ചോളസാമ്രാജ്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
![]() ചോളസാമ്രാജ്യം, സാമ്രാജ്യത്തിന്റെ ഉന്നതിയില്‍ (ക്രി.വ. 1050) |
|
| ഔദ്യോഗിക ഭാഷ | തമിഴ് |
| തലസ്ഥാനങ്ങള്‍ | ആദ്യകാല ചോളര്‍: പൂമ്പുഹാര്‍, ഉറയൂര്‍, മദ്ധ്യകാല ചോളര്‍: പഴൈയാരൈ, തഞ്ജാവൂര്‍ ഗംഗൈകൊണ്ട ചോളപുരം |
| ഭരണസംവിധാനം | രാജഭരണം |
| ആദ്യകാല ചോളര്‍ക്ക് മുന്‍പുണ്ടായിരുന്ന രാജ്യം | അജ്ഞാതം |
| ചോളരെ പിന്തുടര്‍ന്നുവന്ന രാജ്യങ്ങള്‍ | പാണ്ഡ്യ സാമ്രാജ്യം, ഹൊയ്സാല സാമ്രാജ്യം |
തെക്കേ ഇന്ത്യയില്‍ 13-ആം നൂറ്റാണ്ടുവരെ ഭരണം നടത്തിയ തമിഴ് സാമ്രാജ്യമായിരുന്നു ചോളസാമ്രാജ്യം (തമിഴ്: சோழர் குலம், ഐ.പി.എ: ['ʧoːɻə]). കാവേരി നദിയുടെ ഫലഭൂയിഷ്ഠമായ നദീതടങ്ങളില്‍ നിന്നാണ് ഈ സാമ്രാജ്യത്തിന്റെ ആരംഭം. ആദ്യകാല ചോളരാജാക്കന്മാരില്‍ ഏറ്റവും പ്രശസ്തന്‍ കരികാല ചോളന്‍ ആണ്. മദ്ധ്യകാല ചോളരാജാക്കന്മാരില്‍ പ്രമുഖര്‍ രാജരാജ ചോളന്‍, രാജേന്ദ്ര ചോളന്‍, കുലോതുങ്ക ചോളന്‍ I എന്നിവരാണ്.
ഉള്ളടക്കം |
[തിരുത്തുക] ആരംഭം
കാഞ്ചീപുരത്തെ പല്ലവന്മാരുടെ സാമന്തരായിരുന്ന മുത്തരായര്‍ എന്ന പ്രഭുകുടുംബമായിരുന്നു കാവേരീതടത്തിന്റെ അധികാരം കൈയാളിയിരുന്നത്. ഒമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ഉറൈയൂരിലെ പുരാതന പ്രഭുകുടുംബമായ ചോളകുടുംബത്തില്പ്പെട്ട വിജയലായന്‍ കാവേരീതടം മുത്തരായരില്‍ നിന്നും പിടിച്ചടക്കി. അദ്ദേഹം തഞ്ചാവൂര്‍ പട്ടണം സ്ഥാപിക്കുകയും അവിടെ നിശുഭാസുദിനി ദേവിക്കു വേണ്ടിയുള്ള ക്ഷേത്രം പണിയുകയും ചെയ്തു[1].
വിജയലായന്റെ പിന്‍ഗാമികള്‍ അയല്‍രാജ്യങ്ങള്‍ ആക്രമിച്ചു കീഴടക്കി സാമ്രാജ്യം വിസ്തൃതമാക്കുകയും സൈനികശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. തെക്കും വടക്കുമുള്ള പാണ്ഡ്യരുടേയും പല്ലവരുടേയും ചില അധീനപ്രദേശങ്ങള്‍ ഇക്കാലത്ത് ചോളസാമ്രാജ്യത്തോട് ചേര്‍ന്നു[1].
