വൈശാഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാധവമാസം എന്നുക്കൂടി അറിയപ്പെടുന്ന 'വൈശാഖമാസം മഹാവിഷ്ണുവിനെ ഉപാസിപ്പാൻ അത്യുത്തമമാണെന്നാണ്‌ വിശ്വാസം. ചാന്ദ്രമാസങ്ങളിൽ ആദ്യത്തേത് ചൈത്രം, പിന്നെ വൈശാഖം, ഇവ രണ്ടും ചേർന്നത് വസന്തം. പ്രകൃതിതന്നെ പൂവണിയുന്ന കാലമാണിത്. സർവസൽകർമ്മങ്ങൾക്കും വസന്തമാണ് ഉത്തമമായി ആചാര്യന്മാർ വിധിക്കുന്നത്. യജ്ഞങ്ങൾ വസന്തത്തിലാണ്. ക്ഷേത്രോത്സവങ്ങളും ഈ കാലഘട്ടത്തിൽ തന്നെ വരും.

ചിത്രനക്ഷത്രവും പൌർണമാസിയും ഒരേ ദിവസം വരുന്നതാണ് ചൈത്രമാസം. അതിന് മുമ്പുള്ള പ്രതിപദം മുതൽ ചൈത്രമാസം ആരംഭിക്കും. പിന്നത്തെ അമാവാസി കഴിഞ്ഞാൽ വൈശാഖം ആരംഭം. വൈശാഖമാഹാത്മ്യത്തെപറ്റി സ്കന്ദപുരാണം, പത്മപുരാണം ഇത്യാദികളിൽ വിശദമായ പ്രതിപാദനമുണ്ട്. വൈശാഖധർമ്മങ്ങളിൽ സ്നാനവും ജപവും ദാനവും ആണ് അത്യുന്തം മുഖ്യം. ആറ് നാഴിക പുലരുന്നവരെ ജലാശയങ്ങളിൽ എല്ലാം ഗംഗാദേവിമാരുടെ സാന്നിദ്ധ്യമുണ്ടാകും. ജപം, ഹോമം, പുരാണപാരായണം, സജ്ജനസംസർഗം എന്നിവയും വൈശാഖ കാലത്ത് അത്യന്തം പുണ്യപ്രദങ്ങളാണ്.

വൈശാഖകാലത്ത് അനേകം പുണ്യദിവസങ്ങളുണ്ട്. ആദ്യംതന്നെ അക്ഷയതൃതീയ. അതത്രേ ബലരാമന്റെ ജന്മദിവസം. ആ ദിവസം ചെയ്യുന്ന സൽകർമ്മങ്ങൾക്ക് ഒരിക്കലും ക്ഷയിക്കാത്ത ഫലമുള്ളതിനാലാണ് അക്ഷയതൃതീയ എന്നറിയപ്പെടുന്നത്. പരശുരാമാവതാരവും വൈശാഖത്തിൽ അക്ഷയതൃതീയ ദിവസംതന്നെയാണ്. വൈശാകത്തിലെ ശുക്ലചതുർശീദിവസമത്രേ നരസിംഹജയന്തി. ഇങ്ങനെ മഹാവിഷ്ണുവിന്റെ മൂന്നവതാരങ്ങളും വരുന്ന ഈ വൈശാഖമാസം തന്നെയാണ് വിഷ്ണുപ്രീതിക്കുപയുക്തം.

"https://ml.wikipedia.org/w/index.php?title=വൈശാഖം&oldid=3672171" എന്ന താളിൽനിന്ന് ശേഖരിച്ചത്