ദി ഡിസ്കവറി ഒഫ് ഇന്ത്യ
കർത്താവ് | Nehru, Jawaharlal |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | ഇംഗ്ലീഷ് |
വിഷയം | Indian history, Indian culture, Politics of India, Religion in India, Indian philosophy |
പ്രസാധകർ | Oxford University Press |
പ്രസിദ്ധീകരിച്ച തിയതി | 1946 |
മാധ്യമം | Print (Paperback) |
ഏടുകൾ | 584 pp (centenary edition) |
ISBN | 978-0195623598 |
LC Class | DS436 .N42 1989 |
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവാഹർലാൽ നെഹ്രു എഴുതിയ ഗ്രന്ഥമാണ് ദി ഡിസ്കവറി ഒഫ് ഇന്ത്യ (ഇംഗ്ലീഷ്:The Discovery of India). 1944ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. അഹമ്മദ് നഗർ കോട്ടയിലെ അവസാനത്തെ ജയിൽ വാസകാലത്താണ് നെഹ്രു ഈ കൃതിയുടെ രചന നിർവഹിച്ചത്.ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ കാഴ്ചപ്പാടിലുള്ള ഇന്ത്യാ ചരിത്രം, സംസ്കാരം, വീക്ഷണങ്ങളാണ് ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. [1]. 1944-ൽ പ്രസിദ്ധീകരിച്ചു. അഹമ്മദ് നഗർ കോട്ടയിലെ അവസാനത്തെ ജയിൽ വാസകാലത്താണ് ഈ കൃതിയുടെ രചന നിർവഹിച്ചത്. തന്റെ ചിന്താപദ്ധതികളും കർമമണ്ഡലവുമായി ബന്ധപ്പെടുത്തി ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ച് എഴുതുകയാണ് തന്റെ ലക്ഷ്യമെന്ന് ഗ്രന്ഥകാരൻ ഗ്രന്ഥാരംഭത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ഇന്ത്യാക്കാരന്റേയും മജ്ജയിലും മാംസത്തിലും രക്തത്തിലും ഒരു സവിശേഷ പൈതൃകം കുടികൊള്ളുന്നുണ്ട്; അയാൾ എന്താണെന്നും എന്തായിരിക്കണമെന്നും തീരുമാനിക്കുന്നത് ഈ പൈതൃകമാണ്. ഈ പൈതൃകത്തിന് ഇന്നത്തെ അവസ്ഥയിലുള്ള പ്രസക്തിയെന്താണെന്ന ചിന്ത സിന്ധുനദീതട സംസ്കാരം മുതൽ ആയിരത്തിത്തൊള്ളായിരത്തി നാൽപ്പതുകൾവരെയുള്ള ഇന്ത്യാചരിത്രാവലോകനത്തിലേക്കാണ് നെഹ്റുവിനെ നയിക്കുന്നത്. മറ്റു ചരിത്രകൃതികളിലെന്ന പോലെ ഇവിടേയും ചരിത്രപണ്ഡിതന്റെ കാഴ്ചപ്പാടല്ല നെഹ്രു അവലംബിക്കുന്നത്; ചരിത്രത്തിന്റെ അന്തഃസത്ത സ്വാംശീകരിച്ച ഒരാളിന്റെ കണ്ണുകൊണ്ട് ഭൂതകാലദർശനം നടത്തുകയാണദ്ദേഹം ചെയ്യുന്നത്. നെഹ്രുവിന് ഭാരതഭൂമിയോടുണ്ടായിരുന്ന വൈകാരികാഭിമുഖ്യവും അതിന്റെ ഭാഗധേയത്തിലുള്ള അടിയുറച്ച വിശ്വാസവും ജനാധിപത്യ സോഷ്യലിസം, മതേതരത്വം, മാനവികതാവാദം എന്നിവയോടുള്ള പക്ഷപാതവും എല്ലാം ഈ കൃതിയിൽ തെളിഞ്ഞു കാണാം. ഇന്ത്യയുടെ പ്രാചീന സംസ്കാരത്തിൽ അഭിമാനം കൊള്ളുന്നതോടൊപ്പം ലോകത്തിലെ മറ്റു ജനതകളുമായി സഹവർത്തിക്കാനും താദാത്മ്യം പ്രാപിക്കാനും അദ്ദേഹം ഇന്ത്യാക്കാരെ ആഹ്വാനം ചെയ്യുന്നു.
