ഉതിയൻ ചേരലാതൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉതിയൻ ചേരലാതൻ
ചേരസാമ്രാജ്യത്തിലെ പേരറിയാവുന്ന ആദ്യ ഭരണാധികാരി
ഭരണകാലം എ.ഡി. 105-130
പിൻഗാമി നെടും ചേരലാതൻ
ജീവിതപങ്കാളി വെളിയൻ നല്ലിനി
രാജവംശം ചേരസാമ്രാജ്യം

സംഘകാലത്ത് കേരളത്തിന്റെ മധ്യഭാഗങ്ങൾ ഭരിച്ചിരുന്ന ചേരസാമ്രാജ്യത്തിലെ പേരറിയാവുന്ന ആദ്യ ഭരണാധികാരിയാണ് ഉതിയൻ ചേരലാതൻ.[1][2] 'ആദിചേരരാജാവ്', 'പെരുംചോറ്റ് ഉതിയൻ ചേരലാതൻ', 'ഉതിയൻ ചേരൽ' എന്നീ പേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നു. ഇദ്ദേഹം മഹാഭാരതയുദ്ധത്തിൽ പങ്കെടുത്തതായും സൈന്യത്തിന് മൃഷ്ടാന്ന ഭോജനം നൽകുക വഴി ‘പെരുഞ്ചോറ്റുതിയൻ‘ എന്ന ബഹുമതി നേടിയതായും പറയപ്പെടുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടിനും രണ്ടാം നൂറ്റാണ്ടിനും മധ്യേയാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. ഇദ്ദേഹം ഒരു ശൈവമത അനുയായി ആയിരുന്നു.

എ.ഡി. 105 മുതൽ കുട്ടനാട്ടിലെ കുഴുമൂർ (ഇന്നത്തെ കുഴൂർ) ആസ്ഥാനമാക്കി ഭരണം ആരംഭിച്ച ഉദിയൻ ചേരലാതൻ തന്റെ രാജ്യത്തിന്റെ വിസ്തൃതി വടക്കോട്ടും കിഴക്കോട്ടും വ്യാപിപ്പിച്ചു. 'ആകാശം വരെയെത്തുന്ന സാമ്രാജ്യമുള്ളവൻ', 'ദൈവങ്ങൾക്കു പ്രിയങ്കരൻ' എന്നൊക്കെ അർത്ഥം വരുന്ന 'വാനവരമ്പൻ' എന്ന വിശേഷണം ഇദ്ദേഹത്തിനുണ്ടായിരുന്നു. വെളിയൻ വേൺമാന്റെ മകൾ നല്ലിനിയെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. ഉതിയൻ ചേരലാതന്റെ ഭരണകാലത്ത് മുസിരിസ് തുറമുഖം വഴിയുള്ള വിദേശവ്യാപാരം ശക്തി പ്രാപിച്ചിരുന്നു.

ചോളരാജാവായ കരികാല ചോളന്റെ സമകാലികനാണ് ഉദിയൻ ചേരലാതൻ. എ.ഡി.130-ൽ കരികാല ചോളനും ഉതിയൻ ചേരലാതനും തമ്മിൽ നടന്ന വെന്നി യുദ്ധത്തിൽ ഉതിയൻ ചേരലാതൻ പരാജയപ്പെട്ടു. പരാജയത്തെ തുടർന്ന് ഉതിയൻ പട്ടിണി കിടന്ന് ആത്മഹത്യ ചെയ്തതായി പറയപ്പെടുന്നു (അക്കാലത്ത് ഇങ്ങനെയൊരു ആചാരമുണ്ടായിരുന്നു). അദ്ദഹത്തിന്റെ അനുയായികളിൽ ചിലരും അന്ന് ആത്മഹത്യ ചെയ്തിരുന്നു. ഉതിയൻ ചേരലാതന്റെ കാലശേഷം അദ്ദഹത്തിന്റെ പുത്രൻ നെടും ചേരലാതൻ ചേരസാമ്രാജ്യത്തിലെ ഭരണാധികാരിയായി.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Singh 2008, പുറം. 384.
  2. Sen, Sailendra (2013). A Textbook of Medieval Indian History. Primus Books. pp. 60–61. ISBN 978-9-38060-734-4.
"https://ml.wikipedia.org/w/index.php?title=ഉതിയൻ_ചേരലാതൻ&oldid=3229730" എന്ന താളിൽനിന്ന് ശേഖരിച്ചത്