ആർ. ഹേലി
ആർ. ഹേലി | |
---|---|
കൃഷി വകുപ്പ് ഡയറക്ടർ | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1934 സെപ്റ്റംബർ ആറ്റിങ്ങൽ, തിരുവനന്തപുരം ജില്ല, കേരളം |
മരണം | 12 ഡിസംബർ, 2020 ആലപ്പുഴ |
ദേശീയത | ഇന്ത്യൻ |
പങ്കാളി | ഡോ. സുശീല |
കുട്ടികൾ | 2; ഡോ. എച്ച്. പൂർണിമ, പ്രശാന്ത് ഹേലി |
അൽമ മേറ്റർ | ഹെബ്ബാൾ കാർഷിക കോളജ് |
അവാർഡുകൾ | സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ‘കൃഷിഭാരതി’ പുരസ്കാരം |
കേരള സംസ്ഥാനത്തിന്റെ മുൻ അഗ്രികൾച്ചർ ഡയറക്‌ടറും കേരളത്തിലെ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ (FIB) ആദ്യത്തെ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറുമായിരുന്നു ആർ. ഹേലി.[1][2] കേരളത്തിലെ ഫാം ജേർണലിസത്തിന്റെ തുടക്കക്കാരനായിരുന്ന അദ്ദേഹം കാർഷിക രംഗം ആധുനികവത്കരിക്കാനും ലോകമെമ്പാടുമുള്ള കാർഷിക ഗവേഷണ ഫലങ്ങൾ തദ്ദേശീയ കർഷകരിൽ എത്തിക്കാനും അതിയായ ശ്രദ്ധ കൊടുത്തിരുന്നു.[3]
ജനനം, കുടുംബം
[തിരുത്തുക]ഈഴവ സമുദായത്തിൽ നിന്നും തിരുവിതാംകൂർ സർവീസിൽ നിയമിതനായ ആദ്യ ഗസറ്റഡ് ഓഫീസർ, എസ്.എൻ.ഡി.പി. യോഗം ദേവസ്വം സെക്രട്ടറി, ആറ്റിങ്ങൽ നഗരസഭയുടെ പ്രഥമ അധ്യക്ഷൻ എന്നീ നിലകളിൽ അറിയപ്പെടുന്ന പി.എം. രാമന്റെയും (രാമൻ രജിസ്ട്രാർ) ഭാരതിയുടെയും ഭാരതിയുടെയും പതിനൊന്ന് മക്കളിൽ ഇളയ മകനായി 1934 സെപ്റ്റംബറിൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ ആണ് ആർ. ഹേലി ജനിച്ചത്. [4] [5]) ട്രേഡ് യൂണിയൻ നേതാവും മുൻ എംഎൽഎയുമായിരുന്ന ആർ. പ്രകാശം, നിയമസഭാ സെക്രട്ടറിയായിരുന്ന ഡോ. ആർ. പ്രസന്നൻ, ഡെപ്യൂട്ടി ചീഫ് എൻജിനീയറായിരുന്ന ഹർഷൻ എന്നിവർ സഹോദരങ്ങളാണ്.[6][7]
ഏറ്റവും ഇളയ മകന് സൂര്യൻ എന്ന അർഥമുള്ള ഹേലി എന്ന പേരാണു മാതാപിതാക്കൾ അദ്ദേഹത്തിനു നൽകിയത്. [6] സാമൂഹ്യ പരിഷ്കർത്താവ് കൂടിയായിരുന്ന അച്ഛൻ രാമൻ ഹേലിയുടെ വ്യക്തിത്വത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. [8]
കേരള ആരോഗ്യ വകുപ്പിൽ നിന്നും സീനിയർ സിവിൽ സർജൻ ആയി വിരമിച്ച ഡോ. സുശീലയാണ് ഭാര്യ. ആലപ്പുഴ മെഡിക്കൽ കോളജിൽ ജനറൽ മെഡിസിൻ പ്രൊഫസറായ ഡോ. എച്ച്. പൂർണിമ, കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സെക്രട്ടറിയായ പ്രശാന്ത് ഹേലി എന്നിവർ മക്കളാണ്.[6]
വിദ്യാഭ്യാസം, ജോലി
[തിരുത്തുക]ബെംഗളൂരുവിലെ ഹെബ്ബാൾ കാർഷിക കോളജിൽനിന്നാണ് ഹേലി ബിരുദം പൂർത്തിയാക്കുന്നത്. 20–ാം വയസ്സിൽ റബർ ബോർഡിൽ ജൂനിയർ ഓഫിസറായി ജോലിയിൽ പ്രവേശിച്ചെങ്കിലും ഒരു വർഷത്തിനു ശേഷം അവിടുന്ന് രാജിവെച്ച് സംസ്ഥാന കൃഷി വകുപ്പിൽ ചേർന്നു. തിരുകൊച്ചി കൃഷി വകുപ്പിൽ കൃഷി ഇൻസ്‌പെക്ടർ ആയും മല്ലപ്പള്ളിയിൽ അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ ഓഫീസറായും ജോലി ചെയ്തിട്ടുണ്ട്.[9] കേരള കർഷകൻ മാസിക ആരംഭിച്ചതിനു പിന്നിൽ പ്രവർത്തിച്ച അദ്ദേഹം കേരള കർഷകൻ മാസികയുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.[10]
ഫാം ഇൻഫർമേഷൻ ബ്യൂറോയിലെ ജോലി
[തിരുത്തുക]കേരളത്തിലെ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ (FIB) ആദ്യത്തെ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറായിരുന്ന ആർ. ഹേലി. ഫാം ജേർണലിസമെന്ന ഒരു നൂതന പത്ര പ്രവർത്തനശാഖയുടെ തുടക്കക്കാരൻ കൂടിയാണ്.
കൃഷിയെയും കർഷകരെയും കർഷക സാഹിത്യത്തെയും മനസ്സിലാക്കാനും ഗവേഷണ ഫലങ്ങൾ ലളിതമായ ഭാഷയിൽ കർഷകരിൽ എത്തിക്കാനും ആണ് ഫാം ഇൻഫർമേഷൻ ബ്യുറോ ശ്രമിച്ചത്. ഇതിനായി ആകാശവാണി, കൈപ്പുസ്തകങ്ങൾ, ഡോക്യുമെന്ററി ഫിലിമുകൾ എന്നിവ ഉപയോഗിച്ചു.[11] തുടക്കത്തിൽ 500-ൽ താഴെ പ്രതികൾ മാത്രമുള്ള മാസത്തിലൊരിക്കൽ ഇറങ്ങിയിരുന്ന മാസിക പ്രചാരം വർദ്ധിച്ചതോടെ ദ്വൈവാരികയാക്കി.[11]
ഫാം ജേർണലിസം
[തിരുത്തുക]ഹരിത വിപ്ളവ കാലഘട്ടത്തിൽ ഹേലിയെ നെൽകൃഷിയിലെ പുതിയ സങ്കേതങ്ങൾ മനസ്സിലാക്കാൻ വേണ്ടി ഇന്തോനേഷ്യയും തായ്‌വാനും തായ്‌ലാൻഡും ഉൾപ്പെടെയുള്ള കിഴക്കനേഷ്യയിലെ പ്രധാന നെൽക്കൃഷി മേഖലയിൽ പരിശീലനത്തിനായി അയച്ചു. ഒരു വർഷത്തെ പരിശീലനത്തിനു ശേഷം തിരിച്ചെത്തിയ ഹേലി, നെൽക്കൃഷിയിൽ ലോകത്ത് വന്ന വമ്പിച്ച മാറ്റങ്ങളെപ്പറ്റി കേരളത്തിലെ മുഖ്യ പത്രങ്ങളിൽ തുടർച്ചയായി സരസമായും ലളിതമായും ലേഖന പരമ്പരകൾ എഴുതിത്തുടങ്ങി.[12] ആകാശവാണിയിലെ ‘വയലും വീടും’ പരിപാടിയും ഫാം ഇൻഫർമേഷൻ ബ്യുറോയും ചേർന്ന് ആരംഭിച്ച കാർഷിക വാർത്തകളും ഹേലിയുടെ നേതൃത്വത്തിലാണ് ആരംഭിക്കുന്നത്.[10] [13]
ഗ്രൂപ്പ് ഫാമിംഗ്
[തിരുത്തുക]കൃഷിമന്ത്രിയായിരുന്ന വി.വി. രാഘവൻ, ചെലവ് കുറച്ച് ഉല്പാദനം വർധിപ്പിക്കാൻ കേരളത്തിലെ നെൽകൃഷി മേഖലയിൽ നടപ്പിലാക്കിയ 'ഗ്രൂപ്പ് ഫാമിംഗ്' എന്ന കൂട്ടുകൃഷി വികസന പദ്ധതിയുടെ നടത്തിപ്പിൽ ഹേലിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു.[12]
ദൂരദർശനിലെ കാർഷിക പരമ്പരകൾ
[തിരുത്തുക]ഹേലി കൃഷിവകുപ്പിന്റെ തലവനായി വിരമിച്ച ശേഷം ദൂരദർശൻ അധികൃതരുടെ അഭ്യർത്ഥന പ്രകാരം ഹേലി ‘നൂറുമേനിയുടെ കൊയ്ത്തുകാർ’ എന്ന കാർഷിക പരമ്പരയുടെ ഭാഗമായി പ്രവർത്തിക്കാൻ തുടങ്ങി.[7]
കുട്ടനാട് പാക്കേജിലെ സംഘത്തിൽ
[തിരുത്തുക]പ്രമുഖ കാർഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥൻ നേതൃത്വം കൊടുത്ത കുട്ടനാട് പാക്കേജ് പഠന സംഘത്തിൽ ഡോ. രത്നം, ഡോ. ജെയിംസ്, ഡോ. കെ.ജി പത്മകുമാർ, ഡോ. കൃഷ്ണദാസ് എന്നിവർക്കൊപ്പം ഹേലിയും അംഗമായി.[6][14] കുട്ടനാട്ടിലെ കായൽ കൈയേറ്റത്തിനെതിരെ വാദിച്ചിരുന്ന ഹേലി, വേമ്പനാട്ട് കയലിൻെറ വിസ്തീർണം കുറയുകയാണ് എന്നും ഇനിയും അത് കുറയാൻ അനുവദിക്കരുത് എന്നും പറഞ്ഞിരുന്നു. കുട്ടനാടിന് പ്രത്യേക വികസന അതോറിറ്റി വേണമെന്നും അതിനായി നിയമസഭയിൽ ബില്ല് അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.[4]
വിരമിക്കലിനു ശേഷം
[തിരുത്തുക]1990 ൽ വിരമിച്ചതിനു ശേഷവും ഹേലി കൃഷി വിഷയത്തിൽ സർക്കാരിൻ്റെ ഉപദേശകനായി പ്രവർത്തിച്ചുവന്നിരുന്നു.[12] പല കൃഷിമന്ത്രിമാരും അദ്ദേഹവുമായി ആശയവിനിമയം നടത്തുകയും അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ തേടുകയും ചെയ്തിരുന്നു. കേരള കാർഷിക നയരൂപീകരണ സമിതിയിലെ അംഗമെന്ന നിലയിലും ഹേലി പ്രവർത്തിച്ചിട്ടുണ്ട്.[10] സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ‘കൃഷിഭാരതി’ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ തേടിയെത്തി.[6] പാൽ, മുട്ട, മാംസ്യം എന്നിവയിൽ സംസ്ഥാനത്തിന് ഏകദേശം സ്വയം പര്യാപ്തത കൈവരുന്നത് സി. ദിവാകരൻ ഭക്ഷ്യ സിവിൽ സപ്ളൈസ്, ക്ഷീര മൃഗസംരക്ഷണവകുപ്പ് മന്ത്രിയായിരിക്കെ ഹേലി സമർപ്പിച്ച കമ്മിറ്റി റിപ്പോർട്ട് പ്രകാരമായിരുന്നു.[11]
ആർ. ഹേലി കമ്മിറ്റിയുടെ ശുപാർശകൾ
[തിരുത്തുക]പാൽ,മുട്ട,മാംസം എന്നീ ഭക്ഷ്യസാധനങ്ങളുടെ ഉത്‌പാദനം വർദ്ധിപ്പിക്കാനും അന്നത്തെ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദൻ നിർദ്ദേശിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഭക്ഷ്യ സിവിൽ സപ്ളൈസ്, ക്ഷീര മൃഗസംരക്ഷണവകുപ്പ്മന്ത്രി സി. ദിവാകരൻ ആർ. ഹേലിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപികരിച്ചു. ഈ കമ്മിറ്റിയുടെ ശുപാർശകൾ കേരളത്തിലെ മൃഗസംരക്ഷണ ക്ഷീരവകുപ്പിന്റെ ചരിത്രത്തിൽ പ്രാധാന്യം അർഹിക്കുന്ന ഒന്നായി മാറി. [15]
റിപ്പോർട്ടിൽ ആർ. ഹേലി 58 നിർദ്ദേശങ്ങളാണ് മുന്നോട്ടുവച്ചത്. പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന് ക്ഷീരകർഷകനെയും അവന്റെ കുടുംബത്തെയും ശക്തമായ അടിത്തറയിൽ നിലനിറുത്തുക, ചെറുകിട ക്ഷീരോല്പാദകരോടൊപ്പം, അമ്പതും നൂറും പശുക്കളെ സംരക്ഷിക്കുന്ന ഹൈടെക് ഡയറി ഫാമുകൾ പൊതുമേഖലയിൽ ആരംഭിക്കണം, പാലിനും മറ്റ് ഉത്‌പന്നങ്ങൾക്കും ന്യായമായ വില, കുടുംബത്തിന് ക്ഷേമപദ്ധതി, ക്ഷീരകർഷകന് പെൻഷൻ, പ്രാഥമിക ക്ഷീരകർഷക സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ സഹകരണ സംഘങ്ങളിലെ ജീവനക്കാരോടൊപ്പം ഏകീകരിക്കുക, കാലിത്തീറ്റ മിതമായ വിലയ്ക്ക് വിതരണം, തീറ്റപ്പുൽ കൃഷിപ്രോത്സാഹനം, ഗ്രാമങ്ങളിൽ ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമായി കോഴി, താറാവ്, ആട് എന്നിവ വിതരണം ചെയ്യുക എന്നിവ ഉൾപ്പെടുന്നു. ഹേലി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലാദ്യമായി കാലിത്തീറ്റ സബ്‌സിഡി നടപ്പിലാക്കി.
എഴുത്ത്
[തിരുത്തുക]സർവേ ഓഫ് ഇംപോർട്ടന്റ് അഗ്രിക്കൾച്ചറൽ മാർക്കറ്റ്സ് ഇൻ കേരള, ഫലവൃക്ഷങ്ങൾ, ഗ്രാമ്പു, തേൻപഴക്കൂട, ഫാം ജേർണലിസം, വനില, കൃഷിപാഠം തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലുള്ള ഗ്രന്ഥങ്ങൾക്കു പുറമേ ഹേലി മലയാളത്തിലും ഇംഗ്ലീഷിലുമായി കാർഷിക സംബന്ധിയായ ആറായിരത്തിലധികം ലേഖനങ്ങളെഴുതി. [6] കൃഷിയുടെ ആദിമ ചരിത്രം മുതൽ ആധുനിക കൃഷിരീതികൾ വരെ സമഗ്രമായി പ്രതിപാദിച്ചിട്ടുള്ള ഒരു സമ്പൂർണ കാർഷിക കൃതിയാണ് അദ്ദേഹത്തിൻ്റെ 'കൃഷിപാഠം സമ്പൂർണ കാർഷിക വിജ്ഞാന ഗ്രന്ഥം' [4] കൃഷിയുടെ വിശ്വവിജ്ഞാനകോശം എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ആയിരത്തിലധികം പേജുകളുള്ള അദ്ദേഹത്തിന്റെ 'കൃഷിപാഠങ്ങൾ' എന്ന ഗ്രന്ഥം ഏഴ് എഡിഷനുകളിലായി പ്രസിദ്ധീകരിക്കപ്പെട്ടു.[12][16] കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനായി ഹേലി രചിച്ച് 1987 ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച ഫാം ജേർണലിസം, ഗ്രാമ്പു, വാനില, വീട്ടുവളപ്പിലെ കൃഷി എന്നിവ ശ്രദ്ധേയ ഗ്രന്ഥങ്ങളാണ്.[11]
ശിവഗിരിമഠം പ്രസിദ്ധീകരിച്ച ശ്രീനാരായണ ഗുരുദേവ കൃതികളുടെ എക്സിക്യൂട്ടീവ് എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. [17]
അന്ത്യം
[തിരുത്തുക]12 ഡിസംബർ 2020 ന് തൻ്റെ എൺപത്തിയേഴാം വയസ്സിൽ ആലപ്പുഴയിൽ വെച്ച് ഹേലി അന്തരിച്ചു. [18][19] ഭൗതിക ശരീരം ആറ്റിങ്ങൽ മൂന്നുമുക്കിലെ സ്വവസതിയായ ‘പേൾ ഹില്ലിൽ’ സംസ്കരിച്ചു.[6]
അവലംബം
[തിരുത്തുക]- ↑ "Agriculture expert Heli passes away". The Hindu. 2020-12-13. Retrieved 2020-12-19.
- ↑ "Pinarayi Vijayan to inaugurate 50th anniversary fete of FIB". The Hindu. 2019-11-19. Retrieved 2020-12-19.
- ↑ Daily, Keralakaumudi. "ആർ. ഹേലി കാർഷികരംഗത്തെ ആധുനികവത്കരിച്ചു: മുഖ്യമന്ത്രി" (in ഇംഗ്ലീഷ്). Retrieved 2022-12-16.
- ↑ 4.0 4.1 4.2 സുനിൽ, ഡോ ആർ (2020-12-13). "കൃഷിയുടെ പര്യായമായ ആർ. ഹേലി | Madhyamam". Retrieved 2022-12-16.
{{cite web}}
: zero width space character in|first=
at position 5 (help); zero width space character in|last=
at position 3 (help) - ↑ Daily, Keralakaumudi. "ഒരു നിയോഗം പോലെ ഗുരുദേവ കൃതികളുടെ സമ്പൂർണ്ണ വ്യാഖ്യാനം" (in ഇംഗ്ലീഷ്). Retrieved 2022-12-16.
- ↑ 6.0 6.1 6.2 6.3 6.4 6.5 6.6 "പ്രമുഖ കൃഷി ശാസ്ത്രജ്ഞൻ ആർ. ഹേലി ഓർമയായി". Retrieved 2022-12-16.
- ↑ 7.0 7.1 exceditor (2020-12-17). "ആർ.ഹേലിയും കേരളത്തിലെ കൃഷിയും" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-12-16.
- ↑ "ആർ ഹേലിയും കേരളത്തിലെ കൃഷിയും". Retrieved 2022-12-16.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;:3
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 10.0 10.1 10.2 "ആർ ഹേലി: ഫാം ജേർണലിസത്തിന്റെ ഉപജ്ഞാതാവ്" (in അമേരിക്കൻ ഇംഗ്ലീഷ്). 2021-12-12. Retrieved 2022-12-16.
- ↑ 11.0 11.1 11.2 11.3 Daily, Keralakaumudi. "കാർഷികരംഗം ആർ. ഹേലിയെ സ്‌മരിക്കുമ്പോൾ" (in ഇംഗ്ലീഷ്). Retrieved 2022-12-16.
- ↑ 12.0 12.1 12.2 12.3 Daily, Keralakaumudi. "അക്ഷരങ്ങളിൽ വിളഞ്ഞ വയൽസൂര്യൻ" (in ഇംഗ്ലീഷ്). Retrieved 2022-12-16.
- ↑ Kerala PRD. "ആർ. ഹേലിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു". Kerala PRD. Kerala PRD. Retrieved 16 Dec 2022.
- ↑ "കൃഷിയെക്കുറിച്ചുള്ള എഴുത്തുകൾ ഇഷ്ടമുള്ളവരാണോ ? അറിയണം ആരായിരുന്നു ആർ. ഹേലി എന്ന്". 2020-12-14. Retrieved 2022-12-16.
- ↑ Daily, Keralakaumudi. "ഹേലി റിപ്പോർട്ടും ക്ഷീരകർഷകരും" (in ഇംഗ്ലീഷ്). Retrieved 2022-12-16.
- ↑ "ആർ ഹേലി ; കാർഷിക വൈജ്ഞാനിക രംഗത്തെ സൂര്യശോഭ". Retrieved 2022-12-16.
- ↑ Daily, Keralakaumudi. "ഒരു നിയോഗം പോലെ ഗുരുദേവ കൃതികളുടെ സമ്പൂർണ്ണ വ്യാഖ്യാനം" (in ഇംഗ്ലീഷ്). Retrieved 2022-12-16.
- ↑ "കൃഷി ശാസ്ത്രജ്ഞൻ ആർ ഹേലി അന്തരിച്ചു • Suprabhaatham". Retrieved 2022-12-16.
- ↑ Daily, Keralakaumudi. "കൃഷി ശാസ്ത്രജ്ഞൻ ആർ. ഹേലിക്ക് വിട" (in ഇംഗ്ലീഷ്). Retrieved 2022-12-16.