1944 ഏ. മുതൽ സെപ്. വരെയുള്ള അഞ്ചുമാസം കൊണ്ടാണ് നെഹ്രു ഈ മഹത്തായ ഗ്രന്ഥം എഴുതിത്തീർത്തത്. ദ്രുതഗതിയിലായിരിക്കണം ഗ്രന്ഥരചന. ഒരു അർധചരിത്രകൃതിയെന്ന് (semi historical work) കെ. ആർ. ശ്രീനിവാസ അയ്യങ്കാർ (ഇന്ത്യൻ റൈറ്റിംഗ് ഇൻ ഇംഗ്ലീഷ് എന്ന കൃതിയിൽ) വിശേഷിപ്പിക്കുന്ന ഈ കൃതിയുടെ മുഖ്യസവിശേഷത ഗ്രന്ഥകാരന്റെ മനസ്സും ഹൃദയവും അതിൽ സ്ഫടികംപോലെ നിഴലിക്കുന്നുവെന്നതാണ്. ഇന്ത്യയുടെ ചരിത്രം അറിയാനല്ല, നെഹ്രു എന്ന മനുഷ്യനെ അറിയാനായിരിക്കും ഏതൊരു വായനക്കാരനും രണ്ടാംവട്ടം ഈ കൃതി വായിക്കുന്നത്.
ഉള്ളടക്കം
[തിരുത്തുക]അഹമ്മദ് നഗർ കോട്ട തടങ്കൽപ്പാളയത്തിൽ ഉണ്ടായിരുന്ന തന്റെ സഹപ്രവർത്തകർക്കും മറ്റു തടവുകാർക്കുമാണ് നെഹ്രു ഈ ഗ്രന്ഥം സമർപ്പിച്ചിരിക്കുന്നത്. അഹമ്മദ് നഗർ കോട്ട, ബാൻഡൻ വീലർ: ലോസാൻ, അന്വേഷണം, ഭാരതാവിഷ്കാരം, യുഗാന്തരങ്ങളിലൂടെ, പുതിയ പ്രശ്നങ്ങൾ, ബ്രിട്ടിഷ് ഭരണത്തിന്റെ സംയോജനവും ദേശീയ പ്രസ്ഥാനത്തിന്റെ ഉദയവും, ദേശീയത്വമോ സാമ്രാജ്യത്വമോ, രണ്ടാം ലോകയുദ്ധം, അഹമ്മദ് നഗർകോട്ട വീണ്ടും എന്നിങ്ങനെ പത്ത് അധ്യായങ്ങളാണ് ഈ കൃതിയിലുള്ളത്. ഇന്ത്യയുടെ ശക്തിയും അശക്തിയും (മൂന്നാം അധ്യായം), ഇന്ത്യയുടെ സ്വാതന്ത്ര്യദാഹം (അഞ്ചാം അധ്യായം), രണ്ട് ഇംഗ്ളണ്ടുകൾ (ആറാം അധ്യായം) തുടങ്ങിയ ഖണ്ഡങ്ങൾ നെഹ്രുവെന്ന ചരിത്രകാരനിലെ കാല്പനികനെ നമുക്കു കാട്ടിത്തരുന്നു.
"പണ്ഡിറ്റ് ജവാഹർലാൽ നെഹ്രു സ്വന്തം മാതൃഭൂമിയെ കണ്ടെത്താൻ നടത്തുന്ന തീർഥാടനമായി ഈ പുസ്തകം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ചരിത്രശക്തികളുടെ അനുസ്യൂതത്വം വെളിപ്പെടുത്തുവാൻ അദ്ദേഹം ഒരു ദേശീയ പ്രവർത്തകനെന്ന നിലയിൽ തനിക്കുണ്ടായ അനുഭവങ്ങളുടെ ആഴങ്ങളിൽ മുങ്ങിത്തപ്പുന്ന അപൂർവസുന്ദരമായ കാഴ്ചയാണ് നാമിവിടെ കാണുന്നത്. ഈ കൃതിയിലെ ആത്മകഥാംശങ്ങൾ ഹൃദയാവർജകമാംവിധം ഉള്ളിണങ്ങി നിൽക്കുന്നവാകയാൽ അവയ്ക്കു സാർവജനീനത്വം കൈവന്നിരിക്കുന്നു. 'ഉൽബുദ്ധമായ ഈ രാഷ്ട്രത്തിന്റെ വേദഗ്രന്ഥ'മായി ബ്ലിറ്റ്സ് വാരിക ഈ കൃതിയെ വാഴ്ത്തുകയുണ്ടായി.
മലയാളത്തിൽ
[തിരുത്തുക]ഇന്ത്യയെ കണ്ടെത്തൽ എന്ന പേരിൽ സി. എച്ച്. കുഞ്ഞപ്പ ഈ കൃതി മലയാളത്തിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ Das, Taraknath (June, 1947), "Inda--Past, Present and the Future", Political Science Quarterly, 62 (2): 295–304, doi:10.2307/2144210
{{citation}}
: Check date values in:|date=
(help)CS1 maint: date and year (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- The Discovery of India by Pandit Jawaharlal Nehru, ISBN 0-670-05801-7
- The Discovery of India by Jawaharlal Nehru (paper back, thirteenth edition), ISBN 019-562359-2
- ഇന്ത്യൻ സ്വതന്ത്ര സമരത്തെ കുറിച്ചു വായിച്ചിരിക്കേണ്ട അഞ്ചു പുസ്തകങ്ങൾ Archived 2020-08-21 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദി ഡിസ്കവറി ഒഫ് ഇന്ത്യ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |