കാലടി ശ്രീകൃഷ്ണ‍സ്വാമി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മദ്ധ്യകേരളത്തിൽ എറണാകുളം ജില്ലയിൽ ആലുവ താലൂക്കിൽ അങ്കമാലിയ്ക്കടുത്ത് കാലടി ദേശത്ത്, പെരിയാറിന്റെ വടക്കേ തീരത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് തൃക്കാലടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ചതുർബാഹുവായ മഹാവിഷ്ണുവാണ് യഥാർത്ഥത്തിൽ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. എന്നാൽ, ഭഗവാന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണനായാണ് ഇവിടെ സങ്കല്പം. കൂടാതെ ഉപദേവതകളായി ശിവൻ, പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നിവർക്കും ഇവിടെ പ്രതിഷ്ഠകളുണ്ട്. ആധുനിക ഹിന്ദുമതത്തിന്റെ സ്ഥാപകനായി കണക്കാക്കിവരുന്ന ആദിശങ്കരാചാര്യരുടെ കുലദേവതാക്ഷേത്രം എന്ന നിലയിൽ അതിപ്രസിദ്ധമായ ഒരു ക്ഷേത്രമാണിത്. ആദ്യകാലത്ത് മുമ്പൊരിടത്തുണ്ടായിരുന്ന ക്ഷേത്രം പിന്നീട് പെരിയാർ വഴിമാറിയൊഴുകിയപ്പോൾ വെള്ളപ്പൊക്കത്തിൽ നശിച്ചുപോകുകയും പിന്നീട് അവിടെനിന്ന് വീണ്ടെടുത്ത് ഇവിടെ കൊണ്ടുവരികയും ചെയ്തുവെന്നാണ് കഥ. മകരമാസത്തിലെ തിരുവോണം നാളിൽ കൊടികയറി എട്ടുദിവസം നടക്കുന്ന കൊടിയേറ്റുത്സവം, ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, മേടമാസത്തിലെ വിഷു, വൈശാഖമാസത്തിലെ ശങ്കരജയന്തി തുടങ്ങിയവയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. കൂടാതെ എല്ലാ മാസത്തിലും വരുന്ന ഏകാദശി, മുപ്പെട്ട് വ്യാഴാഴ്ച തുടങ്ങിയവയും അതിവിശേഷമാണ്. ശങ്കരാചാര്യരുടെ കുടുംബമായി കണക്കാക്കിവരുന്ന കൈപ്പിള്ളി മനയുടെ കീഴിലാണ് ഈ ക്ഷേത്രം.