്ചിട്ടും വെള്ളം വറ്റിയ്ക്കാൻ സാധിച്ചില്ല. എന്നാൽ, വർത്തുളാകൃതിയിലുള്ള ഒരു ശിലാരൂപം അവർക്ക് കാണാൻ സാധിച്ചു. അവിടെനിന്നാണ് രക്തമൊഴുകുന്നതെന്ന് മനസ്സിലായ നാട്ടുകാർ, അതൊരു സാധാരണ ശിലയല്ലെന്ന് മനസ്സിലാക്കി. എന്നാൽ, എന്താണ് അതിന്റെ കാരണമെന്ന് വ്യക്തമായി കാണാൻ അവർക്കായില്ല. നാലാം ദിവസം രാവിലെ ഒരു യോഗീശ്വരൻ സ്ഥലത്ത് പ്രത്യക്ഷപ്പെട്ടു. പരിഭ്രാന്തരായി നിന്ന് നാട്ടുകാരോട് സ്വയംഭൂവായ ഒരു ശിവലിംഗമാണ് ആ ശിലയെന്നും അതുകൊണ്ടാണ് രക്തപ്രവാഹമുണ്ടാകുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. തുടർന്ന് തന്റെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ നിന്ന് അല്പം ഭസ്മമെടുത്ത് യോഗീശ്വരൻ ശിവലിംഗത്തിൽ പുരട്ടുകയും അതോടെ രക്തപ്രവാഹം നിലയ്ക്കുകയും ചെയ്തു. ഇതിനുശേഷം ഉടനെ കുളം നികത്തണമെന്നും അവിടെ ഒരു ശിവക്ഷേത്രം പണിയണമെന്നും ആവശ്യപ്പെട്ട അദ്ദേഹം, അങ്ങനെ ചെയ്താൽ ഗ്രാമത്തിന് സർവൈശ്വര്യങ്ങളും ഉണ്ടാകുമെന്നുകൂടി അരുൾ ചെയ്ത് അപ്രത്യക്ഷനായി. ശിവലിംഗത്തിൽ കുത്തിയ ഉള്ളാടസ്ത്രീ, ഈ വിവരമറിഞ്ഞതോടെ മാനസിക വിഭ്രാന്തിയ്ക്ക് അടിമപ്പെടുകയും 'തിരുപിഴ..തിരുപിഴ..' എന്ന് നിലവിളിച്ച് ഓടിനടക്കാൻ തുടങ്ങുകയും ചെയ്തു. തിരുപിഴ എന്ന വാക്കാണ് പിൽക്കാലത്ത് തിരുവിഴയായതെന്ന് കഥ പറയുന്നു. യോഗീശ്വരൻ അരുൾ ചെയ്തതനുസരിച്ച് നാട്ടുകാർ ഉടനെത്തന്നെ കുളം നികത്തുകയും ക്ഷേത്രം പണിയുകയും ചെയ്തു. ശിവലിംഗം ഉദ്ഭവിച്ചത് കുളത്തിലായതിനാൽ ആ ഭാഗം തറനിരപ്പിൽ നിന്ന് താഴേയ്ക്കായാണ് പണിതത്. ഇതിന്റെ ഫലമായി ഇപ്പോഴും പ്രളയകാലത്ത് ഗർഭഗൃഹം വെള്ളത്തിലാകാറുണ്ട്. ആ സമയം മുകളിലേയ്ക്ക് കയറ്റി പ്രത്യേകം സ്ഥലത്താണ് പൂജ നടത്തുക.

പച്ചമരുന്ന്[തിരുത്തുക]

തിരുവിഴ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് അവിടത്തെ പച്ചമരുന്ന്. മറ്റെവിടെയും കാണാത്ത ഒരു പ്രത്യേകതരം ചെടി പാലിൽ കലക്കിയാണ് ഇത് കൊടുക്കുന്നത്. മനോവിഭ്രാന്തികൾ അടക്കുന്നതിന് ഇത് ഉത്തമ ഔഷധമായി കണക്കാക്കപ്പെടുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകളാണ് ഈ വിശേഷമറിഞ്ഞ് ഇത് സേവിയ്ക്കാൻ വരുന്നത്. ഈ ചടങ്ങ് തുടങ്ങാനുള്ള കാരണം, തിരുവിഴ മഹാദേവനും അവിടത്തെ മരുന്നും എന്ന ഭാഗത്തുതന്നെ കൊട്ടാരത്തിൽ ശങ്കുണ്ണി വിവരിച്ചിട്ടുണ്ട്. അതിങ്ങനെ:

