Jump to content

അബ്ദുൽ റഹ്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കൊർഡോവയിലെ അഞ്ചു സുൽത്താൻമാർ ഈ പേരിൽ അറിയപ്പെടുന്നു.

അബ്ദുൽ റഹ്മാൻ I

[തിരുത്തുക]

ഉമയ്യാദ് വംശത്തിന്റെ ശാഖ കൊർഡോവയിൽ സ്ഥാപിച്ച ഖലീഫയാണ് അബ്ദുൽ റഹ്മാൻ I (ഭരണ കാലം 731-788) അറബി: عبد الرحمن الداخل. ഡമാസ്കസിലെ പത്താമത്തെ ഉമയ്യാദ് ഖലീഫയായിരുന്ന ഹിഷാമിന്റെ പൌത്രനായി 731-ൽ ജനിച്ചു. അബ്ദുൽ റഹ്മാൻ ഇബ്നു മുആവിയ ഇബ്നു ഹിഷാം 756-ൽ കൊർഡോവയിലെ സുൽത്താനായി. ഡമാസ്കസ് തലസ്ഥാനമാക്കി ഭരിച്ചിരുന്ന ഉമയ്യാദ് വംശജരെ കൂട്ടത്തോടെ കൊന്നൊടുക്കി അബ്ബാസിയ്യപക്ഷക്കാർ ഭരണം സ്ഥാപിച്ചു (750). ആ കൂട്ടക്കൊലയിൽനിന്നും അത്ഭുതകരമാംവണ്ണം രക്ഷപ്പെട്ട അബ്ദുൽ റഹ്മാൻ സ്പെയിനിൽ അഭയം പ്രാപിച്ചു. തമ്മിൽ കലഹിച്ച് ഭരണകൂടത്തെ ബലഹീനമാക്കിയിരുന്ന സ്പെയിനിലെ മുസ്ലിങ്ങൾ അബ്ദുൽ റഹ്മാനെ സസന്തോഷം സുൽത്താനായി അംഗീകരിച്ചു (756). സ്വന്തം മേധാശക്തികൊണ്ടും ശരിയായ നേതൃത്വംകൊണ്ടും ജനങ്ങളുടെ ഇടയിലുണ്ടായിരുന്ന കലഹങ്ങൾ അവസാനിപ്പിക്കാനും കൊർഡോവ കേന്ദ്രമാക്കി ഒരു ഭരണകൂടം കെട്ടിപ്പടുക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു. ശക്തമായ ഒരു സൈന്യത്തിന്റെ സഹായത്തോടുകൂടി അറബിപ്രഭുക്കൻമാരുടെ അധികാരമത്സരം അവസാനിപ്പിക്കുകയും, അബ്ബാസിയ്യ ഖലീഫമാർ സ്പെയിൻ പിടിച്ചടക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുത്തുകയും ചെയ്തു. അബ്ബാസിയ്യ വംശജനും അൽ ആന്തലൂസ് ഗവർണറുമായിരുന്ന യൂസുഫ് അൽ ഫിഹ്രി രാജ്യാവകാശം പുറപ്പെടുവിച്ചതു കാരണം രാജ്യത്തിന്റെ ഉത്തരഭാഗങ്ങൾ കീഴടക്കാൻ അബ്ദുൽ റഹ്മാന് കഴിഞ്ഞില്ല. ടെളിഡോയിൽവച്ച് അൽ ഫിഹ്രി വധിക്കപ്പെട്ടതിനെ (758) തുടർന്ന് ഇദ്ദേഹം പൂർണ ഭരണാധികാരിയായി. 777-ൽ ബാർസലോണയിലെ ഗവർണറുടെ നേതൃത്വത്തിൽ അബ്ബാസിയ്യ പക്ഷക്കാർ സുൽത്താനെതിരായി ഒരു സഖ്യം ഉണ്ടാക്കുകയും ഷാർലെമെയ്ൻ (742-814) ചക്രവർത്തിയുടെ സഹായം തേടുകയും ചെയ്തു. ഷാർലെമെയ്ൻ 778-ൽ സ്പെയിൻ ആക്രമിച്ചുവെങ്കിലും പിൻവാങ്ങുകയുണ്ടായി. പിരണീസിൽക്കൂടി തിരിച്ചുവന്ന അദ്ദേഹത്തിന്റെ സൈന്യത്തെ റോൺസെസ്വാലസ് ചുരത്തിൽവച്ച് ബാസ്കുകൾ പതിയിരുന്നു വധിച്ചു.

കൊർഡോവയിലെ കൊട്ടാരവും പ്രസിദ്ധമായ പള്ളിയും അതിനോടനുബന്ധിച്ച സ്കൂളുകളും ആശുപത്രികളും സ്ഥാപിച്ചത് അബ്ദുൽ റഹ്മാൻ I ആയിരുന്നു. പട്ടണത്തിന് ആവശ്യമായ ശുദ്ധജലം കൊണ്ടുവരുന്നതിന് ഒരു ജലപ്രണാളിയും (Aqueduct), നഗരത്തിലാകെ മനോഹരങ്ങളായ പൂന്തോട്ടങ്ങളും നിർമിച്ചു. തന്റെ യഹൂദ-ക്രിസ്ത്യൻ പ്രജകളോട് സമഭാവനയോടെ പെരുമാറാനും വിവിധ ദേശക്കാരായ മുസ്ലിം പ്രജകളുടെയിടയിൽ സാംസ്കാരികൈക്യം വളർത്താനും ഇദ്ദേഹം പരിശ്രമിച്ചു. മുസ്ലിം സ്പെയിനിൽ നാമ്പെടുത്തു വികസിച്ച യൂറോപ്യൻ നവോത്ഥാനത്തിന് അടിത്തറ പാകിയതും ഇദ്ദേഹമായിരുന്നു. 788 സെപ്റ്റംബറിൽ കൊർഡോവയിൽവച്ച് ഇദ്ദേഹം അന്തരിച്ചു.

അബ്ദുൽ റഹ്മാൻ II

[തിരുത്തുക]

കൊർഡോവയിലെ ഉമയ്യാദ് സുൽത്താൻമാരിൽ നാലാമനായിരുന്നു അബ്ദുൽ റഹ്മാൻ ഇബ്നു അൽഹക്കം. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് (822-852) ഹിസ്പാനോ-മുസ്ലിം സംസ്കാരത്തിൽ ആകർഷിക്കപ്പെട്ട നഗരവാസികളായ ക്രിസ്ത്യാനികൾ ധാരാളമായി അറബിഭാഷ പഠിക്കാനും മുസ്ലിം ജീവിതരീതി അനുകരിക്കാനും തുടങ്ങി. ഇതിൽ ഭീതിപൂണ്ട ക്രിസ്ത്യാനികൾ നാട്ടിന്റെ നാനാഭാഗത്തും അസ്വസ്ഥതകൾ ഇളക്കിവിട്ടു. ഈ അസ്വസ്ഥതകളും ഫ്രാങ്കുകളുമായുള്ള യുദ്ധാവസ്ഥയും നിലവിലിരിക്കെത്തന്നെ, കലകളും ശാസ്ത്രവും വികസിപ്പിക്കാനും മരാമത്തുപണികളും വ്യാപാരവുംകൊണ്ട് ജനങ്ങളുടെ സാമ്പത്തികനില അഭിവൃദ്ധിപ്പെടുത്താനും അബ്ദുൽ റഹ്മാൻ പരിശ്രമിച്ചു. സംഗീതാദി സുകുമാരകലകൾ വികസിച്ചുവളർന്നു. വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയിൽ വളരെയേറെ പുരോഗതിയുണ്ടായി. ബാഗ്ദാദിൽനിന്നും ഓടിപ്പോന്ന സിര്യാബ് എന്ന സംഗീതജ്ഞനെ രാജസേവകരുടെയിടയിൽ പ്രധാന സ്ഥാനം നൽകി ഇദ്ദേഹം ആദരിച്ചു. കൊർഡോവയിൽവച്ച് 852 സെപ്റ്റംബർ 22-ന് ഇദ്ദേഹം നിര്യാതനായി.

അബ്ദുൽ റഹ്മാൻ III

[തിരുത്തുക]

അബ്ദുൽ റഹ്മാൻ ഇബ്നു മുഹമ്മദ് ഇബ്നു അബ്ദുല്ല കൊർഡോവയിലെ ഉമയ്യാദ് സുൽത്താൻമാരിൽ എട്ടാമനും പ്രഗല്ഭനും ആയിരുന്നു അറബി: عبد الرحمن الثالث‎;. 22-ആമത്തെ വയസ്സിൽ അധികാരമേറ്റ (891-961) സുൽത്താൻ കണ്ടത് ബലഹീനമായ അറബിഗോത്രങ്ങളെയും, ക്രിസ്ത്യൻ രാജാക്കൻമാരുടെ ആക്രമണഫലമായും മുസ്ലിം പ്രഭുക്കൻമാരുടെതന്നെ സ്വാതന്ത്ര്യ പ്രഖ്യാപനംവഴിയായും ചുരുങ്ങിപ്പോയ ഒരു രാജ്യത്തെയും ആയിരുന്നു. അബ്ദുൽ റഹ്മാൻ തന്റെ അര നൂറ്റാണ്ടുകാലത്തെ ഭരണംകൊണ്ട് ഈ ദുഃസ്ഥിതികൾക്ക് അറുതി വരുത്തുകയും കൊർഡോവയെ യൂറോപ്പിലെ ഏറ്റവും പരിഷ്കൃതനഗരമാക്കിത്തീർക്കുകയും ചെയ്തു. തന്റെ എതിരാളികളെ തോല്പിച്ചു കൊർഡോവയുടെ പഴയ വൈപുല്യം പുനഃസ്ഥാപിച്ചശേഷം ലിയോണിലെയും നവാറെയിലെയും ക്രിസ്ത്യൻരാജാക്കൻമാരെക്കൊണ്ട് കൊർഡോവയുടെ അധീശാധികാരം അംഗീകരിപ്പിച്ചു. ഇതിനിടയിൽ സ്പെയിനിൽ ആധിപത്യം ഉറപ്പിക്കാനുള്ള ടൂണീഷ്യയിലെ ഫാത്തിമിയ്യ ഭരണകൂടത്തിന്റെ ശ്രമം വിഫലമാക്കി. ഫാത്തിമിയ്യ ഖലീഫമാരുടെ ഖിലാഫത്ത് അവകാശവാദത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ ഖലീഫ സ്ഥാനം സ്വയം സ്വീകരിക്കുകയും ചെയ്തു (929). ഫാത്തിമിയ്യ ഭീഷണി അവസാനിപ്പിക്കാനായി മെഡിറ്ററേനിയനിലെ ഏറ്റവും വലിയ നാവികസേന രൂപവത്കരിച്ചു ടൂണീഷ്യയുടെ തീരപ്രദേശങ്ങൾ ആക്രമിച്ചു മൊറോക്കൊയും ക്യൂട്ടായും കൈയടക്കി. 939-ൽ നവാറെയ്ക്കെതിരായി നടത്തിയ യുദ്ധത്തിൽ മാത്രമേ അബ്ദുൽ റഹ്മാൻ പരാജയപ്പെട്ടുള്ളൂ.

ശക്തമായ ഒരു ഭരണക്രമം സ്ഥാപിക്കാനാണ് അബ്ദുൽ റഹ്മാൻ തന്റെ ശേഷിച്ച ജീവിതകാലം വിനിയോഗിച്ചത്. സാമ്പത്തികമായും സാംസ്കാരികമായും അഭിവൃദ്ധി പ്രാപിച്ചിരുന്ന കൊർഡോവ യൂറോപ്യൻ നഗരങ്ങളുടെ റാണിയായി അക്കാലത്ത് കരുതപ്പെട്ടിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് രാജകുമാരൻമാരും പ്രഭുക്കൻമാരും വൈദികരും കൊർഡോവയിൽ എത്തിക്കൊണ്ടിരുന്നു.

936-ൽ ആരംഭിച്ച അൽസഹ്രാഉ എന്ന രാജസൌധത്തിന്റെ പണി രണ്ടു തലമുറക്കാലം നീണ്ടുനിന്നു. മാർബിൾ കൊണ്ട് നിർമിതമായ ഈ സൌധം അക്കാലത്തെ മഹാദ്ഭുതങ്ങളിൽ ഒന്നായിരുന്നു. അബ്ദുൽ റഹ്മാന്റെ രാജധാനിയിൽ പണ്ഡിതൻമാരും കലാകാരൻമാരും ശില്പികളും വൈദ്യവിശാരദൻമാരും ഉണ്ടായിരുന്നു.

അബ്ദുൽ റ്ഹ്മാൻ IV, V

[തിരുത്തുക]

അബ്ദുൽ റഹ്മാൻ IV-ആമനും (ഭ.കാ. 1018-23) അബ്ദുൽ റഹ്മാൻ V-ആമനും (ഭ.കാ. 1023-24) സ്പെയിനിലെ ഉമയ്യാദ് രാജവംശത്തിന്റെ അധഃപതനകാലത്ത് ഭരിച്ചിരുന്ന രണ്ടു രാജാക്കൻമാർ ആയിരുന്നു.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ദുൽ റഹ്മാൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബ്ദുൽ_റഹ്മാൻ&oldid=3603805" എന്ന താളിൽനിന്ന് ശേഖരിച്ചത്