ട്രൈക്കോനോഡോന്റ
ട്രൈക്കോനോഡോന്റ Temporal range: അന്ത്യ ട്രയാസ്സിക് - അന്ത്യ ക്രിറ്റേഷ്യസ്
| |
---|---|
ഗോബികോണോഡോൺ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | Triconodonta Osborn, 1888
|
Families | |
Amphilestidae |
ട്രൈക്കോനോഡോന്റിഡെ കുടുംബത്തിൽപ്പെടുന്ന വിലുപ്ത സസ്തനിയാണ് ട്രൈക്കോനോഡോന്റ. ഉത്തരാർധ ഗോളത്തിൽ ട്രയാസ്സിക് അന്ത്യഘട്ടത്തിലും ജുറാസ്സിക്, ക്രിട്ടേഷ്യസ് കല്പങ്ങളിലും ഇതിലുൾപ്പെടുന്ന സസ്തനി വർഗങ്ങൾ ജീവിച്ചിരുന്നതായി രേഖകളുണ്ട്. ആഫ്രിക്കയിൽ നിന്നു ലഭിച്ച ആദ്യകാല ജൂറാസിക് കല്പത്തിന്റേയും മധ്യജൂറാസിക് കല്പത്തിന്റേയും രേഖകളും തെക്കേ അമേരിക്കയിൽ നിന്നു ലഭിച്ച അന്ത്യക്രിട്ടേഷ്യസ് കല്പത്തിന്റെ രേഖകളും ഇവ ദക്ഷിണാർധഗോളത്തിലും ഈ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്നതായി തെളിവു നൽകുന്നു.
എല്ലാ ട്രൈക്കോനോഡോന്റകളിലും തലയോട്ടി - താടിയെല്ല് സന്ധിയുടെ ഒരു ഭാഗമായിട്ടാണ് ദന്തികാസ്ഥിയും ശൽക്കാസ്ഥിയും സ്ഥിതിചെയ്യുന്നത്. ചില ആദിമ സസ്തനികളിലും സന്ധിക, ഹനുസന്ധി ഗണ്ഡിക, ഹനുസന്ധിക എന്നിവ ഈ സന്ധി രൂപീകരണത്തിൽ പങ്കുചേരുന്നുണ്ട്.
ആധുനിക വർഗീകരണ പ്രകാരം യഥാർഥ ട്രൈക്കോനോഡോന്റകളെ മാത്രമാണ് ട്രൈക്കോനോഡോന്റിഡെ കുടുംബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയോട് സാദ്യശ്യമുള്ളവയെ എല്ലാം ഈ കുടുംബത്തിനോടു ബന്ധുത്വമുള്ള കുടുംബങ്ങളിലാക്കി മാറ്റിയിരിക്കുന്നു. ആദിമ സസ്തനികളും സസ്തനി- സദ്യശ ഉരഗങ്ങളെന്ന് തെറ്റായി വിവക്ഷിക്കപ്പെടുന്ന തെറാപ്സിഡ വിഭാഗവും തമ്മിലുള്ള പരിണാമപരമായ ബന്ധം വളരെ കുറച്ചുമാത്രമേ മനസ്സിലാക്കപ്പെട്ടിട്ടുള്ളൂ. തെറാപ്സിഡുകൾ യഥാർഥ ഉരഗങ്ങളായിരുന്നില്ല. ഏറ്റവും പഴക്കം ചെന്ന തെറാപ്സിഡുകളുടെ ഉദ്ഭവത്തിനു മുമ്പ് കാർബോണിഫെറസ് കല്പത്തിൽ ഉരഗങ്ങളും പക്ഷികളും ഒരു വശത്തും സസ്തനികൾ മറുവശത്തും ഉൾക്കൊള്ളുന്ന പരിണാമ അപസരണം ശ്രദ്ധേയമായിരുന്നു.
ട്രൈക്കോനോഡോന്റകൾ അന്ത്യ ജൂറാസിക് കല്പത്തിൽ യൂറോപ്പിലും വടക്കേ അമേരിക്കയിലും പൊതുവേ കാണപ്പെട്ടിരുന്ന സസ്തനികളോളം തന്നെ വലിപ്പം കൂടിയവയായിരുന്നു. ഇവയുടെ കീഴ്ത്താടിയെല്ലുകൾക്ക് ഒരിനം നീർനായയുടേതിന്റെ അത്രയും തന്നെ വലിപ്പവും ഉണ്ടായിരുന്നു. ഇവയ്ക്ക് ദന്തികാസ്ഥിയും ശൽക്കാസ്ഥിയും മുഴുവനായി ഉൾപ്പെട്ട ശംഖാസ്ഥി - ചിബുകാസ്ഥി സന്ധിയായിരുന്നു ഉണ്ടായിരുന്നത്. ആദിമ ഇനങ്ങളിലാകട്ടെ പശ്ചകോമ്പല്ലു ദന്തവിന്യാസം നാലു പൂർവ ചർവണ രൂപി കളും നാലു ചർവണ രൂപികളും ഉൾപ്പെട്ടതായിരുന്നു. ഓരോ ചർവണ രൂപിയിലും മൂന്നു ദന്തമുനകളുണ്ടായിരിക്കും. ഇവ വലിപ്പത്തിലും ദൃഢതയിലും വ്യത്യസ്തത പുലർത്തുന്നു. മധ്യമുന പാർശ്വമുനകളെക്കാൾ വലിപ്പം കൂടിയിരിക്കും. ഇത് ചർവണരൂപികളിൽ പ്രഭാവിയായി കാണപ്പെടുകയും ചെയ്യും. ദന്തമുനകളുടെ ഈ സവിശേഷത ഇവയുടെ ആദിമസ്വഭാവമാണ് പ്രകടമാക്കുന്നത്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ട്രൈക്കോനോഡോന്റ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |