ഓടുക, ചാടുക, എറിയുക എന്നിവയെ ആധാരമാക്കിയുള്ള കായികമത്സരങ്ങളാണ് ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ. ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളുടെ മറ്റൊരു പേരാണ് അത് ലറ്റിക്സ്. നടത്തപ്പെടുന്ന കളിക്കളത്തിന്റെ സ്വഭാവമനുസരിച്ച് ഇവ ട്രാക്ക് മത്സരങ്ങൾ എന്നും ഫീൽഡ് മത്സരങ്ങൾ എന്നും അറിയപ്പെടുന്നു. കളിക്കളത്തിന്റെ ബാഹ്യാതിർത്തിയോടു ചേർന്നു തയ്യാറാക്കുന്ന ട്രാക്കുകളിലൂടെയാണ് ട്രാക്ക് മത്സരങ്ങൾ നടത്തുക. അവശേഷിക്കുന്ന ഭാഗത്ത് ഫീൽഡ് മത്സരങ്ങൾ നടക്കും. അതിനാൽ ഇവ ഒരുമിച്ച് നടത്തുകയാണ് പതിവ്. ട്രാക്ക് മത്സരം ഓട്ടമത്സരവും നടത്തമത്സരവും അടങ്ങുന്നതാണ്. സ്പ്രിന്റ് (300 മീ. -നു താഴെ) മധ്യദൂരം (450 മീ. മുതൽ 10,000 മീ. വരെ) മാരത്തോൺ, ഹർഡിലിങ്, റിലേ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളായാണ് ഓട്ടമത്സരം നടത്താറുള്ളത്. വിവിധ തരം ചാട്ടമത്സരങ്ങളും ഏറുമത്സരങ്ങളുമാണ് ഫീൽഡു മത്സരങ്ങളിൽ ഉൾപ്പെടുന്നത്. ഹൈജംപ്, ലോംഗ്ജംപ്, ട്രിപ്പിൾജംപ്, പോൾ വാൾട്ട്, ഷോട്ട് പുട്ട്, ജാവ്ലിൻ ത്രോ, ഡിസ്കസ് ത്രോ, ഹാമർ ത്രോ തുടങ്ങിയവയാണ് ഇതിലെ മുഖ്യയിനങ്ങൾ.