[തിരുത്തുക] ഔന്നത്യം
ചോളസാമ്രാജ്യം അതിന്റെ ഉന്നതിയില്‍ എത്തിയത് 10, 11, 12 നൂറ്റാണ്ടുകളിലാണ്. 985-ല്‍ രാജാവായി സ്ഥാനമേറ്റ രാജരാജചോളന്‍ ഒന്നാമനാണ് ചോളസാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായി അറിയപ്പെടുന്നത്[1]. പല്ലവരുടേയും പാണ്ഡ്യരുടേയും മുഴുവന്‍ പ്രദേശങ്ങളും രാജരാജന്റെ കാലത്ത് ചോളരുടെ കീഴിലായി. രാജരാജന്റേയും അദ്ദേഹത്തിന്റെ മകനായ രാജേന്ദ്രചോളന്റേയും കീഴില്‍ ഈ സാമ്രാജ്യം ഏഷ്യയിലെ ഒരു സൈനീക, സാമ്പത്തിക, സാംസ്കാരിക ശക്തിയായി മാറി. തെക്ക് മാലിദ്വീപുകള്‍ മുതല്‍ വടക്ക് ആന്ധ്രാപ്രദേശിലെ ഗോദാവരി നദീതടങ്ങള്‍ വരെ ചോളസാമ്രാജ്യം വ്യാപിച്ചിരുന്നു. രാജരാജചോളന്‍ തെക്കേ ഇന്ത്യന്‍ ഉപഭൂഖണ്ഡം കീഴടക്കി. ശ്രീലങ്കയുടെ ചില ഭാഗങ്ങളും മാലദ്വീപുകളും അദ്ദേഹം തന്റെ സാമ്രാജ്യത്തില്‍ ചേര്‍ത്തു. വടക്കേ ഇന്ത്യയിലേക്ക് വിജയകരമായി പടനയിച്ച രാജേന്ദ്രചോളന്‍ ഗംഗാനദിവരെ എത്തി, പാടലീപുത്രത്തിലെ പാല രാജാവായ മഹിപാലനെ പരാജയപ്പെടുത്തി. മലയ ദ്വീപുസമൂഹത്തിലെ രാജ്യങ്ങളെയും അദ്ദേഹം വിജയകരമായി ആക്രമിച്ചു. കടല്‍ കടന്നുള്ള ഈ പര്യവേഷണങ്ങള്‍ക്കായി ഒരു നാവികസേനയും ചോളന്മാര്‍ക്കുണ്ടായിരുന്നു[1].
[തിരുത്തുക] അന്ത്യം
പാണ്ഡ്യരുടെയും ഹൊയ്സാലരുടെയും ഉയര്‍ച്ചയോടെ 12-ആം നൂറ്റാണ്ടില്‍ ചോളസാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു. 13-ആം നൂറ്റാണ്ടോടെ ചോളസാമ്രാജ്യം അസ്തമിച്ചു.
[തിരുത്തുക] ഭരണം
ഒരു കേന്ദ്രീകൃത ഭരണസംവിധാനവും അച്ചടക്കമുള്ള ഉദ്യോഗസ്ഥവൃന്ദവും ചോളര്‍ രൂപീകരിച്ചു. കാര്‍ഷിക-ജനവാസകേന്ദ്രങ്ങള്‍ ഊര് എന്ന് അറിയപ്പെട്ടിരുന്നു. ഇത്തരം ഊരുകളുടെ കൂട്ടത്തെ നാട് എന്നും വിളിച്ചു. ഓരോ നാട്ടിലേയും ഗ്രാമസഭകള്‍ നീതിനിര്‍വ്വഹണം, നികുതിപിരിവ് മുതലായ ചുമതലകള്‍ വഹിച്ചിരുന്നു. വന്‍കിടകൃഷിക്കാരായിരുന്ന വെള്ളാളസമുദായത്തില്‍പ്പെട്ടവര്‍ക്ക് നാടുകളുടെ ഭരണകാര്യങ്ങളില്‍ കൂടുതല്‍ നിയന്ത്രണാധികാരങ്ങളുണ്ടായിരുന്നു.
ചോളര്‍ ജന്മിമാര്‍ക്ക് പല സ്ഥാനപ്പേരുകളും നല്‍കിപ്പോന്നു. മുവേണ്ടവേലന്‍, അറൈയാര്‍ തുടങ്ങിയവ അത്തരം സ്ഥാനപ്പേരുകളാണ്.
ചോളര്‍ ഭൂമിയെ പല വിഭാഗങ്ങളായി തിരിച്ചിരുന്നു:-
- വെള്ളാന്വഗൈ - അബ്രാഹ്മണരായ കൃഷിക്കാരുടെ ഭൂമി
- ബ്രഹ്മദേയം - ബ്രാഹ്മണര്‍ക്ക് ദാനമായിക്കൊടുത്ത ഭൂമി
- ശാലഭോഗം - പാഠശാലകളുടെ നടത്തിപ്പിനായുള്ള ഭൂമി
- ദേവദാനം/തിരുനാമത്തുകനി - ക്ഷേത്രങ്ങള്‍ക്ക് ദാനം ചെയ്ത ഭൂമി
- പള്ളിച്ചണ്ടം - ജൈനസ്ഥാപനങ്ങള്ക്ക് നല്കിയ ഭൂമി
ചോളര്‍ ബ്രഹ്മദേയമായി ധാരാളം ഭൂമി ബ്രാഹ്മണര്‍ക്ക് ദാനം നല്‍കിയതു വഴി, ദക്ഷിണേന്ത്യയിലെ മറ്റു പലയിടങ്ങളിലുമെന്നപോലെ കാവേരിതടത്തിലും നിരവധി ബ്രാഹ്മണ ആവാസകേന്ദ്രങ്ങള്‍ വളര്‍ന്നു വന്നു.
