Jump to content

വെല്ലിങ്‌ടൺ ഐലൻഡ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെല്ലിങ്ടൺ ദ്വീപിലെ താജ് മലബാർ ഹോട്ടലിൽ നിന്നും കൊച്ചിയുടെ വീക്ഷണം

കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്ന ഒരു മനുഷ്യനിർമ്മിത ദ്വീപാണ് വെല്ലിങ്ടൺ ഐലന്റ്. കൊച്ചി തുറമുഖത്ത് വലിയ കപ്പലുകൾ വരുന്നതിനുവേണ്ടി കൊച്ചി കായലിന് ആഴം കൂട്ടാനായി എടുത്ത മണ്ണും ചെളിയും നിക്ഷേപിച്ചാണ് ഈ ദ്വീപ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന വില്ലിങ്ടൻ പ്രഭുവിന്റെ പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്.

1920-കളിൽ, ദ്വീപിന്റെ രൂപവത്കരണത്തിലേയ്ക്ക് നയിച്ച തുറമുഖ വികസനത്തിന് നേതൃത്വം കൊടുത്തത് ബ്രിട്ടീഷുകാരനായ റോബർട്ട് ബ്രിസ്റ്റോ എന്ന എഞ്ചിനീയർ ആയിരുന്നു. 1929-ൽ അവസാനിച്ച മൂന്നു പ്രവൃത്തി സീസണുകളിൽ, തുറമുഖത്തെ ആഴക്കടലുമായി ബന്ധിപ്പിച്ചുകൊണ്ട് 450 അടി വീതിയിലും മൂന്നര മൈൽ നീളത്തിലും ഒരു കടല്പാത നിർമ്മിച്ചപ്പോൾ എടുത്തുമാറ്റിയ മണ്ണാണ് 780 ഏക്കർ വിസ്താരമുള്ള ദ്വീപിനു രൂപം കൊടുത്തത്. ഇതിന് നിയോഗിച്ച മണ്ണുമാന്തിക്കപ്പലുകളിൽ (Suction Dredger) ഏറ്റവും പ്രധാനമായിരുന്നത് "ലേഡി വെല്ലിം‌ഗ്‌ടൻ" എന്ന കപ്പലാണ്. വേഗത്തിലും, കാര്യക്ഷമതയിലും, പ്രവർത്തനദൈർഘ്യത്തിലും അത് ഒരു ലോകറെക്കോർഡ് തന്നെ സ്ഥാപിച്ചതായി പറയപ്പെടുന്നു.[1]

കൊച്ചി ഹാർബർ ടെർമിനസ് എന്ന കൊച്ചി റെയിൽ‌വേ സ്റ്റേഷൻ ഈ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. ടാജ് മലബാറിന്റെ പഞ്ചനക്ഷത്ര ഹോട്ടലും ഈ ദ്വീപിൽ സ്ഥിതി ചെയ്യുന്നു. കൊച്ചി നഗരത്തെ സംബന്ധിച്ചിടത്തോളം ജനവാസം കുറഞ്ഞ ഈ ദ്വീപിൽ കൊച്ചി കസ്റ്റംസിന്റെ ഉദ്യോഗസ്ഥരുടെ ഔദ്യോഗികവസതികളും വിനോദസഞ്ചാരികൾക്കായുള്ള ഹോട്ടലുകളുമാണ് അധികമായിട്ടുള്ളത്.

ലക്ഷദ്വീപിലേയ്ക്ക് കൊച്ചിയിൽ നിന്ന് പോകുന്ന യാത്രാക്കപ്പലുകൾ പുറപ്പെടുന്നത് ഈ ദ്വീപിൽ നിന്നാണ്. ലക്ഷദ്വീപ് വിനോദസഞ്ചാരവിഭാഗമായ സ്പോർട്ട്സിന്റെ (സൊസൈറ്റി ഫോർ പ്രമോഷൻ ഓഫ് നാച്ചുർ ടൂറിസം ആന്റ് സ്പോർട്ട്സ്) [2] ഓഫീസ് ഈ ദ്വീപിലാണ് പ്രവർത്തിക്കുന്നത്.

എത്തിച്ചേരാൻ

[തിരുത്തുക]

മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, വൈപ്പിൻ, മറൈൻ ഡ്രൈവ് എന്നിവിടങ്ങളിൽ നിന്ന് ഈ ദ്വീപിലേയ്ക്ക് ധാരാളം യാത്രാബോട്ടുകൾ ദിവസവും സർവീസ് നടത്തുന്നു. കൂടാതെ ഈ ദ്വീപിലേയ്ക്ക് ദേശീയപാതകളിൽ ഏറ്റവും ചെറിയ പാത എന്നറിയപ്പെടുന്ന ദേശീയപാത 47A (കുണ്ടന്നൂർ - വെല്ലിങ്ടൺ ഐലന്റ്) വഴിയും എത്തിച്ചേരാം. [3]

അവലംബം

[തിരുത്തുക]
  1. കൊച്ചിയുടെ ഇതിഹാസവും റോബർട്ട് ബ്രിസ്റ്റോയും, കേരള ചരിത്രവും അതിന്റെ സ്രഷ്ടാക്കളും, എ.ശ്രീധരമേനോൻ (അദ്ധ്യായം 36 - പുറങ്ങൾ 236-41)
  2. "Society for Promotion of Nature Tourism and Sports - Lakshadweep Tourism". Archived from the original on 2009-03-03. Retrieved 2009-11-09.
  3. http://www.listkerala.com/highways_kerala.htm
"https://ml.wikipedia.org/w/index.php?title=വെല്ലിങ്‌ടൺ_ഐലൻഡ്‌&oldid=4109162" എന്ന താളിൽനിന്ന് ശേഖരിച്ചത്