Jump to content

തയ്ക്കുമ്പളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തയ്ക്കുമ്പളം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. melo
Binomial name
Cucumis melo

കുക്കുർബിറ്റേസി (Cucurbitaeceae) സസ്യകുടുംബത്തിൽപ്പെടുന്ന ഫലവർഗയിനമാണ് തയ്ക്കുമ്പളം. ശാസ്ത്രനാമം കുക്കുമിസ് മെലോ (Cucumis melo). കക്കിരിക്ക എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഉത്തരേന്ത്യയിലെ ഒരു പ്രധാന പച്ചക്കറിയാണിത്. ബീഹാർ, ഉത്തർപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഇത് വൻതോതിൽ കൃഷി ചെയ്യുന്നു. ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലും തയ്ക്കുമ്പളം കൃഷിചെയ്യുന്നുണ്ട്.

രൂപവിവരണം

[തിരുത്തുക]

നിലത്തുപടർന്നു വളരുന്ന വാർഷിക സസ്യമാണ് തയ്ക്കുമ്പളം. തണ്ട് കുറുകിയതും കോണീയവും നേർത്ത രോമങ്ങളുള്ളതുമാണ്. നീണ്ടപത്രവൃന്തങ്ങളോടു കൂടിയ ഇതിന്റെ ഇലകൾ ഏകാന്തരന്യാസരീതിയിൽ ക്രമീകരിച്ചിരിക്കുന്നു. ഹൃദയാകാരത്തിലുള്ള പത്രപാളിയുടെ അരിക് ദന്തുരമായിരിക്കും. ഇലയുടെ ഉപരിതലം രോമിലമാണ്. ഇലയുടെ കക്ഷ്യങ്ങളിൽ നിന്ന് പ്രതാനങ്ങളും പുഷ്പങ്ങളും ഉണ്ടാകുന്നു. ആദ്യം ഉണ്ടാകുന്നത് ആൺപുഷ്പങ്ങളാണ്. ഇവ കുലകളായിട്ടാണ് കാണപ്പെടുന്നത്. പുഷ്പങ്ങൾക്ക് 5 മുതൽ 7 ആയി വിഭജിക്കപ്പെട്ടിട്ടുള്ള നിറയെ രോമിലമായ ബാഹ്യദളപുടവും 5 മുതൽ 7 ആയി ആഴത്തിൽ വിഭജിക്കപ്പെട്ടിട്ടുള്ള ഒരു ദളപുടക്കുഴലും ഉണ്ട്. അഞ്ചു സംയോജിത കേസരങ്ങളുണ്ടായിരിക്കും. പരാഗകോശങ്ങളുടെ സംയോജകം പുറത്തേക്കു തള്ളി നിൽക്കുന്നു. പെൺപുഷ്പങ്ങൾക്ക് പട്ടുപോലെ മിനുസമുള്ളതും രോമിലവുമായ നിരവധി അണ്ഡങ്ങളുള്ള ഒരു അധസ്ഥിതിത അണ്ഡാശയമുണ്ടായിരിക്കും. പെൺപുഷ്പങ്ങളിൽ വളർച്ചയെത്താത്ത കേസരങ്ങളും കാണപ്പെടുന്നു. അണ്ഡാശയത്തിനു പുറമേനിന്നും സംയോജിത വർത്തിക പുറപ്പെടുന്നു. വർത്തികാഗ്രം അഞ്ചായി വിഭജിക്കപ്പെട്ടതാണ്.

ഫലത്തിന്റെ ആകൃതിയും രുചിയും

[തിരുത്തുക]

ഫലത്തിന്റെ ആകൃതിയിലും രുചിയിലും തയ്ക്കുമ്പളം വൈ വിധ്യം പുലർത്തുന്നു. ഫലങ്ങളുടെ പുറന്തൊലിക്ക് ഇളം മഞ്ഞയോ പച്ചയോ നിറമായിരിക്കും. ഉപരിതലം മിനുസമുള്ളതോ ജാലിതരൂപമോ പലതരം അടയാളങ്ങളോടു കൂടിയതോ ആയിരിക്കും. ഫലത്തിന്റെ കഴമ്പ് വെള്ള, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളിലോ ഇവയുടെ നിറഭേദങ്ങളിലോ ആയിരിക്കും. പോഷകമൂല്യമുള്ള ഈ ഫലം അപൂർവമായേ പാചകം ചെയ്ത് കറിയായി ഉപയോഗിക്കാറുള്ളൂ. മാംസ്യം, കൊഴുപ്പ്, കാത്സ്യം, കാർബോഹൈഡ്രേറ്റ്, നാര്, പഞ്ചസാര, ഇരുമ്പ്, ജീവകം 'സി', ജലാംശം എന്നിവ അടങ്ങിയതാണിത്.

കൃഷിയിറക്കു കാലം

[തിരുത്തുക]

നദീതീരങ്ങളിലെ മണൽ കലർന്ന മണ്ണിലാണ് ഇത് അധികവും കൃഷിചെയ്തുവരുന്നത്. നവംബർ-മാർച്ച് മാസങ്ങളാണ് കൃഷിയിറക്കു കാലം. ഒരു രാത്രി മുഴുവൻ വിത്തു കുതിർത്തുവച്ച ശേഷമാണ് വിതയ്ക്കുന്നത്. കായ്കളുടെ പുറംതൊലിയുടെ നിറഭേദമാണ് വിളവെടുപ്പിന് ആധാരം. മൂപ്പെത്തിയ ഫലങ്ങളുടെ ഞെട്ടിനുചുറ്റും വിള്ളലുണ്ടായി തണ്ടിൽ അടയാളം അവശേഷിപ്പിച്ചുകൊണ്ട് അടർന്നു താഴെ വീഴുന്നു.

രോഗങ്ങൾ

[തിരുത്തുക]

ചൂർണപൂപ്പ്, ഇലപ്പുള്ളിരോഗം, മൃദുരോമപ്പൂപ്പ്, ഇലപ്പേനുകൾ തുടങ്ങിയ രോഗങ്ങളും കീടങ്ങളും ഇതിനെ ബാധിക്കാറുണ്ട്. രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളെ നട്ടുവളർത്തുകയാണ് ഏറ്റവും നല്ല മാർഗം.

ചിത്രശാല

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തയ്ക്കുമ്പളം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തയ്ക്കുമ്പളം&oldid=3689852" എന്ന താളിൽനിന്ന് ശേഖരിച്ചത്