ഓരോ ബ്രഹ്മദേയവും പ്രമുഖരായ ബ്രാഹ്മണജന്മിമാരടങ്ങുന്ന ഒരു സഭയുടെ മേല്‍നോട്ടത്തിലായിരുന്നു. സഭയുടെ തീരുമാനങ്ങള്‍ ക്ഷേത്രങ്ങളുടെ കല്‍ചുമരുകളിലും മറ്റും രേഖപ്പെടുത്തുമായിരുന്നു.
വ്യാപാരികളുടെ സംഘത്തെ നഗരം എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവരും ചിലപ്പോള്‍ പട്ടണങ്ങളിലെ ഭരണകാര്യങ്ങള്‍ നടത്താറുണ്ടായിരുന്നു.
തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ട് ജില്ലയിലെ ഉത്തരമേരൂര്‍ എന്ന സ്ഥലത്തു നിന്ന് കിട്ടിയ ഇത്തരം ലിഖിതങ്ങളില്‍ നിന്ന് സഭകളുടെ ഘടനയെക്കുറിച്ച് വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്.
സഭകളില്‍ ജലസേചനം, പൂന്തോട്ടങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിങ്ങനെ ഓരോരോ മേഖലകള്‍ക്കുമായി പ്രത്യേകം സമിതികള്‍ നിലവിലുണ്ടായിരുന്നു. ഈ സമിതികളിലെ അംഗങ്ങളാകുവാന്‍ യോഗ്യതയുള്ളവരുടെ പേര് താളിയോലകളിലെഴുതി, മണ്‍കുടത്തിലിട്ട് ഒരു ചെറിയ കുട്ടിയെക്കൊണ്ട് നറുക്കെടുപ്പിച്ചായിരുന്നു സഭാംഗങ്ങളെ തെരഞ്ഞെടുത്തിരുന്നത്.
ഉത്തരമേരൂരിലെ ശിലാലിഖിതങ്ങളില്‍ സഭയിലെ അംഗമാകുന്നതിനുള്ള യോഗ്യതകള്‍ പരാമര്‍ശിച്ചിട്ടുണ്ട്:
- സഭാംഗമാകുന്നവര്‍ നികുതി കൊടുക്കുന്ന ഭൂമിയുടെ ഉടമസ്ഥരായിരിക്കണം.
- അവര്‍ക്ക് സ്വന്തമായി വീടുണ്ടായിരിക്കണം.
- പ്രായം 35-നും 70-നും ഇടക്കായിരിക്കണം.
- വേദങ്ങളില്‍ ജ്ഞാനമുണ്ടായിരിക്കണം.
- ഭരണകാര്യങ്ങളില്‍ നിപുണരും ജനസമ്മതരുമായിരിക്കണം.
- കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ഏതെങ്കിലും സഭയില്‍ അംഗമായവര്‍ക്ക് മറ്റൊരു സഭയില്‍ അംഗമാകാന്‍ കഴിയില്ല.
- തന്റേയോ തന്റെ ബന്ധുക്കളുടേയോ കണക്കുകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ഇത്തരം തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കുകയില്ല.
പന്ത്രണ്ടാം നൂറ്റാണ്ടിലെ തമിഴ് ഗ്രന്ഥമായ പെരിയപുരാണത്തില്‍ ഇക്കാലത്തെ സാധാരണ ജനങ്ങളുടെ ജീവിതരീതിയെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്.
[തിരുത്തുക] സംസ്കാരം
തമിഴ് സാഹിത്യം, വാസ്തുവിദ്യ എന്നിവയുടെ പ്രോത്സാഹകര്‍ ആയിരുന്നു ചോളരാജാക്കന്മാര്‍. ഇവരുടെ പ്രോത്സാഹനത്തില്‍ ആണ് തമിഴ് സാഹിത്യത്തിലെ പല പ്രധാന കൃതികളും തമിഴ്നാട്ടിലെ പല പ്രധാന ക്ഷേത്രങ്ങളും രൂപംകൊണ്ടത്. ക്ഷേത്രനിര്‍മ്മാണത്തെ വളരെ പ്രോത്സാഹിപ്പിച്ച ചോളരാജാക്കന്മാര്‍ ക്ഷേത്രങ്ങളെ ആരാധനാലയങ്ങള്‍ എന്നതിനു പുറമേ വാണിജ്യകേന്ദ്രങ്ങളായും കരുതി. ജനങ്ങളുടെ ആവാസമേഖലയുടെ കേന്ദ്രങ്ങളായിരുന്നു ക്ഷേത്രങ്ങള്‍. ജനവാസകേന്ദ്രങ്ങള്‍ അവക്കു ചുറ്റുമായാണ് രൂപം കൊണ്ടത്. തഞ്ചാവൂരിലേയും, ഗംഗൈകൊണ്ടചോളപുരത്തേയും ക്ഷേത്രങ്ങള്‍ ചോളകാലത്തെ വാസ്തുശില്പകലയ്ക്ക് ഉത്തമോദാഹാരണങ്ങളാണ്.
[തിരുത്തുക] ഓട്ടുപ്രതിമകള്‍
ചോളകരകൌശലവിദ്യകളില്‍ എടുത്തുപറയത്തക്ക പ്രാധാന്യമുള്ള ഒന്നാണ് അവരുടെ ഓട്ടുപ്രതിമകള്‍. ഈ ശില്പങ്ങള്‍ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ കലാരൂപങ്ങളായി കണക്കാക്കപ്പെടുന്നു[1].
മെഴുക് പ്രക്രിയ ഉപയോഗിച്ചാണ് ഈ പ്രതിമകള്‍ നിര്‍മ്മിച്ചിരുന്നത്. ഉണ്ടാക്കേണ്ട പ്രതിമ ആദ്യം മെഴുകില്‍ തയാറാക്കുന്നു. തുടര്‍ന്ന് ഇതിനെ കളിമണ്ണു കൊണ്ടു പൊതിയുകയും കളിമണ്ണില്‍ ഒരു തുളയിടുകയും ചെയ്യുന്നു. കളിമണ്ണില്‍ പൊതിഞ്ഞ മെഴുകു പ്രതിമയെ ചൂടാക്കുമ്പോള്‍ ഉള്ളിലെ മെഴുക് ഉരുകി കളിമണ്ണിലെ തുളയിലൂടെ പുറത്തേക്ക് പോകുകയും കളിമണ്ണു കൊണ്ടുള്ള മൂശ തയാറാകുകയും ചെയ്യുന്നു. കളിമണ്‍ മൂശയിലെ തുളയിലൂടെ ഉരുക്കിയ ഓട് ഒഴിച്ച് പ്രതിമകള്‍ വാര്‍ത്തെടുക്കുന്നു. ലോഹം തണുത്തുറഞ്ഞതിനു ശേഷം കളിമണ്‍ മൂശ പൊട്ടിച്ചെടുക്കുന്നു[2].
[തിരുത്തുക] കൃഷി
ചോളര്‍ കൃഷിയെയും കാര്യമായി പ്രോല്‍സാഹിപ്പിച്ചിരുന്നു. ജലസേചനത്തിനായി നിരവധി രീതികള്‍ ഇക്കാലത്ത് അവലംബിച്ചിരുന്നു. കിണറുകളും വലിയ കുളങ്ങളും മഴവെള്ളം സംഭരിക്കുന്നതിനായി കുഴിച്ചിരുന്നു. വെള്ളം കൊണ്ടുപോകുന്നതിനുള്ള ചാലുകളും മറ്റും നിര്‍മ്മിച്ചിരുന്നു. അക്കാലത്തെ ജലസേചനോപാധികളുടെ അവശിഷ്ടങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്[1].
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 1.3 1.4 1.5 Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 2 (New Kings & Kingdoms) , Page 22-27, ISBN 817450724
- ↑ Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 76-77, ISBN 817450724
| ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങള്‍ | ||||||||||||
| സമയരേഖ: | വടക്കന്‍ സാമ്രാജ്യങ്ങള്‍ | തെക്കന്‍ സാമ്രാജ്യങ്ങള്‍ | വടക്കുപടിഞ്ഞാറന്‍ സാമ്രാജ്യങ്ങള്‍ | |||||||||
|---|---|---|---|---|---|---|---|---|---|---|---|---|
|
ക്രി.മു. 6-ആം നൂറ്റാണ്ട് |
|
|
(പേര്‍ഷ്യന്‍ ഭരണം) |
|||||||||


