Jump to content

സിഗ്‌ബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ZigBee എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിഗ്‌ബി(ZigBee) എന്നത് വയർലെസ് പേഴ്സണൽ ഏരിയ നെറ്റ്വർക്കുകൾക്കുള്ള (WPAN) വ്യവസ്ഥയായ IEEE 802.15.4-ൽ അധിഷ്ഠിതമായ, ചെറുതും, വളരെ കുറച്ചുമാത്രം ഊർജ്ജം ആവശ്യമുള്ളതുമായ ഡിജിറ്റൽ റേഡിയോകൾ ഉപയോഗിച്ചുള്ള വിവരകൈമാറ്റത്തിനുപയോഗിക്കുന്ന ഉന്നതതല കമ്യൂണിക്കേഷൻ പ്രോട്ടോക്കോളുകളുടെ ഒരു ഗണം ആണ്‌. നീണ്ട ബാറ്ററി ആയുസ്സും, താഴ്ന്ന വിവരകൈമാറ്റ തോതും, സുരക്ഷിതമായ നെറ്റ്വർക്കിങും ആവശ്യമായ RF ആപ്ലിക്കേഷനുകളെയുദ്ദേശിച്ചാണ്‌ സിഗ്ബി പ്രധാനമായും രൂപപ്പെടുത്തിയിരിക്കുന്നത്. ഹോം ഓട്ടോമേഷൻ ഡിവൈസുകളിലും സ്മാർട്ട് എനർജി ഡിവൈസുകളിലും കൂട്ടിച്ചേർക്കമട്ടിൽ ഇപ്പോൾത്തന്നെ വ്യാപകമായ് കണ്ടുവരുന്ന സിഗ്ബിയെ, ദി ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നാണ് വിശേഷിപ്പിക്കുന്നത്.

വിശദീകരണം

[തിരുത്തുക]

വീടുകളിലെ ഹോം തിയേറ്റർ യൂണിറ്റ്‌, ഫയർ അലാം ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ, എയർ കണ്ടീഷണർ, അടുക്കള ഉപകരണങ്ങൾ എന്നിവയൊക്കെ പ്രവർത്തിപ്പിക്കുന്നത്‌ ഒറ്റ റിമോട്ട്‌ കൺട്രോളർ ഉപയോഗിച്ചാണെങ്കിൽ ഏറെ സൗകര്യപ്രദമായിരിക്കും. ഇന്നത്‌ സാധ്യമല്ലെങ്കിലും നാളെ അത്‌ സാധ്യമാക്കാൻ കഴിയുമെന്നു വിശ്വസിക്കപ്പെടുന്ന ഒരു സാങ്കേതികവിദ്യയാണ് സിഗ്ബി. ബ്ലൂടൂത്ത്, ഇൻഫ്രാറെഡ്‌ എന്നിവയ്‌ക്ക്‌ ശേഷമുള്ള ആഗോള കമ്യൂണിക്കേഷൻ പ്രോട്ടോക്കോൾ മാനദണ്ഡമാണ്‌ സിഗ്ബി. കമ്പ്യൂട്ടറുകളെയും അനുബന്ധ ഉപകരണങ്ങളെയും തമ്മിൽ ഡിജിറ്റൽ റേഡിയോ തരംഗങ്ങളിലൂടെ ബന്ധപ്പെടുത്താവുന്ന വയർലെസ്സ്‌ പെഴ്‌സണൽ ഏരിയാ നെറ്റ്‌ വർക്കിംഗിന്റെ (WPAN) സ്‌പെസിഫിക്കേഷൻ ആണ്‌ സിഗ്‌ബി. IEEE 802.15.4 നെറ്റ്‌വർക്കിംഗ്‌ സ്‌റ്റാൻഡേർഡിന്‌ കീഴിലുള്ളതാണിത്‌. ബ്ലൂടൂത്ത്‌, ഇൻഫ്രാറെഡ്‌ എന്നിവയെ അപേക്ഷിച്ച്‌ ഡാറ്റാ കൈമാറ്റത്തിന്റെ തോത്‌ സിഗ്‌ബി ഉപകരണങ്ങളിൽ കുറവായിരിക്കും. അതുകൊണ്ടുതന്നെ ഈ ഉപകരണങ്ങളുടെ ബാറ്ററി കാലാവധി കൂടുതലുമായിരിക്കും. സാധാരണ ഇത്തരം സംവിധാനത്തിന്റെ പ്രവർത്തനപരിധി വളരെ കുറവാണ്‌. സിഗ്‌ബിയുടെ കാര്യത്തിൽ അത്‌ 30 അടി വരെയേ ഉണ്ടാകൂ. എങ്കിലും ഇതിന്റെ നെറ്റ്‌വർക്കിന്‌ നിരവധി ലെയറുകളുണ്ടാകും. ഈ ലെയറുകളാകട്ടെ സിഗ്‌ബി സ്‌റ്റാൻഡേർഡിലുള്ള ഉപകരണങ്ങൾക്ക്‌ നിരവധി സൗകര്യങ്ങളായിരിക്കും ചെയ്‌തുകൊടുക്കുക;അതായത്‌ കുറഞ്ഞ ചെലവ്‌, സ്ഥായിയായ വിവരകൈമാറ്റം, കുറഞ്ഞ ദൂര പരിധിയിലെ പ്രവർത്തനം, കുറഞ്ഞ ഊർജ ഉപയോഗം, ആവശ്യമായ സുരക്ഷാ സംവിധാനം എന്നിങ്ങനെ.

ബ്ലൂടൂത്ത്‌ സാങ്കേതികത ഉള്ളപ്പോൾ പിന്നെന്തിന്‌ സിഗ്‌ബി എന്ന ചോദ്യം ഉയരാം. ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന വയർലെസ്സ്‌ സാങ്കേതികത എന്നാണ്‌ ഇതിന്‌ ഉത്തരം നൽകാനാവുന്നത്‌. ബ്ലൂടൂത്തിന്റെ ബാൻഡ്‌വിഡ്‌ത്ത്‌ 1 എം.ബി.പി.എസ്‌. ആയിരിക്കുമ്പോൾ സിഗ്‌ബിയുടേത്‌ ഇതിന്റെ നാലിലൊന്നേ വരൂ. അതുപോലെ ഇതിന്റെ പ്രോട്ടോക്കോൾ സ്‌റ്റാക്ക്‌ സൈസും മറ്റുള്ള വയർലെസ്‌ സാങ്കേതികതയെ അപേക്ഷിച്ച്‌ മൂന്നിലൊന്ന്‌ മാത്രമേ ഉണ്ടാകൂ. ഇതിലൊക്കെ ഉപരിയായി, വയർലെസ്‌ യു.എസ്‌.ബികൾ, ഹാൻഡ്‌സെറ്റുകൾ, ഹെഡ്‌സെറ്റുകൾ എന്നിവയെയാണ്‌ ബ്ലൂടൂത്ത്‌ ലക്ഷ്യം വക്കുന്നതെങ്കിൽ സിഗ്‌ബിയുടെ മേഖലയാകട്ടെ സെൻസറുകൾ, റിമോട്ട്‌ കൺട്രോളുകൾ, ബാറ്ററി ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന ഉൽപന്നങ്ങൾ തുടങ്ങിയവയാണ്‌. സിഗ്‌ബി റോഡുകളുടെ വേക്കപ്പ് ടൈം 30 മില്ലീ സെക്കൻഡിലും താഴെയാണ്, പക്ഷെ ബ്ലൂടൂത്തിന്റേത് കുറഞ്ഞത് 3 സെക്കൻഡുകളാണ്. എങ്കിലും ഇത്‌ ബ്ലൂടൂത്തുമായി മത്സരിക്കാനുള്ളതോ അല്ലെങ്കിൽ അതിന്‌ അനുബന്ധമാകുന്നതോ ആയ സാങ്കേതികത ആയിരിക്കില്ല. മറിച്ച്‌, മറെറാരു മേഖലയിലെ ആപ്ലിക്കേഷനുകളെ ലക്ഷ്യം വച്ചുള്ളതായിരിക്കുമിത്‌.

സിഗ്ബി കൂട്ടായ്മ

[തിരുത്തുക]

സിഗ്‌ബി അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങളുടെ ഉത്‌പാദനത്തിനായി ഒരുകൂട്ടം കമ്പനികൾ ചേർന്ന്‌ ഒരു സിഗ്‌ബി അലയൻസ്‌ ഉണ്ടാക്കിയിട്ടുണ്ട്‌. ഇതിൽ അംഗമായിക്കഴിഞ്ഞാൽ ആഗോള മാനദണ്ഡത്തിന്‌ അനുസൃതമായി സിഗ്‌ബി ചിപ്‌സെറ്റുകൾ ഉപയോഗിച്ച്‌ ഉപകരണങ്ങൾ നിർമ്മിക്കാം. ഫിലിപ്‌സ്‌, മോട്ടോറോള, ഇന്റൽ, എച്ച്‌.പി. തുടങ്ങിയ വൻകിട കമ്പനികളുൾപ്പടെ ഇരുന്നൂറിലധികം കമ്പനികൾ ഈ കൂട്ടായ്‌മയിൽ ഇപ്പോൾ അംഗങ്ങളാണ്‌.

ഏറെ താമസിയാതെ ടി.വിയും ഫ്രിഡ്‌ജും മ്യൂസിക്‌ സിസ്‌റ്റവുമൊക്കെ ഒറ്റ റിമോട്ട്‌ കൺട്രോൾ കൊണ്ട്‌ നമുക്ക്‌ നിയന്ത്രിക്കാനുമാകും.

അവലംബം

[തിരുത്തുക]


ഇതും കാണുക

[തിരുത്തുക]

IEEE 802

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സിഗ്‌ബി&oldid=3970813" എന്ന താളിൽനിന്ന് ശേഖരിച്ചത്