ക്ഷേത്രനിർമ്മാണവും കലശാദിക്രിയകളും കഴിഞ്ഞ് കുറച്ചുകാലം കഴിഞ്ഞപ്പോൾ ക്ഷേത്രത്തിൽ നിത്യേന ഒരു ഭ്രാന്തൻ വരാൻ തുടങ്ങി. അയാൾ ക്ഷേത്രത്തിൽ വരുന്നവരെയും പോകുന്നവരെയും നിരന്തരം ഉപദ്രവിയ്ക്കാൻ തുടങ്ങി. അവരിൽ ഏറ്റവുമധികം ഉപദ്രവങ്ങൾ ഏറ്റുവാങ്ങിയത് ക്ഷേത്രത്തിലെ പാത്രംതേപ്പുകാരനായിരുന്ന തലക്കാട്ട് നായരെയാണ്. ആദ്യമൊന്നും നായർ കാര്യമാക്കിയില്ലെങ്കിലും ഭ്രാന്തന്റെ ഉപദ്രവം കൂടാൻ തുടങ്ങിയതോടെ അദ്ദേഹം ഭഗവാനെത്തന്നെ ശരണം പ്രാപിച്ചു. അങ്ങനെയിരിയ്ക്കേ ഒരുദിവസം രാത്രി നായർക്ക് മഹാദേവന്റെ സ്വപ്നദർശനമുണ്ടായി. പിറ്റേന്ന് ഭ്രാന്തനെ ക്ഷേത്രത്തിലൊരു സ്ഥലത്ത് കെട്ടിയിടണമെന്നും അതിന്റെ പിറ്റേന്ന് രാവിലെ നായരുടെ പറമ്പിൽ ഒരു പ്രത്യേകതരം ചെടി മുളയ്ക്കുമെന്നും അത് പറിച്ചെടുത്ത് മേൽശാന്തിയെ ഏല്പിയ്ക്കണമെന്നും അത് അവരെക്കൊണ്ട് പാലിൽ പിഴിഞ്ഞരപ്പിച്ച് പന്തീരടിപൂജയ്ക്ക് തനിയ്ക്ക് നേദിച്ചശേഷം കൊടുക്കാൻ ആവശ്യപ്പെടണമെന്നും അങ്ങനെയായാൽ ഭ്രാന്തന്റെ ഭ്രാന്ത് മാറുമെന്നുമായിരുന്നു സ്വപ്നത്തിൽ മഹാദേവന്റെ അരുളപ്പാട്. പച്ചമരുന്ന് കഴിച്ചാൽ രണ്ടുനാഴിക (48 മിനിറ്റ്) കഴിയുമ്പോൾ ചെറുചൂടോടുകൂടി വെള്ളവും കൊടുക്കണമെന്നും പിന്നെ ഒരു നാഴിക (24 മിനിറ്റ്) കഴിയുമ്പോൾ അയാൾ ഛർദിയ്ക്കുമെന്നും അവസാനം ഉച്ചപ്പൂജയ്ക്ക് യക്ഷിയ്ക്ക് നേദിയ്ക്കുന്ന പാൽപ്പായസം കൂടി കൊടുത്താൽ ഭ്രാന്തന്റെ ഭ്രാന്ത് പൂർണ്ണമായും ഭേദമാകുമെന്നും കൂടി ഭഗവാൻ അരുൾ ചെയ്തു. നായർ ഭഗവാൻ പറഞ്ഞതുപോലെയെല്ലാം ചെയ്യുകയും ഭ്രാന്തൻ പൂർണ്ണമായും രോഗമുക്തനാകുകയും ചെയ്തു. ഈ വിവരം പിന്നീട് നാടൊട്ടുക്ക് പരന്നതോടെ ഒരുപാടാളുകൾ ഇവിടെ വരാനും ഈ മരുന്ന് സേവിയ്ക്കാനും തുടങ്ങി.

ഈ മരുന്നിന് ഉപയോഗിയ്ക്കുന്ന ചെടി തിരുവിഴ ദേശത്തല്ലാതെ മറ്റൊരു സ്ഥലത്തുമില്ല. ഇതിന്റെ പേര് ആർക്കും അറിയില്ലെന്നുമാത്രമല്ല, പേര് പറയാൻ പോലും വിലക്ക് കല്പിയ്ക്കുന്നുണ്ട്. ഇത് പറിച്ചെടുക്കാനുള്ള അവകാശം തലേക്കാട്ട് കുടുംബക്കാർക്കുതന്നെയാണ് ഇപ്പോഴും കല്പിച്ചുപോരുന്നത്. ക്ഷേത്രക്കുളത്തിൽ കുളിച്ച് ചെടി പറിച്ചെടുത്തശേഷം അവർ അതെടുത്തുകൊണ്ടുവന്ന് മേൽശാന്തിയെ ഏല്പിയ്ക്കുന്നു. തുടർന്ന് അത് ഇടിച്ചുപിഴിഞ്ഞശേഷം പാലിൽ കലക്കി പന്തീരടിപൂജാസമയത്ത് ഭക്തർക്ക് സമ്മാനിയ്ക്കുന്നു. അങ്ങനെ ഭഗവാന് നേദിച്ച പാൽ കുടിയ്ക്കുന്ന ഭക്തർ, പിന്നീട് രണ്ടുനാഴിക കഴിയുമ്പോൾ ചെറുചൂടോടുകൂടി വെള്ളം കൂടി കുടിയ്ക്കുന്നു. അതിനുശേഷം ഒരുനാഴിക കഴിയുമ്പോൾ അവർ ഛർദ്ദിയ്ക്കുകയും തുടർന്ന് ഉച്ചപ്പൂജാസമയത്ത് യക്ഷിയ്ക്ക് നേദിയ്ക്കുന്ന പാൽപ്പായസം കൊടുക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് അവർ രോഗമുക്തി നേടുന്നത്. കൈവിഷമുള്ളവർ ഛർദ്ദിയ്ക്കുമ്പോൾ അവർക്ക് കൈവിഷം കൊടുത്ത സാധനത്തിന്റെ എന്തെങ്കിലും ഭാഗം കാണാമെന്ന് വിശ്വസിയ്ക്കുന്നു. അത് പൂർണ്ണമായും ദഹിയ്ക്കില്ലത്രേ!

ക്ഷേത്രത്തിലെ ആറാട്ടുദിവസമായ മീനമാസത്തിലെ തിരുവാതിരനാളിലൊഴികെ എല്ലാദിവസവും ഈ പച്ചമരുന്ന് വിതരണമുണ്ട്. പന്തീരടിപൂജ ആറാട്ടിനുശേഷം രാത്രി നടത്തുന്നതുകൊണ്ടാണ് ആറാട്ടുദിവസം പച്ചമരുന്ന് വിതരണമില്ലാത്തത്. കൈവിഷത്തിന് മാത്രമല്ല, കുഷ്ഠം, മഹോദരം, അപസ്മാരം തുടങ്ങിയവയ്ക്കും ഇത് ഉത്തമമായി കണക്കാക്കപ്പെടുന്നു. മലയാളികളെക്കൂടാതെ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാണ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉത്തരേന്ത്യക്കാരുമെല്ലാം ഇവിടെ വരാറുണ്ട്. അവർക്ക് താമസിയ്ക്കാൻ പ്രത്യേകം മുറികളും ഇവിടെ ഏർപ്പാടാക്കിയിട്ടുണ്ട്. ഇത് സേവിച്ചവരിൽ നിരവധി പ്രശസ്തരുമുണ്ട്. കൊല്ലവർഷം 1068-ൽ തിരുവിതാംകൂറിലെ അന്നത്തെ ഇളയരാജാവ് ഇവിടെ ദർശനത്തിന് വരികയും ഈ മരുന്ന് സേവിയ്ക്കുകയും ചെയ്യുകയുണ്ടായി. ഈ മരുന്ന് ഉഗ്രവിഷമാണെന്ന് പറയപ്പെടുന്നു. മരുന്ന് പാലിൽ കലക്കുമ്പോൾ ആദ്യം പച്ചയും പിന്നീട് നീലയും അതിനുശേഷം കടുംചുവപ്പും പിന്നെ കറുപ്പും അതും കഴിഞ്ഞ് മഞ്ഞയും അവസാനം തൂവെള്ളയുമാകും. തിരുവിഴ ദേശത്തെ ചില അവിശ്വാസികൾ ഇത് ക്ഷേത്രത്തിൽ നേദിയ്ക്കാതെ സ്വയം ചേർത്തുകുടിച്ച് അപകടത്തിൽ പെട്ടതായി കഥകളുണ്ട്. തന്മൂലം, ക്ഷേത്രത്തിൽ നേദിയ്ക്കേണ്ടത് അത്യാവശ്യമായി ഭക്തർ കണക്കാക്കുന്നു. ഗർഭിണികളും ഹൃദ്രോഗികളും ഈ മരുന്ന് സേവിയ്ക്കാൻ പാടില്ല.

അതേസമയം, ഈ പച്ചമരുന്ന് വിതരണം ബുദ്ധമതത്തിന്റെ അവശേഷിപ്പായി ചരിത്രകാരന്മാർ കാണാറുണ്ട്. അതുവഴി തിരുവിഴ ക്ഷേത്രം ഒരു ബുദ്ധക്ഷേത്രമായിരുന്നെന്ന് അവർ സ്ഥാപിയ്ക്കുന്നു.